Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോടികൾ കൊയ്ത കുട്ടിക്കളി

മോൻസി വർഗീസ്
snap-cap

നല്ലൊരു ആശയവും അതിനെ പിന്തുടർന്നു പ്രവർത്തിക്കാനുള്ള ഇച്ഛാശക്തിയുമുണ്ടെങ്കിൽ ഏതൊരാൾക്കും ഏതു പ്രായത്തിലും സംരംഭങ്ങൾ ആരംഭിക്കാം. അറുപതു വയസ്സ് പിന്നിട്ടതിനു ശേഷമാണ് കേണൽ സാൻഡേഴ്സ് കെന്റക്കി ഫ്രൈഡ് ചിക്കൻ (കെഎഫ്സി) എന്ന ബിസിനസ് സംരംഭം തുടങ്ങി വിജയിച്ചത്. ഒഴിവു സമയത്തു വിനോദത്തിനായി ചെയ്തിരുന്ന പ്രവൃത്തി ഒരു സംരംഭമാക്കി വളർത്തി വിജയിപ്പിച്ച കഥയാണ് മാഡി ബ്രാഡ്ഷായുടേത്. അതും കേവലം പത്തു വയസ്സ് പ്രായമുള്ളപ്പോൾ തുടക്കംകുറിച്ച സംരംഭം.

സ്കൂളിലെ തന്റെ ലോക്കർ എങ്ങനെ കമനീയമായി അലങ്കരിക്കണം എന്ന ചിന്തയിൽനിന്നാണ് ആ പത്തു വയസ്സുകാരിയുടെ മനസ്സിൽ ഒരു ഉൽപന്നം രൂപപ്പെടുന്നത്. അമ്മാവൻ നൽകിയ കോക്കകോളാ കുപ്പിയുടെ അടപ്പുകൾ അവൾ കഴുകി വൃത്തിയാക്കി അവയിൽ വിവിധങ്ങളായ  ചിത്രങ്ങൾ പെയിന്റ് ചെയ്തു വിവിധ ആശയങ്ങളെ അവൾ കുപ്പി അടപ്പുകളിൽ ആലേഖനം ചെയ്തു. അവയിൽ ഓരോ ചെറിയ കാന്തങ്ങൾകൂടി ഘടിപ്പിച്ച് അവളുടെ ലോക്കറിൽ  പതിപ്പിച്ചു. ആകർഷണീയമായ അവളുടെ ലോക്കർ കണ്ടതോടെ സഹപാഠികളും ആവശ്യക്കാരായി. ഉപയോഗശൂന്യമായ കൂടുതൽ അടപ്പുകൾ ശേഖരിച്ച് ഒരു ഹോബിയായി അവൾ തന്റെ ക്രിയാത്മകമായ കഴിവുകളെ വിനിയോഗിച്ചു.

ആവശ്യക്കാർ കൂടിയതോടെ ഏഴു വയസ്സുകാരിയായ സഹോദരി മാർഗട്ടിനെയും സഹായിയായി കൂട്ടി. പുതിയ പുതിയ ആശയങ്ങൾ അവർ കുപ്പി അടപ്പുകളിലൂടെ അവതരിപ്പിച്ചു. അലങ്കരിച്ച കുപ്പി അടപ്പുകളെ ലോക്കറ്റാക്കി ഉപയോഗിക്കാം എന്ന് അവൾ കണ്ടെത്തി. അവൾ നിർമിച്ച 50 ലോക്കറ്റുകൾ ടെക്സാസിലെ ഒരു കളിപ്പാട്ട കടയിൽ പരീക്ഷണാർഥം വിൽക്കാൻ വച്ചു. രണ്ടു മണിക്കൂറിനുള്ളിൽ  എല്ലാ ലോക്കറ്റുകളും വിറ്റഴിഞ്ഞു. തന്റെ ഉൽപന്നത്തിന് മാഡി ഒരു പേര് നൽകി. ‘സ്നാപ് ക്യാപ്പ്’. ഇന്നത് അമേരിക്കയിലെ അറിയപ്പെടുന്ന ഒരു ബ്രാൻഡാണ്.

തന്റെ ഉൽപന്നം വിജയപ്രദമായി വിപണനം ചെയ്യാൻ കഴിയുമെന്നു മനസ്സിലാക്കിയ മാഡി 2006 ൽ M3 Girl Designers'  എന്ന പേരിൽ ഒരു സ്ഥാപനം റജിസ്റ്റർ ചെയ്തു. മാഡി ബ്രാഡ്ഷാ പ്രസിഡന്റും സഹോദരി മാർഗട്ട് ബ്രാഡ്ഷാ വൈസ് പ്രസിഡന്റും. അമ്മയെക്കൂടി ബിസിനസിൽ പങ്കാളിയാക്കി. മൂന്നു വർഷത്തിനുള്ളിൽ ഒരു മില്യൺ അമേരിക്കൻ ഡോളർ ലാഭമുണ്ടാക്കി. പ്രതിമാസം ശരാശരി അറുപതിനായിരം ലോക്കറ്റുകൾ വിറ്റഴിഞ്ഞു. ബിസിനസിനൊപ്പം പഠനത്തിലും മികവുപുലർത്താൻ അവൾക്കു കഴിഞ്ഞു.

മുപ്പത് ജീവനക്കാരുമായി മാഡിയുടെ സംരംഭം വിജയം ആവർത്തിച്ചുകൊണ്ടേയിരുന്നു. മാഡി എഴുതിയ ഗ്രന്ഥം വിൽപനയിൽ റിക്കാർഡ് സൃഷ്ടിച്ചു. ‘‘നിങ്ങൾക്കും ഒരു സംരംഭം തുടങ്ങാം’’ എന്ന അവളുടെ പ്രചോദനാത്മക ഗ്രന്ഥം മാനേജ്മെന്റ് വിദ്യാർഥികളുടെ ഒരു പഠനസഹായി കൂടിയാണ്. മാധ്യമങ്ങളിലൂടെ പ്രശസ്തയായ മാഡി ഇപ്പോൾ സ്റ്റാൻഫോർഡ് സർവകലാശാലയിലെ വിദ്യാർഥിയാണ്.

കേവലം മുന്നൂറ് ഡോളർ മൂലധനവുമായി തുടങ്ങിയ മാഡിയുടെ കമ്പനിയുടെ ഉൽപന്നങ്ങൾ അമേരിക്കയിലെ ആറായിരത്തിലേറെ കടകളിലൂടെ വിപണനം ചെയ്യുന്നു. ആമസോൺ ഓൺലൈൻ സ്റ്റോറിൽ ഏറെ ഡിമാന്‍ഡുള്ള ഉൽപന്നമാണ് ‘സ്നാപ് ക്യാപ്പ്’. നൂതന ആശയങ്ങൾ അവതരിപ്പിച്ചുകൊണ്ട് മാഡിയുടെ സംരംഭം മുന്നേറുന്നു. വൈകാരിക പ്രതിബദ്ധതയോടെ ആത്മാർഥമായി ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് മറ്റുള്ളവരുടെ അംഗീകാരം ലഭിക്കുമെന്നതിന് ഉദാഹരണമാണ് മാഡി ബ്രാഡ്ഷായുടെ വിജയം. മനസ്സുകൊണ്ട് ഇഷ്ടപ്പെടുന്ന പ്രവൃത്തി മികവോടെ ചെയ്താൽ അതിന് ഫലമുണ്ടാകാതിരിക്കില്ല.  എന്തുചെയ്താലും ഇഷ്ടത്തോടെ ചെയ്യുക.


Be Positive>>

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.