Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദേശ ജോലിയിൽ നിന്ന് ഇയാളെ അകറ്റിയ ആ കാഴ്ച

ടി.ജെ.ജെ.
narayan-krishnan

നമ്മുടെ സംസ്കാരത്തിൽ അന്നദാനം ഒരു പുണ്യകർമമായി കരുതുന്നു. വിശന്നിരിക്കുന്നവനു ഭക്ഷണം നൽകുന്ന കർത്തവ്യത്തെപ്പറ്റി യേശുവും അനുശാസിക്കുന്നുണ്ട്. മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളിൽ ഏറ്റവും പ്രധാനം ഭക്ഷണമാണ്. പാർപ്പിടവും വസ്ത്രവുമില്ലാതെ കഴിയാമെന്നു പുരാതനകാലത്തെ ചരിത്രം സാക്ഷ്യം നൽകുന്നു. എന്നാൽ ഭക്ഷണമില്ലാതെ അധികനാൾ ജീവിക്കാൻ സാധ്യമല്ല. അതുകൊണ്ടാണു മനുഷ്യനെ സൃഷ്ടിക്കുന്നതിനു മുമ്പ് അവനു ഭക്ഷിക്കാനുള്ള ഫലമൂലാദികൾ ദൈവം ഉളവാക്കിയത്. 

ഭാരതം വികസനത്തിന്റെ പാതയിലും സാമ്പത്തിക വളർച്ചയുടെ മുന്നേറ്റത്തിലുമാണെന്നു രാഷ്ട്രീയ നേതാക്കൾ അവകാശപ്പെടുകയും ഘോരഘോരം പ്രസംഗിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഒരു നേരത്തെ ഭക്ഷണത്തിനുപോലും വകയില്ലാതെ ക്ലേശിക്കുന്ന എത്രയോ ആയിരങ്ങൾ നമ്മുടെ നാട്ടിലുണ്ട്. അവരെപ്പറ്റി ഗൗനിക്കുന്നവർ എത്ര പേരുണ്ട്? നമ്മുടെ ദൃഷ്ടിയിൽപെടുന്നതു ചലിക്കുന്ന കൊട്ടാരങ്ങളും ഉയരങ്ങളിലേക്ക് എത്തുന്ന മണിമന്ദിരങ്ങളുമാണ്. തെരുവോരത്തും മരച്ചുവട്ടിലും മറ്റും നിരാലംബരായി കഴിയുന്ന പട്ടിണിപ്പാവങ്ങളെ മിക്കവരും ശ്രദ്ധിക്കുന്നില്ല. എന്നാൽ അവിടവിടെയായി ചില മനുഷ്യസ്നേഹികളും ഔദാര്യനിധികളും സഹായത്തിന്റെ കരവും നീട്ടി എത്തുന്നു എന്ന വസ്തുത കൃതജ്ഞതയോടും അഭിനന്ദനത്തോടും അനുസ്മരിക്കപ്പെടേണ്ടതാണ്. 

അപ്രകാരമുള്ള ഒരു സഹജസ്നേഹിയെപ്പറ്റി വായിക്കുവാനിടയായി. പഴയ കാലത്തെ ചരിത്രമല്ല; വർത്തമാനകാലത്തെ കാര്യമാണ്. തമിഴ്നാട്ടിലെ നാരായണൻ കൃഷ്ണനാണ് കഥാപുരുഷൻ. ഇപ്പോൾ 37 വയസ്സുമാത്രം പ്രായം. കേറ്ററിങ് പഠിച്ച് പാചകകലയിൽ പ്രാവീണ്യം നേടിയ ആളാണ്. പാചകവിദഗ്ധരുടെ ഒരു മൽസരത്തിൽ, ദേശീയതലത്തിൽ സമ്മാനാർഹനായി. ഫൈവ് സ്റ്റാർ ഹോട്ടൽ ശൃംഖലയിൽ ജോലി ഉറപ്പായി കഴിയുന്ന സമയത്ത്, കൂടുതൽ മെച്ചമായ ശമ്പളത്തിൽ സ്വിറ്റ്സർലൻഡിലെ ഒരു മികച്ച ഹോട്ടലിൽ ജോലിക്കുള്ള നിയമനം ലഭിച്ചു. സുവർണപാത മുമ്പിൽ തെളിഞ്ഞുവന്ന അവസ്ഥ. ഈശ്വരഭക്തനായ അദ്ദേഹം മധുര മീനാക്ഷി ക്ഷേത്രത്തിൽ പ്രാർഥിക്കാൻ പോയി. 

