Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുപ്പത് ലക്ഷം പൗണ്ട് സംഭാവന ചെയ്ത ദ്രോഗ്ബ

മോൻസി വർഗീസ്
Britain Nike Soccer ദിദിയർ ദ്രോഗ്ബ

രണ്ടരക്കോടിയിൽ താഴെ മാത്രം ജനസംഖ്യയുള്ള ഐവറി കോസ്റ്റ് എന്ന രാജ്യം മൂന്നു തവണ തുടർച്ചയായി ഫിഫാ ലോകകപ്പ് ഫുട്ബോൾ മൽസരത്തിൽ പങ്കെടുത്തു. 2006, 2010, 2014 എന്നീ വർഷങ്ങളിൽ. ഈ മൂന്നു തവണയും കളിക്കാൻ യോഗ്യത നേടാനായത് ദിദിയർ ദ്രോഗ്ബ എന്ന പ്രതിഭാധനനായ കളിക്കാരന്റെ മികവിലാണ്. ലോക ഫുട്ബോളിൽ നിർണ്ണായകമായ നിരവധി റെക്കാർഡുകൾക്കുടമയായ ദ്രോഗ്ബയെ ശ്രദ്ധേയനാക്കുന്നത് അദ്ദേഹം നേതൃത്വം നൽകുന്ന സാമൂഹിക സന്നദ്ധ സേവന പ്രവർത്തനങ്ങളാണ്. പണവും പ്രശസ്തിയും തലയ്ക്ക് പിടിക്കാതെ പിന്നിട്ട വഴിത്താരകളിൽ തന്നെ സഹായിച്ചവരെയും സ്വന്തം രാജ്യത്തെ ജനങ്ങളെയും സഹായിക്കാനായി 2007ൽ തുടക്കം കുറിച്ച ദ്രോഗ്ബ ഫൗണ്ടേഷൻ സജീവമായുണ്ട്. ഏറ്റവും ഉദാരശീലരായ കായികതാരങ്ങളിൽ ഒരാളായാണ് ദ്രോഗ്ബയെ ലോകം വിലയിരുത്തിയിട്ടുള്ളത്.

1978 മാർച്ച് 11ന് ഐവറി കോസ്റ്റ് നഗരമായ അബിദ്ജാനിൽ ജനിച്ച ദ്രോഗ്ബയുടെ മാതാപിതാക്കൾ ദരിദ്രരായിരുന്നു. അ‍ഞ്ച് വയസ്സുള്ളപ്പോൾ പഠിക്കാനായി ഫ്രാൻസിലുള്ള അമ്മാവന്റെ അടുത്തേക്കയച്ചുവെങ്കിലും കടുത്ത മനോവിഷമം മൂലം മൂന്നു വർഷത്തിനുള്ളിൽ തിരിച്ച് നാട്ടിലെത്തി. നാട്ടിലെ കാർ പാർക്കിങ് സ്ഥലങ്ങളിൽ ഫുട്ബോൾ കളിച്ചു പഠിച്ച ദ്രോഗ്ബ സ്വതവേ അന്തർമുഖനും നാണംകുണുങ്ങിയുമായിരുന്നു. മാതാപിതാക്കൾക്ക് തൊഴിലില്ലാതായതോടെ വീണ്ടും ഫ്രാൻസിലേക്ക് പോകാൻ നിർബന്ധിതനായ ദ്രോഗ്ബ അവിടെയും ഫുട്ബോളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഫുട്ബോളറായ അമ്മാവൻ മൈക്കൾ ഗോബയുടെ പ്രോൽസാഹനം കൂടി ആയപ്പോൾ കളിയിൽ കൂടുതൽ മികവ് പുലർത്താനായി. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം അക്കൗണ്ടൻസി പഠിക്കാൻ ചേർന്നെങ്കിലും ശ്രദ്ധ മുഴുവൻ ഫുട്ബോളിലായിരുന്നു.

