Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാൽ കവർന്നു കാൻസർ; എന്നിട്ടും കാനഡയുടെ ഹീറോ

മോൻസി വർഗീസ്
be-positive-terry-fox

ദുരിതങ്ങളും ദുരന്തങ്ങളും ഉണ്ടാകുമ്പോൾ പ്രത്യാശ കൈവിടാതെ ജീവിതത്തെ സധൈര്യം നേരിടുന്നവർ ഏവർക്കും പ്രചോദനമാണ്. സാഹചര്യത്തെ പഴിക്കാതെ സാഹചര്യങ്ങളോട് പടവെട്ടി മുന്നേറുന്നവരാണ് അത്തരക്കാർ. ഒരു രാജ്യത്തെ ജനങ്ങളെ ഒന്നാകെ ആവേശഭരിതരാക്കിക്കൊണ്ട് ശ്രേഷ്ഠമായ ഒരു ദൗത്യം ഏറ്റെടുത്ത വീരപുരുഷനാണ് ടെറൻസ് സ്റ്റാൻലി ഫോക്സ് എന്ന ടെറിഫോക്സ്. കേവലം 22 വയസ്സ് വരെ ജീവിച്ചിരുന്ന ടെറിഫോക്സ് വടക്കേ അമേരിക്കൻ രാജ്യമായ കാനഡയുടെ നാഷനൽ ഹീറോയാണ്. അസാമാന്യ മനോവീര്യവും ലക്ഷ്യത്തിലേക്കുള്ള പ്രയാണവുമാണ് അദ്ദേഹത്തിന് വീരോചിതമായ ഒരു പദവി അന്നാട്ടുകാർ നൽകാൻ കാരണം.

1977ൽ ടെറിയുടെ പത്തൊൻപതാമത്തെ വയസ്സിൽ ബോൺ കാൻസർ കണ്ടെത്തുംവരെ നല്ലൊരു കായികതാരം ആയിരുന്നു. ബാസ്കറ്റ് ബോളും മാരത്തൺ ഓട്ടവുമായിരുന്നു ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന ഇനങ്ങൾ. കാൻസർമൂലം തന്റെ വലതുകാൽ മുറിച്ച് മാറ്റിയപ്പോഴും ടെറി ആശുപത്രി മുറിയിൽ ഒതുങ്ങിക്കൂടാൻ ഒരുക്കമായിരുന്നില്ല. ജീവിച്ചിരിക്കുന്നിടത്തോളം കാലം എന്തെങ്കിലുമൊക്കെ ചെയ്തു സജീവമാകാൻ അയാൾ തീരുമാനിച്ചുറച്ചു. വീൽ ചെയറിൽ ഇരുന്ന് ബാസ്കറ്റ് ബോൾ കളിച്ചു. ടെറി അംഗമായ ടീം തുടർച്ചയായി മൂന്നുതവണ ദേശീയ വീൽചെയർ ബാസ്കറ്റ് ബോൾ ചാംപ്യന്മാരായി. ഇടയ്ക്കിടെ കീമോതെറാപ്പിക്ക് വിധേയനായിക്കൊണ്ടിരുന്ന ടെറി ഫോക്സ്, കാൻസർ എന്ന രോഗത്തിന് നൂറ് ശതമാനം ഫലപ്രദമായ ചികിൽസ ഇല്ല എന്ന് മനസിലാക്കി.

