ഒരു നൂറ്റാണ്ടുകൊണ്ട് സ്വന്തമാക്കിയത് 40 ദശലക്ഷം വായനക്കാരെ; അറിയാം റീഡേഴ്സ് ഡൈജസ്റ്റിന്റെ അറിയാക്കഥകൾ...
Mail This Article
∙ പ്രശസ്ത യുഎസ് മാസിക റീഡേഴ്സ് ഡൈജസ്റ്റിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങി (1922). ഡെവിറ്റ് വാലസും ഭാര്യ ലൈലാ വാലസും ചേർന്നാണ് ആരംഭിച്ചത
∙ ലോക ഫുട്ബാളിലെ മുൻനിര താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിൽ ജനിച്ചു(1985). ഫിഫയുടെ ആദ്യ പുഷ്കാസ് പുരസ്കാര ജേതാവ്.
∙ പായ്‌വഞ്ചിയിൽ ഒറ്റയ്ക്കു ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരനും രണ്ടാമത്തെ ഏഷ്യക്കാരനുമായ മലയാളി അഭിലാഷ് ടോമി ജനിച്ചു (1979). കീർത്തിചക്ര, ടെൻസിങ് നോർഗെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ജികെ സ്പെഷൽ ഫോക്കസ് 1936
∙ ചാർലി ചാപ്ലിന്റെ അവസാനത്തെ വിഖ്യാത നിശബ്ദചിത്രം മോഡേൺ ടൈംസിന്റെ ആദ്യ പ്രദർശനം
∙ ന്യൂയോർക്കിലെ റിവോളി തിയറ്ററിലായിരുന്നു പ്രദർശനം. യുണൈറ്റഡ് ആർട്ടിസ്റ്റിന്റെ ബാനറിൽ ചാപ്ലിൻ നിർമിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും സംഗീതവും അദ്ദേഹം തന്നെയാണു നിർവഹിച്ചത്.
∙ അഡോൾഫ് ഹിറ്റ്ലറെ ആക്ഷേപഹാസ്യ രീതിയിൽ അവതരിപ്പിച്ച ദ് ഗ്രേറ്റ് ഡിക്റ്റേറ്റർ ആയിരുന്നു ചാപ്ലിന്റെ ആദ്യ ശബ്ദചിത്രം.
ഗോൾഡ് റഷ്, ദ് സർക്കസ്, ദ് കിഡ്, സിറ്റി ലൈറ്റ്സ് തുടങ്ങിയവ ചാപ്ലിന്റെ പ്രധാന ചിത്രങ്ങളാണ്.
∙ രണ്ടു തവണ ഓണററി ഓസ്കർ ലഭിച്ച ചാപ്ലിന് സംഗീത വിഭാഗത്തിലും ഓസ്കർ ലഭിച്ചിട്ടുണ്ട്.
