Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാഹസികതയെ സ്നേഹിച്ചവൾ

മോൻസി വർഗീസ്
Amelia_Earhart

ചെറുപ്പം മുതൽ അമേലിയ ഇഷ്ടപ്പെട്ടിരുന്നത് സാഹസിക വിനോദങ്ങളായിരുന്നു. തന്റെ പ്രായക്കാരായ പെൺകുട്ടികൾ വീടുകൾക്കുള്ളിൽ ഒതുങ്ങിക്കഴിഞ്ഞപ്പോൾ പുറംലോകവുമായി ബന്ധം പുലർത്താനാണ് അവൾ ആഗ്രഹിച്ചത്. സ്വന്തമായി നിർമിച്ച റോളർ സ്കേറ്ററിൽ പാഞ്ഞുനടക്കുക, മരത്തിൽ കയറുക, കൃഷിക്ക് നാശം വരുത്തുന്ന എലികളെ പിടിക്കുക തുടങ്ങിയവ ആയിരുന്നു ബാല്യകാലത്ത് അവൾ ഇഷ്ടപ്പെട്ടിരുന്ന വിനോദങ്ങൾ. 

മാതാവിന്റെ പിന്തുണകൂടി ആയപ്പോൾ അവളുടെ ആഗ്രഹങ്ങളും ചിന്തകളും കൂടുതൽ സാഹസിക പ്രവർത്തനങ്ങൾ നടത്താൻ തക്കവിധമുള്ളവ ആയിരുന്നു.

അറ്റ്ലാന്റിക് സമുദ്രത്തിനു കുറുകെ ആദ്യമായി ഒറ്റയ്ക്ക് വിമാനം പറത്തിയ വനിതാ പൈലറ്റ് എന്ന നിലയിലാണ് അമേലിയാ ഏർഹാർട്ടിനെ (Amelia Earhart) ലോകം അറിയുന്നത്. വൈമാനിക എന്നതിലുപരി ഗ്രന്ഥകാരി, പ്രഭാഷക, സാമൂഹ്യ പ്രവർത്തക എന്നീ നിലകളിലും അമേലിയ പ്രശസ്തയാണ്. 

പെൺകുട്ടികൾ പൊതുവെ ഒരുങ്ങി കഴിഞ്ഞിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലാണ് അമേലിയ ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവച്ചത്.

1897 ജൂലൈ 24ന് അമേരിക്കയിലെ കൻസാസിൽ തരക്കേടില്ലാത്ത സാമ്പത്തിക ചുറ്റുപാടിലാണ് അമേലിയ ജനിച്ചത്, എന്നാൽ പിതാവിന്റെ അമിത മദ്യപാന ശീലം കുടുംബത്തിൽ പ്രതിസന്ധികളുണ്ടാക്കി. സ്വന്തം കാലിൽ നിൽക്കാൻ അവളെ പ്രചോദിപ്പിച്ചത് അമ്മ ആയിരുന്നു. പഠനത്തിൽ മികവ് പുലർത്തിയ അവളുടെ ഇഷ്ടവിഷയം രസതന്ത്രമായിരുന്നു. ഒന്നാം ലോക മഹായുദ്ധകാലത്ത് സഹോദരിയെ സന്ദർശിക്കാൻ കാനഡയിലെ ടൊറന്റോയിൽ എത്തിയ അമേലിയ അവിടെ വച്ചാണ് വിമാനങ്ങൾ നേരിൽ കാണുന്നതും ഒരു പൈലറ്റാകാൻ മോഹമുദിക്കുന്നതും.

ഒരു പൈലറ്റാകാനുള്ള ധനം സമാഹരിക്കാനായി അമേലിയ വിവിധതരം തൊഴിലുകളെടുത്തു. ട്രക്ക് ഡ്രൈവറായും ഫോട്ടോഗ്രാഫറായുമൊക്കെ പണി എടുത്ത അവൾ പൈലറ്റ് ലൈസൻസ് നേടുന്ന പതിനാറാമത്തെ വനിതയായി. അസാധ്യമെന്നു പലരും കരുതിയിരുന്ന കാര്യങ്ങൾ ചെയ്യുന്നതിലായിരുന്നു അവൾക്ക് താത്പര്യം. 1922 ഒക്ടോബർ 22ന് 14,000 അടി ഉയരത്തിലൂടെ വിമാനം പറത്തി റെക്കോർഡ് സ്ഥാപിച്ചു. അറ്റ്ലാന്റിക്കിന് കുറുകെയും അമേരിക്കൻ ഭൂഖണ്ഡത്തിന് കുറുകെയും ഒറ്റയ്ക്ക് വിമാനം പറത്തിയ അമേലിയയുടെ സാഹസികത പെൺകുട്ടികൾക്ക് പ്രചോദനമായി. തന്റെ അനുഭവങ്ങൾ വിവരിച്ചുകൊണ്ട് പുറത്തിറക്കിയ ഗ്രന്ഥം "20 Hrs. 40 Min” ആളുകൾ ആവേശത്തോടെ സ്വീകരിച്ചു.

നിരവധി റെക്കാർഡുകൾ സ്ഥാപിച്ച അമേലിയയുടെ പ്രചോദനത്താൽ നിരവധി പെൺകുട്ടികൾ വൈമാനികരാകാൻ മുന്നോട്ട് വന്നു. വ്യത്യസ്തങ്ങളായ കാര്യങ്ങൾ ചെയ്യാനായിരുന്നു അവളുടെ താൽപര്യം. 1937ൽ സുഹൃത്തുമൊത്ത് വിമാനത്തിൽ ലോകം ചുറ്റുന്ന ദൗത്യത്തിനിടെ അപ്രത്യക്ഷ ആയെങ്കിലും അമേലിയ ഏർഹർട്ട് എന്ന വനിതയുടെ ധീരോദാത്തമായ പ്രകടനങ്ങൾ ഇന്നും ജനഹൃദയങ്ങളിലുണ്ട്. ഒരു വനിത വിമാനം പറത്തുന്നത് ഇക്കാലത്ത് ഒരു അദ്ഭുതമല്ലെങ്കിലും പുരുഷന്മാർക്ക് മാത്രം സാധ്യമെന്ന് കരുതിയിരുന്ന കാര്യം അമേലിയ ചെയ്തപ്പോൾ അത് മറ്റ് പല മേഖലകളിലേക്കും വനിതകൾക്ക് നിർഭയം കടന്നുവരാനുള്ള ഒരു പ്രചോദനമായി.


Be Positive>>