പ്ലസ്ടു യോഗ്യതയുള്ള തസ്തികകളിലേക്കുള്ള പിഎസ്‌സി മെയിൻ പരീക്ഷകൾ ഈ മാസം മുതൽ നടക്കാനിരിക്കുകയാണ്. പ്രിലിമിനറി പരീക്ഷയിലെ മാർക്ക് ഒരു തരത്തിലും റാങ്ക് പട്ടികയെ സ്വാധീനിക്കില്ല എന്നറിയാമല്ലോ. മെയിൻ പരീക്ഷയിൽ വാങ്ങുന്ന മാർക്കും റാങ്കുമാണു നിങ്ങളുടെ തൊഴിൽ സാധ്യത എത്രത്തോളമെന്നു തീരുമാനിക്കുക. അതുകൊണ്ട് മെയിൻ പരീക്ഷയിൽ പരമാവധി മാർക്ക് നേടാൻ ശ്രമിക്കുക. അവസാനവട്ട തയാറെടുപ്പുകൾ ക്ക് ഒരുങ്ങുമ്പോൾ ഓർക്കാൻ ചില കാര്യങ്ങൾ:
∙ പരന്ന വായന നിർത്തി സിലബസിലെ കാര്യങ്ങളിൽ മാത്രം മനസ്സിരുത്തി വായന ചുരുക്കുക.
∙ പാഠഭാഗങ്ങൾ വായിക്കുമ്പോൾ കുറിച്ചുവച്ച നോട്ടുകൾ വായിച്ചു റിവിഷൻ നടത്താം.
∙ ഏതെങ്കിലും പാഠഭാഗം മുൻപ് വായിക്കാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ ഓടിച്ചു വായിച്ചുനോക്കി പോയിന്റുകൾ മനസ്സിൽ ഉറപ്പിക്കുക.
∙ പുസ്തകം വായിക്കാൻ സമയമില്ലാത്തവർ ‘സമഗ്ര’ വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന ക്വസ്റ്റ്യൻ പൂൾ, സാക്ഷരതാ മിഷൻ വെബ്സൈറ്റിൽ ലഭ്യമാക്കിയിരിക്കുന്ന ഹിസ്റ്ററി, ജ്യോഗ്രഫി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ് പുസ്തകങ്ങളിൽ നൽകിയ പട്ടികകൾ, ബുള്ളറ്റ് രൂപത്തിലുള്ള വിവരങ്ങൾ എന്നിവയ്ക്കു പ്രാധാന്യം കൊടുക്കുക.
∙ ശാസ്ത്ര വിഷയങ്ങളിൽ 8,9, 10 ക്ലാസുകളിലെ ബയോളജിക്കു റിവിഷനിൽ കൂടുതൽ ഊന്നൽ നൽകുക.
∙ പിഎസ്‌സി വെബ്സൈറ്റിൽ നൽകിയിട്ടുള്ള പൊലീസ്, ഫയർമാൻ, എക്സൈസ്, ഫോറസ്റ്റ് വകുപ്പുതല പരീക്ഷകളുടെ ചോദ്യക്കടലാസുകൾ ഉപയോഗിച്ച് ഉത്തരമെഴുതി നോക്കുക. 20 മാർക്കിനുള്ള സ്പെഷൽ ടോപിക് ചോദ്യങ്ങൾ ഇവിടെ നിന്നായിരിക്കും.
∙ ഇംഗ്ലിഷ്, മലയാളം വിഷയങ്ങളിൽ സ്കോർ ചെയ്യാൻ ഹൈസ്കൂൾ ക്ലാസിലെ പാഠഭാഗങ്ങൾ, വ്യാകരണം എന്നിവ മനസ്സിരുത്തി റിവിഷൻ നടത്താം.
∙ സൂത്രവാക്യങ്ങൾ ഓർത്തുവയ്ക്കണം. ക്യാപ്സൂൾ നോട്ട് തയാറാക്കിയവർക്ക് ഇത് ഉപയോഗപ്പെടുത്താം
∙ 2020 ജൂൺ മുതൽ 2021 ഡിസംബർ വരെയുള്ള സമകാലിക സംഭവങ്ങൾ നന്നായി പഠിക്കണം. കേരളത്തിന്റെ ആരോഗ്യമേഖല, സ്പോർട്സ് തുടങ്ങിയ രംഗങ്ങളിലെ ഓരോ മാറ്റവും അറിഞ്ഞിരിക്കണം.
∙ നെഗറ്റീവ് മാർക്കിലേക്കു പോകാതിരിക്കാനുള്ള ആത്മധൈര്യം വളർത്തിയെടുക്കുക. ഭാഗ്യം പ്രതീക്ഷിച്ച് കറക്കിക്കുത്താൻ നിൽക്കരുത്.
∙ നന്നായി അറിയാവുന്ന ചോദ്യങ്ങൾ അവസാനത്തേക്കു മാറ്റിവയ്ക്കരുത്. അവസാനം സമയം കിട്ടിയില്ലെങ്കിൽ ഉറപ്പുള്ള മാർക്ക് നഷ്ടപ്പെടും. മാത്രമല്ല, അറിയാത്ത ചോദ്യങ്ങൾക്ക് ആദ്യം ഉത്തരമെഴുതാൻ ശ്രമിക്കുന്നത് ആത്മവിശ്വാസം നഷ്ടപ്പെടുത്തും.
Content Summary : Kerala PSC Examination Tips By Mansoorali Kappungal