Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്തിയുറങ്ങിയതു റെയിൽവേ സ്റ്റേഷനിൽ, ഉപയോഗിച്ചതു പബ്ലിക് ടോയ്‍ലറ്റുകൾ; ഇന്നു കോടീശ്വരൻ

മോൻസി വർഗീസ്
chris-gardner

ക്രിസ് ഗാർഡ്നെർ (Chris Gardner) അമേരിക്കയിലെ അതിസമ്പന്നനായ ബിസിനസ്സുകാരനും നിക്ഷേപകനും എഴുത്തുകാരനും സന്നദ്ധസേവന പ്രവർത്തകനും പ്രചോദന പ്രഭാഷകനുമൊക്കെയാണ്. വിജയം കാംക്ഷിക്കുന്നവരെയൊക്കെ പ്രചോദിപ്പിക്കുന്ന ഗാർഡ്നെർ പിന്നിട്ട വഴികളാണ് അദ്ദേഹത്തിന്റെ വിജയത്തെ കൂടുതൽ അർഥവത്താക്കുന്നത്. അത്രയേറെ കഷ്ടതകൾ നിറഞ്ഞ ബാല്യ കൗമാരങ്ങളിലൂടെയാണ് അദ്ദേഹം സഞ്ചരിച്ചത്. പ്രതിസന്ധികൾക്കിടയിലും താൻ ആഗ്രഹിച്ചതൊക്കെയും നേടുമെന്ന തീവ്രമായ വിശ്വാസവും പ്രയത്നവുമാണ് ഗാർഡ്നെറെ വിജയത്തിൽ എത്തിച്ചത്.

1954–ൽ ആയിരുന്നു ഗാർഡ്നെറുടെ ജനനം. രണ്ടാനച്ഛന്റെ ക്രൂരമായ പീഡനങ്ങൾ അനുഭവിച്ച് കഴിഞ്ഞ ബാല്യകാലം. ഏക ആശ്വാസം അമ്മ ബെറ്റിജിൻ പകർന്നു നൽകിയ സ്നേഹവും ആത്മവിശ്വാസവും മാത്രം. രണ്ടാനച്ഛന്റെ പീഡനങ്ങൾ ഒഴിവാക്കാൻ അമ്മ മകനെ അനാഥാലയത്തിൽ ചേർത്തു. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ജീവിക്കാനായി പലതരത്തിലുള്ള പണികളെടുത്ത ഗാർഡ്നെർക്ക് നല്ല രീതിയിൽ ജീവിക്കണമെന്ന വാശി ഉണ്ടായിരുന്നു. വിവാഹം കഴിച്ചെങ്കിലും ഭാര്യ ജാക്കി നാലുമാസം പ്രായമുള്ള മകൻ ക്രിസ്റ്റഫറെ ഗാർഡനെറുടെ കയ്യിൽ ഏൽപ്പിച്ച് അവരുടെ വഴിക്കുപോയി. പിന്നീടങ്ങോട്ട് ഒരു കൈക്കുഞ്ഞുമായി ജീവിക്കാനുള്ള ഓട്ടമായിരുന്നു. മകൻ തന്റെകൂടെ വളരണമെന്ന് അയാൾ ആഗ്രഹിച്ചു. താൻ സ്നേഹിക്കുന്നതുപോലെ മറ്റൊരാൾക്ക് മകനെ സ്നേഹിക്കാൻ കഴിയില്ല എന്ന് അനുഭവങ്ങളിലൂടെ ഗാർഡ്നെർ മനസ്സിലാക്കിയിരുന്നു.മെഡിക്കൽ ഉപകരണങ്ങൾ വിൽക്കുന്ന സെയിൽസ്മാനായി കഷ്ടപ്പാടുകളുടെ നടുവിൽ ഭവനരഹിതനായി കഴിയുമ്പോഴും ഉന്നതമായ ആഗ്രഹങ്ങൾ അയാൾ നിലനിർത്തി. മകനുമൊത്ത് റെയിൽവേ സ്റ്റേഷനുകളിലും പാർക്കുകളിലും അയാൾ അന്തിയുറങ്ങി. പബ്ലിക് ടോയ്‍ലറ്റുകൾ ഉപയോഗിച്ചു. സദാസമയവും മകന് സന്തോഷം പകർന്ന് ജീവിക്കാനായി നെട്ടോട്ടമോടി.

