Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വന്തം പേരിനെ ആഗോള ബ്രാൻഡാക്കിയ ജെസിബി

മോൻസി വർഗീസ്
JCB

ജെസിബി (JCB) എന്നത് ഒരു കമ്പനിയുടെ പേരാണ്. എന്നാൽ, മണ്ണ് മാന്തുന്ന എല്ലാ യന്ത്രങ്ങളെയും ഇന്നു പൊതുവെ അറിയപ്പെടുന്നത് ജെസിബി എന്നാണ്. സ്വന്തം പേരിലുള്ള ഉൽപന്നത്തെ ആഗോള ബ്രാൻഡാക്കിക്കൊണ്ട് മഹാവിജയം നേടിയ വ്യക്തിയാണ് ജോസഫ് സിറിൾ ബാംഫോർഡ് (Joseph Cyril Bamford) ജോസഫ് സിറിൾ ബാംഫോർഡ് എന്ന പേരിന്റെ ചുരുക്കെഴുത്താണ്  ജെ.സി.ബി. (JCB). 1945 ൽ ഇംഗ്ലണ്ടിലെ സ്റ്റാഫോർഡ് ഷെയറിൽ സ്ഥാപിതമായ ഈ കമ്പനി ഇന്ന് ഈ മേഖലയിലെ ഒന്നാം നിര ബ്രാൻഡാണ്.

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഉപയോഗശൂന്യമായി കിടന്ന വാഹനങ്ങളുടെ ഘടകങ്ങൾ ഉപയോഗിച്ച് കൃഷിക്കാർക്ക് ഉപകരിക്കുന്ന ഉപകരണങ്ങൾ നിർമിക്കുകയായിരുന്നു ജോസഫിന്റെ ലക്ഷ്യം. കേവലം ആറ് സഹപ്രവർത്തകർക്കൊപ്പം ഒരു ചെറിയ വാടകക്കെട്ടിടത്തിൽ ആരംഭിച്ച ജെസിബി കമ്പനി ഇന്ന് മൂന്നൂറിലേറെ ഉൽപന്നങ്ങളുമായി 150ൽ ഏറെ രാജ്യങ്ങളിൽ പ്രവർത്തിച്ചുവരുന്നു. ഇന്ത്യയിൽ ജംയ്പൂരിലും പുണെയിലും ഉൽപാദന യൂണിറ്റുകളുണ്ട്. ഇന്ത്യയിൽ നിർമിക്കുന്ന ജെസിബി ഉൽപന്നങ്ങൾ അൻപതിലേറെ രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നുണ്ട്.

ഏറ്റവും ആധുനികമായ സാങ്കേതികവിദ്യ ഉപയോഗിച്ച് മികവുറ്റ ഉൽപന്നങ്ങൾ അവതരിപ്പിക്കുന്ന കാര്യത്തിൽ ജോസഫ് സിറിൾ ശ്രദ്ധാലു ആയിരുന്നു. കഠിന പരിശ്രമത്തിലൂടെയല്ലാതെ ജീവിതവിജയം കൈവരിക്കാൻ കഴിയില്ല എന്ന് വിശ്വസിച്ചിരുന്ന അദ്ദേഹം കാലത്ത് ഒൻപതു മുതൽ രാത്രി 11.30 വരെ ജോലി ചെയ്യുന്ന ശീലം പുലർത്തിയിരുന്നു. അദ്ദേഹത്തിന്റെ വ്യക്തിജീവിതം മറ്റുള്ളവർക്ക് ഒരു മാതൃകയായിരുന്നു.

ഒരിക്കൽപോലും മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാതിരുന്ന ജോസഫ് സിറിൾ ബാംഫോർഡ് ആരോഗ്യത്തോടെയുള്ള ജീവിതശൈലി അവലംബിക്കാൻ തന്റെ തൊഴിലാളികൾക്കു പ്രേരണ നൽകിയിരുന്നു. പതിനായിരം ചതുരശ്ര ഏക്കറോളം പരന്നുകിടന്നിരുന്ന അദ്ദേഹത്തിന്റെ ഫാക്ടറി പരിസരത്ത് തൊഴിലാളികൾക്കു കായിക വിനോദത്തിന് അവസരമൊരുക്കി അവരെ കൂടുതൽ കർമോൽസുകരാക്കി. ഇംഗ്ലണ്ടിൽ പൊതുവെ തൊഴിൽ സമരങ്ങളുണ്ടായിരുന്ന കാലത്ത് ജെ.സി.ബി. കമ്പനിയിൽ ഒരു സമരം പോലും ഉണ്ടായിട്ടില്ല. തൊഴിലാളികൾക്ക് മാന്യമായ വേതനവും ജീവിതസാഹചര്യങ്ങളും ഒരുക്കിക്കൊണ്ട് അവരെ കൂടുതൽ ഉൽപാദനക്ഷമതയുള്ളവരാക്കി  മാറ്റുന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി.

ജെസിബി എന്നത് ഒരു കമ്പനിയുടെ പേര് എന്നതിനെക്കാളുപരി ഒരു ഉൽപന്നത്തിന്റെ പര്യായമായി കഴിഞ്ഞു. ഓക്സ്ഫോഡ് ഇംഗ്ലിഷ് ഡിക്‌ഷനറിയിൽ മ‌ണ്ണ് നീക്കം ചെയ്യുന്ന യന്ത്രത്തിന്റെ പേരായാണ് ജെസിബി ചേർത്തിട്ടുള്ളത്. 2001 മാർച്ച് ഒന്നിന് അന്തരിച്ച ജെസഫ് സിറിൾ ബാംഫോർഡ് വ്യത്യസ്തമായ ഒരു വ്യവസായ സംസ്കാരത്തിന് തുടക്കംകുറിച്ച ആളാണ്. മേന്മയേറിയ ഉൽപന്നങ്ങൾ ഉന്നതമായ മൂല്യങ്ങളിലൂന്നി വിജയിപ്പിക്കാൻ കഴിയും എന്ന് ജെസിബി തെളിയിച്ചു. 12,000 തൊഴിലാളികളുടെ അധ്വാനത്താൽ 22 ഫാക്ടറികളിൽ നിന്നായി ആയിരക്കണക്കിന് ജെസിബി ഉൽപന്നങ്ങൾ ദിവസേന വിപണിയിൽ എത്തിച്ചുകൊണ്ട് അതിന്റെ കുതിപ്പു തുടരുന്നു. മണ്ണ് നീക്കം ചെയ്യുന്ന യന്ത്രങ്ങൾ മാത്രമല്ല, ഖനനം, കൃഷി, വനവൽകരണം തുടങ്ങി വിവിധ മേഖലകളിലേക്ക് ജെസിബിയുടെ സേവനം വ്യാപിച്ചുകിടക്കുന്നു.