ADVERTISEMENT

മലയാള കാവ്യസാഹിത്യത്തിന് ലഭിച്ച അമൂല്യ രത്നങ്ങളിലൊന്നാണ് ‘ശ്രീ’’ എന്ന തൂലികാ നാമത്തിൽ കവിതാ രചന തുടങ്ങിയ വൈലോപ്പിള്ളി. 

എറണാകുളം കലൂരിൽ വൈലോപ്പിള്ളി കളപ്പുരയ്‌ക്കൽ വീട്ടിൽ 1911 മേയ് 11 ന് ആയിരുന്നു ശ്രീധരമേനോന്റെ ജനനം. ചേരാനല്ലൂർ കൊച്ചുകുട്ടൻ കർത്താവാണ് പിതാവ്. മാതാവ് കളപ്പുരയ്‌ക്കൽ നാണിക്കുട്ടിയമ്മ. മാടക്കുഴിപ്പറമ്പിൽ കണ്ടനാശാനാണ് ആദ്യഗുരുനാഥൻ. കാരപ്പറമ്പ് സ്‌കൂൾ, സെന്റ് ആൽബർട്‌സ് ഹൈസ്‌കൂൾ, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളായിരുന്നു വിദ്യാഭ്യാസം. സസ്യശാസ്‌ത്രത്തിൽ ബിരുദം. 1931 മദ്രാസ് സെയ്‌ദാപ്പെട്ട് ട്രെയിനിങ് കോളേജിൽ നിന്ന് എൽടി പാസ്സായി. 1931-ൽ കണ്ടശ്ശാംകടവ് ഗവ: ഹൈസ്‌കൂളിൽ ശാസ്‌ത്രാദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1966 മാർച്ച് ഒല്ലൂർ ഹൈസ്‌കൂളിൽ ഹെഡ്‌മാസ്‌റ്ററായി വിരമിച്ചു.

 

ഹൈസ്‌കൂൾ പഠനകാലത്തുതന്നെ കവിതകൾ എഴുതിത്തുടങ്ങി. ചെറുപ്രായം മുതലുള്ള കവിതളെല്ലാം ചേർത്ത് 1947-ൽ കന്നിക്കൊയ്‌ത്ത് എന്ന ആദ്യസമാഹാരം പ്രസിദ്ധീകരിച്ചു. 1956-ൽ തൃശൂർ നെല്ലങ്കര താറ്റാട്ടു വീട്ടിൽ ഭാനുമതിയമ്മയെ (പിന്നീട് വിദ്യാഭ്യാസ വകുപ്പിൽ ഡപ്യൂട്ടി സെക്രട്ടറിയായി വിരമിച്ചു) വിവാഹം ചെയ്‌തു. 1951-ലും 1959-ലും മലയാളത്തിന്റെ പ്രതിനിധിയായി ഡൽഹി ഭാഷാസമ്മേളനത്തിലും കവിസമ്മേളനത്തിലും പങ്കെടുത്തു. തൃപ്പൂണിത്തുറ നിന്ന് സാഹിത്യ നിപുണൻ ബഹുമതി ലഭിച്ചു. എം.പി.പോൾ പുരസ്‌കാരം (1951), കേരള സാഹിത്യ അക്കാദമി അവാർഡ് (1965), സോവിയറ്റ് ലാന്റ് നെഹ്‌റു അവാർഡ് (1969), ഓടക്കുഴൽ അവാർഡ് (1971), കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് (1972), വയലാർ അവാർഡ് (1982), മദ്രാസ് ഗവൺമെന്റ് അവാർഡ്, ആശാൻ അവാർഡ് എന്നീ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. 1985 ഡിസംബർ 22-ന് മലയാളത്തിന്റെ കന്നിക്കൊയ്‌ത്തുകാരൻ അന്തരിച്ചു. തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ ഓർമ്മയ്‌ക്കായി വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ കേരളസർക്കാർ സ്‌ഥാപിച്ചിട്ടുണ്ട്.

 

പ്രധാനകൃതികൾ

 

കവിതാസമാഹാരം

 

കന്നിക്കൊയ്‌ത്ത് (1947), ശ്രീരേഖ (1950), കുടിയൊഴിക്കൽ (1952), ഓണപ്പാട്ടുകാർ (1952), വിത്തും കൈക്കോട്ടും (1956), കടൽകാക്കകൾ (1958), കുരുവികൾ (1961), കയ്‌പവല്ലരി (1963), വിട (1970) മകരക്കൊയ്‌ത്ത് (1980), മിന്നാമിന്നി (1981), പച്ചക്കുതിര (1981), കൃഷ്‌ണമൃഗങ്ങൾ (1986), അന്തിചായുന്നു (1995).

 

നാടകം

 

ഋഷ്യശൃംഗനും അലക്‌സാണ്ടറും (1956)

 

സ്‌മരണകൾ - കാവ്യലോക സ്‌മരണകൾ (1968)

 

ചരിത്രത്തിൽ ഇന്ന് - മേയ് 11 

 

∙സംയോജിത ഇരട്ടകളായ (Conjoined Twins) ചാങ്ങും ഇങ്ങും സയാമിൽ (ഇന്നത്തെ തായ്‌ലൻഡ്) ജനിച്ചു (1811). ഇവരിൽ നിന്നാണു 'സയാമീസ് ഇരട്ടകൾ' എന്ന വാക്കുണ്ടായത്.

 

∙തീയതി രേഖപ്പെടുത്തിയതായി അറിയപ്പെടുന്ന (ഇന്നും നിലനിൽക്കുന്ന) ഏറ്റവും പഴക്കം ചെന്ന അച്ചടി ഗ്രന്ഥ൦ 'ഡയമണ്ട് സൂത്ര' പ്രസിദ്ധീകരിച്ചു (868 AD). 1907 ൽ പുരാവസ്‌തു ഗവേഷകർ സർ ഔറൽ സ്റ്റെയ്ൻ ആണ് ഇതു കണ്ടെടുത്തത്. 

 

∙ലോക ചെസ് ചാംപ്യനെ പരാജയപ്പെടുത്തുന്ന ആദ്യ കംപ്യൂട്ടറായി ഡീപ് ബ്ലൂ (1997). ഐബിഎം വികസിപ്പിച്ച ഈ കംപ്യൂട്ടർ തോൽപ്പിച്ചതു ഗാരി കാസ്പറോവിനെയാണ്.

 

∙ദേശീയ സാങ്കേതിക വിദ്യാദിനം. ഇന്ത്യയുടെ രണ്ടാം ആണവ പദ്ധതിയായ 'ഓപ്പറേഷൻ ശക്തി' 1998 മേയ് 11 നു പൊഖ്‌റാനിൽ വിജയകരമായി പരീക്ഷിച്ചതിന്റെ ഓർമദിനം.

 

∙ഇന്ത്യൻ ജനസംഖ്യ 100 കോടി പൂർത്തിയായി (2000). ന്യൂഡൽഹി സഫ്ദർജങ് ആശുപത്രിയിൽ ജനിച്ച ആസ്ത അറോറയായിരുന്നു 100 കോടി തികച്ച കുഞ്ഞ്.

English Summary: Exam Guide - May 11 - Today in history

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com