Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഗ്രഹിച്ചതൊക്കെ നേടിയ ഷ്വാർസെനഗർ

മോൻസി വർഗീസ്
arnold-schwarzenegger

സ്കൂൾ പഠനകാലത്ത് തന്നെ തന്റെ ആഗ്രഹങ്ങളെക്കുറിച്ച് സഹപാഠികളോടു പറഞ്ഞിരുന്നു ഷ്വാർസെനഗർ, നേടിയെടുത്തതൊക്കെയും മുൻകൂട്ടി നിശ്ചയിച്ച് ഉറപ്പിച്ചവ ആയിരുന്നു. 1947 ജൂലൈ 30ന് ഓസ്ട്രിയയിൽ ജനിച്ച അർനോൾഡ് ഷ്വാർസെനഗർ ചെറുപ്പം മുതൽക്കേ വലിയ സ്വപ്നങ്ങൾ കാണുമായിരുന്നു. പ്രധാനമായും മൂന്നു സ്വപ്നങ്ങളാണ് അദ്ദേഹം സഹപാഠികളുമായി പങ്കു വച്ചിരുന്നത്. സ്വപ്നങ്ങളുടെ നാടായ അമേരിക്കയിലേക്കു പോകണം, ലോകം അറിയപ്പെടുന്ന ഒരു നടനാകണം, കെന്നഡി കുടുംബത്തിൽ നിന്നുമുള്ള ഒരാളെ വിവാഹം ചെയ്യണം. എന്നിങ്ങനെ മൂന്നു സ്വപ്നങ്ങൾ. ഈ മൂന്നു സ്വപ്നങ്ങളും പിന്നീട് സാക്ഷാത്കരിച്ച ഷ്വാർസെനഗർ തന്റെ വിജയങ്ങളൊക്കെയും പോരാട്ടങ്ങളിലൂടെ നേടിയതാണെന്നു തെളിയിക്കുന്നു.

അമേരിക്കയിലേക്ക് കടക്കാൻ പറ്റിയ ഏറ്റവും വലിയ മാർഗം മിസ്റ്റർ യൂണിവേഴ്സ് മൽസരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക എന്നതാണെന്ന് മനസിലാക്കിയ അദ്ദേഹം അതിനായി പരിശ്രമിച്ചു. ബോഡി ബിൽഡിങ്ങിൽ ശ്രദ്ധയൂന്നിയ ഷ്വാർസെനഗർക്ക് തന്റെ ഇരുപതാമത്തെ വയസ്സിൽ അമേരിക്കയിൽ എത്തിച്ചേരാൻ കഴിഞ്ഞു. മികച്ച ബോഡി ബിൽഡറാകുവാൻ രാപകലില്ലാതെ ജിംനേഷ്യങ്ങളിൽ അദ്ദേഹം പരിശീലനം നടത്തി. ആദ്യ മൽസരത്തിൽ പരാജയപ്പെട്ടെങ്കിലും ഇരുപത്തിമൂന്നാമത്തെ വയസ്സിൽ മിസ്റ്റർ യൂണിവേഴ്സ് പട്ടം നേടി. പിന്നീട് ഏഴു തവണ മിസ്റ്റർ ഒളിംപിയ പട്ടവും നാലു തവണ മിസ്റ്റർ യൂണിവേഴ്സ് പട്ടവും സ്വന്തമാക്കി. പിന്നീട് ലോകം അറിയപ്പെടുന്ന ഹോളിവുഡ് താരമായ ഷ്വാർസെനഗർ തന്റെ മറ്റൊരു ആഗ്രഹമായ കെന്നഡി കുടുംബത്തിൽ നിന്നുമുള്ള വിവാഹം മരിയ ഷ്റൈനറെ ജീവിതസഖിയാക്കിയതിലൂടെ സാക്ഷാത്കരിച്ചു. ചെറുപ്പം മുതൽ മനസ്സിൽ രൂപീകരിക്കുന്ന തീവ്രമായ ആഗ്രഹങ്ങൾ ജീവിതനേട്ടങ്ങൾക്ക് പ്രേരണ നൽകുന്നു എന്ന് ഷ്വാർസെനഗർ തന്നെ പറയുന്നു.

