ഭരണഘടനാ ചോദ്യങ്ങൾക്ക് വേണം ആഴത്തിലുള്ള പഠനം

exam-study
Photo Credit : Asia Images Group / Shutterstock.com
SHARE

പത്താം ക്ലാസ്, പ്ലസ്ടു, ഡിഗ്രി തലത്തിലുള്ള പിഎസ്‌സി പരീക്ഷകളിൽ ഭരണഘടനാ മേഖലകളിൽ നിന്ന് വളരെ ആഴത്തിലാണ് ഇപ്പോൾ ചോദ്യങ്ങൾ വരുന്നത്. പ്ലസ് വൺ, പ്ലസ് ടു പാഠപുസ്തകങ്ങൾ നന്നായി പഠിക്കുന്നതു പ്രസ്താവന രൂപത്തിലുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ സഹായകരമാകും. ഇതിനു പുറമേ സാക്ഷരതാ മിഷന്റെ ഹയർ സെക്കൻഡറി തുല്യതാ പഠന കോഴ്സിന്റെ പുസ്തകങ്ങളെയും ആശ്രയിക്കാം. ഏതാനും ചോദ്യങ്ങൾ നോക്കാം

1. ചുവടെ പറയുന്നവയിൽ ശരിയായ പ്രസ്താവനകളേവ:

(1) നിയോജക മണ്ഡലങ്ങളുടെ സംവരണം സംബന്ധിച്ച തീരുമാനം എടുക്കുന്നത് ദേശീയ തിരഞ്ഞെടുപ്പു കമ്മിഷനാണ്.

(2) രാജ്യത്തെ എല്ലാ നിയോജക മണ്ഡലങ്ങളുടെയും അതിർത്തികൾ നിർണയിക്കുന്നതിനാണ് അതിർത്തി നിർണയ കമ്മിഷനെ നിയമിച്ചത്.

(3) പ്രധാനമന്ത്രിയാണ് അതിർത്തി നിർണയ കമ്മിഷനെ നിയമിക്കുന്നത്.

4) 2002 ലാണ് ഇന്ത്യയിൽ ഡീലിമിറ്റേഷൻ കമ്മിഷൻ നിയമം പാസാക്കിയത്.

A. (2),(4) മാത്രം

B. (2), (3) എന്നിവ

C. (1), (2) എന്നിവ

D. (1), (2), (3) എന്നിവ

2. താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യൻ ഭരണഘടനയുടെ പ്രത്യേകതകളേവ:

(1) ഇന്ത്യൻ ഭരണഘടന ഒരു സജീവ പ്രമാണമാണ്.

(2) ബുദ്ധിപൂർവം രൂപപ്പെടുത്തിയ നിയന്ത്രണങ്ങളും സന്തുലനവുമാണ് ഇന്ത്യൻ ഭരണഘടനയുടെ വിജയത്തെ സുഗമമാക്കിയത്.

(3) ഇന്ത്യൻ ഭരണഘടന അധികാരത്തെ നിയമനിർമാണ സഭ, എക്സിക്യൂട്ടീവ്, ജുഡീഷ്യറി, തിരഞ്ഞെടുപ്പു കമ്മിഷൻ തുടങ്ങിയ സ്ഥാപനങ്ങൾക്കിടയിൽ വിഭജിക്കുന്നു. ഏതെങ്കിലും ഒരു സ്ഥാപനത്തിന്റെ നിലപാടുകളെ മറ്റു സ്ഥാപനങ്ങൾ അനുകൂലിക്കുന്നു.

(4) വ്യവസ്ഥകൾക്കു മാറ്റം വരുത്താനുള്ള സാധ്യതയും അത്തരത്തിലുള്ള മാറ്റങ്ങൾക്കുള്ള പരിധിയും തമ്മിൽ ഒരു വലിയ അന്തരം നിലനിർത്തുന്നു. അങ്ങനെ ജനങ്ങൾ ആദരിക്കുന്ന ഒരു പ്രമാണമായി എന്നുമെന്നും നിലനിൽക്കും എന്ന് ഉറപ്പുവരുത്താൻ ഇന്ത്യൻ ഭരണഘടനയ്ക്കു കഴിഞ്ഞിട്ടുണ്ട്.

