Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

20,000 മുടക്കി; 6500 കോടി രൂപ സ്വന്തമാക്കി

മോൻസി വർഗീസ്
intex

ബിസിനസ് രംഗത്ത് വിജയിച്ചവരൊക്കെയും അറിയപ്പെടുന്നത് അവർ പടുത്തുയർത്തിയ ബ്രാൻഡുകളുടെ പേരിലാണ്. വർഷങ്ങളോളം ചെറുകിട കച്ചവടങ്ങൾ ചെയ്തിരുന്ന നരേന്ദ്ര ബൻസാലിന് സഹസ്രകോടികളുടെ വിറ്റുവരവിലേക്ക് വളരാനായത് ഇന്റക്സ് എന്ന ബ്രാൻഡിലൂടെയാണ്. രാജ്യാന്തര ഭീമന്മാരോട് മൽസരിച്ച് ഇലക്ട്രോണിക്സ്, ഗൃഹോപകരണ ഉൽപന്നങ്ങളുടെ വിപണനത്തിൽ ഇന്റക്സിനെ ഒരു മുൻനിര കമ്പനിയാക്കാൻ നരേന്ദ്ര ബൻസാലിനായത് കഠിനാധ്വാനവും പ്രതിസന്ധികളിൽ തളരാതെ മുന്നേറാനുള്ള മനോഭാവവുംകൊണ്ടാണ്.

രാജസ്ഥാനിലെ ഹനുമാൻഗർ ജില്ലയിൽ ഭദ്ര എന്ന ഗ്രാമത്തിൽ ജനിച്ച നരേന്ദ്രയുടെ സ്കൂൾ വിദ്യാഭ്യാസം നേപ്പാളിലായിരുന്നു. പിതാവ് ഭൻവർലാൽ നേപ്പാളിൽ ചെറുകിട കച്ചവടക്കാരനായിരുന്നു. 1980ൽ പിതാവിനൊപ്പം ഡൽഹിയിൽ തിരിച്ചെത്തി. പതിനേഴുകാരനായ നരേന്ദ്രയ്ക്ക് പിതാവിന്റെ ധാന്യ ബിസിനസ്സിൽ താൽപര്യമില്ലായിരുന്നു. സ്വന്തമായി ഓഡിയോ കാസറ്റിന്റെ ബിസിനസ് തുടങ്ങി. മൊത്ത വിതരണക്കാരിൽ നിന്നും കാസറ്റുകളെടുത്ത് ഡൽഹിയിലെ ലജ്പത്റായ് മാർക്കറ്റിലും പാലിക ബസാറിലുമുള്ള റീട്ടെയിൽ കടക്കാർക്ക് വിപണനം ചെയ്തു. 1987 മുതൽ വീഡിയോ കാസറ്റുകളുടെ ബിസിനസ് തുടങ്ങി. കാസറ്റുകൾ കടമായി വാങ്ങിക്കൊണ്ടു പോയവർ പണം കൊടുക്കാതായപ്പോൾ ബിസിനസ് പ്രതിസന്ധിയിലായി. നിലനിൽപ്പിനായി സുഹൃത്തിന്റെ പോളറോയിഡ് ക്യാമറയുമായി ബിർളാ മന്ദിർ സന്ദർശിക്കുന്ന ടൂറിസ്റ്റുകളുടെ ഫോട്ടോ എടുത്തുകൊടുക്കുന്ന ജോലിയിൽ ഏർപ്പെട്ടു. കംപ്യൂട്ടറിന്റെ കടന്നുവരവോടെ ഫ്ലോപ്പി ഡിസ്ക്കിന്റെയും ഹാർഡ് ഡ്രൈവിന്റെയും വിപണനത്തിലേക്കായി ശ്രദ്ധ. തായ്‌വാനിൽ നിന്നും ചൈനയിൽ നിന്നുമൊക്കെ കംപ്യൂട്ടർ ഘടകങ്ങൾ എത്തിച്ച് ചെറിയ തോതിൽ വിപണനം ആരംഭിച്ചു. തന്റെ ബിസിനസ് വിപുലപ്പെടണമെങ്കിൽ സ്വന്തം ബ്രാൻഡിൽ ഉൽപന്നങ്ങൾ വിപണനം ചെയ്യണമെന്ന് നരേന്ദ്ര ബൻസാലിന് ബോധ്യമായി.

1996ൽ മൂന്ന് ജോലിക്കാരുമായി ഇന്റക്സ് ടെക്നോളജീസ് എന്ന സ്ഥാപനത്തിന് ആരംഭം കുറിച്ചു. വിദേശത്തുനിന്നും എത്തിച്ച കംപ്യൂട്ടർ ഘടകങ്ങൾ അസംബിൾ ചെയ്ത് ‘ഇന്റക്സ്’ എന്ന ബ്രാൻഡിൽ വിൽപന തുടങ്ങി. ഹോം തിയറ്ററുകളായിരുന്നു മറ്റൊരു പ്രധാന ഉൽപന്നം. ക്രമേണ കമ്പനി വളരാൻ തുടങ്ങി. 2004ൽ ഇന്ത്യയിൽ ഉൽപാദന യൂണിറ്റുകൾ ആരംഭിച്ചു. 2007ൽ ഇന്റക്സ് മൊബൈൽ ഫോണുകളും 2012 മുതൽ LED TV യും നിർമ്മിച്ചുവരുന്നു. ഇപ്പോൾ എയർകണ്ടീഷണർ, ഫ്രിഡ്ജ്, വാഷിങ് മെഷീൻ... തുടങ്ങി ഉൽപന്ന ശ്രേണി വൈവിധ്യവൽകരിച്ചിരിക്കുന്നു. കേവലം 20,000 രൂപ മൂലധനവുമായി തുടങ്ങിയ കമ്പനി ഇപ്പോൾ 11,000 ജീവനക്കാരും 6500 കോടി രൂപ വാർഷിക വിറ്റുവരവുമുള്ള ബ്രാൻഡായി വളർന്നു. ഏറ്റവും അധികം വിറ്റഴിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ നിർമ്മിത മൊബൈൽ ഫോണാണ് ഇന്റക്സ്.

നരേന്ദ്ര ബൻസാലിന്റെ മകൻ കേശവ് ബൻസാൽ കമ്പനിയുടെ മാർക്കറ്റിങ് വിഭാഗത്തെ നയിക്കുന്നു. രണ്ടു വർഷക്കാലം ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിച്ച ‘ഗുജറാത്ത് ലയൺസ്’ ടീമിനെ സ്വന്തമാക്കിയതോടെ കേശവ് ബൻസാൽ ശ്രദ്ധിക്കപ്പെട്ടു. ഏറ്റവും പ്രായം കുറഞ്ഞ ഐ.പി.എൽ. ടീം ഉടമയാണ് കേശവ്. 2016ൽ ടീമിനെ സ്വന്തമാക്കുമ്പോൾ പ്രായം 24 വയസ് മാത്രം. കാലാനുസൃതമായ ഉൽപന്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചതും പരാജയങ്ങളിൽ പതറാതെ പുതിയ ആശയങ്ങൾ നടപ്പിലാക്കുന്നതിൽ ശ്രദ്ധ പുലർത്തിയതുമാണ് തന്റെ വിജയങ്ങൾക്ക് കാരണമെന്ന് നരേന്ദ്ര ബൻസാൽ പറയുന്നു. സാദ്ധ്യതകളെയും അവസരങ്ങളെയും പരമാവധി പ്രയോജനപ്പെടുത്തുന്നവർക്കേ വിജയം വരിക്കാൻ കഴിയൂ.

Be Positive>>

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.