ADVERTISEMENT

ലക്ഷ്യബോധത്തിന്റെ മറുപേരായി മലയാളികൾ ഇപ്പോൾ പറയുന്നത് ആനി ശിവ എന്നാണ്. ജോലി തേടിയുള്ള യാത്രയിൽ തളർന്നുപോകുന്നവർക്കെല്ലാം ഉത്തരമാണ് ഈ ജീവിതം. പ്രതിസന്ധികളിൽ തളരാതെ, തല കുമ്പിടാതെ ആത്മവിശ്വാസത്തോടെ എങ്ങനെ ജീവിക്കാം എന്നതിന്റെ പ്രതീകം. 

ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോഴും സർക്കാർ ജോലിയെന്ന ലക്ഷ്യത്തിൽ അടിയുറച്ചുനിന്നു വിജയിച്ച മാതൃക. ദിവസം 20 മണിക്കൂറും പഠിച്ചു വിജയിച്ച ‘നായിക’. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറുടെ കസേരയിൽ ആനി ഇരിക്കുമ്പോൾ, ഒറ്റപ്പെട്ടിട്ടും തോറ്റുകൊടുക്കാത്ത ആ നിശ്ചയദാർഢ്യത്തിനാണു സല്യൂട്ട്. സമീപദിവസങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ആനിയുടെ വഴികളിൽ സർക്കാർ ജോലിയിലേക്കുള്ള കഠിനാധ്വാനത്തിന്റെയും വിജയത്തിന്റെയും ഏട് നമുക്കു പരിചയപ്പെടാം. 

 

ജോലി എന്ന ലക്ഷ്യം

ദുരിതം നിറഞ്ഞ കാലത്തിനിടയിലാണു ബിരുദപഠനം പൂർത്തിയാക്കുന്നത്. പിന്നീടങ്ങോട്ടും ജീവിക്കാനുള്ള ഓട്ടപ്പാച്ചിലായിരുന്നു. അതിനിടയ്ക്കാണു സബ് ഇൻസ്പെക്ടർ തസ്തികയിലേക്കു പിഎസ്‌സി വിജ്ഞാപനം വരുന്നത്. ആനിയെ ഐപിഎസുകാരിയാക്കണമെന്നാണ് അച്ഛൻ ആഗ്രഹിച്ചത്. ഇരുപത്തിനാലാമത്തെ വയസ്സിൽ എസ്ഐ ആയാൽ വിരമിക്കുമ്പോഴേക്കു കൺഫേഡ് ഐപിഎസ് കിട്ടും എന്ന പ്രതീക്ഷയും ആനിയെ മുന്നോട്ടു നയിച്ചു. കെഎസ്ആർടിസി ജീവനക്കാരനായിരുന്ന ഷാജി പിഎസ്‌സി പഠനത്തിന് എല്ലാ പിന്തുണയും നൽകി ഒപ്പം നിന്നു.

 

പഠനം മാത്രം മുന്നിൽ

പരിശീലന സ്ഥാപനത്തിൽ ഒരു മാസത്തെ ക്രാഷ് കോഴ്സിനു ചേരുമ്പോൾ സ്ഥിരമായി പത്രം പോലും വായിക്കാത്ത ആളായിരുന്നു ആനി. ഒരു മാസം കഴിഞ്ഞുവരുന്ന പരീക്ഷ മാത്രമായി ലക്ഷ്യം. അധ്യാപകരും കൂടെയുള്ളവരും പിന്തുണച്ചപ്പോൾ പെട്ടെന്നുതന്നെ പഠനവഴിയിലെത്തി. എല്ലാം വായിച്ചുവിടാൻ സമയം ഇല്ലാത്തതുകൊണ്ടു സിലബസ് അനുസരിച്ച് ആവശ്യമുള്ളതു മാത്രം പഠിച്ചു. ഒരു വിഷയം മാത്രം പഠിക്കുമ്പോഴുള്ള മടുപ്പ് ഒഴിവാക്കാൻ ദിവസവും 10 വിഷയംവരെ പഠിച്ചു. ഇംഗ്ലിഷ്, മാത്‌സ് മുൻകാല ചോദ്യ പേപ്പറുകൾ നിരന്തരം ചെയ്തു പരിശീലിച്ചു. മാത്‌സ് കീറാമുട്ടിയായതിനാൽ ബാക്കിയുള്ള വിഷയങ്ങൾക്കാണു പ്രാധാന്യം കൊടുത്തത്. ക്ലാസിനുശേഷം കൂട്ടുകാരുമൊത്തു കംബൈൻഡ് സ്റ്റഡി നടത്തി. രാത്രിയിരുന്നു പുലരും വരെ വീണ്ടും പഠിത്തം. ഉറക്കം നാലു മണിക്കൂർ മാത്രം. 

