മാഡിബയുടെ ‘ഏഴടി നീളമുള്ള’ ജയിൽ ജീവിതം അവസാനിച്ച ഫെബ്രുവരി 11

HIGHLIGHTS
  • ചരിത്രത്തിൽ ഇന്ന് – 11 ഫെബ്രുവരി
today-in-history-eleven-february-psc-rank-file
Photo Credit : Debbie Yazbek / AFP
SHARE

സ്പെഷൽ ഫോക്കസ് 1990

∙ 27 വർഷത്തെ ജയിൽവാസത്തിനുശേഷം നെൽസൺ മണ്ടേല (Nelson Mandela) മോചിതനായി

∙ 1962 ൽ അറസ്റ്റിലായ മണ്ടേലയെ 1964 ജൂൺ 12 നാണ് ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. റോബൻ ഐലൻഡ്,  പോൾസ് മൂർ ജയിൽ എന്നിവിടങ്ങളിൽ തടവിലായിരുന്ന മണ്ടേല വിക്ടർ വേർസ്റ്റർ ജയിലിൽ നിന്നാണു മോചിതനായത്.

‌∙1990 ൽ ഭാരതരത്നയും 1993 ൽ സമാധാന നൊബൈൽ സമ്മാനവും മണ്ടേലയ്ക്കു ലഭിച്ചു. 1994 ൽ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റായി. ലോങ് വോക്ക് ടു ഫ്രീഡം ആണ് മണ്ടേലയുടെ ആത്മകഥ.

∙ മണ്ടേലയുടെ ജന്മദിനമായ ജൂലൈ 18 നെൽസൺ മണ്ടേല രാജ്യാന്തര ദിനമായി ആചരിക്കാൻ 2009 നവംബറിൽ ഐക്യരാഷ്ട്ര സംഘടന ആഹ്വാനം ചെയ്തു.  2013 ഡിസംബർ 5 നായിരുന്നു മണ്ടേലയുടെ വിയോഗം.

ഏഴടി നീളമുള്ള ജയിൽ ജീവിതം

വധശിക്ഷയിൽ നിന്നു രക്ഷപ്പെട്ടെങ്കിലും ജീവപര്യന്തത്തിനു ശിക്ഷിക്കപ്പെട്ട മണ്ടേലയെയും സഹതടവുകാരെയും പ്രിട്ടോറിയയിലെ ജയിലിൽ നിന്ന് റോബൻ ദ്വീപിലേക്കാണ് കൊണ്ടുപോയത്. കേപ്ടൗണിൽ നിന്ന് ഏഴുമൈൽ അകലെയായിരുന്നു അത്. ഭ്രാന്താശുപത്രിയും കുഷ്ഠരോഗികളുടെ കേന്ദ്രവും ഉണ്ടായിരുന്ന ആ ദ്വീപിൽ ഒരു ജയിലുമുണ്ടായിരുന്നു. റോബൻ ദ്വീപിലേക്കു പോകുമ്പോൾ മണ്ടേലയ്ക്ക് 44 വയസ്സായിരുന്നു. അവിടേക്കുള്ള യാത്ര തന്നെ വരാനിരിക്കുന്നതിന്റെ സൂചനയായിരുന്നു. യാത്രയ്ക്കിടെ ഗാർഡുമാർ മുകളിൽ നിന്ന് മണ്ടേലയടക്കമുള്ളവരുടെ ശരീരത്തിലേക്ക് മൂത്രമൊഴിച്ചുകൊണ്ടിരുന്നു. റോബൻ ദ്വീപ്, പോൾസ്മൂർ ജയിൽ, വിക്ടർ വെർസ്റ്റർ ജയിൽ എന്നിവിടങ്ങളിൽ കഴിഞ്ഞ് ഒടുവിൽ വിട്ടയയ്ക്കപ്പെടുമ്പോൾ അദ്ദേഹത്തിന് 71 വയസ്സായിരുന്നു.

'റോബൻ ദ്വീപിൽ ഏഴടി നീളവും ഒൻപത് അടി വീതിയുമുള്ള കുടുസ്സുമുറിയിൽ ഏകാന്തത്തടവായിരുന്നു. പാറ പൊട്ടിക്കാനും ചുണ്ണാമ്പു ഫാക്ടറിയിൽ പണിയെടുക്കാനും തടവുകാരെ കൊണ്ടുപോയി. മടുപ്പിക്കുന്നതായിരുന്നു അവിടത്തെ അന്തരീക്ഷം. വെള്ളക്കാരായ ജയിൽ വാർഡൻമാരാകട്ടെ കറുത്തവർഗക്കാരെ നിരന്തരം പീഡിപ്പിക്കുന്നതിലും അധിക്ഷേപിക്കുന്നതിലും ആനന്ദം കണ്ടെത്തുന്നവരുമായിരുന്നു. ആദ്യകാലത്ത് ആറുമാസത്തിൽ ഒരു സന്ദർശകനെയാണ് മണ്ടേലയ്ക്ക് അനുവദിച്ചിരുന്നത്. ഒരു കത്തു മാത്രമാണ് ആ സമയത്ത് ലഭിക്കുക. അതുതന്നെ വാർഡൻമാർ അരിച്ചുപെറുക്കി വായിച്ചിട്ടാണ് നൽകിയിരുന്നത്. കൊടിയ പീഡനങ്ങളുടെയും ഒറ്റപ്പെടലിന്റെയും ആ നാളുകളിൽപ്പോലും അദ്ദേഹം വിഷാദത്തിലേയ്ക്കോ നൈരാശ്യത്തിലേയ്ക്കോ വീണിരുന്നില്ല. അചഞ്ചലമായിരുന്നു അദ്ദേഹത്തിന്റെ ആത്മവിശ്വാസം.

