Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിലബസിലില്ലാത്ത കാര്യങ്ങൾ ചോദിച്ച ജയിംസ് ക്ലാർക്ക് മാക്സ്‌വെൽ

മോൻസി വർഗീസ്
maxwell

കഴിഞ്ഞ സഹസ്രാബ്ദത്തിൽ ശാസ്ത്രത്തിന് അവിസ്മരണീയ സംഭാവനകൾ നൽകിയവരെ കണ്ടെത്താൻ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരുടെ ഇടയിൽ നടന്ന വോട്ടെടുപ്പിൽ സർ ഐസക്ക് ന്യൂട്ടനും ആൽബർട്ട് ഐൻസ്റ്റീനുമൊപ്പം മൂന്നാം സ്ഥാനത്തെത്തിയ മഹാപ്രതിഭയാണ് ജയിംസ് ക്ലാർക്ക് മാക്സ്‌വെൽ. ആധുനിക ലോകം ആസ്വദിക്കുന്ന പല സുപ്രധാന ഉപകരണങ്ങളുടെയും പ്രവർത്തനങ്ങൾക്കു പിന്നിലെ അടിസ്ഥാന തത്വം മാക്സ്‌വെല്ലിന്റെ സമവാക്യമാണ്. 1865ൽ പ്രസിദ്ധീകരിച്ച മാക്സ്‌വെല്ലിന്റെ സമവാക്യമാണു പിന്നീട് വൈദ്യുതിയെക്കുറിച്ചും കാന്തത്തെക്കുറിച്ചും പ്രകാശത്തെക്കുറിച്ചുമൊക്കെ ആഴത്തിലുള്ള പഠനങ്ങൾക്ക് വഴിയൊരുക്കിയത്.

1831ൽ സ്കോട്‌ലൻഡിൽ ജനിച്ച മാക്സ്‌വെൽ ചെറുപ്പം മുതൽക്കേ ജിജ്ഞാസുവായ പഠിതാവായിരുന്നു. സമ്പന്നനായിരുന്ന പിതാവ് മകനെ പഠിപ്പിക്കാൻ സ്വന്തം ഭവനത്തിൽ സൗകര്യമൊരുക്കി. അദ്ദേഹം നിയോഗിച്ച അധ്യാപകർക്കൊന്നും മാക്സ്‌വെല്ലിന്റെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കുമൊന്നും മറുപടി കൊടുക്കാൻ കഴിഞ്ഞിരുന്നില്ല. പഠിക്കാൻ മഠയനായതിനാലാണു സിലബസിലില്ലാത്ത കാര്യങ്ങൾ അവൻ ചോദിക്കുന്നത് എന്നായിരുന്നു അധ്യാപകരുടെ വിലയിരുത്തൽ. മാക്സ്‌വെല്ലിന് എട്ട് വയസ്സുള്ളപ്പോൾ മാതാവ് മരിച്ചു. പിന്നീട് എഡിൻബറോ അക്കാദമിയിലായിരുന്നു പഠനം. ഗണിതത്തിലും ശാസ്ത്രത്തിലും സവിശേഷ ശ്രദ്ധ പുലർത്തിയിരുന്ന മാക്സ്‌വെൽ അക്കാലത്ത് ലഭ്യമായിരുന്ന എല്ലാ ശാസ്ത്ര ഗ്രന്ഥങ്ങളും വായിച്ചിരുന്നു.

