Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധാർമിക രംഗത്തെ മലിനീകരണം

ടി.ജെ.ജെ.
moral-pollution

ഇന്നത്തെ സമൂഹം അധികമായി ഉത്കണ്ഠപ്പെടുന്നതും ഭയപ്പെടുന്നതും അന്തരീക്ഷ മലിനീകരണമാണ്. ശാസ്ത്രജ്ഞരും സാമൂഹികചിന്തകരും എല്ലാം ഈ വിഷയത്തെ ഗൗരവപൂർവം നേരിടുന്നു. ലോകത്തിന്റെ പലഭാഗത്തും നടക്കുന്ന ഉച്ചകോടി സമ്മേളനങ്ങൾ ഈ വിപത്തിനെ നേരിടുവാൻ കഴിയേണ്ടതിനാണ്. ഡൽഹിയിൽ ചില വാഹനങ്ങൾക്കു നിയന്ത്രണം വരുത്തിയത് അന്തരീക്ഷ മലിനീകരണം പ്രതിരോധിക്കാനായിരുന്നു. ജലസ്രോതസ്സുകളും ഈ ഭീഷണി നേരിടുകയാണ്.

തികച്ചും അപകടകരമായ മറ്റൊരു മലിനീകരണം ധാർമികവും, സാൻമാർഗികവുമായ രംഗത്ത് ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്നു (Moral Pollution). അതിന്റെ സ്വാധീനവലയത്തിൽനിന്നു വിട്ടുനിൽക്കുക തീർത്തും പ്രയാസമാണ്. നാമറിയാതെ തന്നെ നമ്മുടെ ചുറ്റുമുള്ള സമൂഹത്തിന്റെ നിലവാരത്തിലേക്കു വഴുതിപ്പോകും. അതുക്രമേണയാണു സംഭവിക്കുന്നത്. നാം നിരന്തരമായി കാണുകയും കേൾക്കുകയും വായിക്കുകയും ചെയ്യുന്നവ നമ്മുടെ ധാരണകളെയും അതുവഴി നമ്മുടെ സ്വഭാവത്തെയും ആളത്തത്തെയും സ്വാധീനിക്കുന്നു. സാമൂഹിക മാധ്യമങ്ങളുടെ കടന്നുകയറ്റം അതിശക്തമാണ്. ഫെയ്സ്ബുക്കും ട്വിറ്ററും വാട്സ്ആപ്പുമെല്ലാം നമ്മുടെ സമയം അപഹരിക്കുക മാത്രമല്ല പലരും അതിന് ‘അഡിക്റ്റ്’ ആയിത്തീർന്നുപോകുന്നു. അതിൽക്കൂടി നമ്മുടെ ചിന്താധാരകൾ നയിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നു. വാൾട് വിറ്റ്മാൻ എന്ന അമേരിക്കൻ കവി എഴുതി: There was a child went forth everyday; And the first object he looked upon that object he became; And that object became a part of him. എന്നും എഴുന്നേറ്റു പോകുന്ന ഒരു പൈതൽ, അവൻ ആദ്യം കാണുന്ന വസ്തു എന്തുതന്നെ ആയാലും, ആ വസ്തു അവനായിത്തീർന്നു; അത് അവന്റെ ഒരുഭാഗമായി പരിണമിച്ചു. ഒരു ജീവിതസത്യമാണ് ഈ വാക്കുകളിൽ അടങ്ങിയിരിക്കുന്നത്.

സിനിമയിലും, ടിവിയിലും, വാട്സ് ആപ്പിലും എല്ലാം നാം കാണുകയും കേൾക്കുകയും ചെയ്യുന്നവയും, സമയംകൊല്ലികളായ കൃതികളിൽ വായിക്കുകയും ചെയ്യുന്നവ നമ്മുടെ ചിന്താമണ്ഡലത്തെ കവരുന്നു. സിനിമയിൽ നിന്നു പ്രചോദനം പ്രാപിച്ച് മോഷണത്തിനും കൊലപാതകത്തിനും ഒരുമ്പെട്ടിട്ടുള്ളവരെക്കുറിച്ചു മാത്രമല്ല സാഹസികമായ ആത്മഹത്യാശ്രമം കണ്ടത് അനുകരിച്ചു ജീവനൊടുക്കിയ ചിലരെ കുറിച്ചും പത്രവാർത്ത വന്നിട്ടുള്ളതാണ്.