കൂടുതൽ മാർക്ക്
യുഎസിലെ വിഖ്യാത മാഗസിൻ റീഡേഴ്സ് ഡൈജസ്റ്റിന് ശതാബ്ദി
യൂറോപ്യൻ സമൂഹത്തിന്റെ ജനാധിപത്യ വിരുദ്ധതയ്ക്കെതിരായ പ്രസ്ഥാനം എന്നു വിശേഷിപ്പിക്കപ്പെട്ട റീഡേഴ്സ് ഡൈജസ്റ്റ് പുറത്തിറങ്ങിയിട്ട് ഒരു നൂറ്റാണ്ട്. 1922 ഫെബ്രുവരി 5 നാണ് റീഡേഴ്സ് ഡൈജസ്റ്റ് പ്രസിദ്ധീകരണം തുടങ്ങിയത്. ഒന്നാം ലോകമഹായുദ്ധത്തിൽ വെടിയേറ്റ്, പരിക്കുകളിൽ നിന്നു മോചിതനാവുന്നതിനിടയിൽ ഡിവിറ്റ് വാലസും അദ്ദേഹത്തിന്റെ ഭാര്യ ലില അച്ചേസണും ചേർന്നാണ് റീഡേഴ്സ് ഡൈജസ്റ്റ് ആരംഭിച്ചത്. ചെറിയ രീതിയിൽ തുടങ്ങിയ പ്രസിദ്ധീകരണം യുഎസിൽ പ്രതിമാസം 16 ദശലക്ഷം ആളുകൾ വായിക്കുന്ന മാസികയായി അതിവേഗം വളർന്നു. 1938 മുതൽ റീഡേഴ്സ് ഡൈജസ്റ്റ് 17 ഭാഷകളിൽ പ്രസിദ്ധീകരിക്കാൻ തുടങ്ങി. 21 ഭാഷകളിലായുള്ള 49 പതിപ്പുകൾ കൂടാതെ ആഗോളപതിപ്പിലൂടെ 40 ദശലക്ഷം വായനക്കാരുടെ കൈകളിലേക്ക് റീഡേഴ്സ് ഡൈജസ്റ്റ് ഇന്ന് എത്തുന്നു. ആദ്യകാലത്തു വർഷങ്ങളോളം ഇന്ത്യയിൽ റീഡേഴ്സ് ഡൈജസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നതു ടാറ്റ ഗ്രൂപ്പ് ആയിരുന്നു.
അനുബന്ധ ചോദ്യങ്ങൾ
1. റീഡേഴ്സ് ഡൈജസ്റ്റിന്റെ ഹെഡ് ഓഫിസ് സ്ഥിതി ചെയ്യുന്ന നഗരം?
2. റീഡേഴ്സ് ഡൈജസ്റ്റിന്റെ എഡിറ്റർ ഇൻ ചീഫ്?
3. റീഡേഴ്സ് ഡൈജസ്റ്റിന്റെ ആദ്യ ഇന്ത്യൻ പതിപ്പ് പുറത്തിറങ്ങിയ വർഷം?
4. എത്ര കോപ്പികളോടെയാണ് റീഡേഴ്സ് ഡൈജസ്റ്റിന്റെ ഇന്ത്യൻ പതിപ്പ് പുറത്തിറങ്ങിയത് ?
5. ആരാണ് റീഡേഴ്സ് ഡൈജസ്റ്റിന്റെ ഇന്ത്യയിലെ എഡിറ്റർ ഇൻ ചാർജ്?
6. ഇന്ത്യയിൽ റീഡേഴ്സ് ഡൈജസ്റ്റിന്റെ ഇപ്പോഴത്തെ പ്രസാധകർ?
7. ഇന്ത്യയിൽ ഇറക്കിയ ആദ്യ റീഡേഴ്സ് ഡൈജസ്റ്റിന്റെ വില?
8. 1955 ൽ റീഡേഴ്സ് ഡൈജസ്റ്റിന്റെ ഇന്ത്യയിലെ ആദ്യ ഓഫിസ് തുടങ്ങിയ നഗരം?
9. റീഡേഴ്സ് ഡൈജസ്റ്റിന്റെ ഇന്ത്യയിലെ ആദ്യത്തെ മാനേജിങ് ഡയറക്ടർ?
10. റീഡേഴ്സ് ഡൈജസ്റ്റിന്റെ ഇന്ത്യയിലെ ആദ്യത്തെ റസിഡന്റ് അസോഷ്യേറ്റ് എഡിറ്റർ?
ഉത്തരങ്ങൾ
1. മാൻഹട്ടൻ
2. ബ്രൂസ് കെല്ലി
3. 1954
4. 40,000
5. സംഘമിത്ര ചക്രവർത്തി
6. ലിവിങ് മീഡിയ
7. 1.50 രൂപ
8. മുംബൈ
9. തരൂർ പരമേശ്വരൻ
10. രാഹുൽ സിങ്
(കടപ്പാട് : മലയാള മനോരമ തൊഴിൽവീഥി ജസ്റ്റിൻ മാത്യു എഴുതുന്ന പംക്തി മൈൽ സ്റ്റോൺ)
Content Summary : Exam Guide - 5 February - Today In History