Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഹായിച്ചവരെ മറക്കുകയോ?

ബി.എസ്. വാരിയർ
selfishness

‘‘പ്രത്യുപകാരം മറക്കുന്ന പൂരുഷൻ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും’’ (എഴുത്തച്ഛൻ -അധ്യാത്മ രാമായണത്തിലെ കിഷ്കിന്ധാകാണ്ഡം). രാമനും സുഗ്രീവനും തമ്മിലുള്ള സഖ്യമനുസരിച്ച് രാമൻ ബാലിയെ വധിച്ച് സുഗ്രീവനെ രാജാവാക്കി. അതോടെ, സീതാന്വേഷണത്തിനു സഹായിക്കാമെന്ന വാഗ്ദാനം സുഗ്രീവൻ മറന്നു. രാജമന്ദിരത്തിലെ സുഖജീവിതത്തിൽ മദിച്ചു കഴിഞ്ഞ സുഗ്രീവൻ രാമന്റെ ദുഃഖം ഓർത്തില്ല. വാക്കുമറന്ന സുഗ്രീവനു ഹനൂമാൻ നൽകുന്ന ഉപദേശത്തിലെ വരിയാണ് മുകളിലെഴുതിയത്. തെറ്റു മനസ്സിലാക്കിയ സുഗ്രീവൻ സീതാന്വേഷണത്തിനു വാനരന്മാരെ നാലു ദിക്കിലേക്കുമയച്ചു.

ഞാൻ ‘സെൽഫ്–മെയിഡ്’ ആണെന്നു പറയുന്നവരുണ്ട്. അതായത്, സ്വയം പ്രവർത്തിച്ച് എല്ലാം നേടിയവർ. എനിക്കാരുടെയും സഹായം വേണ്ടെന്നു ചിന്തിക്കുന്നവർ. അക്കാര്യം ഒന്നുകൂടെ ആലോചിക്കുന്നതല്ലേ നല്ലത്? ആകാശത്തുനിന്നു പൊട്ടിവീണ് നിലംതൊടാതെ ജീവിക്കുന്നവരായി ആരെങ്കിലുമുണ്ടോ? എല്ലാം സ്വയം ആർജ്ജിെച്ചന്നു വീമ്പിളക്കുന്നവർ സ്വന്തം അമ്മയെപ്പോലും തള്ളിപ്പറയുകയല്ലേ? 

ഏതു രംഗത്തു വിജയിച്ചയാള്‍ക്കും ഏതെങ്കിലും ഘട്ടത്തിൽ ആരുടെയെങ്കിലും സഹായം കിട്ടിയിട്ടുണ്ടാവും. പക്ഷേ വിജയിച്ചു കഴിഞ്ഞ്, എല്ലാമെന്റെ സ്വന്തം മിടുക്കുകൊണ്ടു നേടിയതാണെന്നു പലരും വിചാരിക്കും. മാത്രമല്ല, ഉയരത്തിലെത്തിക്കഴിഞ്ഞ്, കയറിവന്ന ഏണി പിന്നോട്ടു തള്ളിക്കളഞ്ഞെന്നുമിരിക്കും. ഒരു പ‍ടികൂടെക്കടന്ന് സഹായിച്ചവരെ ഉപദ്രവിക്കുന്നവരും ഉണ്ടാവാം. ഒരു സഹായവും ചെയ്യാത്തവരെപ്പറ്റി പരാതി കാണില്ല. അവരെ ഉപദ്രവിക്കുകയുമില്ല.

 ‘ഒരിക്കൽ  അയാളൊന്നു സഹായിച്ചെന്നുവച്ച് ജീവിതകാലം മുഴുവൻ അയാളുടെ അടിമയായിരിക്കണോ?’’ എന്ന ചോദ്യം പ്രസക്തമാണ്. സഹായം ചെയ്തയാൾ അങ്ങനെ പ്രതീക്ഷിച്ചുകൂടാ. എങ്കിലും കിട്ടിയയാൾ അത് ഒരിക്കലും മറക്കാതിരിക്കുന്നതു പ്രധാനം. ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ ചെയ്യുന്ന സഹായമാണ് ഏറ്റവും മികച്ച സഹായം. 

തിരിച്ചു സഹായിക്കാൻ ശ്രമിക്കാത്തതു പോകട്ടെ, സഹായം സ്വീകരിച്ചുകഴിഞ്ഞ് നന്ദിസൂചകമായി ഒരു വാക്കു പറയുകപോലും ചെയ്യാത്തവരുമുണ്ട്. ‘അന്നങ്ങനെ ഞാൻ സഹായിച്ചിട്ട് ഇന്നു ഞാൻ കഷ്ടപ്പെടുമ്പോൾ, അവൻ തിരിഞ്ഞുനോക്കുക പോലും ചെയ്യുന്നില്ല’ എന്നു വിലപിക്കുന്നവരുണ്ട്. ഇത്തരം ചിന്ത മനുഷ്യസഹജമാണെങ്കിലും, ചെയ്തുകൊടുത്ത സഹായത്തിനു പ്രതിഫലം പ്രതീക്ഷിക്കാതിരുന്നാൽ മനഃസമാധാനം ഉണ്ടാകും. നന്ദിക്കു പല നിറങ്ങളുമുണ്ടെങ്കിലും നന്ദികേടിനു കറുപ്പു മാത്രം. നന്ദികേട് മനുഷ്യനെ മൃഗമാക്കുമെന്നു പറയുന്നത് മൃഗങ്ങൾക്കു നാണക്കേടാവും.

ആകാശത്തുനിന്നു വീണ് ലോകം ശുചിയാക്കി, അമൂല്യമായ ജീവൻ നിലനിർത്തുന്ന നീർത്തുള്ളികളെയല്ല, കൂരിരുട്ടിനെയും കൊടുംതണുപ്പിനെയും ആണ് നാം ശ്രദ്ധിക്കുന്നത് എന്ന് ഗ്രന്ഥകർത്രി റിഷേൽ  ഇ ഗുഡ്‌റിച്ച്.ഗള്ളിവരുടെ സഞ്ചാരകഥകളെഴുതിയ ജോനതൻ സ്വിഫ്റ്റ് നന്ദിയില്ലാത്തവരെപ്പറ്റി കടുത്ത ഭാഷയിൽ പറഞ്ഞു: ‘‘സഹായിച്ചയാളോടു നന്ദികേടു കാട്ടുന്നയാൾ മാനവരാശിയുടെ ശത്രു. അയാൾക്കു ജീവിക്കാൻ അവകാശമില്ല’’.

‘I hate ingratitude more in a man than lying, vainness, babbling, drunkenness, or any taint of vice whose strong corruption inhabits our frail blood’’ എന്നു ഷേക്സ്പിയർ (ട്വെൽഫ്ത് നൈറ്റ് 3:4: 320–324).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.