 

ചുമർ നിറച്ച് അറിവുകൾ  

അവാർഡുകൾ, ചാംപ്യൻഷിപ്പുകൾ തുടങ്ങിയവ പേപ്പറിൽ എഴുതി ചുമരിൽ ഒട്ടിച്ചുവയ്ക്കുമായിരുന്നു. ഓരോ വിഷയത്തിനും ഓരോ നിറം കൊടുത്തു. ഓർമയിൽ വയ്ക്കാൻ ഇത് എളുപ്പമായി. മുറിയിൽ ഇടത്തും വലത്തുമുള്ള ചുമരുകളിൽ വിഷയങ്ങൾ മാറിമാറി ഒട്ടിച്ചുവച്ചു. സ്ഥാനവും നിറവും കാര്യങ്ങൾ ഓർത്തുവയ്ക്കൽ എളുപ്പമാക്കി. ഇങ്ങനെ ഒട്ടിച്ചുവച്ച കാര്യങ്ങൾ മനസ്സിൽ അതേ പോലെ പതിഞ്ഞുകിടക്കാൻ പിന്നെ പുസ്തകം നോക്കിയുള്ള വായന ഒഴിവാക്കി. 

 

ഇടയ്ക്കിടയ്ക്ക് ഇത് ആവർത്തിച്ചു വായിച്ച് ഉറപ്പിച്ചു. ക്ലാസുകളെല്ലാം മൊബൈലിൽ റെക്കോർഡ് ചെയ്തുവച്ചു. യാത്രയ്ക്കിടയിലും വെറുതെ ഇരിക്കുമ്പോഴുമെല്ലാം ആവർത്തിച്ചു കേട്ടു പഠിച്ചു.

 

സിപിഒ വഴി എസ്ഐ

എസ്ഐ പരീക്ഷ കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോഴായിരുന്നു സിവിൽ പൊലീസ് ഓഫിസർ പരീക്ഷ. വെറുതെ പോയി എഴുതിയെങ്കിലും ലിസ്റ്റ് വന്നപ്പോൾ‍ 22–ാം റാങ്ക്. ആദ്യം നിയമന ശുപാർശ ലഭിച്ചത് സിപിഒ തസ്തികയിലായിരുന്നു. 

 

പരീക്ഷ കഴിഞ്ഞ് 5 വർഷം കഴിഞ്ഞാണ് എസ്ഐ തസ്തികയിൽ ശുപാർശ ലഭിക്കുന്നത്. സ്കൂളിൽ പഠിക്കുമ്പോഴേ കായിക മത്സരങ്ങളിൽ പങ്കെടുക്കുമായിരുന്നതിനാൽ ശാരീരികക്ഷമതാ പരീക്ഷയുടെ പരിശീലനം വലിയ പ്രയാസമായില്ല. രാജീവ് എന്ന കോച്ചിനു കീഴിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പോയി എന്നും പരിശീലനം നടത്തി. അങ്ങനെ ഓടിയോടി ഇന്നത്തെ ആനി ശിവയിലെത്തി. 

English Summary: Kerala PSC Examination Tips By SI Anie Siva

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com