Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിൽഗേറ്റ്സിന്റെയും വാറൻ ബഫറ്റിന്റെയും ഗുരു

മോൻസി വർഗീസ്
Feeney

സന്തോഷം കണ്ടെത്താനായി പല വഴികളുണ്ട്. ചിലർ പണം സമ്പാദിക്കുന്നതിലൂടെ സന്തോഷം കണ്ടെത്തുന്നു. മറ്റുചിലർ സമ്പാദിച്ച പണം ചെലവാക്കുന്നതിലൂടെ സന്തോഷിക്കുന്നു. എന്നാൽ സമ്പാദ്യമെല്ലാം ദാനം ചെയ്യുന്നതിലൂടെ സന്തോഷിക്കുന്നവരുമുണ്ട്. സ്വപ്രയത്നത്താൽ സമ്പാദിച്ച കോടാനുകോടിയുടെ സ്വത്തുക്കൾ ചാരിറ്റി പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നതിലൂടെ ശ്രദ്ധേയനായ വ്യക്തിത്വമാണ് ചക്ക് ഫീനി (Chuck Feeney). ലോകത്തെ ഏറ്റവും വലിയ സ്വകാര്യ സാമൂഹിക സന്നദ്ധ സംഘടനകളിൽ ഒന്നായ അറ്റ്ലാന്റിസ് ഫിലാന്ത്രോഫിസിന്റെ സ്ഥാപകനാണ് അദ്ദേഹം.

അമേരിക്കയിലെ ന്യൂജേഴ്സിയിൽ 1931ൽ ജനിച്ച ചക്ക് ഫീനിയുടെ മാതാപിതാക്കൾ അയർലൻഡ് വംശജരാണ്. കോർണൽ സർവകലാശാലയിൽ ഹോട്ടൽ അഡ്മിനിസ്ട്രേഷൻ പഠിക്കുന്ന കാലം മുതൽക്കേ ബിസിനസിൽ തൽപരനായിരുന്ന അദ്ദേഹം കൊറിയൻ യുദ്ധകാലത്ത് അമേരിക്കൻ സേനയിൽ റേഡിയോ ഓപ്പറേറ്ററായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സേനയിൽനിന്നും വിരമിച്ചശേഷം ബിസിനസിൽ വ്യാപൃതനായ അദ്ദേഹം തുടക്കം കുറിച്ചതാണ് ‘ഡ്യൂട്ടിഫ്രീ ഷോപ്പുകൾ’. 1960ൽ ആരംഭിച്ച ഡ്യൂട്ടിഫ്രീ ഷോപ്പുകൾ ലോകമെമ്പാടുമുള്ള ഷിപ്പിങ്, എയർപോർട്ടുകളിലായി വളർന്നു പന്തലിച്ചു കിടക്കുന്നു.

താൻ തുടക്കംകുറിച്ച സംരംഭങ്ങളിൽനിന്നും സമ്പത്ത് പ്രവഹിക്കാൻ തുടങ്ങിയതോടെ ‘അടിപൊളി’ എന്നു വിശേഷിപ്പിക്കാവുന്ന ആഡംബര ജീവിതമാണ് അദ്ദേഹം നയിച്ചുവന്നിരുന്നത്. എന്നാൽ 1982ൽ ചക്ക് ഫീനി ശക്തമായ ഒരു തീരുമാനം എടുത്തു. താൻ സമ്പാദിക്കുന്ന പണം മറ്റുള്ളവർക്ക് ഉപകാരപ്പെടുന്ന രീതിയിൽ വിനിയോഗിക്കണമെന്ന്. തന്റെ സമ്പാദ്യത്തിൽനിന്നും 500 മില്യൺ അമേരിക്കൻ ഡോളർ നീക്കിവച്ച് അറ്റ്ലാന്റിസ് ഫിലാന്ത്രോഫീസിന് ആരംഭം കുറിച്ചു. താൻ ചെയ്യാൻ പോകുന്ന ദാനധർമങ്ങൾ മറ്റാരും അറിയരുത് എന്നദ്ദേഹത്തിനു നിർബന്ധമുണ്ടായിരുന്നു.

