Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

99% സമ്പത്തും ലോക നന്മയ്ക്ക് ദാനം ചെയ്ത കോടീശ്വരൻ

മോൻസി വർഗീസ്
Manoj_Bhargava

ലോകത്തെ അതിസമ്പന്നരായ ആളുകളെ സാമൂഹിക സേവനം ചെയ്യാൻ പ്രേരണ കൊടുക്കുന്ന സംഘടനയാണ് Giving Pledge. സഹസ്ര കോടീശ്വരന്മാർ അവരുടെ സമ്പാദ്യത്തിൽ നിന്നും ഒരു വിഹിതം സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്ന് ഈ സംഘടനയിൽ അംഗങ്ങളായവർ പ്രതിജ്ഞ ചെയ്യുന്നു. ഇന്ത്യയിൽ ജനിച്ച് അമേരിക്കയിലേക്ക് കുടിയേറി അതിസമ്പന്നനായ മനോജ് ഭാർഗവ 2015ൽ എടുത്ത പ്രതിജ്ഞ ഏവരെയും ഞെട്ടിച്ചുകളഞ്ഞു. തന്റെ സമ്പത്തിന്റെ തൊണ്ണൂറ്റി ഒൻപത് ശതമാനവും ലോക നന്മയ്ക്കും ജനോപകാര പ്രവർത്തനങ്ങൾക്കുമായി വിനിയോഗിക്കും എന്നായിരുന്നു ഭാർഗവയുടെ പ്രതിജ്ഞ. അദ്ദേഹത്തിന്റെ പ്രതിജ്ഞ അക്ഷരാർഥത്തിൽ നിറവേറ്റിക്കൊണ്ടുമിരിക്കുന്നു.

1953ൽ ഉത്തർപ്രദേശിലെ ലക്നൗവിൽ ജനിച്ച മനോജ് ഭാർഗവയുടെ കുടുംബം 1967ൽ അമേരിക്കയിലേക്ക് കുടിയേറി. പ്രിൻസ്റ്റൺ സർവകലാശാലയിൽ ബിരുദപഠനം നടത്തുന്നതിനിടയിൽ അദ്ദേഹം ഇന്ത്യയിലേക്ക് ഒരു യാത്ര തരമാക്കി. ഇന്ത്യയിൽ എത്തിയ ഭാർഗവ പന്ത്രണ്ട് വർഷം വിവിധ സന്യാസ ആശ്രമങ്ങളിൽ കഴിഞ്ഞുകൂടി. ആത്മീയ കാര്യങ്ങളിൽ താത്‍പര്യം പുലർത്തിയ അദ്ദേഹം തിരിച്ച് അമേരിക്കയിൽ എത്തിയതിനു ശേഷം ചെറുകിട ജോലികൾ ചെയ്തു ജീവിതം മുന്നോട്ട് നീക്കി. 1990ൽ ഒരു ഫർണീച്ചർ കമ്പനി തുടങ്ങി. പുത്തൻ ആശയങ്ങൾ പ്രാവർത്തികമാക്കുന്നതിൽ ഭാർഗവ ബഹുസമർത്ഥൻ ആയിരുന്നു. നൂതന ആശയങ്ങളുമായി എത്തുന്നവർക്കായി അദ്ദേഹം ഒരു സ്ഥാപനം ആരംഭിച്ചു. അതാണ് ഇന്നൊവേഷൻസ് വെഞ്ച്വേർസ് (Innovations Ventures).

വളരെ കാലത്തെ ഗവേഷണ ഫലമായി ഭാർഗവയുടെ സംരംഭം വികസിപ്പിച്ചെടുത്ത ഊർജദായക പാനീയമായ 5 Hour Energy Drink ഒരു വൻ വിജയമായി. എനർജി ഡ്രിങ്ക് വ്യവസായത്തിലൂടെ നേടിയ കോടാനുകോടി ഡോളറുകൾ ജനോപകാര പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാൻ പ്രതിജ്ഞ എടുത്ത ഭാർഗവ സമാന ചിന്താഗതിക്കാരെ കൂടെ കൂട്ടിക്കൊണ്ട് ശ്രേഷ്ഠമായ പ്രവർത്തനങ്ങൾ നടത്തിവരുന്നു.

ഗ്രാമീണ മേഖലകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന പദ്ധതികൾക്കാണ് അദ്ദേഹം രൂപം കൊടുത്തിരിക്കുന്നത്. വൈദ്യുതി എത്തിപ്പെടാത്ത ഗ്രാമങ്ങളിൽ സൈക്കിൾ പെഡലു പോലുള്ള സംവിധാനം ഉപയോഗിച്ച് ഊർജം ഉൽപാദിപ്പിക്കുവാനും ശേഖരിക്കുവാനുമുള്ള ബോക്സുകൾ വികസിപ്പിച്ചു. സോളർ പവറിലും പ്രവർത്തിക്കുന്ന ഇത്തരം പതിനായിരത്തിലേറെ വൈദ്യുതി സംഭരണ ബോക്സുകൾ ഇന്ത്യയിലെ വിവിധ ഗ്രാമങ്ങളിൽ വിതരണം ചെയ്തു. കടൽ ജലവും മലിനജലവും ശുദ്ധീകരിച്ച് കുടിവെള്ളമാക്കി മാറ്റുന്നതാണ് മറ്റൊരു പദ്ധതി. 

കൂടാതെ ശാസ്ത്രീയമായ രീതിയിൽ കൃഷിക്ക് ആവശ്യമായ വളം നിർമ്മിക്കാനുള്ള സാങ്കേതികവിദ്യയും അദ്ദേഹത്തിന്റെ കമ്പനി വികസിപ്പിച്ചിട്ടുണ്ട്. ഗ്രാമീണ മേഖലകളിൽ വലിയ മാറ്റങ്ങളാണ് ഭാർഗവയുടെ ടെക്നോളജി പ്രാവർത്തികമാക്കിയതിലൂടെ കണ്ടുതുടങ്ങിയത്. ശുദ്ധജലവും വൈദ്യുതിയും കാർഷികോൽപാദനം വർദ്ധിപ്പിക്കാനുള്ള ഉപാധികളും നൽകുന്നതിലൂടെ ഇവ അനുഭവിക്കാൻ ഭാഗ്യമില്ലാതിരുന്ന കോടാനുകോടി ജനങ്ങളുടെ ജീവിതത്തിൽ ഒരു വലിയ പരിവർത്തനം സൃഷ്ടിക്കാൻ കഴിയും എന്ന് മനോജ് ഭാർഗവ സ്വപ്നം കാണുന്നു.

Be Positive>>