‘ഒബ്സേർവർ’ എന്ന അമേരിക്കൻ പ്രസിദ്ധീകരണത്തിൽ സ്ത്രീകൾ അധികമായി മദ്യാസക്തിയിലേക്കു പോകുന്നതിനെക്കുറിച്ചു പഠനം നടത്തിയിരുന്നു. ‘ടോണിക് വൈൻ’ എന്ന ഓമനപ്പേരു നൽകിക്കൊണ്ട് അതു ക്രമമായി ഉപയോഗിച്ചാൽ മാനസിക സംഘർഷങ്ങളും പിരിമുറുക്കങ്ങളും നീങ്ങിക്കിട്ടുമെന്നും നിങ്ങളുടെ നൻമയ്ക്ക് അത് ഉപയുക്തം എന്നുമുള്ള പരസ്യം അനേകരെ മദ്യപാനത്തിലേക്കു വലിച്ചിഴയ്ക്കുകയായിരുന്നു. രാഷ്ട്രീയമായ മസ്തിഷ്കപ്രക്ഷാളനത്തെക്കുറിച്ചു വിമർശിക്കപ്പെടുകയും ചർച്ച നടത്തുകയും ഒക്കെയുണ്ട്. പലതരത്തിലുള്ള ബ്രെയിൻ വാഷിങ് ഇന്നു നടക്കുന്നു എന്നത് ഒരു സത്യമാണ്. കുടുംബത്തകർച്ചയെപ്പറ്റിയുള്ള ഒരു ചർച്ചയിൽ ഒരാൾ പറഞ്ഞു: പിഎംഎസ്സും ഇഎംഎസും ഒക്കെയാണ് ഇന്നത്തെ കുഴപ്പക്കാർ. രണ്ടു വ്യക്തികളെക്കുറിച്ചാണു പറഞ്ഞതെന്നു ധരിച്ചപ്പോൾ Pre Marital Sex (PMS), Extra Marital Sex (EMS) വിവാഹത്തിനു മുൻപുള്ള ലൈംഗിക വേഴ്ചകളും വിവാഹബന്ധത്തിനു പുറത്തുനടക്കുന്ന അവിഹിതവേഴ്ചകളുമെന്ന വിശദീകരണമുണ്ടായി. തിൻമയെന്നും പാപമെന്നും കരുതിപ്പോന്ന പലതും ഇന്ന് അങ്ങനെയല്ലാത്ത വീക്ഷണത്തിൽ ആയിത്തീർന്നിരിക്കുന്നു. മദ്യം ഇന്ന് Status Symbol ആണ്. ആഘോഷങ്ങൾക്ക് അവിഭാജ്യഘടകം ആയിത്തീർന്നിരിക്കുന്നു.

പരസ്യങ്ങൾ എങ്ങനെ നമ്മുടെ ഉപബോധമനസ്സിൽ കടന്ന് നമ്മുടെ വീക്ഷണത്തെയും പെരുമാറ്റത്തെയും അണിയുന്ന വേഷങ്ങളെയുമെല്ലാം സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു എന്നുള്ളതിനെപ്പറ്റി ഒരമേരിക്കൻ സാമൂഹിക ചിന്തകൻ വിശദമായ പഠനം നടത്തി. Subliminal Seduction - സബ്ലിമിനൽ സെഡക്‌ഷൻ – എന്ന പേരിൽ ഒരു കൃതി പ്രസിദ്ധീകരിച്ചു. മുപ്പതിലധികം ഉദാഹരണ ചിത്രങ്ങൾ പരസ്യലോകത്തുനിന്നു പ്രസിദ്ധീകരിച്ചുകൊണ്ട് അവ എപ്രകാരം നമ്മുടെ ഉപബോധമണ്ഡലത്തിൽ പ്രവർത്തിക്കുന്നു എന്ന് മനഃശാസ്ത്രപരമായി വിശദീകരിച്ചിട്ടുണ്ട്.