ഒരു താരം എന്നതിനെക്കാളുപരി പൊതുപ്രവർത്തനങ്ങളിലും ഗ്രന്ഥരചനയിലും ശ്രദ്ധയൂന്നിയ ഷ്വാർസെനഗർ ജീവിതവിജയം സ്വപ്നം കാണുന്നവരെ പ്രചോദിപ്പിക്കുന്ന നിരവധി ടെലിവിഷൻ പരിപാടികളും നടത്തിവരുന്നു. കാലിഫോർണിയ ഗവർണർ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. നാം തരണം ചെയ്യുന്ന പ്രതിബന്ധങ്ങളാണ് നമ്മെ കരുത്തരാക്കുന്നത് എന്ന ജീവിത തത്വം പ്രായോഗികമാക്കിക്കൊണ്ടാണ് ഷ്വാർസെനഗർ ജ്വലിച്ചുയർന്നത്.

ഒരു നടൻ ആകാൻ ആഗ്രഹിച്ച് അവസരങ്ങൾ അന്വേഷിച്ചു നടന്ന ഷ്വാർസെനഗർക്ക് ആദ്യം ലഭിച്ചത് അവഗണനയും തിരസ്കാരങ്ങളും ആയിരുന്നു. പക്ഷേ, വിട്ടുകൊടുക്കാൻ അദ്ദേഹം തയാറായിരുന്നില്ല. ഇംഗ്ലിഷ് സംസാരിക്കുന്നതിലെ വൈകല്യവും ശരീരപ്രകൃതിയുമൊക്കെ ഒരു നടന് ചേർന്നതല്ലെന്നാണ് ചലച്ചിത്ര പണ്ഡിതർ വിധി എഴുതിയത്. എന്നാൽ അദ്ദേഹത്തിന്റെ രൂപപ്രകൃതിക്ക് ഇണങ്ങുന്ന വേഷങ്ങൾ പിന്നീട് അദ്ദേഹത്തെ തേടിയെത്തി. ‘എല്ലാവരും ചെയ്യുന്നത് അതേപടി ചെയ്യുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല. ഞാൻ ചെയ്യുന്ന കാര്യങ്ങളിൽ ഒരു വ്യത്യസ്തത വേണം’’ ഷ്വാർസെനഗർ പറയുന്നു. വ്യത്യസ്തമായ പ്രകടനങ്ങളിലൂടെയാണ് അദ്ദേഹം വിജയക്കൊടി പാറിച്ചത്.

‘‘മനസ്സിൽ പരിധി നിശ്ചയിക്കാതിരിക്കുക. തന്നെക്കെ‌ാണ്ട് ചെയ്യാൻ കഴിയുമെന്ന് മനസ്സിലൂടെ മുൻകൂട്ടി കാണാൻ കഴിയുന്നവർക്ക് അത് നേടാനും കഴിയും’’. എല്ലാവരുടെയും മനസ്സിൽ പുതിയ ആശയങ്ങളും ആഗ്രഹങ്ങളുമുണ്ട്. ചെറിയ ആശയങ്ങളും ചെറിയ ആഗ്രഹങ്ങളും നമുക്ക് വെല്ലുവിളികൾ നൽകുന്നില്ല. പഠനത്തിൽ മികവ് പുലർത്താതിരുന്ന ഷ്വാർസെനഗർ തന്റെ കഴിവിനും വ്യക്തിത്വത്തിനും ഇണങ്ങുന്ന ആശയങ്ങളും ആഗ്രഹങ്ങളുമാണ് രൂപീകരിച്ചത്. എങ്ങനെയെങ്കിലും ജീവിച്ചുപോയാൽ മതി എന്ന പരിമിതമായ ചിന്ത ഉള്ളവർക്കാണ് ജീവിതസാഹചര്യങ്ങളും പിരമിതമാകുന്നത്. മുന്നോട്ടു കുതിക്കണമെന്നും ഉയരങ്ങൾ താണ്ടണമെന്നും നേട്ടങ്ങൾക്കായി പ്രതിബന്ധങ്ങളെ കീഴ്പ്പെടുത്തണമെന്നുമുള്ള തീവ്രമായ ചിന്തകളുള്ളവരാണ് ജീവിതം ആസ്വാദ്യകരമാക്കുന്നത്. എന്തും നേടാനുള്ള ഊർജം നമ്മിലുണ്ട്. അത് ഉപയോഗപ്പെടുത്തണമെങ്കിൽ സ്വാമി വിവേകാനന്ദൻ പറഞ്ഞുപോലെ ഉണർന്ന് എണീറ്റ് ലക്ഷ്യത്തിൽ എത്തുംവരെ പ്രയത്നിക്കുക. പ്രയത്നങ്ങളില്ലാത്ത സ്വപ്നം അർഥശൂന്യമാണ്. ഒരു നിമിഷംപോലും പാഴാക്കാതെ മുന്നോട്ടു കുതിക്കുക.