Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകം കീഴടക്കിയ സമചതുരക്കട്ട

മോൻസി വർഗീസ്
rubik's cube

വിഖ്യാത ഹോളിവുഡ് ചലച്ചിത്രമായ ‘ദി പെർസ്യൂട്ട് ഓഫ് ഹാപ്പിനസ്സ്’ലെ ഹൃദ്യമായ ഒരു രംഗമാണ് നായകനായ വിൽ സ്മിത്ത് സ്റ്റോക്ക് ബ്രോക്കറായ ജയ് ട്വിസ്റ്റിലിന് മുമ്പിൽ റൂബിക്സ് ക്യൂബ് സോൾവ് ചെയ്യുന്നതിലെ തന്റെ മികവ് പ്രകടിപ്പിക്കുന്നത്. തൊഴിൽ തേടി അലയുന്ന വിൽ സ്മിത്തിന്റെ കഥാപാത്രമായ ക്രിസ് ഗാർഡ്നറോട് ട്വിസ്റ്റലിന് താൽപര്യം തോന്നുന്നത് ഈ മികവ് കണ്ടാണ്. ഒരു ഹോബി എന്നതിലുപരി ഏകാഗ്രതയും ഓർമ്മശക്തിയും വർധിപ്പിക്കാൻ ദശലക്ഷക്കണക്കിന് ആളുകളാണ് റൂബിക്സ് ക്യൂബ് ഉപയോഗിക്കുന്നത്. ക്ഷമാശീലമുണ്ടാക്കാനും പ്രശ്നപരിഹാര ശേഷി വളർത്താനും റൂബിക്സ് ക്യൂബുകൾ സഹായകമാണ്.

1974ൽ ഹംഗറിക്കാരനായ എർണോ റൂബിക് (Erno Rubik) ആണ് ഈ കളിപ്പാട്ടം നിർമ്മിച്ച് അവതരിപ്പിച്ചത്. ആർക്കിടെക്ടും പ്രഫസറുമായിരുന്ന  എർണോ റൂബിക് വിദ്യാർഥികൾക്കുള്ള  പഠനസഹായിയായി നിർമിച്ച ത്രിമാന രൂപങ്ങളുടെ ഭാഗമായാണ് ഈ സമചതുര കട്ട നിർമിച്ചത്. ഒരു ക്യൂബ് ഉപയോഗിച്ച് വിവിധങ്ങളായ രൂപങ്ങൾ നിർമിക്കാൻ കഴിയും എന്ന് തെളിയിക്കുക ആയിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. പിന്നീടാണ് ബുദ്ധിയും ഏകാഗ്രതയും വർധിപ്പിക്കാനുതകുന്ന ഒരു ഗംഭീര കളിപ്പാട്ടമാണിതെന്ന് അദ്ദേഹം കണ്ടെത്തുന്നത്. ആറു വശങ്ങളിൽ വിവിധ വർണ്ണങ്ങൾ കൊടുത്ത് മരംകൊണ്ട് നിർമിച്ച ആദ്യത്തെ ക്യൂബ് സോൾവ് ചെയ്യാൻ നിർമാതാവായ എർണോ റൂബിക്കിന് ഒരു മാസം വേണ്ടിവന്നു. എയർക്രാഫ്റ്റ് എഞ്ചിനീയറായിരുന്ന പിതാവ് എർണോയുടെ പ്രേരണയാൽ തന്റെ കണ്ടെത്തലിന് 1974ൽ തന്നെ പേറ്റന്റ് സമ്പാദിക്കാനായി. വ്യാവസായിക ഉൽപാദനത്തിനായി പലരെയും സമീപിച്ചെങ്കിലും തിരസ്കാരങ്ങളായിരുന്നു ഫലം. അഞ്ച് വർഷക്കാലം ‘മാജിക് ക്യൂബ്’ എന്ന പേരിൽ സ്വന്തമായി നിർമിച്ച് കുറച്ചൊക്കെ വിറ്റുകൊണ്ടിരുന്നു.

