ADVERTISEMENT

ഏറ്റവും കൂടുതൽ കാലം കേരള മുഖ്യമന്ത്രിയായ ഇ.കെ. നായനാർ അന്തരിച്ചു 2004 മെയ് 19 ന് അന്തരിച്ചു. പത്രങ്ങളെ നർമത്തിന്റെ മുൾമുനയിൽ നിർത്തുക നായനാർക്കെന്നും ഹരമായിരുന്നു. ‘ഏതു കടലാസിന്റെ ആളാടോ താൻ’ എന്നു തുടങ്ങുന്ന കുശലപ്രശ്‌നം പലപ്പോഴും അവസാനിക്കുക, ‘ഞാനുമൊരു പഴയ പ്രസ്സാ, എന്റടുത്തു വേണ്ട വേല’ എന്നമട്ടിലായിരിക്കും.

 

ഒരിക്കൽ തിരുവനന്തപുരത്തു മന്ത്രിസഭാ യോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തിൽ ഒരു പത്രലേഖകൻ ചോദിച്ച കുഴക്കുന്ന ചോദ്യത്തിനു കിട്ടിയ മറുപടി: ‘‘പല പത്രവും എന്നോടു ഫൈറ്റ് ചെയ്‌തു നിർത്തി. എങ്ങനെ നിർത്തി എന്നതിന്റെ ബാക്ക്‌ഗ്രൗണ്ട് നിങ്ങക്കറിയില്ല. മർമത്തു നോക്കി ഇടിക്കാൻ എനക്കറിയാം. അതുകൊണ്ടു കൊല്ലക്കടയിൽ സൂചി വിൽക്കണ്ട.’’

ek-nayanar-communist-leader-former-chief-minister

 

ക്രമസമാധാന നിലയെക്കുറിച്ചുള്ള കാര്യങ്ങളിൽ പത്രങ്ങളെ മുഴുവൻ മൂന്നു മാസമായി സർക്കാർ ‘ഫൂളാ’ക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രിയായിരിക്കെ നായനാർ പറഞ്ഞ തമാശ ഏറെനാൾ ചൂടും പുകയും ഉയർത്തി. മന്ത്രിസഭാ യോഗത്തിനുശേഷം പത്രലേഖകരോടു സംസാരിക്കുന്നതിനിടെയായിരുന്നു നായനാരുടെ ഏറെ വിവാദമായ ഈ കമന്റ്.

 

തനിക്കെതിരെ മതതീവ്രവാദികൾ വധഭീഷണി മുഴക്കിയിട്ടുണ്ടെന്നു പറഞ്ഞ മുഖ്യമന്ത്രി നായനാരോടു പത്രലേഖകർ: ‘‘അപ്പോൾ ക്രമസമാധാനനിലയെക്കുറിച്ചു മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നതു തെറ്റാണോ?’’

 

നായനാർ ക്ഷുഭിതനായി: ‘‘നിങ്ങൾ ചോദ്യം ചോദിച്ചാൽ ഞാൻ ഫൂളാക്കും. പത്രക്കാർ എന്തു ചോദിച്ചാലും ഞാൻ ഫൂളാക്കും. അതിനു നിർദേശം കൊടുത്തിട്ടുണ്ട്. മൂന്നുമാസമായി ഇവിടെ നടക്കുന്നതൊന്നും നിങ്ങൾ അറിഞ്ഞിട്ടില്ല. നിങ്ങൾ എഴുതിയതെല്ലാം തെറ്റാ. ഒരു പുല്ലും നിങ്ങൾക്കറിയില്ല.’’

 

നായനാർ കത്തിക്കയറുകയാണ്: ‘‘പത്രക്കാർ ചോദിച്ചാൽ അലോഹ്യം തോന്നാതിരിക്കാൻ എന്തെങ്കിലുമൊക്കെ പറഞ്ഞുകൊടുക്കാൻ നിർദേശിച്ചിട്ടുണ്ട്. തന്റെ ഓഫിസിൽ വിളിച്ചുചോദിച്ചാൽ മൂന്നോ നാലോ കളവു പറയാൻ ഏൽപിച്ചിട്ടുണ്ട്. എന്നെ വിളിച്ചാൽ ഞാനും ഫൂളാക്കും. തീവ്രവാദികൾക്കു സീക്രട്ട് ഓർഗനൈസേഷനുണ്ട്. അതൊന്നും പരസ്യമാക്കാൻ പറ്റില്ല.’’