അറിയാനുള്ള തീവ്രമായ ആഗ്രഹമായിരുന്നു മാക്സ്‌വെല്ലിന്റെ മഹത്തായ കണ്ടെത്തലുകൾക്കു കാരണമെന്ന് അദ്ദേഹത്തിന്റെ സഹപാഠിയും ജീവചരിത്രകാരനുമായിരുന്ന ലൂയീസ് കാംബെൽ രേഖപ്പെടുത്തുന്നു. ശനി ഗ്രഹത്തിന് ചുറ്റുമുള്ള വലയങ്ങളെക്കുറിച്ചുള്ള കണ്ടെത്തൽ ശരിയായിരുന്നു എന്ന് തെളിയിക്കപ്പെട്ടത് ഒരു നൂറ്റാണ്ടിനു ശേഷം വോയേജർ എന്ന ബഹിരാകാശ പേടകത്തിൽ നിന്നു ലഭിച്ച ചിത്രങ്ങൾ അപഗ്രഥിച്ചപ്പോഴാണ്. പ്രകാശത്തിന്റെ സ്വഭാവത്തെക്കുറിച്ചും വാതക തന്മാത്രകളുടെ ചലനത്തെക്കുറിച്ചും പ്രാഥമിക വർണങ്ങളെക്കുറിച്ചുമൊക്കെയുള്ള മാക്സ്‌വെല്ലിന്റെ പഠനങ്ങൾക്ക് ഗണിതശാസ്ത്രത്തിന്റെ പിൻബലം കൂടി ഉണ്ടായിരുന്നു.

ചുവപ്പ്, പച്ച, നീല എന്നീ പ്രാഥമിക വർണ്ണങ്ങളെ വ്യത്യസ്ത അനുപാതത്തിൽ സംയോജിപ്പിച്ച് വിവിധ വർണങ്ങളുണ്ടാക്കാനാകും എന്ന് അദ്ദേഹം തെളിയിച്ചതിലൂടെയാണ് കളർ ഫോട്ടോഗ്രാഫിക്കു തുടക്കം കുറിക്കാനായത്. 1861ൽ ആദ്യത്തെ കളർ ഫോട്ടോഗ്രാഫി അവതരിപ്പിച്ചതിന്റെ ബഹുമതിയും അദ്ദേഹത്തിന്റെ പേരിലാണ്. കേംബ്രിജ് സർവ്വകലാശാലയിൽ പ്രഫസറായിരിക്കെ മാക്സ്‌വെല്ലിന്റെ കണ്ടെത്തലുകൾ നിരവധി ആളുകൾക്ക് ശാസ്ത്രത്തോട് താൽപര്യമുണ്ടാക്കാൻ സഹായകമായി. മൈക്കൽ ഫാരഡെയുടെ കടുത്ത ആരാധകനായിരുന്ന മാക്സ്‌വെല്ലിന് ഫാരഡെയുടെ കണ്ടെത്തലുകളെ ഗണിതശാസ്ത്രത്തിന്റെ സഹായത്താൽ തെളിയിക്കാനായി.

48 വയസ്സുവരെ മാത്രമാണ് മാക്സ്‌വെൽ ജീവിച്ചിരുന്നത് 1879ൽ ഉദരാർബുദത്തെ തുടർന്ന് മരിക്കുന്നതുവരെയുളള ഹ്രസ്വകാല ജീവിതം മാനവരാശിക്ക് വിലപ്പെട്ട സംഭാവനകൾ നൽകിക്കൊണ്ടുള്ളതായിരുന്നു.‘‘പതിനായിരം കൊല്ലം കഴിഞ്ഞാലും പത്തൊൻപതാം നൂറ്റാണ്ട് സ്മരിക്കപ്പെടുക ജയിംസ് ക്ലാർക്ക് മാക്സ്‌വെൽ എന്ന മഹാ മനുഷ്യൻ ശാസ്ത്രത്തിന് നൽകിയ സംഭാവനയിലൂടെ ആയിരിക്കും’’ വിഖ്യാത ഭൗതിക ശാസ്ത്രജ്ഞൻ റിച്ചാർഡ് ഫെയിൻമെന്റെ വാക്കുകളാണിത്. മാക്സ്‌വെല്ലിനെ മാറ്റിനിർത്തി ഒരാൾക്കുപോലും ഭൗതികശാസ്ത്രം പഠിക്കാൻ കഴിയില്ല. എളിമയുടെ പ്രതീകമായിരുന്ന അദ്ദേഹം നല്ലൊരു ഗൃഹനാഥനും കവിയും കൂടിയായിരുന്നു.

Be Positive>>