മധുരയിലേക്കുള്ള വഴിയിൽ കണ്ട ഒരു കാഴ്ച ആ യുവാവിന്റെ ഹൃദയത്തെ ആഴത്തിൽ സ്പർശിച്ചു. പട്ടിണിപ്പാവമായ ഒരു വ‍ൃദ്ധൻ സ്വന്തം മലം ഭക്ഷിക്കുന്ന കാഴ്ചയായിരുന്നു. ഒരുപക്ഷേ, സുബോധമില്ലാത്ത ഒരു മനുഷ്യനായിരിക്കാം. എന്തായാലും അത് കൃഷ്ണന്റെ മനസ്സിൽ വലിയ ആഘാതമുണ്ടാക്കി. അവിടെവച്ചു തീരുമാനമെടുത്തു, മറ്റുള്ളവരുടെ വിശപ്പടക്കുവാൻ തന്റെ കഴിവും ജീവിതവും ഉപയോഗപ്പെടുത്തുക എന്ന്. 

ദിവസവും പുലരിയിൽ കൃത്യം നാലുമണിക്കു കൃഷ്ണൻ ഉണർന്നു പാവങ്ങൾക്കു വേണ്ടിയുള്ള ഭക്ഷണം തയാറാക്കാൻ ആരംഭിക്കും. വൈകി ഉണരുന്ന ഇന്നത്തെ സംസ്കാരത്തിൽ അനേകരും തൽസമയം ഗാഢനിദ്രയിലായിരിക്കുമല്ലോ. ലളിതമായ ഭക്ഷണം, പാചകവിദഗ്ധൻ തയാറാക്കുമ്പോൾ ഹൃദ്യമായിരിക്കുമെന്നു പറയേണ്ടതില്ല. ഭക്ഷണം ഒരുക്കിക്കഴിയുമ്പോഴേക്കും സഹായികളും സഹപ്രവർത്തകരുമായ ടീമംഗങ്ങൾ എത്തിക്കഴിയും. ഒരു വാനിൽ ഭക്ഷണം കയറ്റി വീടും കൂടുമില്ലാത്ത അശരണരായ ആളുകളുടെ അടുക്കലേക്കെത്തും. ഭക്ഷണവുമായി എത്തുന്ന കൃഷ്ണനെയും കൂട്ടുകാരെയും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു സമൂഹം അവിടെയുണ്ട്. ചിലർക്കു കൃഷ്ണൻ സ്വന്തം കൈകൊണ്ട് വാരിക്കൊടുക്കാറുണ്ട്. ഭക്ഷണം ക്രമമായി കൊടുക്കുന്നതു കൂടാതെ ചിലരുടെ മുടി വെട്ടിക്കൊടുക്കുന്ന ദൗത്യവും കൃഷ്ണൻ ചെയ്യുന്നു. കൃഷ്ണൻ തന്റെ പ്രവർത്തനത്തെ ‘അക്ഷയ ട്രസ്റ്റ്’ എന്ന പേരിൽ റജിസ്റ്റർ ചെയ്ത് ഒരു പ്രസ്ഥാനമാക്കി മാറ്റി. ഉദാരമതികളായ സുമനസ്സുകളുടെ സഹായം ട്രസ്റ്റിലേക്ക് ഒഴുകിയെ‌ത്തുന്നു. 

