Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രമം ഉപേക്ഷിക്കരുത്

മോൻസി വർഗീസ്
kapil-dev

പ്രചോദനാത്മക ഉദ്ധരണികളാൽ സമൃദ്ധമാണ് അമേരിക്കൻ എഴുത്തുകാരനായ  വില്യം ആർതർ വാർഡിന്റെ (1921 – 1994) രചനകൾ. കവിതാ രൂപേണയുള്ള അദ്ദേഹത്തിന്റെ സന്ദേശങ്ങൾ ചിന്തനീയങ്ങളാണ്. ‘‘പ്രവർത്തിക്കുന്നതിനു മുൻപ് ശ്രദ്ധിക്കുക, പ്രതികരിക്കുന്നതിനു മുൻപ് ചിന്തിക്കുക, ചെലവഴിക്കുന്നതിനു മുൻപ് സമ്പാദിക്കുക, വിമർശിക്കുന്നതിനു മുൻപ് സാവകാശം കാട്ടുക, പ്രാർഥിക്കുന്നതിനു മുൻപ് ക്ഷമിക്കുക, ഉപേക്ഷിക്കുന്നതിനു മുൻ‍പ് പരിശ്രമിക്കുക’’ എന്ന ആർതർ വാർഡിന്റെ കുഞ്ഞു കവിത വിഖ്യാതമാണ്. ഏതൊരു സുപ്രധാന തീരുമാനമെടുക്കുന്നതിനും മുൻപായി മനസ്സിനെ ശാന്തമാക്കണം. വീണ്ടുവിചാരമില്ലാത്ത എടുത്തുചാട്ടമാണ് പല അപകടങ്ങളിലും നമ്മെക്കൊണ്ടെത്തിക്കുന്നത്. വിജയിക്കണമെങ്കിൽ ശുഭാപ്തി വിശ്വാസം മാത്രമുണ്ടായിട്ടു കാര്യമില്ല, സാഹചര്യങ്ങൾക്കനുസൃതമായി പരിശ്രമിക്കാനും കഴിയണമെന്ന് ആർതർ വാർഡ് ഉദ്ബോധിപ്പിക്കുന്നു. എപ്പോഴും എല്ലാ കാര്യങ്ങളും നമുക്ക് അനുകൂലമാകണമെന്നില്ല. പ്രതികൂല സാഹചര്യങ്ങളിൽ അതിനനുസൃതമായ നിലപാടുകൾ എടുക്കുന്നവർക്കേ വിജയത്തിലെത്താൻ കഴിയൂ.

1983 ജൂൺ 25 ന് ക്രിക്കറ്റിന്റെ മെക്ക എന്നറിയപ്പെടുന്ന ഇംഗ്ലണ്ടിലെ ലോഡ്സ് സ്റ്റേഡിയത്തിൽ കപിൽ ദേവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം ലോക കിരീടത്തിൽ മുത്തമിട്ടത് ഓരോ ഇന്ത്യക്കാരന്റെയും അഭിമാനമുയർത്തിയ മുഹൂർത്തമായിരുന്നു. ലക്ഷ്യബോധത്തോടെയുള്ള പോരാട്ടവീര്യമാണ് നമ്മെ വിജയത്തിൽ എത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 54.4 ഓവറിൽ നേടിയത് കേവലം 183 റണ്ണുകൾ മാത്രം. എതിരാളികളോ ലോക ചാംപ്യന്മാരായ വെസ്റ്റ് ഇൻഡീസ്. ഇന്ത്യയുടെ പരാജയം ഉറപ്പിച്ചവരുടെ മുൻപിൽ വീറോടെ പൊരുതിയ കപിൽദേവും കൂട്ടരും 140 റണ്ണിന് വെസ്റ്റ് ഇൻഡീസ് എന്ന ശക്തരായ എതിരാളികളെ കടപിഴുതപ്പോൾ അവസാന നിമിഷംവരെ വിട്ടുകൊടുക്കാതെ പോരാടാനുള്ള മാനസികാവസ്ഥയുടെ വിജയംകൂടി ആയിരുന്നു. ഇന്ത്യാക്കാർക്ക് പോരാടാനുള്ള പ്രാപ്തിയില്ല എന്ന ആക്ഷേപത്തിനു മറുപടികൊടുക്കുക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നു നായകനായ കപിൽദേവ് പിന്നീട് ഈ ഐതിഹാസിക വിജയത്തെക്കുറിച്ചു പറഞ്ഞു. ഫലത്തെക്കുറിച്ചു ചിന്തിക്കാതെ അവസാന നിമിഷംവരെയും പരിശ്രമിക്കാനാണ് കപിൽദേവ് ടീം അംഗങ്ങളെ പ്രചോദിപ്പിച്ചിരുന്നത്. പരിശ്രമിച്ചു തോൽക്കുന്നതുപോലും മഹനീയമാണ്.