ജയിലിലെ മാഡിബാ മാജിക്

ജയിലിൽ കഴിയുമ്പോൾ സെല്ലുകളിൽ നിന്ന് സെല്ലുകളിലേക്ക് അവർ രഹസ്യമായി രാഷ്ട്രീയ കുറിപ്പുകൾ കൈമാറി. ചുണ്ണാമ്പു ഫാക്ടറിയിൽ പണിയെടുക്കുമ്പോൾ സഹതടവുകാരുമായി കാര്യങ്ങൾ പിറുപിറുത്തു. രാത്രികളിൽ നിയമപുസ്തകങ്ങൾ വായിച്ചു. മണ്ടേലയുടെ കാര്യത്തിൽ കർശനമായിരുന്നു നിയന്ത്രണങ്ങൾ. അമ്മയും മകനും മരിച്ചപ്പോൾ പോലും അദ്ദേഹത്തെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ വിട്ടില്ല. ഒരു രാഷ്ട്രത്തെ മുഴുവൻ വശീകരിച്ച സ്വാധീനശക്തിയുടെ മിന്നലാട്ടങ്ങൾ റോബൻ ദ്വീപിലെ തടങ്കൽക്കാലത്തും സംഭവിച്ചിരുന്നു. വെളുത്ത വർഗക്കാരായ ചില ജയിലുദ്യോഗസ്ഥർ തന്നെ മാഡിബായുടെ പ്രഭയിൽ വീണുപോയിരുന്നു. അപാരമായ ആ നിശ്ചയദാർഢ്യത്തെ അവർക്കു ബഹുമാനിക്കേണ്ടി വന്നു. വംശവെറിയൻമാരായ വാർഡൻമാർ അപ്പോഴും മണ്ടേലയെ വേദനിപ്പിക്കാനും അപമാനിക്കാനും ശ്രമിച്ചുകൊണ്ടിരുന്നു.

വംശീയതയെ മറികടക്കുന്ന കാഴ്ചപ്പാട് രൂപീകരിക്കാൻ തനിക്കു സഹായമായത് ജയിൽ ജീവിതമാണെന്ന് പിൽക്കാലത്തു മണ്ടേല പറഞ്ഞിട്ടുണ്ട്. മേലുദ്യോഗസ്ഥരറിയാതെ ജയിൽ മുറിയിലേക്കു പത്രങ്ങളടക്കം എത്തിച്ചിരുന്ന വെള്ളക്കാരായ ഉദ്യോഗസ്ഥർ മനസ്സിലെ എല്ലാ വിദ്വേഷങ്ങളെയും മായ്ച്ചുകളഞ്ഞു. എ ക്ലാസ് തടവുകാരനായതോടെ അദ്ദേഹത്തിനു കൂടുതൽ സന്ദർശകരും കത്തുകളും അനുവദിക്കപ്പെട്ടു. ജയിലിൽ വച്ചാണ് മണ്ടേല ആത്മകഥയെഴുതാൻ തുടങ്ങിയത്. അതിന്റെ പല ഭാഗങ്ങളും അധികൃതർ സെല്ലിൽ നിന്നു കണ്ടെടുത്തു. ഇതേത്തുടർന്നു പഠനത്തിനായി നൽകിയിരുന്ന സൗകര്യങ്ങൾ പലതും ഇല്ലാതായി.

ചരിത്രത്തിൽ ഇന്ന് – 11 ഫെബ്രുവരി

∙ അയിത്തനിർമാർജനം പ്രധാന ലക്ഷ്യമാക്കി മഹാത്മാഗാന്ധി പുറത്തിറക്കിയ ഹരിജൻ ആദ്യ പതിപ്പ് പ്രസിദ്ധീകരിച്ചു (1933). ഇംഗ്ലിഷിലുള്ള പ്രസിദ്ധീകരണം പുണെയിൽ നിന്നാണു പുറത്തിറങ്ങിയത്.

∙ ഇന്ത്യയുടെ അഞ്ചാം രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദ് അന്തരിച്ചു (1977). അസം ഫുട്ബോൾ അസോസിയേഷന്റെയും അസം ക്രിക്കറ്റ് അസോസിയേഷന്റെയും അധ്യക്ഷനായിട്ടുണ്ട്.

∙ ആധുനിക ഗണിത ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന തത്വചിന്തകൻ റെനെ ദെക്കാർത്തെ അന്തരിച്ചു (1650).  I think therefore I am  എന്ന വിഖ്യാത വാക്യം ഇദ്ദേഹത്തിന്റേതാണ്.

Content Summary : PSC Rank File - Today In History - 11 February

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പൊളിറ്റിക്കൽ കറക്ട്നസ് നോക്കാൻ ഒരു വിഭാഗം ഗുണ്ടകൾ സോഷ്യൽ മീഡിയയിലുണ്ട്

MORE VIDEOS