പൊതുജനത്തെ ആകർഷിക്കേണ്ടതും സ്പർശിക്കേണ്ടതുമായ വസ്തുത കൃഷ്ണന്റെ ആത്മാർഥതയും അർപ്പണബോധവുമാണ്. ഭീമമായ ശമ്പളം കിട്ടുന്ന ജോലി സ്വിറ്റ്സർലൻഡിൽ ലഭിച്ചിട്ട്, അത് ഉപേക്ഷിച്ചാണു നിസ്വാർഥമായ ഈ സേവനത്തിനു സ്വയം അർപ്പിച്ചത്. സ്വന്തം മാതാപിതാക്കൾക്ക്, ഉന്നതമായ ഒരു ജോലി ഉപേക്ഷിച്ചതിൽ അതൃപ്തിയും നീരസവുമുണ്ടായി. പക്ഷേ, കൃഷ്ണന്റെ ജീവിതവും താലന്തും നിരാലംബരായ പട്ടിണിപ്പാവങ്ങൾക്കു ദിവസം ഒരു നേരത്തെ മൃഷ്ടാന്നഭക്ഷണം നൽകുന്നതിനു സമർപ്പിക്കപ്പെട്ടു. ഇതിനോടകം പന്ത്രണ്ടു ലക്ഷം പേർക്കു ഭക്ഷണം നൽകിക്കഴിഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്നു. 

കൃഷ്ണന്റെ ജീവിതവും പ്രവർത്തനവും ആധുനിക സമൂഹത്തിന് വ്യക്തവും ശക്തവുമായ സന്ദേശം നൽകുന്നു. നമ്മുടെ കൺമുമ്പിലുള്ള ആവശ്യക്കാരുടെ നേരെ മുഖംതിരിക്കുകയോ, കണ്ണടയ്ക്കുകയോ അല്ല വേണ്ടത്. സ്നേഹവായ്പോടെ അവരുടെ സഹായത്തിനും, വിശപ്പടക്കുന്നതിനും നമ്മൾ കഴിവതു പ്രവർത്തിക്കാൻ സന്നദ്ധരാകണം. സ്വാർഥതയാണു നമ്മുടെ ഏറ്റവും വലിയ പ്രതിബന്ധം. എപ്പോഴും സ്വന്തം ലാഭവും നേട്ടവും പദവിയും പരതിയുള്ള ഓട്ടത്തിലാണ് നമ്മിലധികം പേരും. ‘‘നമ്മിലാരും തനിക്കായിത്തന്നെ ജീവിക്കുന്നില്ല’’ എന്നുള്ള പ്രസ്താവന ഇവിടെ പ്രസക്തമാണ്. ജീവിതസംതൃപ്തി വലിയ ശമ്പളം വാങ്ങുന്നതിലോ, ആഡംബരത്തിൽ ജീവിക്കുന്നതിലോ അല്ല എന്നുള്ള തിരിച്ചറിവ് യുവാവായ കൃഷ്ണനുണ്ടായി. മറ്റുള്ളവരുടെ വിശപ്പടക്കുന്നതിലും അവർക്ക് ഒരിറ്റു സ്നേഹം കൈവരുത്തുന്നതിലും അദ്ദേഹം സംതൃപ്തി കണ്ടെത്തി. ആത്മാർഥതയോടും ഉത്തമലക്ഷ്യത്തോടും പ്രവർത്തിക്കാൻ മുതിർന്നപ്പോൾ സഹകരിക്കാൻ അനേകരും മുമ്പോട്ടു വന്നു. സേവനംകൊണ്ടും ധനംകൊണ്ടും പ്രസ്ഥാനത്തെ അനേകർ പിന്തുണയ്ക്കുന്നു. കൃഷ്ണന്റെ കാര്യം വായിച്ചപ്പോൾ കോട്ടയത്തെ നവജീവനിലെ പി.യു. തോമസിനെ ഓർത്തുപോകുന്നു.

More Moral Stories>>