മറ്റു വ്യക്തികളുടെയോ സംഘടനകളുടെയോ സഹായമില്ലാതെ തന്റെ ചാരിറ്റി പ്ര​വർത്തനങ്ങൾ സുഗമമായി നടക്കുന്നതിനുവേണ്ടി 1984ൽ ഡ്യൂട്ടിഫ്രീ ഷോപ്പുകളുടെ 38.75% ഉടമസ്ഥാവകാശം അറ്റ്ലാന്റിസ് ഫിലാന്ത്രോഫീസിന്റെ പേരിൽ എഴുതിവച്ചു. ആരെയും അമ്പരപ്പിക്കുന്ന ഈ മഹാദാനം 13 വർഷക്കാലം രഹസ്യമാക്കിവച്ചു. 1997ൽ ഒരു വ്യവഹാര തർക്കത്തെ തുടർന്ന് അറ്റ്ലാന്റിസ് ഫിലാന്ത്രോഫിസിന്റെ വരുമാനസ്രോതസ്സ് വെളിപ്പെടുത്തേണ്ടി വന്നപ്പോഴാണ് ചക്ക് ഫീനിയുടെ മഹത്തായ സേവനകർമങ്ങൾ ലോകം അറിയുന്നത്. ‘സാമൂഹ്യസേവന രംഗത്തെ ജയിംസ് ബോണ്ട്’ എന്നാണ് ഫോർബ്സ് മാഗസിൻ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ ഊന്നിയുള്ള പ്രവർത്തനങ്ങൾക്കായി എട്ട് ബില്യൺ ഡോളറാണ് ആരെയും അറിയിക്കാതെ ചക്ക് ഫീനി ചെലവിട്ടത്. ചാരിറ്റി പ്രവർത്തനങ്ങളിൽ ഞങ്ങളുടെ ഹീറോ ചക്ക് ഫീനിയാണെന്നു പറഞ്ഞത് സാക്ഷാൽ ബിൽഗേറ്റ്സും വാറൻ ബഫറ്റുമാണ്. വിയറ്റ്നാമിലും ദക്ഷിണാഫ്രിക്കയിലും നൂറുകണക്കിന് ആതുരാലയങ്ങൾ തുറന്ന് ധനസഹായം നൽകിവരുന്ന അദ്ദേഹം അയർലൻഡിൽ ഒരു സർവകലാശാല തന്നെ പണികഴിപ്പിച്ച് സമർപ്പിച്ചു. ആയിരക്കണക്കിനു കെട്ടിടങ്ങൾ സ്വന്തം ചെലവിൽ നിർമിച്ചു നൽകിയപ്പോഴും ഒരു കെട്ടിടത്തിന്റെയും മാർബിൾ ശിലാഫലകത്തിൽ തന്റെ പേര് കൊത്തിവയ്ക്കരുതെന്ന് അദ്ദേഹം നിഷ്കർഷിച്ചിരുന്നു.

ലോകത്ത് ഏതൊരു കോണിലുള്ള ഡ്യൂട്ടിഫ്രീ ഷോപ്പുകളിൽനിന്നും ഒരു ഉൽപന്നം വിൽക്കപ്പെടുമ്പോൾ അതിന്റെ ഒരു വിഹിതം ചെന്നെത്തുന്നത് ചാരിറ്റി പ്രവർത്തനങ്ങൾക്കാണ്. ഈ മഹത്തായ ആശയം നടപ്പിലാക്കിയ മഹാനായ ചക്ക് ഫീനി ജീവിച്ചിരിക്കുമ്പോൾതന്നെ തന്റെ സമ്പാദ്യം മുഴുവൻ ദശലക്ഷക്കണക്കിനു സാധാരണക്കാരുടെ ജീവിതത്തിൽ പ്രകാശം പരത്താൻ വിനിയോഗിക്കുന്നു. ആഡംബരമില്ലാതെ ലളിതജീവിതം നയിക്കുന്ന വ്യതിരിക്തനായ ഒരു മനുഷ്യസ്നേഹി.

Be Positive>>