ADVERTISEMENT

ദാരിദ്ര്യ നിർമാർജനം ലക്ഷ്യമിട്ട് ആവിഷ്‌കരിച്ച 'കുടുംബശ്രീ' പദ്ധതി 1998 മെയ് 17ന് പ്രധാനമന്ത്രി എ. ബി. വാജ്‌പേയി മലപ്പുറത്ത് ഉദ്‌ഘാടനം ചെയ്‌തു . സംസ്‌ഥാനത്തെ കേവല ദാരിദ്ര്യം ഇല്ലായ്‌മ ചെയ്യുക എന്നതാണ് കുടുംബശ്രീ പദ്ധതിയുടെ ലക്ഷ്യം. സംസ്‌ഥാന-കേന്ദ്ര സർക്കാരുകൾ ദേശീയ കാർഷിക ഗ്രാമവികസന ബാങ്ക് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

 

തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ നേതൃത്വത്തിൽ രൂപവൽക്കരിക്കുന്ന സമൂഹാധിഷ്‌ഠിത സംഘടനാ സംവിധാനത്തിലൂടെയാണ് കുടുംബശ്രീ അല്ലെങ്കിൽ ദാരിദ്ര്യ നിർമാർജന മിഷൻ പ്രവർത്തിക്കുന്നത്. സാമ്പത്തിക മാനദണ്ഡങ്ങൾ ഉപയോഗിച്ചല്ല കുടുംബശ്രീയിൽ ദരിദ്രരെ കണ്ടത്തുന്നത്.

 

വനിതകളുടെ കൂട്ടായ്‌മയിലൂടെയാണ് കുടുംബശ്രീയുടെ പ്രവർത്തനം. 10 മുതൽ 20 വരെ അംഗങ്ങളുള്ള അയൽക്കൂട്ടങ്ങൾ റജിസ്‌റ്റർ ചെയ്യുകയാണ് ആദ്യപടി. തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലാണ്(പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ) അയൽക്കൂട്ടങ്ങൾ റജിസ്‌റ്റർ ചെയ്യേണ്ടത്. അയൽക്കൂട്ടത്തിന് പ്രസിഡന്റ്, സെക്രട്ടറി, ആരോഗ്യദായക പ്രവർത്തക, വരുമാന ദായക പ്രവർത്തക, അടിസ്‌ഥാനദായക പ്രവർത്തക എന്നിങ്ങനെ അഞ്ചു ഭാരവാഹികൾ വേണം. അയൽക്കൂട്ടങ്ങൾ എല്ലാ ആഴ്‌ചയിലും യോഗം ചേരണം. വാർഡുതല സമിതി, പഞ്ചായത്തു തല സമിതി എന്നിങ്ങനെ രണ്ടു സമിതികൾ അയൽക്കൂട്ടങ്ങളുടെ പ്രവർത്തനത്തെ സഹായിക്കുന്നു.

 

അയൽക്കൂട്ടത്തിലെ അംഗങ്ങൾ എല്ലാ ആഴ്‌ചയിലും 50 രൂപയിൽ താഴെ നിക്ഷേപിക്കണം. അയൽക്കൂട്ടം സെക്രട്ടറിയുടെയും പ്രസിഡന്റിന്റെയും സംയുക്‌ത ബാങ്ക് അക്കൗണ്ടിൽ ഈ തുക നിക്ഷേപിക്കും.

 

ആറു മാസം കഴിഞ്ഞാൽ ബാങ്കിൽ നിന്ന് ലിങ്കേജ് നൽകും. ഈ തുകയിൽ നിന്നും അംഗങ്ങൾക്ക് വായ്‌പയും നൽകാൻ വ്യവസ്‌ഥയുണ്ട്. ഇതിൽ നിന്നും സമാഹരിക്കുന്ന തുകയിൽ നിന്നും അംഗങ്ങൾക്ക് തൊഴിൽ സംരംഭം ആരംഭിക്കാനുള്ള മൂലധനം നൽകും. അയൽക്കൂട്ടങ്ങളുടെ നിക്ഷേപത്തുകയുടെ നാലിരട്ടി വരെ ബാങ്കിൽ നിന്ന് വായ്‌പയും ലഭിക്കും.

