Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോബൽ സമ്മാനം നേടിയ ആദ്യ ആഫ്രിക്കൻ വനിത മാത്രമല്ല മാതായ്; അറിയണം ഈ മഹതിയെ

മോൻസി വർഗീസ്
wangari-maathai

ഒരു രാജ്യത്തെ ജനങ്ങളെയാകെ ആവേശം കൊള്ളിച്ച പ്രവർത്തനങ്ങളായിരുന്നു വാംഗാരി മാതായുടേത് (Wangari Maathai). സമാനതകളില്ലാത്ത നിരവധി ബഹുമതികൾക്ക് അവരെ അർഹയാക്കിയത് സാമൂഹിക പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൽ പ്രകടിപ്പിച്ച അസാമാന്യ മികവാണ്. പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിവുള്ളവരാണ് നേതൃത്വത്തിലേക്ക് ഉയരുന്നത്. ആഫ്രിക്കൻ രാജ്യമായ കെനിയ വ്യാപകമായ വനനശീകരണവും തൊഴിലില്ലായ്മയും അഭിമുഖീകരിച്ചപ്പോഴാണ്  പ്രതിവിധിയുമായി വാംഗാരി മാതായ് പൊതുരംഗത്തിറങ്ങുന്നത്.

പഠനത്തിൽ ബഹുസമർഥ ആയിരുന്ന മാതായ് കിഴക്കൻ ആഫ്രിക്കയിൽ നിന്നും ഡോക്ടറേറ്റ് നേടുന്ന ആദ്യത്തെ വനിതയാണ്. വെറ്ററിനറി അനാട്ടമി ആയിരുന്നു വിഷയം. നെയ്റോബി സർവ്വകലാശാലയിൽ വകുപ്പുതല മേധാവി ആയ ആദ്യ വനിത എന്ന ബഹുമതിയെ കൂടാതെ നോബൽ സമ്മാനം നേടുന്ന ആദ്യ ആഫ്രിക്കൻ വനിത എന്ന പ്രശസ്തിയും അവർക്കുണ്ട്.

അമേരിക്കയിലെ പിറ്റ്സ്ബർഗ് സർവ്വകലാശാലയിൽ സ്കോളർഷിപ്പോടെ ബയോളജിക്കൽ സയൻസിൽ മാസ്റ്റർ ബിരുദം നേടിയ മാതായ്ക്ക് താത്പര്യമെങ്കിൽ അവിടെ തുടരാമായിരുന്നു. എന്നാൽ താൻ നേടിയ അറിവ് തന്റെ സ്വന്തം രാജ്യത്തിന് പ്രയോജനപ്പെടണം എന്ന ഉദ്ദേശ്യത്തോടെയാണ് തിരിച്ചു നാട്ടിലെത്തി നെയ്റോബി സർവകലാശാലയിൽ അനാട്ടമി പ്രഫസർ എന്നനിലയിൽ തൊഴിലെടുത്തത്. ഇക്കാലയളവിലാണ് തന്റെ രാജ്യം നേരിടുന്ന ഒരു വിപത്തിനെക്കുറിച്ച് അവർ മനസ്സിലാക്കിയത്. വനനിബിഡമായിരുന്ന രാജ്യം മരുപ്രദേശമായിക്കൊണ്ടിരിക്കുന്ന കാഴ്ച കണ്ടിരിക്കാൻ അവർ ഒരുക്കമായിരുന്നില്ല. പ്രകൃതി ചൂഷണത്തിനെതിരെ പ്രതികരിക്കാൻ അവർ മുന്നിട്ടിറങ്ങി.

നാണ്യവിളകളായ കാപ്പി, തേയില തുടങ്ങിയവ കൃഷി ചെയ്യാനായി മരങ്ങൾ വ്യാപകമായി വെട്ടിമാറ്റപ്പെട്ടത് സാധാരണക്കാരുടെ ജീവിതത്തിന്റെ താളം തെറ്റിച്ചു. വനവിഭവങ്ങളെ ആശ്രയിച്ചിരുന്നവർക്ക് ഭക്ഷണം പാകം ചെയ്യാൻ ചുള്ളിക്കമ്പു പോലും കിട്ടാത്ത അവസ്ഥയായി. 1970കളുടെ മധ്യത്തോടെ സന്നദ്ധ പ്രവർത്തകരായ ഒരു കൂട്ടം ആളുകളെ ചേർത്ത്് രാജ്യമെമ്പാടും വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് മാതായ് നേതൃത്വം നൽകി. വനവൽകരണത്തിന്റെ ആവശ്യതയെക്കുറിച്ച് പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചു. മരങ്ങൾ നട്ടുപിടിപ്പിക്കുന്നത് തൊഴിലായി സ്വീകരിച്ചുകൊണ്ട് നിരവധി ആളുകൾ മുന്നോട്ടു വന്നു. വനനശീകരണം തൊഴിലില്ലായ്മ എന്നിങ്ങനെ രണ്ട് പ്രശ്നങ്ങൾക്കു പരിഹാരം കാണുവാൻ ഈ യജ്ഞത്തിന് കഴിഞ്ഞു.

ഗ്രീൻ ബെൽറ്റ് മൂവ്മെന്റ് എന്ന പേരിൽ മാതായ് തുടങ്ങിവച്ച ദൗത്യം പിന്നീട് മറ്റ് ആഫ്രിക്കൻ രാജ്യങ്ങൾക്കും മാതൃകയായി. ഇതിനോടകം മുപ്പത് ദശലക്ഷം വൃക്ഷങ്ങൾ നട്ടുപരിപാലിക്കാനും ഒൻപത് ലക്ഷം വനിതകളെ സജീവമാക്കാനും ഈ മുന്നേറ്റത്തിന് കഴിഞ്ഞു. ഒറ്റ പാർട്ടി ഭരണം നടന്നിരുന്ന കെനിയയിൽ ബഹുകക്ഷി ജനാധിപത്യത്തിനായും അവർ വീറോടെ പോരാടി. നിരവധി പൊലീസ് അക്രമങ്ങൾ നേരിടുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തു. അവസാനം ബഹുകക്ഷി ജനാധിപത്യ രീതി യാഥാർഥ്യമാക്കാൻ അവരുടെ നേതൃത്വത്തിനായി.

2002–ൽ പാർലമെന്റിലേക്ക് 98 ശതമാനം വോട്ടോടെ ആണ് അവർ ജയിച്ചുകയറിയത്. 2007 വരെ പാർലമെന്റ് അംഗമായി പ്രവർത്തിക്കുമ്പോൾ നിരവധി പരിസ്ഥിതി നിയമങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞു. ‘‘നിർഭയം പ്രതീക്ഷയോടെ മുന്നേറുക’’ എന്ന മാതായുടെ വാക്കുകൾ കെനിയൻ ജനതയ്ക്ക് പ്രചോദനമായി. 2011 ൽ കാൻസർ ബാധിച്ച് മരിക്കുംവരെ സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിച്ച വാംഗാരി മാതായ് ഇന്നും കെനിയയിലെ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള പ്രകൃതിസ്നേഹികൾക്കും ഒരു മാതൃകയാണ്.

Be Positive>>

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.