Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

െജറ്റിനു പിന്നിലെ വിറ്റൽ

മോൻസി വർഗീസ്
frank-whittle

ഇക്കഴിഞ്ഞ വർഷം 410 കോടി ജനങ്ങളാണ് ലോകമെമ്പാടും വിമാനയാത്ര നടത്തിയതെന്ന് അന്താരാജ്യാന്തര എയർ ട്രാന്‍സ്പോർട്ട് അസോസിയേഷന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. പ്രതിദിനം ഒരു ലക്ഷത്തിലേറെ വിമാനങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് മാനത്തേക്ക് ഉയരുന്നത്. ഏറ്റവും സുരക്ഷിതവും വേഗമേറിയതുമായ യാത്രാ സംവിധാനമായ വിമാനമിന്ന് ഭൂഖണ്ഡങ്ങളെ തമ്മിൽ കൂടുതൽ അടുപ്പിക്കുന്നു. വിമാനങ്ങളുടെ കാര്യക്ഷമതയും വേഗവും കൂട്ടുന്നതിൽ നിർണായകമായ കണ്ടെത്തലായിരുന്നു ജെറ്റ് എൻജിന്റേത്. അതിനു കാരണക്കാരനായത് ഫ്രാങ്ക് വിറ്റൽ എന്ന ബ്രിട്ടിഷ് വായു സേനയിലെ ഓഫിസറും.

നിരവധി തടസ്സങ്ങളെയും പ്രതിസന്ധികളെയും അവഗണനയെയും പരിഹാസങ്ങളെയുമൊക്കെ അതിജീവിച്ചാണ് വിറ്റൽ തന്റെ ആശയം യാഥാർഥ്യമാക്കിയത്. 1907 ജൂൺ 1 ന് ഒരു മെക്കാനിക്കിന്റെ മകനായി ഇംഗ്ലണ്ടിൽ ജനിച്ച ഫ്രാങ്ക് വിറ്റലിന് ചെറുപ്പംമുതൽ തന്നെ യന്ത്രങ്ങളോടും വാഹനങ്ങളോടും കമ്പമായിരുന്നു. വിമാനങ്ങളുടെ വിവിധങ്ങളായ മോഡലുകൾ നിർമിക്കുന്നതിൽ വിറ്റൽ തൽപരനായിരുന്നു. ബ്രിട്ടിഷ് എയർഫോഴ്സിൽ ചേരുക എന്നതായിരുന്നു ഏറ്റവും വലിയ ആഗ്രഹം. അതിനായി 1923 ൽ പ്രവേശന പരീക്ഷ എഴുതി പാസായെങ്കിലും ശാരീരികക്ഷമത തെളിയിക്കുന്നതിൽ പരാജയപ്പെട്ടു. കേവലം 5 അടി മാത്രം ഉയരമുള്ള വിറ്റലിന്റെ ശോഷിച്ച ശരീരപ്രകൃതി സേനയിൽ ചേരാൻ തടസ്സമായി. കഠിന പരിശ്രമത്താൽ ശാരീരികക്ഷമത വർധിപ്പിച്ച് വീണ്ടും പരീക്ഷ എഴുതി സേനയിൽ ചേർന്നു.

വിമാനങ്ങളുടെ തകരാറുകൾ പരിഹരിക്കുന്നതിൽ ഏറെ തൽപരനായിരുന്ന വിറ്റലിന് റോയൽ എയർഫോഴ്സ് കോളജിൽ പഠിക്കാൻ അവസരം ലഭിച്ചു. ബിരുദമെടുത്തതിനു ശേഷം വിമാനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായുള്ള ഗവേഷണ നിരീക്ഷണങ്ങളിൽ തുടർന്നു. അക്കാലത്ത് വിമാനങ്ങൾ മുന്നോട്ടു ചലിക്കാൻ ഉപയോഗിച്ചിരുന്ന പ്രൊപ്പല്ലർ എൻജിനുകൾക്ക് പല പോരായ്മകളുമുണ്ടെന്ന്  വിറ്റൽ തിരിച്ചറിഞ്ഞു. പിസ്റ്റൺ എൻജിനുകൾ ഉപയോഗിച്ചുള്ള പ്രൊപ്പല്ലറുകൾക്ക് കൂടുതൽ ഉയരത്തിലും വേഗത്തിലും പറക്കാൻ കഴിഞ്ഞിരുന്നില്ല. പിസ്റ്റൽ എൻജിനുകളുടെ തകരാറുകൾ മൂലം അപകടങ്ങളുടെ തോത് കൂടുതലായിരുന്നു. ഇതിനു ബദലായാണ് 1930 ൽ ജെറ്റ് എൻജിൻ എന്ന ആശയം ഫ്രാങ്ക് വിറ്റൽ അവതരിപ്പിക്കുന്നത്. എന്നാൽ കേവലം ഇരുപത്തിരണ്ടുകാരനായ ഒരാളുടെ ആശയത്തെ അംഗീകരിക്കാനോ സ്വീകരിക്കാനോ ഒരാളും തയാറായില്ല.

വിറ്റൽ തന്റെ ശ്രമം തുടർന്നുകൊണ്ടേയിരുന്നു. ആദ്യം അവഗണിച്ച തന്റെ ആശയത്തിന് 1932 ൽ പേറ്റന്റ് നേടിയെടുത്തു. ആശയം പ്രായോഗികമാക്കാനുള്ള സാമ്പത്തിക സഹായം നൽകാൻ അധികാരികൾ തയാറായില്ല. ഏതാനും സുഹൃത്തുക്കളുടെ സഹകരണത്തോടെ സ്വന്തമായി ഒരു ലാബ് സ്ഥാപിച്ച് ഗവേഷണം തുടർന്നു. ഏഴു വർഷത്തെ പരിശ്രമത്തിനൊടുവിൽ 1937 ൽ താൻ നിർമിച്ച ജെറ്റ് എൻജിനിൽ പ്രവർത്തിക്കുന്ന പ്രോട്ടോടൈപ്പ് വിമാനം വിജയകരമായി പറത്തി. രണ്ടാം ലോകമഹായുദ്ധകാലത്താണ്  വിറ്റലിന്റെ കണ്ടെത്തലിന്റെ പ്രാധാന്യം ബ്രിട്ടിഷ് എയർഫോഴ്സ്  അധികാരികൾ മനസ്സിലാക്കുന്നത്. പിന്നീട് പോരായ്മകൾ പരിഹരിച്ച് കാര്യക്ഷമതയുള്ള ജെറ്റ് എൻജിനുകൾ  നിർമിക്കാനുള്ള ധനസഹായം ലഭിച്ചു. ഒരിക്കലും മാനസികമായി തകരാതെ തന്റെ ആശയത്തിൽ വിശ്വസിച്ച് അതിനായി സ്വയം സമർപ്പിച്ച് ഫ്രാങ്ക് വിറ്റൽ നടത്തിയ പോരാട്ടമാണ് ജെറ്റ് എൻജിനുകളുടെ പിറവിക്കു കാരണം. ഇതേ കാലയളവിൽ ജർമൻ എൻജിനീയറായ ഹാൻസ് വോൺ ഒഹൈൻ ഓപ്പറേഷനൽ ജെറ്റ് എൻജിനുകൾ നിർമിച്ചെങ്കിലും അതിന് മുൻപുതന്നെ ഈ ആശയം അവതരിപ്പിച്ച ഫ്രാങ്ക് വിറ്റലിന്റെ പേരിലാണ് ജെറ്റ് എൻജിന്റെ കണ്ടുപിടിത്തം അറിയപ്പെടുന്നത്.

Be Positive>>