ADVERTISEMENT

ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്കുള്ള പിഎസ്‌സി മെയിൻ പരീക്ഷയ്ക്കുള്ള സിലബസ് ഉദ്യോഗാർഥികൾക്കു സന്തോഷം നൽകുന്നതാണ്. പ്രിലിമിനറി പരീക്ഷാ സിലബസിനേക്കാൾ എളുപ്പം. എൽഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് പരീക്ഷകൾ ഒരുമിച്ച് എഴുതുന്നവർ എൽഡി ക്ലാർക്ക് സിലബസിൽ ശ്രദ്ധയൂന്നിയാൽ മതി; സ്വാഭാവികമായും ലാസ്റ്റ് ഗ്രേഡ് പരീക്ഷയും വിജയിക്കാനാകും.എളുപ്പമാണെന്നു കരുതി ഉപേക്ഷ വിചാരിക്കുകയും അരുത്. പഠിച്ച ഭാഗങ്ങൾ ചുരുങ്ങിയത് 5 തവണയെങ്കിലും റിവിഷൻ നടത്തണം. എൽജിഎസ് (വേരിയസ്) ചോദ്യക്കടലാസുകൾ അത്യാവശ്യം ഉയർന്ന നിലവാരമുള്ളവയാണ്. ഇതേ നിലവാരം ഇക്കുറിയും പ്രതീക്ഷിക്കണം.മാർക്ക് വിഭജനം ഇങ്ങനെ:

∙ പൊതുവിജ്ഞാനം: 40 മാർക്ക്

8–10 ക്ലാസുകളിലെ സാമൂഹികശാസ്ത്ര പാഠപുസ്തകങ്ങളെ പ്രധാനമായി ആശ്രയിക്കാം. 4–10 അധ്യായങ്ങൾ പഠിച്ചാൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരം, സ്വാതന്ത്ര്യാനന്തര ഇന്ത്യ എന്നീ ഭാഗങ്ങളിൽനിന്നായി 10 മാർക്ക് നേടാം. സിലബസിലെ വ്യക്തതക്കുറവു മൂലം ഇന്ത്യയെക്കുറിച്ച് എന്തും ചോദിക്കാം എന്ന അപകടമുണ്ട്.

 

കേരളത്തെ സംബന്ധിച്ച വിവരങ്ങൾക്ക് മറ്റുള്ളവയേക്കാൾ പ്രാധാന്യമുണ്ട്. 15 മാർക്കിനെങ്കിലും ചോദിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുതുതായി സിലബസിലുണ്ട്. ‌നവോത്ഥാന നായകരെക്കറിച്ചുള്ള ചോദ്യങ്ങൾ മെയിനിലും പ്രതീക്ഷിക്കണം.

 

ശാസ്ത്രസാങ്കേതിക, കലാസാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക, സാഹിത്യ, കായിക മേഖലകളുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നൊരു ഭാഗം സിലബസിലുണ്ട്. എന്നാൽ ഇതു കേരളമാണോ ഇന്ത്യയാണോ എന്നു പറയുന്നില്ല. അതിനാൽ രണ്ടു മേഖലയും പഠിക്കണം. പഴയതും ഏറ്റവും പുതിയതുമായ വിവരങ്ങളെല്ലാം നോക്കണം.

 

∙ ആനുകാലിക വിവരങ്ങൾ: 20 മാർക്ക്

കറന്റ് അഫയേഴ്സിൽ ഉയർന്ന നിലവാരം പ്രതീക്ഷിക്കണം. ലോകം, ഇന്ത്യ, കേരളം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളും പഠിക്കണം. ഇന്ത്യയും കേരളവും കൂടുതൽ പ്രധാനം. 2020 ജനുവരി ഒന്നു മുതൽ പരീക്ഷയ്ക്കു മൂന്നു മാസം മുൻപുവരെയുള്ള വിവരങ്ങൾ പഠിക്കണം.

 

∙ ശാസ്ത്രവും പൊതുജനാരോഗ്യവും: 20 മാർക്ക്

ബയോളജി, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്ക് ആകെ 10 മാർക്ക്, പൊതുജനാരോഗ്യത്തിന് 10 മാർക്ക് എന്ന രീതിയിൽ ചോദ്യങ്ങൾ പ്രതീക്ഷിക്കണം. സാധാരണ മറ്റു പരീക്ഷകളിൽ പൊതുജനാരോഗ്യത്തിന് ഇത്ര പ്രാധാന്യമുണ്ടാകാറില്ല. എന്നാൽ എൽജിഎസിൽ കൂടുതൽ നന്നായി പഠിക്കണം.  പ്രിലിമിനറി സിലബസിലെ അത്ര കാര്യങ്ങളേ മെയിൻ സിലബസിലുമുള്ളൂ. അതിനാൽ നേരത്തെ പഠിച്ച കാര്യങ്ങളുടെ റിവിഷൻ മതി. 8–10 ക്ലാസുകളിലെ സയൻസ് പാഠപുസ്തകങ്ങൾ പഠനത്തിന് അടിസ്ഥാനമാക്കാം.

 

∙ കണക്കും മാനസികശേഷിയും: 20 മാർക്ക്

എൽജിഎസ് തസ്തികയ്ക്കായി ഇതുവരെ 4 പ്രിലിമിനറി പരീക്ഷകൾ കഴിഞ്ഞു. ഒരു പരീക്ഷ കൂടി നടക്കാനുണ്ട്. ഈ 5 ചോദ്യക്കടലാസുകളിലെയും 20 വീതം കണക്ക്, മാനസിക വിശകലനശേഷി ചോദ്യങ്ങൾ വീണ്ടും വീണ്ടും ചെയ്തു പഠിക്കുക. ഈ ചോദ്യങ്ങൾക്കപ്പുറത്തുനിന്ന് ഒരു ചോദ്യം പോലും മെയിൻ പരീക്ഷയ്ക്കു വരില്ല.

English Summary: Kerala PSC LGS Main Examination Preparation Tips By Mansoorali Kappungal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com