2012 ലെ അഖിലേന്ത്യാ സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഹരിത വി. കുമാർ നമ്മുടെ ഏവരുടെയും അഭിമാനമായി. എന്നാൽ തന്റെ സ്വപ്നമായ ഐഎഎസ് പദവിക്കായി നാലാം തവണയും പൊരുതാനുറച്ച ഹരിതയുടെ നിശ്ചയദാർഢ്യമാണ് ഈ മഹത്തായ വിജയത്തിന്റെ അടിസ്ഥാനം. ഒരു മഹത്തായ വിജയം നേടാനുറപ്പിച്ച് പരിശ്രമിക്കുന്നവർക്ക് ലക്ഷ്യത്തിൽ എത്തുന്നതിനു മുൻപ് ചെറിയ ചെറിയ പല വിജയങ്ങളുമുണ്ടാകും. എന്നാൽ താരതമ്യേന ചെറിയ വിജയങ്ങളിൽ സംതൃപ്തരായി ശ്രമം ഉപേക്ഷിച്ചാൽ യഥാർഥത്തിൽ നേടേണ്ട ലക്ഷ്യം അപ്രാപ്യമാകും. ഇത്രയൊക്കെ മതി എന്ന അലംഭാവമാണ് പല പ്രതിഭകളും അർഹമായ വിജയത്തിൽ എത്തുവാനുള്ള പ്രധാന തടസ്സം. ഉന്നതമായത് എന്തും നേടണമെങ്കിൽ ഉന്നതമായ സ്വപ്നവും പരിശ്രമങ്ങളും ആവശ്യമാണ്. ‘‘ഞങ്ങൾ വലിയ സ്വപ്നം കണ്ടു, അതിനായി പരിശ്രമിച്ചു’’. ലോക കപ്പ് വിജയം നേടിയതിന്റെ രഹസ്യത്തെക്കുറിച്ചു കപിൽദേവ് പറഞ്ഞതാണിത്.

ആഗ്രഹങ്ങളുടെ തീവ്രതയ്ക്ക് അനുസരിച്ചായിരിക്കും ഓരോരുത്തരുടെയും പ്രവർത്തനങ്ങൾ. ചെറിയ ആഗ്രഹങ്ങളുള്ളവർ ചെറിയതോതിൽ പ്രവർത്തിക്കുമ്പോൾ വലിയ ആഗ്രഹങ്ങളുള്ളവർ തീവ്രമായി പരിശ്രമിക്കുന്നു. കിട്ടിയാൽ കിട്ടട്ടെ എന്ന മനോഭാവത്തോടെ ഒരു മൽസരത്തെ നേരിടുന്ന ആൾ തന്റെ വിജയത്തെ വിധിക്കു വിട്ടുകൊടുക്കുകയാണ്. അശുഭാപ്തി വിശ്വാസികൾ തന്റെ തോൽ‌വിക്കു കാരണം ചുറ്റുപാടുകളാണെന്നു പറഞ്ഞ് സ്വയം ശപിക്കും. ശുഭാപ്തി വിശ്വാസികൾ നല്ലതു വരും എന്നു പ്രതീക്ഷിച്ചിരിക്കും. എന്നാൽ യഥാർഥ വിജയി തന്റെ വിജയത്തിനായി വിട്ടുവീഴ്ചയില്ലാത്ത ശ്രമം നടത്തും. ലക്ഷ്യത്തിൽ എത്തുംവരെയും സർവ ഊർജവും അതിനായി കേന്ദ്രീകരിക്കുക. തോൽക്കില്ല എന്ന മനസ്സോടെ പൊരുതുക. ലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്കിടയിൽ ശ്രമം ഉപേക്ഷിക്കുന്നതിനു മുൻപ് ഒരു കാര്യം സ്വയം ചോദിച്ചുനോക്കുക ‘‘എന്തിനു വേണ്ടിയായിരുന്നു ഞാൻ തുടങ്ങിയത്?’’ എന്ന്. എന്ത് ലക്ഷ്യത്തിനാണോ തുടക്കം കുറിച്ചത് ആ ലക്ഷ്യത്തിൽ എത്തുംവരെ പരിശ്രമിക്കുക.