 

അയൽക്കൂട്ടങ്ങൾക്ക് നൽകുന്ന ഗ്രേഡ് അടിസ്‌ഥാനത്തിലാണ് വായ്‌പകൾ നൽകുന്നത്. മറ്റ് സർക്കാർ പദ്ധതികളിൽ നിന്നും കുടുംബശ്രീക്ക് ധനസഹായം നൽകുന്നുണ്ട്.

 

തൊഴിൽപരിശീലനം:

അയൽക്കൂട്ടങ്ങൾ തങ്ങൾക്ക് അനുയോജ്യമായ ഏതെങ്കിലും തൊഴിൽസംരംഭങ്ങളിൽ ഏർപ്പെടണം. ഓരോ അംഗത്തിനും പ്രതിമാസം 1500 രൂപയെങ്കിലും നേടിക്കൊടുക്കുന്നതോടൊപ്പം ബാങ്ക് വായ്‌പ തിരിച്ചടയ്‌ക്കാൻ പര്യാപ്‌തവുമാകണം സംരംഭം. തൊഴിൽപരിശീലനം കുടുംബശ്രീ പദ്ധതിയിൽ നിന്നും നൽകും.

 

അയൽക്കൂട്ടങ്ങളുടെ പ്രവർത്തനങ്ങൾ:

മിതവ്യയ സമ്പാദ്യ വായ്‌പാ പദ്ധതി, സംയ്‌ുക്‌ത ബാങ്ക് അക്കൗണ്ട്, കണക്ക് സൂക്ഷിപ്പിൽ സുതാര്യത, ആരോഗ്യബോധവൽക്കരണം, വനിതകളുടെ ശിശുക്കളുടെയും വികസനത്തിനുള്ള പ്രവർത്തനം, അടിസ്‌ഥാനസൗകര്യ വികസന പ്രവർത്തനം, വരുമാനദായകപ്രവർത്തനം, മൈക്രോപ്ലാൻ തയ്യാറാക്കൽ, ഗ്രാമസഭയിലെ പങ്കാളിത്തം.

 

ചരിത്രത്തിൽ ഇന്ന് - മേയ് 17 

∙ലോക വാർത്താവിനിമയ വിവര സമൂഹ ദിനം (World Telecommunication and Information Society Day). ഇന്റർനാഷണൽ യൂണിയൻ സ്ഥാപിതമായത് 1865 ൽ ഈ ദിവസമാണ്. 

 

∙പതിനാറാം വയസ്സിൽ മഹാത്മജിയുടെ ഹരിജൻ ഫണ്ടിലേക്കു സ്വർണാഭരണങ്ങൾ സംഭാവന ചെയ്‌തു മാതൃകയായ കൗമുദി ടീച്ചർ വടകരയ്ക്കടുത്തു വയക്കരയിൽ ജനിച്ചു (1917).

 

∙വേൾഡ് ഹൈപ്പർ ടെൻഷൻ ലീഗിന്റെ നേതൃത്വത്തിൽ ലോക ഹൈപ്പർ ടെൻഷൻ ദിനമായി ആചരിക്കുന്നു. 

 

∙'മലബാർ മാനുവൽ'എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ രചയിതാവായ വില്യം ലോഗൻ സ്‌കോട് ലൻഡിൽ ജനിച്ചു (1841). മലബാറിലെ കലക്ടറും മജിസ്‌ട്രേട്ടു  മായിട്ടുണ്ട്. 

 

∙International Day against Homophobia, Transphobia and Biphobia ആയി ലോകാരോഗ്യ സംഘടന ആചരിക്കുന്നു. സ്വവർഗരതിയെ മനസികരോഗങ്ങളുടെ പട്ടികയിൽ നിന്നു WHO ഒഴിവാക്കിയത് 1990 ൽ ഈ  ദിവസമാണ്.

English Summary: Exam Guide - May 17 - Today in history

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com