Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെറിയ തെറ്റിലല്ല വലിയ കാര്യം

ബി.എസ്. വാരിയർ
mistakes

‘‘ബ്രിയപ്പെട്ട മോനേ,

നീ ഇപ്പോൾ പുതിയ സാകചര്യത്തിലാണ്. പുതിയ കോളീജ്. ഇതുവരെ കാണാത ഗൂട്ടുകാർ. നീ ഫറയുന്നതെല്ലാം അതുപോല അവർ മണസിലാക്കില്ല. അവർ പറയന്നതിലും ചയ്യുന്നതിലും നീ തെറ്റുകളുണ്ടെന്നു നിണക്കു തോന്നും. അതെല്ലാം ചൂണ്ടിക്കാണിഗ്ഗേണ്ട. ക്ഷമിച്ചേകുക. അവയെക്കാൾ വെല്യ തെറ്റ് നീ ചെയ്യും. അന്യരുടേ ചെറിയ തെറ്റുകൾ അവഘണിച്ചേക്കണം. ശരികൾ കാണണം. അവയെപ്പറ്റി പറയാം. നല്ല വക്ക് എപ്പോഴും പറയുക. അവർക്കും എപ്പോഴും െനന്മ നേരുക.’’

ഞാൻ ഇത്രയും എഴുതിയതിൽ നീ പല തെറ്റുകളും കണ്ടല്ലോ. പക്ഷേ കാര്യം മുഴുവൻ നിനക്കു മനസ്സിലാകുകയും ചെയ്തു. അപ്പോൾ ചെറിയ തെറ്റിലല്ല വലിയ കാര്യം. മറിച്ച്, നമ്മുടെ ലക്ഷ്യത്തിലും സമീപനത്തിലുമാണ്. ക്ഷമിക്കുകയും പൊറുക്കുകയും ചെയ്യാത്തവരുമായി ഇടപഴകാൻ ആരും ഇഷ്ടപ്പെടില്ല. നീ തെറ്റുകൾ വരുത്തണമെന്നല്ല സൂചന. വാക്കിലും പ്രവൃത്തിയിലും ഒരു തെറ്റു പോലും വരാതിരിക്കാൻ ജാഗ്രത കാട്ടുകതന്നെ വേണം. പക്ഷേ അന്യരുടെ തെറ്റുകൾ പെരുപ്പിച്ചു കാട്ടാതിരിക്കുകയും വേണം. അങ്ങനെയായാൽ നമുക്ക് സ്നേഹിതരുണ്ടാകും. ഒറ്റമരത്തിൽ കുരങ്ങായി സന്തോഷത്തോടെ കഴിയാൻ ആർക്കും കഴിയില്ല. ഇവിടെ എല്ലാവർക്കും സുഖം തന്നെ.

സ്നേഹത്തോടെ
അച്ഛൻ

ദൂരെയുള്ള കോളജിൽ പുതുതായിച്ചേർന്ന മകന് അച്ഛൻ അയച്ച എഴുത്ത്. ആദ്യഭാഗത്ത് ബോധപൂർവം വരുത്തിയ തെറ്റുകളിലൂടെ, വലിയ വിവരണം ഒഴിവാക്കി.. ചെറുതെറ്റുകൾ വരുത്തുന്നവരെപ്പോലും ശിക്ഷിക്കണമെന്നു വാശിപിടിക്കുന്നവർക്ക് സ്വന്തം പല്ലുകളെപ്പറ്റി ഓർക്കാം. അവ ചിലപ്പോൾ നാക്കു കടിച്ചുമുറിക്കാറുണ്ട്. പക്ഷേ ആരും ആ പല്ലെല്ലാം അടിച്ചു കൊഴിക്കാറില്ല. തെറ്റ് മന:പൂർവമല്ലെന്നു നമുക്കറിയാം. തെറ്റുകൾ വരുത്തിയും തിരുത്തിയും മാത്രമേ ആർക്കും വളരാൻ കഴിയൂ.!

‘സത്യത്തെ സ്നേഹിക്കുക, തെറ്റുകൾ പൊറുക്കുക’ എന്നു വോൾട്ടയർ. നാം പരസ്പരം ക്ഷമിക്കുന്നതാണ് ആദ്യ പ്രകൃതിനിയമെന്നും അദ്ദേഹം പറഞ്ഞു. സഹോദരന്റെ കണ്ണിലെ കരടു കാണുകയും. സ്വന്തം കണ്ണിലെ മരത്തടി കാണാതിരിക്കുകയും ചെയ്യുന്നതെന്തുകൊണ്ട്? (മത്തായി 7 : 5). ഏതു പാപത്തിലും തെറ്റിന്റെ അംശമുണ്ട്. പാപം ഏറ്റു പറഞ്ഞാൽ അതു ക്ഷമിച്ചു കിട്ടുമെന്നും നാം ശുദ്ധരാകുമെന്നും ബൈബിൾ (1 യോഹന്നാൻ 1 : 9).

ഇതേ ആശയം ഭഗവദ്ഗീതയിലുണ്ട്:
‘‘സർവധർമ്മാൻ പരിത്യജ്യ മാമേകം ശരണം വ്രജ
അഹം ത്വാ സർവപാപേഭ്യോ മോക്ഷയിഷ്യാമി മാ ശുച : (18 : 66).’’

(ധർമ്മങ്ങളെയെല്ലാം ഉപേക്ഷിച്ച് എന്നെത്തന്നെ ശരണം പ്രാപിക്കുക. ഞാൻ നിന്നെ സകല പാപങ്ങളിൽ നിന്നും മോചിപ്പിക്കാം. ദു:ഖിക്കേണ്ട.)
‘ശത്രുക്കളോടു ക്ഷമിക്കുക; അവരുടെ സ്വൈരം കെടുത്താൻ ഇത്ര കഴിവു മറ്റൊന്നിനുമില്ല’ എന്ന് ഓസ്കാർ വൈൽഡ്. ‘ദുർബലർക്കു ക്ഷമിക്കാൻ കഴിവില്ല. ക്ഷമാശീലം ശക്തരുടേതാണ്.’ എന്നു ഗാന്ധിജി. നർമ്മത്തിൽ കുഴച്ച് മാർക് ട്വൈൻ പറഞ്ഞു: ‘‘ചവിട്ടിയരയ്ക്കുന്ന പാദത്തിലേക്കു പുഷ്പം പകരുന്ന പരിമളമാണ് ക്ഷമാശീലം’’. കടുകട്ടിയായ നിയമപാലനത്തെക്കാൾ ഫലപ്രദം കാരുണ്യമെന്ന് എബ്രഹാം ലിങ്കൺ.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.