കാൻസറിനെ പ്രതിരോധിക്കുവാനും ചികിൽസിക്കുവാനും രൂപീകരിച്ചിരുന്ന കനേഡിയൻ കാൻസർ സൊസൈറ്റിക്ക് ഫണ്ടിന്റെ അഭാവം ഉണ്ടായിരുന്നു. തന്നാൽ ആവുന്ന വിധം ഫണ്ട് സ്വരൂപിക്കാൻ ഒരു ശ്രമം നടത്താം എന്ന നിർദേശം ടെറി കാൻസർ സൊസൈറ്റിക്കു മുമ്പാകെ വച്ചു. എന്നാൽ ആദ്യമൊന്നും അവർ അത് കാര്യമായി എടുത്തില്ല. എന്നാൽ ടെറിയുടെ നിശ്ചയദാർഢ്യത്തിനു മുമ്പിൽ അവർ വഴങ്ങി. കാൻസർ ഗവേഷണത്തിനായി ഫണ്ട് സ്വരൂപിക്കാൻ കാനഡയുടെ കിഴക്കേ അറ്റം മുതൽ പടിഞ്ഞാറെ അറ്റംവരെ താനൊരു മാരത്തൺ ഓട്ടം നടത്തുന്നു എന്ന ടെറിയുടെ ആശയത്തിന് അവർ പിന്തുണ നൽകി. ഒരു ദിവസം ഒരു മാരത്തൺ ദൂരം അതായത് 42 കിലോമീറ്റർ വീതം ഓടിക്കൊണ്ട് എണ്ണായിരത്തിലേറെ കിലോമീറ്റർ ദൂരം താണ്ടി ആശയപ്രചരണം നടത്തുകയായിരുന്നു ടെറിയുടെ ലക്ഷ്യം. 

1980 ഏപ്രിൽ 12ന് ആരംഭിച്ച ഈ ദൗത്യം ആദ്യമൊന്നും ആരും ഗൗനിച്ചിരുന്നില്ല. മഞ്ഞും മഴയും നിറഞ്ഞ പ്രതികൂല കാലാവസ്ഥയോടെ ആയിരുന്നു തുടക്കം. അതികഠിന വേദന അനുഭവിച്ചുകൊണ്ട് കൃത്രിമ കാലിൽ ടെറി ഓടിക്കൊണ്ടേയിരുന്നു. ടെറിയുടെ ദൈന്യതയും വേദനയും കണ്ട് കൂടെ സഹായി ആയി കാറിൽ സഞ്ചരിച്ചിരുന്ന സുഹൃത്ത് അൽവാർഡ് പലതവണ ഈ ശ്രമം ഉപേക്ഷിക്കാം എന്ന് ഉപദേശിച്ചെങ്കിലും ടെറി കൂട്ടാക്കിയില്ല. ക്രമേണ ടെറിയെ കാനഡക്കാർ ശ്രദ്ധിച്ചുതുടങ്ങി. നല്ലൊരു ഉദ്ദേശ്യത്തിനായി നടത്തുന്ന ഈ ദൗത്യത്തിലേക്ക് ഉദാരമതികൾ സംഭാവനകളുമായി എത്തിത്തുടങ്ങി. 

മാധ്യമങ്ങളിലൂടെ കാനഡ എങ്ങും ഈ വിവരം അറിഞ്ഞു. ടെറിക്ക് ആവേശം പകർന്ന് ജനസഹസ്രങ്ങൾ തെരുവോരങ്ങളിൽ തടിച്ചുകൂടി. 143 ദിനങ്ങൾ പിന്നിട്ടപ്പോൾ ടെറിയുടെ രോഗം മൂർച്ഛിച്ച് അവശനായി. അപ്പോഴേക്കും 5373 കിലോമീറ്ററുകൾ പിന്നിട്ടിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ടെറി ഒൻപത് മാസങ്ങൾക്കു ശേഷം മരണംവരിച്ചു. ടെറി തുടങ്ങിവച്ച ദൗത്യം ‘ആനുവൽ ടെറി ഫോക്സ് റൺ’ എന്ന പേരിൽ എല്ലാ വർഷവും ഇപ്പോഴും തുടരുന്നു. കാൻസർ ഗവേഷണത്തിനായി 650 ദശലക്ഷം ഡോളർ ഇതേവരെ സമാഹരിക്കാനായി. ദശലക്ഷക്കണക്കിനാളുകളെ സ്വാധീനിച്ച ടെറി ഫോക്സിന്റെ മാരത്തണിലൂടെ (Marathon of Hope) ലക്ഷക്കണക്കിന് ആളുകൾ പുകവലി ഉപേക്ഷിക്കാൻ തയ്യാറായി. നല്ല ആശയങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് അറുപതിൽ ഏറെ രാജ്യങ്ങൾ ടെറിഫോക്സ് മാരത്തൺ വർഷം തോറും നടത്തിവരുന്നു.