Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവനി പറന്നുയർന്നതു ചരിത്രത്തിലേക്ക്

മോൻസി വർഗീസ്
PTI2_22_2018_000169B

2018 ഫെബ്രുവരി 19 ഇന്ത്യൻ വായുസേനയുടെ ചരിത്രത്തിലെ ഒരു സുപ്രധാന ദിനമാണ്. അന്നാണ് ചരിത്രത്തിൽ ആദ്യമായി ഒരു ഇന്ത്യൻ വനിത ഒറ്റയ്ക്ക് ഒരു യുദ്ധവിമാനം പറപ്പിച്ചത്. മദ്ധ്യപ്രദേശിലെ റീവ ജില്ലയിൽ നിന്നുമുള്ള അവനി ചതുർവേദി ഈ ചരിത്രനേട്ടം കൈവരിക്കുന്നത് ഇരുപത്തിനാലാമത്തെ വയസ്സിലാണ്. വളരെയേറെ വെല്ലുവിളികൾ നിറഞ്ഞ മേഖലകളിൽ വിജയംവരിക്കാൻ വനിതകൾക്കു കഴിയുമെന്ന് അവനി ചതുർവേദി തെളിയിച്ചു.

മധ്യപ്രദേശിലെ ഒരു ചെറുപട്ടണമായ ദോലന്റിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ച് രാജസ്ഥാനിലെ ബനസ്ഥാലി സർവ്വകലാശാലയിൽ നിന്നും കംപ്യൂട്ടർ സയൻസിൽ ബി.ടെക്കും കരസ്ഥമാക്കിയ അവനിയുടെ ചെറുപ്പം മുതൽക്കുള്ള സ്വപ്നമായിരുന്നു പൈലറ്റാവുക എന്നത്. ബിരുദം എടുത്തതിനു ശേഷം ഇന്ത്യൻ എയർഫോഴ്സിൽ ചേരാനുള്ള മൽസര പരീക്ഷ എഴുതി വിജയിച്ച് നിയമന ഉത്തരവ് ലഭിക്കും വരെ അവളിക്കാര്യം രഹസ്യമായി സൂക്ഷിച്ചതായി അവനിയുടെ അമ്മ പറയുന്നു. ഇന്ത്യൻ കരസേനയിൽ ലെഫ്റ്റനന്റായ സഹോദരൻ സേനാവിഭാഗത്തിൽ ചേരാൻ അവൾക്ക് പ്രചോദനമായി. കൽപ്പനാ ചൗളയും ഡോക്ടർ എ.പി.ജെ. അബ്ദുൽ കലാമുമായിരുന്നു അവളെ വലിയ സ്വപ്നങ്ങൾ കാണാൻ പ്രചോദിപ്പിച്ച മറ്റ് രണ്ട് വ്യക്തികൾ.

avani

വനിതകൾക്കും വായുസേനയിൽ പൈലറ്റാകാൻ അവസരമൊരുക്കി 2015 ഒക്ടോബറിൽ കേന്ദ്ര ഗവൺമെന്റ് എടുത്ത തീരുമാനമാണ് അവനിക്ക് സഹായകമായത്. ഹൈദരാബാദിലെ ഇന്ത്യൻ എയർ ഫോഴ്സ് അക്കാദമിയിൽ നിന്നും വിജയകരമായി പരിശീലനം പൂർത്തിയാക്കിയ മോഹന സിങ്ങും ഭാവനാ കാന്തും അവനിയോടൊപ്പം ഫൈറ്റർ പൈലറ്റുമാരായി.

ഗുജറാത്തിലെ ജാംനഗറിൽ നിന്നും MIG-21 യുദ്ധവിമാനം ഒറ്റയ്ക്ക് പറത്തിയതോടെ ലോകമെമ്പാടു നിന്നുമുള്ള അഭിനന്ദന പ്രവാഹമാണ് അവനിക്ക് ലഭിച്ചത്. വനിതകൾ യുദ്ധവിമാനങ്ങൾ പറത്തുന്ന അമേരിക്ക, ബ്രിട്ടൻ, ഇസ്രയേൽ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും ചേർക്കപ്പെട്ടു. അവനി നേടിയ ചരിത്രനേട്ടം കൂടുതൽ വനിതകളെ ഇന്ത്യൻ വായുസേനയിലേക്ക് ആകർഷിക്കാനായി. സേനയിലേക്ക് ആകർഷിച്ചുകൊണ്ടുള്ള പരസ്യങ്ങളിലെ മുഖ്യ അവതാരക ആകാനും അവൾക്ക് കഴിഞ്ഞു.

India Air Force മോഹന സിങ്ങിനും ഭാവനാ കാന്തിനുമൊപ്പം അവനി

എഞ്ചിനീയറിങ് ബിരുദം നേടിയതിനു ശേഷം സോഫ്റ്റ്‌വെയർ എൻജിനീയറായി കുറേക്കാലം ജോലി എടുത്തെങ്കിലും വായുസേനയിൽ ചേരാനുള്ള മൽസര പരീക്ഷയെ നേരിടാനുള്ള പരിശീലനത്തിനായി അവനി പ്രത്യേകം സമയം കണ്ടെത്തി. ചെസ്സിലും ടേബിൾ ടെന്നീസിലും പെയിന്റിങ്ങിലും തത്പരയായ അവനി, സുഖോയ്, തേജസ് തുടങ്ങിയ യുദ്ധവിമാനങ്ങളും പറത്താനുള്ള തീവ്രപരിശീലനത്തിലാണ്. തീവ്രമായ ആഗ്രഹത്തോടൊപ്പം പ്രയത്നിക്കാനും തയ്യാറുള്ളവർക്ക് ഏതൊരു മേഖലയിലും വിജയിക്കാനാകും എന്ന് അവനിയുടെ കൂട്ടുകാരികളായ മോഹനസിങ്ങിന്റെയും ഭാവനാ കാന്തിന്റെയും വിജയക്കുതിപ്പ് നമ്മെ ഓർമ്മപ്പെടുത്തുന്നു. അപ്രാപ്യമെന്നു കരുതിയിരുന്ന പല മേഖലകളിലേക്കും കടന്നുചെന്ന് വിജയക്കൊടി പാറിച്ച ഇന്ത്യൻ വനിതകളുടെ കരുത്ത് ലോകത്തിനുതന്നെ മാതൃകയാണ്.
 

Be Positive>>