 

പണ്ടു മലപ്പുറം ജില്ലയിലെ പുറത്തൂരിൽ സഹകരണബാങ്ക് രജതജൂബിലി ആഘോഷച്ചടങ്ങിൽ പത്രക്കാർക്കെതിരെ നായനാർ പൊട്ടിത്തെറിച്ചതു മറ്റൊരു തരത്തിലായിരുന്നു.

 

‘‘ഈ പണിക്കു വിവരം വേണമെന്നില്ല. ഇവരൊക്കെ പെയ്‌ഡ് സ്‌റ്റാഫാ. ഇവരെ പറഞ്ഞിട്ടു കാര്യമില്ല. ഇവർ എഴുതുന്നതല്ല പത്രത്തിൽ വരിക. ഞാനും പത്തുപതിനഞ്ചു കൊല്ലം പത്രപ്പണി നോക്കിയതാ. പറഞ്ഞതല്ല പത്രക്കാർ എഴുതുക. പത്രത്തിന്റെ പണിതന്നെ അതാണ്.’’ ഒരിക്കൽ അഭിമുഖത്തിൽ നായനാരോടു പത്രലേഖകൻ: ‘‘പത്രക്കാരോടെന്താ ഇത്ര വലിയ ദേഷ്യം?’’

 

നായനാരുടെ മറുപടി ഉടൻ വന്നു: ‘‘ഏയ്, അതു ഡയലോഗാ. എന്നെപ്പറ്റി ഷാർപ്പായി എഴുതുന്നു, ഞാൻ ഷാർപ്പായി തിരിച്ചടിക്കുന്നു, അത്രതന്നെ. നിങ്ങക്കു വിമർശിക്കാം. അതല്ലേ ജനാധിപത്യം. പക്ഷേ എനക്കും അതാവാം. അതാണു ജനാധിപത്യം.’’ഈ ജനാധിപത്യബോധം നർമത്തിന്റെ പാതയിലും കാത്തുസൂക്ഷിക്കാനായി എന്നതാണു നായനാരുടെ വിജയം.

 

ചരിത്രത്തിൽ ഇന്ന് മേയ് 19 

∙ഇന്ത്യയിൽ തിരഞ്ഞെടുപ്പിന് ആദ്യമായി ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉപയോഗിച്ചു (1982). എറണാകുളം ജില്ലയിൽ നോർത്ത് പറവൂർ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ 50 ബൂത്തിലാണ് ഉപയോഗിച്ചത്.  

 

∙ തമിഴ്‌നാട്ടുകാരൻ ബാലമുരളി കൃഷ്‌ണ അമ്പാടി പതിനേഴാം വയസ്സിൽ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഡോക്ടറായി (1995). ന്യൂയോർക്കിലെ മൗണ്ട് സിനായി സ്‌കൂൾ ഓഫ് മെഡിസിനിൽ നിന്നാണു വൈദ്യശാസ്ത്ര ബിരുദം നേടിയത്. 

 

∙ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഇന്ത്യൻ രാഷ്ട്രപതിയായ നീലം സഞ്ജീവറെഡ്‌ഡി ജനിച്ചു (1913). ഇന്ത്യയുടെ ആറാമത്തെ രാഷ്‌ട്രപതി. ലോക്‌സഭാ സ്‌പീക്കറും ആന്ധ്ര മുഖ്യമന്ത്രിയുമായിട്ടുണ്ട്. 

 

∙മുഖ്യമന്ത്രിയായ ആദ്യ മലയാളി വനിത ജാനകി രാമചന്ദ്രൻ അന്തരിച്ചു (1996). തമിഴ്‌നാട്ടിലെ ആദ്യ വനിതാ മുഖ്യമന്ത്രിയാണ്. തമിഴ്‌നാട്  മുൻ മുഖ്യമന്ത്രി എം.ജി. രാമചന്ദ്രന്റെ ഭാര്യ. 

 

∙ സോവിയറ്റ് യൂണിയന്റെ ചൊവ്വാ പര്യവേക്ഷണ ദൗത്യമായ മാർസ് -2 വിക്ഷേപിച്ചു (1971). ചൊവ്വയുടെ ഉപരിതലത്തിൽ ക്രാഷ് ലാൻഡ് ചെയ്‌ത ആദ്യ മനുഷ്യ നിർമിത വസ്‌തു.

English Summary: Exam Guide - May 19 - Today in history

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com