Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതു ബന്യാമിന്റെ ആടുജീവിതമല്ല; ആട് കൊടുത്ത ജീവിതം

മോൻസി വർഗീസ്
Beatrice-Biira

ബന്യാമിൻ എഴുതിയ ‘ആടുജീവിതം’ എന്ന നോവൽ മലയാളികൾക്കിടയിൽ പ്രസിദ്ധമാണ്. മണലാരണ്യത്തിലെ ക്ലേശകരമായ ചുറ്റുപാടിൽ ഒരാൾ ആടുകളെ വളർത്തി അവയ്ക്ക് ഒപ്പം ദുരിതത്തിൽ ജീവിക്കുന്നതാണ് ആടുജീവിതത്തിലെ ഇതിവൃത്തം. എന്നാൽ ഒരാട് ജീവിതം തന്നെ മാറ്റി മറിച്ചതാണ് ബിയാട്രിസ് ബൈര (Beatrice Biira) യുടെ ജീവിതകഥ. ആഫ്രിക്കയിലെ ഒരു ദരിദ്രരാജ്യമായ ഉഗാണ്ടയിലെ കിസിങ്ക എന്ന ഉൾനാടൻ ഗ്രാമത്തിൽ ജനിച്ചുവളർന്ന ബിയാട്രീസിന്റെ കഥ ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകളെയാണ് പ്രചോദിപ്പിച്ചിട്ടുള്ളത്.

ഭക്ഷണത്തിന് വക കണ്ടെത്താൻ നിവൃത്തിയില്ലാത്ത കിസിങ്ക ഗ്രാമത്തിലെ കുട്ടികൾക്ക് വിദ്യാഭ്യാസം അപ്രാപ്യമായിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിന് ഫീസിനത്തിൽ വലിയ തുക മുടക്കേണ്ടിയിരുന്നതിനാൽ  ബിയാട്രിസിന് അറിവ് കിട്ടാക്കനി ആയിരുന്നു. അവളുടെ മാതാപിതാക്കളും ആറ് സഹോദരങ്ങളും അടങ്ങുന്ന കുടുംബം വളരെ കഷ്ടതയിൽ ജിവിക്കുമ്പോഴാണ് ഒരു ആട് ഭാഗ്യമായി അവരുടെ കൂടെ എത്തുന്നത്. ഉഗാണ്ടയുടെ ഉൾനാടുകളിൽ വസിക്കുന്ന ഗ്രാമീണർക്കായി സന്നദ്ധ സേവന പ്രവർത്തനം നടത്തുന്ന ഹെയ്ഫർ ഇന്റർനാഷനൽ ബിയാട്രിസിന്റെ ഗ്രാമത്തിലെ പന്ത്രണ്ടു പേർക്ക് ജീവനോപാധിയായി ആടുകളെ നൽകാൻ തീരുമാനിച്ചു. തിരഞ്ഞെടുക്കപ്പെട്ട 12 പേരിൽ ഒരാൾ ബിയാട്രിസിന്റെ മാതാവായിരുന്നു. അവൾക്ക് ഒൻപത് വയസ്സ് പ്രായമുള്ളപ്പോഴാണ് ഈ ആടിനെ ലഭിക്കുന്നത്.

ഭാഗ്യം എന്ന അർഥമുള്ള ‘മുഗിസ’ എന്ന പേരിട്ട ആടിനെ ബിയാട്രിസ് സ്നേഹത്തോടെ പോറ്റിവളർത്തി. ഏതാനും നാളുകൾക്കുള്ളിൽ മുഗിസ രണ്ട് കുട്ടികളെ പ്രസവിച്ചു. ആട്ടിൻ പാൽ അവരെ സംബന്ധിച്ച് ഏറ്റവും പോഷകമൂല്യമുള്ള ആഹാരമായി. അവരുടെ ആവശ്യം കഴിഞ്ഞുളള പാലിന് ആവശ്യക്കാരേറി. പാൽ വിറ്റ് സ്വരൂപിച്ച പണം ഉപയോഗിച്ച് ഒൻപതാമത്തെ വയസ്സിൽ സ്കൂളിൽ ചേർന്നു പഠിക്കാനുള്ള ഭാഗ്യം ബിയാട്രിസിനുണ്ടായി. പഠനത്തിൽ സമർഥ ആയിരുന്ന അവളുടെ ജീവിതകഥ ഹെയ്ഫർ ഇന്റർനാഷനൽ നിർമിച്ച ഒരു ഡോക്യുമെന്ററിയിലൂടെ പുറംലോകം അറിഞ്ഞു. പഠനപര്യടനത്തിന്റെ ഭാഗമായി കിസിങ്ക ഗ്രാമത്തിൽ എത്തിയ പേജ് മക്ബ്രയാർ എന്ന വനിത ബിയാട്രിസിന്റെ ആട് (Beatrice's Goat) എന്ന പേരിൽ 2001ൽ കുട്ടികൾക്കായി ഒരു പുസ്തകം പുറത്തിറക്കി. മനോഹര വർണചിത്രങ്ങളോടെ പുറത്തിറങ്ങിയ ഈ പുസ്തകം അമേരിക്കയിലെ കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ടതായി.

കമ്പാലയിലെ ഒരു പബ്ലിക് സ്കൂളിൽ നിന്നും ഉന്നത വിജയം പൂർത്തിയാക്കിയ ബിയാട്രിസിന് അമേരിക്കയിലെ കണക്ടികട്ട് കോളജിൽ പഠിക്കാൻ അവസരം ലഭിച്ചു. 2008ൽ ബിരുദമെടുത്ത ബിയാട്രിസ് 2010ൽ അർക്കൻസാസ് ക്ലിന്റൻ കോളജിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിലും പൊതുഭരണത്തിനും മാസ്റ്റർ ബിരുദവും നേടി. ഇപ്പോൾ ന്യൂയോർക്ക് ആസ്ഥാനമായ ഹെയ്ഫറിൽ ഉന്നത ഉദ്യോഗം വഹിക്കുന്ന ബിയാട്രീസ് ആഫ്രിക്കൻ ഗ്രാമങ്ങളിൽ ജീവിതോപാധികളും വിദ്യാഭ്യാസവും എത്തിക്കുന്നതിനുള്ള സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

ന്യൂയോർക്ക് ടൈംസ് അടക്കമുള്ള ലോകമാധ്യമങ്ങൾ ഉന്നത വ്യക്തിത്വമായി ആദരിച്ച ബിയാട്രിസ് നിരവധി ടെലിവിഷൻ പരിപാടികളിലും ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവച്ചു. അവസരം നൽകിയാൽ ഏതൊരാൾക്കും ഉന്നത വിജയം നേടാൻ കഴിയും എന്നതിന് ഇതിലേറെ എന്ത് ഉദാഹരണമാണ് വേണ്ടത്? അവസരങ്ങളെ ഫലപ്രദമായി ഉപയോഗിച്ചാൽ ഏതൊരാൾക്കും ലോകത്തെ മാറ്റിമറിക്കാൻ കഴിയും. ബിയാട്രിസിന്റെ മുമ്പിൽ അവസരം ഒരു ആടിന്റെ രൂപത്തിലാണ് എത്തിയത്. അത് അവൾ ഉപയോഗിച്ചു. വിജയിച്ചു. നാം ഓരോരുത്തരുടെ മുന്നിലൂടെയും ഇങ്ങനെ നിരവധി അവസരങ്ങൾ കടന്നുപോകുന്നുണ്ട്. അവയെ കണ്ടെത്തുക. ഉപയോഗിക്കുക.

Be Positive>>

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.