A. (1), (2), (3), (4) എന്നിവ

B. (1), (2), (4) എന്നിവ

C. (1), (2), (3) എന്നിവ

D. (1), (2) എന്നിവ

3. ഇന്ത്യൻ ഭരണഘടനാ നിർമാണ സഭയുമായി ബന്ധപ്പെട്ട താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ ഏതൊക്കെ?

(1) 1945 ലെ കാബിനറ്റ് മിഷൻ പദ്ധതിയിലെ നിർദേശങ്ങൾ അനുസരിച്ചാണ് ഇന്ത്യൻ ഭരണഘടനാ നിർമാണ സഭ രൂപീകരിക്കപ്പെട്ടത്.

(2) ഭരണഘടനാ നിർമാണ സഭയിലെ അംഗങ്ങളെ തിരഞ്ഞെടുത്തത് ബ്രിട്ടിഷ് ഇന്ത്യൻ പ്രവിശ്യകളിലെ നിയമസഭകളിൽ നിന്നും നാട്ടുരാജ്യങ്ങളിൽ നിന്നുമാണ്.

(3) ബ്രിട്ടിഷ് ഇന്ത്യൻ പ്രവിശ്യകളിൽ 1935ലെ ഇന്ത്യ ഗവൺമെന്റ് നിയമ പ്രകാരമാണ് നിയമസഭകൾ സ്ഥാപിക്കപ്പെട്ടത്.

(4) ഓരോ പ്രവിശ്യയിലെയും സീറ്റുകൾ മുസ്‌ലിംകൾ, സിഖുകാർ, ക്രൈസ്തവർ, പൊതുവിഭാഗം എന്നിങ്ങനെ സമുദായങ്ങൾക്ക് അവരുടെ ജനസംഖ്യാനുപാതിക പ്രകാരം വീതിച്ചു നൽകി.

(5) നാട്ടുരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളെ തിരഞ്ഞെടുത്തത് തിരഞ്ഞെടുപ്പിലൂടെയാണ്.

A. (1), (2), (3), (4) എന്നിവ

B. (2), (3), (4), (5) എന്നിവ

C. (2), (3) എന്നിവ

D. (2), (3), (4) എന്നിവ

4. ഭരണഘടന ഗവൺമെന്റിന്റെ അധികാരങ്ങൾക്ക് പരിധി നിർണയിക്കുന്നതുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:

(1) ഗവൺമെന്റിന് അധികാരങ്ങൾ നൽകുന്നതോടൊപ്പം ഭരണഘടന അതിന്റെ പരിധിയും നിർണയിക്കുന്നു. ഒരു ജനാധിപത്യ ഭരണഘടന ഒരിക്കലും ഗവൺമെന്റിന് അനിയന്ത്രിത അധികാരങ്ങൾ നൽകില്ല.

(2) ഗവൺമെന്റിന്റെ അധികാരങ്ങൾ നിയന്ത്രിച്ചില്ലെങ്കിൽ അത് സ്വേച്ഛാധിപത്യപരമായും ജനവിരുദ്ധമായും പ്രവർത്തിക്കും.

(3) അഭിപ്രായ സ്വാതന്ത്ര്യം, മനഃസാക്ഷിക്ക് അനുസരിച്ചു പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം, സംഘടനാ സ്വാതന്ത്ര്യം, വ്യാപാര സ്വാതന്ത്ര്യം തുടങ്ങിയ ചില അടിസ്ഥാന സ്വാതന്ത്ര്യങ്ങൾ ഭരണഘടന പൗരന്മാർക്ക് നൽകിയിട്ടുണ്ട്. ഗവൺമെന്റിന്റെ അധികാരങ്ങൾക്ക് കടിഞ്ഞാണിടുകയാണ് ഇതിന്റെ ലക്ഷ്യം.

