Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഴയ പുസ്തകങ്ങൾ വായിച്ചു സമ്പന്നനായ ലീ

മോൻസി വർഗീസ്
Li-Ka-shing

അറിവുകളെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിഞ്ഞതാണു തന്റെ വിജയരഹസ്യം എന്നു പറയുന്ന ലീ കാഷിങ് സ്കൂൾ വിദ്യാഭ്യാസം പോലും പൂർത്തീകരിക്കാത്ത ആളാണ്. എന്നാൽ സ്വന്തം പ്രയത്നത്തിലൂടെ സ്വായത്തമാക്കിയ അറിവുകൾ അദ്ദേഹത്തെ ലോകത്തെ സമ്പന്നരുടെ പട്ടികയിൽ 23–ാം സ്ഥാനത്ത് എത്തിച്ചു. വളരെക്കാലം ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന സ്ഥാനം നിലനിർത്തിയ ലീ കാഷിങ് ഹോങ്കോങ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു വൻ വ്യവസായ സാമ്രാജ്യത്തിന്റെ സ്ഥാപകനും അധിപനുമാണ്. സ്വന്തമാക്കിയ സമ്പത്തിൽ വലിയൊരു വിഹിതം സാമൂഹിക ക്ഷേമ പ്രവർത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്ന അദ്ദേഹം ഏവർക്കും മാതൃകയും പ്രചോദനവുമാണ്.

ലോകത്ത് ഏറ്റവും കൂടുതൽ ധനം സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചവരുടെ  പട്ടികയിൽ ബിൽ ഗേറ്റ്സി നും വാറൻ ബഫറ്റിനും പിന്നിൽ മൂന്നാമതാണ് ലീ കാഷിങ്ങിന്റെ സ്ഥാനം. വിദ്യാഭ്യാസത്തിലൂടെ മാത്രമേ പരിവർത്തനം സാധ്യമാകൂ എന്ന് വിശ്വസിച്ചിരുന്ന അദ്ദേഹം തന്റെ സമ്പത്തിന്റെ ഏറിയ പങ്കും ചെലവഴിച്ചത് വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായാണ്.

1940ൽ ജപ്പാൻ ചൈനയെ ആക്രമിച്ചപ്പോൾ രക്ഷ തേടി ഹോങ്കോങ്ങിലേക്ക് പലായനം ചെയ്ത കുടുംബത്തിലെ അംഗമായിരുന്നു ലീ കാഷിങ്. അന്ന് പ്രായം വെറും 12. രണ്ട് വർഷത്തിനു ശേഷം പിതാവ് മരിച്ചു. പിന്നീട് കുടുംബഭാരം ഈ കൗമാരക്കാരന്റെ തലയിലായി. ഫാക്ടറികളിൽ കഠിനമായ തൊഴിലുകളെടുത്ത് കുടുംബം പോറ്റി. തൊഴിലെടുക്കുന്നതിനിടയിലും അറിവിനോടുള്ള അഭിനിവേശം നിലനിർത്തി. പഴയ പുസ്തകങ്ങൾ വാങ്ങി വായിച്ച് അറിവ് സംഭരിച്ചു. ഉന്നത ബിരുദമുള്ളവർക്കു പോലും നേടാനാവാത്ത അറിവുകൾ അദ്ദേഹം സ്വന്തം താൽപര്യത്താലും അധ്വാനത്താലും നേടിയെടുത്തു.

1950ൽ ഇരുപത്തിരണ്ടാമത്തെ വയസിൽ പ്ലാസ്റ്റിക് പൂക്കൾ നിർമിക്കുന്ന ഫാക്ടറി തുടങ്ങാൻ പ്രചോദനമായത് താൻ വായിച്ച പുസ്തകങ്ങളിലൂടെ നേടിയ അറിവുകളായിരുന്നു. പ്ലാസ്റ്റിക് പൂക്കളിൽ കൃത്രിമ വർണം കൊടുക്കുന്ന വിദ്യ അദ്ദേഹം പഠിച്ചിരുന്നു. പിന്നീട് റിയൽ എസ്റ്റേറ്റ് മേഖലയിൽ വെന്നിക്കൊടി പാറിച്ച ലീ കാഷിങ് ഹോങ്കോങ്ങിലെ സമസ്ത വ്യാപാര വ്യവസായ മേഖലകളുടെയും അധിപനായി. 50 രാജ്യങ്ങളിലായി 1.3 ലക്ഷം തൊഴിലാളികളുള്ള അദ്ദേഹത്തിന്റെ ബൃഹത്തായ വ്യാപാര ശൃംഖല ഉൗഷ്മളമായ തൊഴിൽ സംസ്കാരത്തിന് ഖ്യാതി കേട്ടതാണ്. ലീ കാഷിങ്ങിന്റെ സത്യസന്ധതയും വിശാലമായ കാഴ്ചപ്പാടുകളും മറ്റ് സമ്പന്നരിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു.

‘‘അറിവ് നിങ്ങളെ സമ്പന്നരാക്കില്ല; എന്നാൽ അതു നിങ്ങൾക്ക് ധാരാളം അവസരങ്ങൾ തുറന്നു നൽകും.’’ ലീ കാഷിങ് പറയുന്നു. 2007ൽ ഫേസ്ബുക്കിന്റെ തുടക്കത്തിൽ തന്നെ അദ്ദേഹം മനസിലാക്കിയിരുന്നു നാളെകളിൽ സോഷ്യൽ മീഡിയ ഒരു ട്രെൻഡ് ആകുമെന്ന്. ഫേസ് ബുക്കിലെ ഏറ്റവും വലിയ നിക്ഷേപകരിൽ ഒരാളാണദ്ദേഹം. അറിവിനെ പ്രായോഗികമാക്കിയതിലൂടെയാണ്  ലീ കാഷിങ് വിജയിച്ചത്. ഓരോരുത്തരും അവരവർ പ്രവർത്തിക്കുന്ന മേഖലയെക്കുറിച്ചുള്ള അറിവ് വർധിപ്പിക്കുന്നതിലൂടെ മാത്രമേ ആ മേഖലയിൽ വിജയിക്കാനാവൂ എന്ന് 89 ാം വയസിലും വായനയിൽ ഹരം കണ്ടെത്തുന്ന ലീ കാഷിങ് ലോകത്തെ ഓർമ്മിപ്പിക്കുന്നു. 2006ൽ അദ്ദേഹം ഫോർബ്സ് മാസികയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയിരുന്നു.

Be Positive>>

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.