Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൺ ഫാർമ എങ്ങനെ ഒന്നാമനായി?

മോൻസി വർഗീസ്
RANBAXY-LAB-SUN-PHARMA/

ഔഷധനിർമാണത്തിൽ സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമാണ് ഭാരതത്തിനുള്ളത്. ആഗോളതലത്തിൽ ഇന്നും ഭാരതം ഈ രംഗത്ത് മുൻനിരക്കാരാണ്. സ്വന്തം പ്രയത്നത്തിലൂടെ ഔഷധനിർമാണ വ്യവസായത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച നിരവധി ഭാരതീയരിൽ പ്രമുഖനാണ് ദിലീപ് സാംഘ്‌വി. 1982ൽ എളിയ തോതിൽ അദ്ദേഹം തുടക്കംകുറിച്ച സംരംഭം ഇന്നു ലോകോത്തര കമ്പനികളുടെ പട്ടികയിലാണ്. ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകുന്ന സൺ ഫാർമസ്യൂട്ടിക്കൽസ് ജനറിക് മരുന്നുകളുടെ ഉൽപാദനത്തിൽ ലോകത്തെ ഏറ്റവും വലിയ നാലാമത്തെ കമ്പനിയാണ്.

ഗുജറാത്തിലെ ഒരു ചെറു പട്ടണമായ അറേലിയിൽ 1955 ഒക്ടോബർ ഒന്നിനാണ് സാംഘ്‌വിയുടെ ജനനം. പിതാവ് തൊഴിലെടുത്തിരുന്നത് കൊൽക്കത്തയിൽ ആയിരുന്നതിനാൽ സ്കൂൾ – കോളജ് വിദ്യാഭ്യാസം അവിടെ ആയിരുന്നു. കല്‍ക്കട്ട സർവകലാശാലയിൽ നിന്നും കൊമേഴ്സിൽ ബിരുദമെടുത്തതിനു ശേഷം മരുന്ന് വ്യാപാരിയായ പിതാവിനോടൊപ്പം സഹായിയായി കൂടി. എന്നാൽ സാംഘ്‌വിയുടെ ആഗ്രഹം സ്വന്തമായി ഒരു മരുന്ന് നിർമാണ കമ്പനി തുടങ്ങുക എന്നതായിരുന്നു. പിതാവിനോട് വാങ്ങിയ പതിനായിരം രൂപ ആയിരുന്നു മൂലധനം. 1982ൽ ഗുജറാത്തിലെ വാപിയിൽ സുഹൃത്ത് പ്രദീപ് ഘോഷിനൊപ്പം ഒരു ചെറിയ കെട്ടിടത്തിൽ മരുന്ന് നിർമാണം ആരംഭിച്ചു. വ്യവസായം തുടങ്ങാൻ അനുകൂലമല്ലാത്ത ഒരു കാലഘട്ടത്തിൽ നിരവധി തടസ്സങ്ങളെ അതിജീവിച്ചാണ് സാംഘ്‌വി തന്റെ സ്ഥാപനത്തെ മുന്നോട്ടു നയിച്ചത്. തുടക്കത്തിൽ മനോരോഗ ചികിൽസയ്ക്കുള്ള മരുന്നുകളുടെ നിർമാണമായിരുന്നു. പിന്നീട് പടിപടിയായി പുതിയ ഉൽപന്നങ്ങളുടെ നിർമാണം കൂടി തുടങ്ങി. മരുന്ന് നിർമാണ രംഗത്തെ അന്താരാഷ്ട്ര ഭീമന്മാരുമായി മൽസരിച്ച് പിടിച്ചുനിൽക്കാൻ നന്നേ പാടുപെടേണ്ടി വന്നു.

തന്റെ കാഴ്ചപ്പാടിനൊത്ത് പ്രവർത്തിക്കാൻ കഴിയുന്ന കെട്ടുറപ്പുള്ള ശക്തമായ ഒരു ടീമിനെ സൃഷ്ടിക്കാനായതാണ് തന്റെ വിജയത്തിന് കാരണം എന്ന് സാംഘ്‌വി പറയുന്നു. അവസരങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്നതിൽ അദ്ദേഹം മിടുക്ക് കാട്ടി. ഏറ്റവും ആവശ്യക്കാരുള്ള പുതിയ ഉൽപന്നങ്ങൾ വിപണിയിലിറക്കിയതിലൂടെ വളരാനുള്ള വഴി ഒരുക്കി എടുത്തു. സയൻസ് പഠിച്ചിട്ടില്ലെങ്കിലും ഫാർമസ്യൂട്ടിക്കൽ രംഗത്തെ അറിവുകൾ സ്വായത്തമാക്കി.

1997ൽ നഷ്ടത്തിൽ പ്രവർത്തിച്ചിരുന്ന അമേരിക്കൻ കമ്പനി കാരകോ ഫാർമസ്യൂട്ടിക്കൽ ഏറ്റെടുത്ത ബുദ്ധിപരമായ തീരുമാനം വഴിത്തിരിവായി. ഇതോടെ അമേരിക്കൻ വിപണിയിൽ പ്രവേശിക്കാനായി. പിന്നീട് ചെറുതും വലുതുമായ ഒരു ഡസനോളം കമ്പനികൾ സൺ ഫാർമസ്യൂട്ടിക്കൽസ് ഏറ്റെടുത്തു. 2014ൽ പ്രമുഖ അന്താരാഷ്ട്ര കമ്പനി റാൻബാക്സി സ്വന്തമാക്കിയതോടെ ഇന്ത്യയിലെ ഒന്നാമത്തെ കമ്പനിയായി സൺ ഫാർമ വളർന്നു. 2015ൽ ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്നു ദിലീപ് സാംഘ്‌വി.

ഫോർബ്സ് പട്ടികയിൽ ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ 115–ാം സ്ഥാനത്തും ഇന്ത്യൻ സമ്പന്നരിൽ രണ്ടാം സ്ഥാനത്തുമുള്ള സാംഘ്‌വിയെ 2016ൽ പദ്മശ്രീ ബഹുമതി നൽകി രാഷ്ട്രം ആദരിച്ചു. പതിനായിരം രൂപ മൂലധനത്തിൽ നിന്നും ലോകത്ത് ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളായി വളരാൻ ദിലീപ് സാംഘ്‌വിക്ക് കഴിഞ്ഞത് ഇച്ഛാശക്തിയും കഠനപ്രയത്നവും അതിലേറെ ലക്ഷ്യത്തിനായി പ്രവർത്തിക്കുന്ന ഒരു സംഘത്തെ നയിക്കുന്നതിൽ പ്രകടിപ്പിച്ച നേതൃപാടവവുമാണ്. 2018 ജനുവരിയിൽ റിസർവ് ബാങ്കിനെ നിയന്ത്രിക്കുന്ന 21 അംഗ ബോർഡിലേക്ക് കേന്ദ്ര സർക്കാർ സാംഘ്‌വിയെ നോമിനേറ്റ് ചെയ്തു.