(4) ദേശീയ അടിയന്തരാവസ്ഥക്കാലത്ത് ഈ അവകാശങ്ങളെ പരിമിതപ്പെടുത്താനും പിൻവലിക്കാനുമുള്ള അധികാരം ഗവൺമെന്റിനുണ്ട്. എങ്കിലും ഈ അവകാശങ്ങൾ പിൻവലിക്കേണ്ട സാഹചര്യങ്ങൾ ഏതൊക്കെയാണെന്ന് ഭരണഘടന വ്യക്തമാക്കിയിട്ടുണ്ട്.

A. (1), (2), (3), (4) എന്നിവ

B. (1), (2), (3) എന്നിവ

C. (1), (3), (4) എന്നിവ

D. (1), (3) എന്നിവ

5. ചുവടെ നൽകിയിരിക്കുന്നവയിൽ ലക്ഷ്യ പ്രമേയത്തിലെ പ്രധാന ഇനങ്ങളിൽ ഉൾപ്പെടുന്നവയേവ:

(1) ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കാണ്

(2) മുൻ ബ്രിട്ടിഷ് ഇന്ത്യൻ പ്രദേശങ്ങൾ, നാട്ടുരാജ്യങ്ങൾ, ഇന്ത്യയിൽ ചേരാൻ ആഗ്രഹിക്കുന്ന മറ്റു പ്രദേശങ്ങൾ എന്നിവയുടെ ഒരു യൂണിയനായിരിക്കും ഇന്ത്യ.

(3) ഇന്ത്യൻ യൂണിയനിൽ പെട്ട പ്രദേശങ്ങൾ സ്വയംഭരണാധികാരമുള്ളവയായിരിക്കും. യൂണിയനിൽ നിക്ഷിപ്തമായിട്ടുള്ള വിഷയങ്ങളടക്കം എല്ലാ കാര്യങ്ങളിലും ഈ പ്രദേശങ്ങൾക്ക് അധികാരമുണ്ടായിരിക്കും.

(4) സ്വതന്ത്ര പരമാധികാര ഇന്ത്യയുടെയും അതിന്റെ ഭരണഘടനയുടെയും സർവ അധികാരങ്ങളും നീതിന്യായ വ്യവസ്ഥയിൽ നിന്നാണ് സിദ്ധിക്കുക.

A. (1), (2) എന്നിവ

B. (1), (2), (3) എന്നിവ

C. (1), (2), (4) എന്നിവ

D. (1), (2), (3), (4) എന്നിവ

6. ഭരണഘടനാ നിർമാണ സഭയുടെ രൂപീകരണത്തിന്റെയും പ്രവർത്തനത്തിന്റെയും വിവിധ ഘട്ടങ്ങളെ സംബന്ധിച്ചുള്ള താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ ഏതൊക്കെ:

(1) 1946 ഓഗസ്റ്റിൽ ഭരണഘടനാ നിർമാണ സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നു

(2) 1946 ഡിസംബർ 9ന് അവിഭക്ത ഇന്ത്യയുടെ ഭരണഘടനാ നിർമാണ സഭയുടെ ആദ്യ സമ്മേളനം മുംബൈയിൽ നടന്നു.

(3) 1946 ഡിസംബർ 11നാണ് ഡോ. രാജേന്ദ്ര പ്രസാദ് ഭരണഘടനാ നിർമാണ സഭയുടെ സ്ഥിരം അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്.

(4) വിഭജനശേഷം ഇന്ത്യയുടെ ഭരണഘടനാ നിർമാണ സഭ ആദ്യമായി ചേർന്നത് 1947 ഓഗസ്റ്റ് 16നാണ്.

(5) വിഭജനശേഷം ഇന്ത്യയിലെ ഭരണഘടനാ നിർമാണ സഭയിൽ 299 അംഗങ്ങളാണ് ഉണ്ടായിരുന്നത്.

A. (3), (5) എന്നിവ

B. (1), (3), (4), (5) എന്നിവ

C. (3), (4), (5) എന്നിവ

D. (2), (3), (5) എന്നിവ

ഉത്തരങ്ങൾ: 

1.D 2 C 3A 4A 5C 6D

Content Summary: Kerala PSC Examination Preparation Tips By Mansoorali Kappungal

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS