Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിമ്പാൻസികൾക്കൊപ്പം ഇരുപത് വർഷം

മോൻസി വർഗീസ്
Jane-Goodall

രണ്ട് വയസ്സ് പ്രായമുള്ളപ്പോൾ മാതാവ് സമ്മാനിച്ച ചിമ്പാൻസി കുഞ്ഞിന്റെ പാവയാണ് ജേൻ ഗുഡാളിന് (Jane Goodall) മൃഗങ്ങളോടുള്ള താൽപര്യം ഉണർത്തുന്നത്. ചിമ്പാൻസികളെക്കുറിച്ച് ഏറ്റവും ആഴത്തിലുള്ള പഠനം നടത്തിയ വ്യക്തിയാണ് ജേൻ ഗുഡാൾ. പ്രായോഗിക പഠനത്തിലൂടെയാണ് അവര്‍ ഈ അറിവ് കരസ്ഥമാക്കിയത്. ഒരു ബിരുദംപോലുമില്ലാത്ത ഗുഡാളിന്റെ പ്രബന്ധങ്ങളെ അടിസ്ഥാനമാക്കി കേംബ്രിഡ്ജ് സർവ്വകലാശാല ഡോക്ടറേറ്റ് നൽകി ആദരിച്ചു. ബിരുദമില്ലാതെ കേംബ്രിഡ്ജിൽ നിന്നും ഡോക്ടറേറ്റ് നേടുന്ന എട്ടാമത്തെ വ്യക്തിയാണ് ഗുഡാൾ.

ഇംഗ്ലണ്ടിലെ ഹാംപ്സ്റ്റഡിൽ 1934 ഏപ്രിൽ 3ന് ജനിച്ച ഗുഡാളിന്റെ മൃഗങ്ങളോടും പക്ഷികളോടുമുള്ള താൽപര്യത്തെ മാതാപിതാക്കളും പ്രോൽസാഹിപ്പിച്ചു. മൃഗങ്ങളോടൊപ്പം ജീവിക്കണം എന്ന് ചെറുപ്പം മുതൽ അവർ സ്വപ്നം കണ്ടു. സ്കൂൾ പഠനത്തിനു ശേഷം ആഫ്രിക്കയിലേക്ക് പോകാൻ ആഗ്രഹിച്ചതും മൃഗങ്ങളെക്കുറിച്ച് കൂടുതൽ പഠിക്കാനും അടുത്ത് ഇടപഴകാനും വേണ്ടിയാണ്. ഗുഡാളിന്റെ ആഗ്രഹത്തിന്റെ തീവ്രത മനസിലാക്കിയ ഒരു കൂട്ടുകാരി അവളെ ആഫ്രിക്കയിൽ എത്താൻ സഹായിച്ചു. 1957ൽ കെനിയയിൽ എത്തിയ ഗുഡാൾ പ്രശസ്ത പുരാവസ്തു ഗവേഷകനും നരവംശ ശാസ്ത്രജ്ഞനുമായ ലൂയിസ് ലീക്കിയുമായി പരിചയപ്പെട്ടു. കെനിയയിൽ ഗവേഷണം നടത്തിയിരുന്ന ലീക്കിയുടെ സഹായിയായി. മൃഗങ്ങളെക്കുറിച്ച് അറിയാനും പഠിക്കാനും ഗുഡാൾ പ്രകടിപ്പിച്ച ഔത്‌സുക്യം ലീക്കിയുടെ പ്രശംസ പിടിച്ചുപറ്റാൻ കാരണമായി. ക്ഷമാപൂർവം എന്തു ജോലിയും ചെയ്യാൻ സന്നദ്ധ ആയിരുന്ന ഗുഡാളിനെ ഏൽപിച്ച ദൗത്യം വിജയകരമായി പൂർത്തീകരിച്ചതോടെയാണ് അവൾ ലോകപ്രശസ്തയായത്.

Jane-Goodall1

ചിമ്പാൻസികളുടെ സ്വഭാവ സവിശേഷതകൾ നേരിൽ കണ്ടു പഠിക്കാനായി 1960 ജൂണിൽ ടാൻസാനിയായിലെ ഗോംബെ സ്ട്രീം ഗെയിം റിസർവിൽ പ്രവേശിച്ച ഗുഡാൾ പിന്നീട് 20 വർഷങ്ങൾ കൊടും കാടിനുള്ളിൽ വസിച്ചു. ചിമ്പാൻസി കൂട്ടത്തോടൊപ്പം പാർത്ത് അവയുടെ പെരുമാറ്റ രീതികളും പ്രകടനങ്ങളുമൊക്കെ സൂക്ഷ്മമായി നിരീക്ഷിച്ചു. മനുഷ്യരെപ്പോലെ തന്നെ കുടുംബ സാമൂഹിക ബന്ധങ്ങൾ പുലർത്തുന്ന അവയുടെ ബുദ്ധിപരവും വൈകാരികവുമായ പല തലങ്ങളും ആദ്യം കണ്ടെത്തിയത് ഗുഡാളാണ്. നാഷനൽ ജിയോഗ്രാഫിക് സൊസൈറ്റി ഡോക്യുമെന്ററികളിലൂടെ ഈ ദൗത്യത്തെക്കുറിച്ച് ലോകത്തെ അറിയിച്ചു. ഷാഡോസ് ഓഫ് മാൻ, ചിമ്പാൻസീസ് ഓഫ് ഗോംബെ എന്നിങ്ങനെ പ്രശസ്തമായ നിരവധി ഗ്രന്ഥങ്ങളും ഗുഡാൾ രചിച്ചു.

ഗുഡാൾ സ്ഥാപിച്ച ജേൻ ഗുഡാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈൽഡ് ലൈഫ് റിസർച്ച് ഈ രംഗത്തെ ലോകോത്തര സ്ഥാപനമാണ്. യുവജനങ്ങളെ പാരിസ്ഥിതിക സംരക്ഷണ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കാനായി 1991ൽ റൂട്ട്സ് ആൻഡ് ഷൂട്ട്സ് എന്ന പ്രസ്ഥാനം തുടങ്ങി. വന നശീകരണത്തെ പ്രതിരോധിക്കുവാനായി ലക്ഷക്കണക്കിനാളുകളെ ലോകമെമ്പാടും സംഘടിപ്പിക്കാൻ ഗുഡാളിന്റെ സംഘടനകൾക്കായി. നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ ലഭിച്ച ഗുഡാളിനെ 2002ൽ ഐക്യരാഷ്ട്ര സഭ സമാധാന പ്രചാരകയായി പ്രഖ്യാപിച്ചു. ജേൻ ഗുഡാളിന്റെ സമർപ്പിത ജീവിതത്തെ അധികരിച്ച് നാൽപതോളം ഡോക്യുമെന്ററി ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. വംശനാശം സംഭവിക്കാതെ ചിമ്പാൻസി എന്ന ജീവിവർഗത്തെ ഭൂമുഖത്ത് പിടിച്ചുനിർത്താനായത് ഒരു പരിധിവരെ ഗുഡാളിന്റെ പ്രവർത്തനങ്ങൾകൊണ്ടാണ്.

Be Positive>>