Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്ന് അനാഥൻ ഇപ്പോൾ അതി സമ്പന്നൻ

മോൻസി വർഗീസ്
Larry-Ellison

പന്ത്രണ്ട് വയസു പ്രായമുള്ളപ്പോഴാണ് അയാൾ ആ സത്യം അറിയുന്നത്. തന്നെ പോറ്റിവളർത്തുന്നവർ തന്റെ യഥാർഥ മാതാപിതാക്കൾ അല്ലെന്നും സ്വന്തം മാതാവ് ഉപേക്ഷിച്ച തന്നെ ഏറ്റെടുത്തു വളർത്തിയ വളർത്തച്ഛനും വളർത്തമ്മയും മാത്രമാണെന്ന സത്യം. പഠിക്കാൻ മിടുക്കനായിരുന്നെങ്കിലും ഒരു കോളജ് ബിരുദം പോലും നേടാനാവാതെ സർവ്വകലാശാലാ വിദ്യാഭ്യാസം ഇടയ്ക്ക് ഉപേക്ഷിച്ച ആൾ. ജീവിക്കാനായി പലവിധ ജോലികളിൽ ഏർപ്പെട്ടിരുന്ന കാലത്ത് കംപ്യൂട്ടറിനോടും അതിന്റെ പ്രവർത്തനരീതിയോടും തോന്നിയ താൽപര്യം അയാളുടെ ജീവിതം മാറ്റിമറിച്ചു. കംപ്യൂട്ടർ സംബന്ധമായ വിജ്ഞാനം സ്വയം ആർജിച്ച അയാളിന്ന് ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ മുൻനിരയിലാണ്. മൈക്രോസോഫ്റ്റിനു പിന്നിൽ ലോകത്തെ രണ്ടാമത്തെ വലിയ സോഫ്റ്റ്‌വെയർ കമ്പനി ആയ ഒറാക്കിൾ കോർപറേഷന്റെ സഹസ്ഥാപകനായ ലാറി എല്ലിസൺ (Larry Ellison).

അനവധി വെല്ലുവിളികളെ അതിജീവിച്ച് ഒരു വൻ വ്യവസായ സാമ്രാജ്യം കെട്ടിപ്പടുക്കാൻ അദ്ദേഹത്തിന് കരുത്തായത് എന്തിനെയും നേരിടാനുള്ള ചങ്കൂറ്റവും ആത്മവീര്യവുമാണ്. പലതവണ കടക്കെണിയിൽ വീണുപോയിരുന്നു. എന്നാൽ എല്ലിസൺ വീണിടത്തു നിന്നൊക്കെയും വീണ്ടും അതിശക്തമായി തിരിച്ചുവന്നു. ഇന്ന് ലോകത്ത് എവിടെയും ഇന്റർനെറ്റ് അധിഷ്ഠിത പണമിടപാട് നടക്കുമ്പോൾ അതിന്റെ പിന്നിലെ സോഫ്റ്റ്‌വെയർ സംവിധാനം ഒറാക്കിളിന്റേതാണെന്നു പലർക്കും അറിയില്ല. ATM മുതൽ ഓൺലൈൻ ഷോപ്പിങ് വരെ നീളുന്ന പണമിടപാടുകൾ കൂടാതെ ലോകത്തെ എല്ലാ സർക്കാർ ഏജൻസികൾക്കും ബാങ്കുകൾക്കുമുള്ള സോഫ്റ്റ്‌വെയർ നൽകുന്ന മഹാസംരംഭമായി ഇന്ന് ഒറാക്കിൾ.

1944 ൽ അവിവാഹിതയായ പത്തൊൻപതുകാരി ഫ്ലോറൻസിൽ പിറന്ന ലാറിയെ ലൂയീസ് എല്ലിസൺ, ലിലിയൻ ദമ്പതികൾ എടുത്തു വളർത്തുകയായിരുന്നു. ഇലക്ട്രോണിക്സ് കമ്പനിയായ ആംപെക്സിൽ ജോലി ചെയ്യുമ്പോഴാണ് ലാറി എല്ലിസണ് ഡേറ്റാ ബേസ് മാനേജ്മെന്റിൽ താൽപര്യം തോന്നുന്നത്. കംപ്യൂട്ടർ ശാസ്ത്രജ്ഞൻ എഡ്ഗാർ കോഡിന്റെ കണ്ടെത്തലുകളിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് കൂടുതൽ പഠിക്കുകയും സുഹൃത്തുക്കളുമൊത്ത് 1977ൽ ഒരു സോഫ്റ്റ്‌വെയർ കമ്പനി തുടങ്ങുകയും ചെയ്തു. അതാണ് പിന്നീട് ലോകോത്തര ബ്രാൻഡായ ഒറാക്കിളായി മാറിയത്.

തന്റെ സമ്പാദ്യത്തിൽ നല്ലൊരു വിഹിതം ജനക്ഷേമ പ്രവർത്തനങ്ങൾക്കായി നീക്കിവച്ചിരിക്കുന്ന എല്ലിസൺ സാഹസിക വിനോദങ്ങളിലും തൽപരനാണ്. പണമുണ്ടാക്കുക എന്നതിലുപരി ആഹ്ലാദകരമായ അന്തരീക്ഷത്തിൽ ജോലി എടുക്കണം എന്ന താൽപര്യത്തിലാണ് താൻ ബിസിനസ് ആരംഭിച്ചത് എന്ന് എല്ലിസൺ പറയുന്നു. ആഹ്ലാദത്തോടെയും ഇഷ്ടത്തോടെയും ജോലി ചെയ്യുമ്പോൾ ലഭിക്കുന്ന ഉപോൽപന്നമാണ് സമ്പത്ത് എന്ന് എല്ലിസണെപ്പോലുള്ള ധനാഢ്യരൊക്കെയും പറയുന്നു. ചെയ്യുന്ന തൊഴിൽ എന്തുതന്നെ ആയാലും അതിലൂടെ സന്തോഷം കണ്ടെത്താൻ കഴിയണം. ബിസിനസിൽ ഉയർച്ച താഴ്ചകൾ സ്വാഭാവികമാണെന്നും ഏതൊരു സാഹചര്യത്തെയും നേരിടാൻ മാനസികമായി തയ്യാറുള്ളവർക്ക് ബിസിനസിൽ വിജയിക്കുവാൻ കഴിയുമെന്നും അദ്ദേഹം സംരംഭകരെ ഉപദേശിക്കുന്നു. മനസ്സുകൊണ്ട് ഇഷ്ടപ്പെടുന്ന മേഖലയിൽ ആത്മാർത്ഥമായി പ്രവർത്തിക്കുന്നവർക്ക് വിജയം സുനിശ്ചിതം.

Be Positive>>

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.