ഫ്രാൻസിലെ ചെറുകിട ക്ലബുകളിൽ കളിച്ചുവളർന്ന ദ്രോഗ്ബ 1998ൽ ഫ്രഞ്ച് ക്ലബ്ബായ ലെമാൻസിലൂടെ പ്രൊഫഷണൽ ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ചു. പരിക്കുകളും മോശം കളിയും കാരണം തുടക്കത്തിൽ ഏറെ പഴി കേൾക്കേണ്ടി വന്നെങ്കിലും കഠിനാധ്വാനത്തിലൂടെ തിരിച്ചെത്തി. 2004 മുതൽ ഇംഗ്ലിഷ് ക്ലബ്ബായ ചെൽസിയുടെ അഭിവാജ്യ ഘടകമായി. ചെൽസിക്കു വേണ്ടി 164 ഗോളുകൾ നേടിയ ദ്രോഗ്ബ ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ഏറ്റവും അധികം ഗോളുകൾ നേടുന്ന വിദേശ താരമായി. 2006ൽ ഐവറി കോസ്റ്റിന് ലോകകപ്പിൽ കളിക്കാൻ യോഗ്യത നേടിക്കൊടുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചതോടെ ദേശീയ ഹീറോയായി. 2002 മുതൽ ഐവറി കോസ്റ്റിൽ നിലനിന്നിരുന്ന ആഭ്യന്തര കലാപങ്ങൾ ദ്രോഗ്ബയുടെ അഭ്യർത്ഥന മാനിച്ച് വെടിനിർത്തലിന് കാരണമായി. രാഷ്ട്രത്തിന്റെ വികസനത്തിനായി ചെയ്തുവരുന്ന പ്രവർത്തനങ്ങൾക്ക് അംഗീകാരമായി 2007 മുതൽ ഐക്യരാഷ്ട്ര സഭയുടെ ‘ഗുഡ്‌വിൽ അംബാസഡർ’  ആയി നിയോഗിച്ചു.

2009ൽ പെപ്സിയുമായുണ്ടാക്കിയ പരസ്യക്കരാറിൽ നിന്നും ലഭിച്ച മുപ്പത് ലക്ഷം പൗണ്ട് അബിദ്ജാനിൽ സാധാരണക്കാർക്കായി ഒരു ആശുപത്രി പണിയാൻ വിനിയോഗിച്ചു. തന്റെ കരിയറിന്റെ തുടക്കകാലത്ത് അംഗമായിരുന്ന ലവലോയിസ് സ്പോട്ടിങ് ക്ലബ്ബ് സാമ്പത്തിക ക്ലേശം അനുഭവിച്ചപ്പോൾ സ്റ്റേഡിയം പണിയാനുള്ള ധനസഹായം നൽകി. ദ്രോഗ്ബയുടെ പേരിലാണ് ഇന്ന് ആ സ്റ്റേഡിയം അറിയപ്പെടുന്നത്. 2014ൽ എബോള വൈറസിനെ പ്രതിരോധിക്കാനുള്ള സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 2010ൽ ലോകത്ത് ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയിലേക്ക് ‘ടൈം മാഗസിൻ’ ദിദിയർ ദ്രോഗ്ബയെ തിരഞ്ഞെടുത്തു. ഇപ്പോൾ അമേരിക്കൻ ക്ലബ്ബായ ഫിനിക്സ് റൈഡിങ്ങിനായി കളിക്കുന്ന ദ്രോഗ്ബ ഐവറി കോസ്റ്റ് എന്ന രാജ്യത്തിന്റെ വികസനത്തിന് ആവശ്യമായ നിരവധി പദ്ധതികളിൽ സജീവ സാന്നിദ്ധ്യമാണ്. തന്റെ രാജ്യത്തെ ജനങ്ങൾക്ക് പ്രാഥമികാരോഗ്യം ഉറപ്പ് വരുത്തുകയാണ് തന്റെ ലക്ഷ്യമെന്നു ദ്രോഗ്ബ പറയുന്നു.