1979ൽ കളിപ്പാട്ട നിർമാതാക്കളുടെ ഒരു രാജ്യാന്തര എക്സിബിഷനിൽ അവതരിപ്പിച്ചതോടെയാണ് ഈ പുതിയ ഉൽപ്പന്നം ഹംഗറിക്ക് പുറത്തേക്ക് അറിയപ്പെടാൻ തുടങ്ങിയത്. നിർമിക്കാനുള്ള അവകാശത്തിനായി വിവിധ കമ്പനികൾ മുന്നോട്ട് വന്നു. അമേരിക്കയിലെ പ്രശസ്ത കളിപ്പാട്ട നിർമാതാക്കളായ ഐഡിയൽ ടോയ് കമ്പനിക്ക് നിർമാണച്ചുമതല കൈമാറി. മാജിക് ക്യൂബ് കണ്ടുപിടിച്ച റൂബിക്കിന്റെ പേരിൽ തന്നെ 1980 മുതൽ ഉൽപാദനം ആരംഭിച്ചു. രണ്ട് വർഷത്തിനുള്ളിൽ പത്ത് കോടിയിലേറെ റൂബിക്സ് ക്യൂബുകളാണ് ലോകമെമ്പാടും വിറ്റഴിഞ്ഞത്. ഇതുവരെ മുന്നൂറ്റി അമ്പത് മില്യണിലേറെ ക്യൂബുകൾ വിപണനം ചെയ്തതായാണു കണക്കുകൾ സൂചിപ്പിക്കുന്നത്. ‘റൂബിക് സ്നേക്ക്’, ‘റൂബിക്സ് 360’ എന്നിങ്ങനെ ബൗദ്ധിക വികാസത്തിന് ഉതകുന്ന രണ്ട് ക്രിയാത്മക വസ്തുക്കൾ കൂടി എർണോ റൂബിക് കണ്ടുപിടിച്ചിട്ടുണ്ട്.

നിരവധി തവണ ‘ടോയ് ഓഫ് ദി ഇയർ’ പുരസ്കാരം നേടിയ റൂബിക്സ് ക്യൂബ് ഇന്നും അതിന്റെ ജൈത്രയാത തുടരുന്നു. ഏറ്റവും വേഗതയിൽ റൂബിക്സ് ക്യൂബുകൾ സോൾവ് ചെയ്യുന്നവരെ കണ്ടെത്താനുള്ള രാജ്യാന്തര മൽസരങ്ങൾ വിവിധ രാജ്യങ്ങളിൽ വർഷംതോറും നടത്തിവരുന്നു. 4.22 സെക്കന്റാണ് നിലവിലെ റിക്കാർഡ്. കണ്ണ് മൂടിക്കെട്ടിയും കാലുകൾ ഉയോഗിച്ചുമൊക്കെയുള്ള മൽസരങ്ങളുണ്ട്. ബോളിവുഡ് താരം ആമിർ ഖാനടക്കം നിരവധി സെലിബ്രിറ്റികളുടെ ഹോബിയാണ് റൂബിക്സ് ക്യൂബ്. സംഘർഷങ്ങൾക്ക് അയവ് വരുത്താനും മസ്തിഷ്ക വേഗത കൂട്ടാനും സമർത്ഥരായ പല വിദ്യാർഥികളും ഈ സമചതുര കട്ട ഉപയോഗിക്കുന്നു. കംപ്യൂട്ടർ ഗയിമുകൾക്ക് പ്രചാരം കൂടിയ നാളുകളിലും റൂബിക്സ് ക്യൂബിന്റെ പ്രചാരം കുറഞ്ഞിട്ടില്ല. എർണോ റൂബിക് ഇപ്പോൾ വിദ്യാർഥികളിൽ ശാസ്ത്രബോധമുണ്ടാക്കാനുള്ള  പ്രചാരണ പരിപാടികളിൽ സജീവമാണ്. നിശ്ചയദാർഢ്യമുള്ള ഏതൊരാൾക്കും ചുരുങ്ങിയ സമയത്തിനുള്ളിൽ റൂബിക്സ് ക്യൂബ് സോൾവ് ചെയ്യാം. ക്ഷമയോടെ മിനക്കെടാനുള്ള ഒരു മനസ്സ് വേണമെന്നു മാത്രം.

Be Positive>>