Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അരയ്ക്കു താഴെ തളർന്നെങ്കിലെന്താ, ദീപ സൂപ്പറല്ലേ!

മോൻസി വർഗീസ്
deepa-malik

സാധാരണ കായികതാരങ്ങൾ റിട്ടയർ ചെയ്യുന്ന പ്രായമാണ് 36 വയസ്സ്. എന്നാൽ ദീപ മാലിക് കായികരംഗത്തേക്ക് കടന്നുവരുന്നത് മുപ്പത്തിയാറാമത്തെ വയസ്സിലാണ്. പിന്നീടവർ നേടിയതാവട്ടെ 58 ദേശീയ വിജയങ്ങളും 18 അന്താരാഷ്ട്ര മെഡലുകളും. ലിംക വേൾഡ് റിക്കാർഡ് നാലു തവണ നേടിയ ദീപയുടെ വിജയങ്ങളൊക്കെയും പരിമിതികളെ അതിജീവിച്ച് മനോബലത്താൽ നേടിയവയാണ്.

രണ്ട് പെൺകുട്ടികളുടെ മാതാവായ ദീപ മാലിക്കിന് സ്പൈനൽ ട്യൂമർ എന്ന രോഗബാധ കണ്ടെത്തിയത് 1999ൽ ആയിരുന്നു. രോഗ നിർണ്ണയം നടക്കുമ്പോൾ കരസേനയിൽ കേണലായ ഭർത്താവ് ബിക്രം സിങ്ങ് കാർഗിൽ യുദ്ധഭൂമിയിലായിരുന്നു. ശസ്ത്രക്രിയകളെ തുടർന്ന് ജീവൻ നിലനിർത്താനായെങ്കിലും അരയ്ക്ക് താഴോട്ട് പൂർണ്ണമായും തളർന്നുപോയി. പിന്നീടുള്ള ജീവിതം വീൽചെയറിലായെങ്കിലും ഭർത്താവിന്റെ പ്രോൽസാഹനവും ദീപയുടെ മനക്കരുത്തും കൊണ്ട് വ്യത്യസ്തവും വ്യതിരിക്തങ്ങളുമായ മേഖലകളിൽ വിജയംവരിക്കാൻ അവർക്ക് കഴിഞ്ഞു.

തന്റെ ദുർവിധിയെ പഴിച്ചിരിക്കാതെ നീന്തലും മോട്ടോർ സൈക്കിൾ റേസിങ്ങും അഭ്യസിച്ച ദീപ ഡിസ്കസ് ത്രോ, ജാവലിൻ, ഷോട്ട്പുട്ട് എന്നീ കായിക ഇനങ്ങളും പരിശീലിച്ചു തുടങ്ങി. 2008ൽ യമുനാ നദിയിലൂടെ ഒഴുക്കിനെതിരെ ഒരു കിലോമീറ്റർ നീന്തി അദ്ഭുതം സൃഷ്ടിച്ച് ലിംകാ റിക്കാർഡ് ബുക്കിൽ ഇടംപിടിച്ചു. പിന്നീട് ചെന്നൈയിൽ നിന്നും ഡൽഹിയിലേക്ക് 3278 കിലോമീറ്റർ മോട്ടോർ സൈക്കിൾ ഓടിച്ചും ഹിമാലയത്തിലെ ദുർഘട പാതകളിലൂടെ 1700 കിലോമീറ്റർ ദൂരം 8 ദിവസങ്ങൾകൊണ്ട് താണ്ടിയും വീണ്ടും റിക്കാർഡ് സൃഷ്ടിച്ചു. ചലനശേഷിയില്ലാത്ത കാലുകൾ ഉപയോഗിച്ച് നടത്തിയ സാഹസിക യത്നങ്ങളോരോന്നും പൂർണ്ണാരോഗ്യം ഉള്ളവർക്ക് പോലും അസാധ്യമെന്ന് തോന്നുന്നവയാണ്.

ഭിന്നശേഷിക്കാർക്കായി 1968 ൽ തുടക്കംകുറിച്ച പാരാ ഒളിംപിക്സിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ കായികതാരമാണ് ദീപ. 2016ൽ നടന്ന പാരാഒളിംപിക്സിൽ ഷോട്ട്പുട്ടിൽ വെള്ളി മെഡൽ നേടിയതോടെ ദേശീയ ഹീറോ ആയ ദീപ മാലിക്കിനെ തേടി നിരവധി പുരസ്കാരങ്ങളും എത്തി. 2012ൽ അർജുന അവാർഡും 2017ൽ പദ്മശ്രീ പുരസ്കാരവും നൽകി രാഷ്ട്രം അവരെ ആദരിച്ചു. മനസ്സ് പതറാതെ ഏറ്റെടുക്കുന്ന വെല്ലുവിളികൾ വിജയത്തിലെത്തുംവരെ പൊരുതാൻ അവർ പ്രകടിപ്പിച്ച മനോവീര്യം ഏവർക്കും മാതൃകയും പ്രചോദനവുമാണ്.

മൂന്ന് കാര്യങ്ങളാണ് തന്റെ വിജയത്തിന് അടിസ്ഥാനമെന്നു ദീപ പറയുന്നു. നഷ്ടപ്പെട്ടതിനെക്കുറിച്ചോർത്ത് ചിന്തിച്ചിരിക്കാതെ ഇനിയും തനിക്ക് പലതും നേടാനാവും എന്ന പോസിറ്റീവായ മനോഭാവവും, പുതിയ കാര്യങ്ങൾ പഠിക്കാനുള്ള താത്പര്യവും നിരന്തരമായ കഠിനാധ്വാനവുമാണ് തന്റെ വിജയത്തിന്റെ അടിസ്ഥാനമായ മൂന്ന് കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്. ശാരീരിക വൈകല്യങ്ങളോ പ്രായമോ ഒന്നും വിജയത്തിന് തടസ്സമല്ലെന്ന് അർജുന അവാർഡ് നേടുന്ന ഏറ്റവും പ്രായം കൂടിയ കായികതാരം കൂടി ആയ ദീപ മാലിക്ക് തെളിയിക്കുന്നു. തന്നെക്കൊണ്ട് പലതും ചെയ്യാൻ കഴിയും എന്ന് ചിന്തിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നിടത്താണ് ഓരോ വിജയവും ആരംഭിക്കുന്നത്. മനസ്സുകൊണ്ട് വിജയിക്കുക. പിന്നീട് അത് യാഥാർത്ഥ്യമാകും. എല്ലാ പരിമിതികളും മനസ്സിന്റെ തോന്നലാണ്. പരിമിതികളെ അതിജീവിക്കാൻ മനോബലത്തിലൂടെ സാധ്യമെന്ന് തെളിയിച്ച ദീപ മാലിക്ക് തന്റെ പ്രഭാഷണങ്ങളിലൂടെ ഇന്ത്യൻ യുവത്വത്തിന് പ്രത്യാശയും പ്രചോദനവും നൽകുന്നു.

Be Positive>>