ഒരിക്കൽ ആഡംബര കാറായ ഫെരാറിയിൽ നിന്നും ഒരാൾ ഇറങ്ങുന്നതു കണ്ടത് ഗാർഡ്നെറുടെ ജീവിതത്തിൽ വഴിത്തിരിവായി. ഇത്രമാത്രം ആഡംബരത്തോടെ ജീവിക്കുന്ന ആൾ ചെയ്യുന്ന ജോലി എന്തെന്ന് അറിയാൻ ആഗ്രഹിച്ചു. കാറിൽ നിന്നും ഇറങ്ങിയ  ബോബ് ബ്രിഡ്ജസിനെ പരിചയപ്പെട്ടപ്പോൾ മനസ്സിലായി അയാളൊരു ഷെയർ ബ്രോക്കറാണെന്ന്. പിന്നീടങ്ങോട്ട് ഷെയർ ബ്രോക്കറാകാൻ ശ്രമം തുടങ്ങിയ ഗാർഡ്നെർ നിരവധി തിരസ്കാരങ്ങൾക്കൊടുവിൽ അതു നേടിയെടുത്തു. 1987 ൽ ഗാർ‌ഡ്നെർ റിച്ച് ആൻഡ് കമ്പനി എന്ന പേരിൽ ഷെയർ ബ്രോക്കിങ് സ്ഥാപനമാരംഭിച്ചു. പിന്നീടു ജീവിതം കുതിച്ചുകയറ്റമായിരുന്നു.

തന്റെ ജീവിതകഥ ആധാരമാക്കി ഗാർഡ്നെർ പുറത്തിറക്കിയ ഗ്രന്ഥമാണ് ‘ദി പെർസ്യൂട്ട് ഓഫ് ഹാപ്പിനെസ്.’ ഈ കഥയുടെ സിനിമാ പതിപ്പായിരുന്നു 2006 ൽ ഇതേ പേരിൽ പുറത്തിറങ്ങിയ ഹോളിവുഡ് സിനിമ. പ്രശസ്ത താരം വിൽ സ്മിത്തും അദ്ദേഹത്തിന്റെ മകൻ ജേഡ് സ്മിത്തും ഗാർഡ്നെറുടെയും മകന്റെയും റോളുകൾ തകർത്ത് അഭിനയിച്ചു. വൻ വിജയമായിരുന്ന ഈ സിനിമ ലക്ഷക്കണക്കിനാളുകൾക്ക് പ്രചോദനമായി. 2009 ൽ അദ്ദേഹം രചിച്ച ‘സ്റ്റാർട്ട് വെയർ യു ആർ’ (Start Where You Are) എന്ന ഗ്രന്ഥവും വമ്പിച്ച ജനപ്രീതി ആർജിച്ചു.

ഭവനരഹിതരായ ആളുകൾക്കായി ഇന്ന് നിരവധി പദ്ധതികൾക്ക് നേതൃത്വം നൽകുന്ന ഗാർഡ്നെറുടെ വാക്കും പ്രവൃത്തികളും പ്രചോദനപ്രദമാണ്. ഏതു പ്രതികൂല സാഹചര്യത്തിലും പ്രതീക്ഷ കൈവിടാതെ പ്രവർത്തിക്കുന്നവർക്കൊപ്പം വിജയമുണ്ടാകുമെന്ന് ഗാർഡ്നെറുടെ ജീവിതം തെളിയിക്കുന്നു. സ്വന്തം പരിമിതികളെ വകവയ്ക്കാതെ കഷ്ടതകൾക്കിടയിലും സന്തോഷം കണ്ടെത്താനാവുന്ന മനസ്സാണ് വേണ്ടത്. ചിരിച്ചുകൊണ്ട് ജീവിതം ആഘോഷമാക്കിയ ഗാർഡ്നെർ തന്റെ ലക്ഷ്യം നേടുവാനായി എന്തു ചെയ്യാനും ഒരുക്കമായിരുന്നു.

Be Positive>>

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.