അതിലെ നിഗമനങ്ങൾ ഏതു സമൂഹത്തിനും പ്രസക്തമാണ്. പുകച്ചുരുൾ ഉയർത്തുന്ന സിഗരറ്റുമായി ഉല്ലാസപൂർവം നിൽക്കുന്ന യുവമിഥുനങ്ങൾ പലയിടത്തും കാണുന്ന ചിത്രമാണ്. ‘പുകവലി ആരോഗ്യത്തിനു ഹാനികരം’ എന്നുള്ള കുറിപ്പ് ആരുടെയും ദൃഷ്ടിയിൽ പെടാത്തവണ്ണം അതിൽ ഉണ്ടാകുമെന്നുള്ളതു ശരിതന്നെ. മീഡിയയിൽ കാണുന്ന അരുതാത്ത കാര്യങ്ങൾ പരീക്ഷിച്ചു നോക്കാനാണ് പ്രലോഭനമുണ്ടാകുന്നത്. നൻമയുടെ മുകുളങ്ങൾ ഉണ്ടെങ്കിലും അവ ശ്രദ്ധിക്കപ്പെടുകയില്ല.

സാറ്റർഡേ റിവ്യൂവിൽ കണ്ട ഒരു വാചകം വളരെ പ്രസക്തമായിത്തോന്നി. Nothing is more difficult in the modern world than to protect the privacy of the human soul. മനുഷ്യാത്മാക്കളുടെ രഹസ്യാത്മകത സംരക്ഷിക്കുവാൻ കഴിയാത്ത അവസ്ഥയാണ് ആധുനിക ലോകത്തിലുള്ളത്. നമ്മുടെ ഹൃദയത്തിന്റെ സ്വസ്ഥതയും ശാന്തതയും ഭദ്രതയും ഭഞ്ജിക്കുവാൻ പോരുന്ന സമ്മർദങ്ങളാണു ചറ്റുമുള്ള സാഹചര്യങ്ങൾ നമ്മുടെമേൽ വരുത്തുന്നത്. നിരന്തരമായി കാണുകയും കേൾക്കുകയും വായിക്കുകയും ചെയ്യുന്നവ നമ്മുടെ മനസ്സിന്റെ അഗാധതലത്തിൽ ചെന്നെത്തുന്നു. അവ നമ്മുടെ ചിന്താധാരകളെ സ്വാധീനിക്കുന്നു. പിന്നീട് അവ നമ്മുടെ സംഭാഷണങ്ങളിലും പെരുമാറ്റങ്ങളിലും ചെയ്തികളിലും പ്രതിഫലിക്കുകയും ചെയ്യുന്നു. അതുകൊണ്ടു നാം വളരെ കരുതലും സൂക്ഷ്മതയും വിവേചനവും പുലർത്തേണ്ടതായുണ്ട്. ജീവിതത്തിന്റെ എല്ലാമേഖലകളിലേക്കും വെളിച്ചം വീശുന്ന ഉപദേശങ്ങളും അനുശാസനങ്ങളും നടത്തുന്ന വ്യക്തിയാണ് അപ്പോസ്തോലനായ പൗലോസ്. അദ്ദേഹം റോമിലെ വിശ്വാസികളുടെ സമൂഹത്തിന് എഴുതുമ്പോൾ അവരെ അനുസ്മരിപ്പിക്കുന്ന ഒരു സന്ദേശം ശ്രദ്ധേയമാണ്; ‘ഈ ലോകത്തിന്റെ (ധാർമികതയും ദൈവികമൂല്യങ്ങളും നിഷേധിക്കുന്ന വ്യവസ്ഥിതി) മാനദണ്ഡങ്ങൾക്ക് ആധാരമായിരിക്കരുത്. ദൈവം നിങ്ങളുടെ മനസ്സു പുതുക്കി നിങ്ങളെ രൂപാന്തരപ്പെടുത്തട്ടെ. അപ്പോൾ വിശിഷ്ടവും ദൈവത്തിനു പ്രസാദകരവും സമ്പൂർണവുമായ തിരുഹിതം എന്തെന്നു വിവേചിച്ചറിയുന്നതിനു നിങ്ങൾക്കു കഴിയും’. ധാർമിക മലിനീകരണത്തെ ചെറുത്തുനിൽക്കാൻ മാനസികവും ആത്മീയവുമായ ഒരു ശാക്തീകരണം ആവശ്യമാണ്. അതിനായി പ്രാർഥിക്കുകയും പരിശ്രമിക്കുകയും ചെയ്യാം.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.