Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഞ്ചു വയസ്സിൽ കച്ചവടം തുടങ്ങിയ അതിസമ്പന്നൻ

മോൻസി വർഗീസ്
Ingvar-Kamprad

കലാസാഹിത്യ വാസനകൾ ചിലർക്ക് ജന്മസഹജമായി ലഭിക്കുന്നതാണ്. എന്നാൽ ജന്മസഹജമായി കച്ചവട വാസനയുള്ളവർ വളരെ അപൂർവമാണ്. ഇൻഗ്വാർ കാംപ്രഡ് (Ingvar Kamprad) കച്ചവടം തുടങ്ങുന്നത് കേവലം അഞ്ചു വയസ് പ്രായമുള്ളപ്പോഴാണ്. അഞ്ചാമത്തെ വയസ്സിൽ തീപ്പെട്ടി കച്ചവടം ചെയ്തുതുടങ്ങിയ കാംപ്രഡ് പടിപടിയായി കച്ചവടത്തിലൂടെയും വ്യവസായ സംരഭങ്ങളിലൂടെയും ലോകത്തെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയിലേക്ക് ഉയർന്നു.

1926 മാർച്ച് 30ന് സ്വീഡനിൽ ജനിച്ച ഇൻഗ്വാർ കാംപ്രഡ് സ്കൂൾ പഠനകാലത്തുതന്നെ വിവിധ രീതിയിലുള്ള ബിസിനസ് ചെയ്തു പണം സ്വരൂപിച്ചിരുന്നു. ഏഴാമത്തെ വയസിൽ കച്ചവടം കുറേക്കൂടി വിപുലമാക്കി. സൈക്കിളിൽ സ്റ്റോക്ക്ഹോമിലെത്തി കുറഞ്ഞ വിലയ്ക്ക് തീപ്പെട്ടി വാങ്ങി നാട്ടിലെത്തിച്ച് വിറ്റു ലാഭമുണ്ടാക്കി. പിന്നീട് മൽസ്യ വ്യാപാരത്തിലേക്കും കടന്നു. ചെടിവിത്തുകൾ പായ്ക്കറ്റുകളിലാക്കി വിൽക്കുന്നതായിരുന്നു മറ്റൊരു കച്ചവടം. ക്രിസ്മസ് സീസണുകളിൽ അലങ്കരിച്ച ക്രിസ്മസ് ട്രീകൾ ലാഭകരമായി വിറ്റഴിച്ചു. ഹൈസ്കൂളിലെത്തിയപ്പോൾ ബോൾപോയിന്റ് പേനകൾ, പെൻസിലുകൾ എന്നിങ്ങനെ ഉൽപന്നങ്ങളുടെ ശ്രേണി വൈവിധ്യവൽക്കരിച്ചു.

പഠനത്തിൽ മികവ് പുലർ‌ത്തിയതിനുള്ള പാരിതോഷികമായി പിതാവ് നൽകിയ പണം ഉപയോഗിച്ചാണ് പതിനേഴാമത്തെ വയസ്സിൽ ഐക്കിയ (IKEA) ആരംഭിക്കുന്നത്. IKEA എന്ന പേരിലെ ആദ്യ രണ്ട് അക്ഷരങ്ങൾ തന്റെ സ്വന്തം പേരിൽ നിന്നും എടുത്തു. E എന്നതും A എന്നതും തന്റെ കുടുംബ കൃഷിയിടത്തിന്റെയും ഗ്രാമത്തിന്റെയും പേരുകളുടെ ആദ്യാക്ഷരങ്ങളാണ്. IKEA ഇന്നൊരു ലോകോത്തര ബ്രാൻഡാണ്. ഫർണിച്ചർ വ്യവസായത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്താണ് ഐക്കിയ (IKEA).

കാലാനുസൃതമായ കച്ചവട തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിൽ കംപാർഡ് ബഹുസമർഥനായിരുന്നു. ഉപഭോക്താവിനെ തൃപ്തിപ്പെടുത്തുന്നതിന് മുൻഗണന നൽകിയ അദ്ദേഹം തന്റെ ഷോറൂമുകളിൽ ഏറ്റവും മികച്ച സൗകര്യങ്ങളാണ് ഒരുക്കിയത്. സ്വീഡനിൽ നിന്നു വളർന്ന  IKEA ഇന്ന് 49 രാജ്യങ്ങളിൽ നാനൂറിലേറെ ബ്രഹത്തായ ഷോറൂമുകളിൽ പ്രവർത്തിക്കുന്നു. രണ്ട് ലക്ഷത്തോളം ആളുകൾ ഈ സ്ഥാപനത്തിൽ തൊഴിലെടുക്കുന്നു.

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ സംരംഭകരിലൊരാളായ ഇൻഗ്വാർ കാംപ്രഡിന്റെ ലളിതമായ ജീവിതശൈലിയും ശ്രദ്ധേയമായിരുന്നു. 2018 ജനുവരി 27 ന് മരിക്കുംവരെ ആർഭാടരഹിതമായ ജീവിതമാണു നയിച്ചിരുന്നത്. അനാവശ്യമായി പണം ചെലവാക്കുന്നതിൽ നിന്നു തന്റെ തൊഴിലാളികളെ പിന്തിരിപ്പിക്കുന്നതിലും അദ്ദേഹം ശ്രദ്ധാലുവായിരുന്നു. അതിസമ്പന്നതയിലും താൻ ചെയ്യേണ്ട ജോലികൾ സ്വയം ചെയ്യുന്നതിൽ അദ്ദേഹം ആനന്ദം കണ്ടെത്തി. സ്വയം ഡ്രൈവ് ചെയ്തും ബസിൽ യാത്ര ചെയ്തും ഷോപ്പിങ്ങിന് മറ്റാരെയും ആശ്രയിക്കാതെയുമൊക്കെയുള്ള സാധാരണ ജീവിതം അദ്ദേഹം ആഘോഷിക്കുകയായിരുന്നു.

ഒരു വർഷം ശരാശരി അൻപതു കോടിയിലേറെ ആളുകളാണ് ഐക്കിയ ഷോറൂമുകൾ സന്ദർശിക്കുന്നത്. അവർക്കായി സ്വാദിഷ്ടമായ ഭക്ഷണമൊരുക്കിയും ഉത്തമമായ ആതിഥ്യമര്യാദകളിലൂടെ സ്വാഗതമൊരുക്കിയും IKEA ഷോറൂമുകൾ സദാ സജീവമാണ്. ഉപഭോക്താവിനെ പരിപൂർണമായി തൃപ്തിപ്പെടുത്തുന്നതിലൂടെ മാത്രമേ കച്ചവടത്തിൽ വിജയിക്കാൻ കഴിയൂ എന്ന അടിസ്ഥാന തത്വം പ്രായോഗികമാക്കിയതിലൂടെയാണ് ഇൻഗ്വാർ കാംപ്രഡ് വിജയിച്ചത്.

Be Positive>>