ADVERTISEMENT

കോവിഡ്-19 എന്ന മഹാമാരി ആഗോള തൊഴിൽ കമ്പോളത്തേയും വാണിജ്യ മേഖലയെയും എത്രമാത്രം പ്രതികൂലമായി ബാധിച്ചുവെന്ന് നാമെല്ലാവരും മാധ്യമങ്ങളിൽ കൂടി കാണുന്നതാണ്. അതുകൊണ്ടുതന്നെ വരാനിരിക്കുന്നത് നമ്മുടെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലഘട്ടമായിരിക്കും. തൊഴിൽ നഷ്ടപ്പെടൽ, കുറഞ്ഞ ഉൽപാദനക്ഷമത, നൈപുണ്യക്കുറവ്, ചെറുകിട വ്യാവസായിക മേഖലകളിലുള്ള സാമ്പത്തിക പ്രതിസന്ധികൾ തുടങ്ങിയ പ്രശ്നങ്ങൾ തൊഴിൽമേഖലയെ ശക്തമായി ബാധിക്കും. അതുകൊണ്ടുതന്നെ  കൂടുതൽ ഉൽപാദനക്ഷമതയും നൈപുണ്യവും ഉള്ളവർക്ക് മാത്രമായിരിക്കും ഇനി വിദ്യാഭ്യാസയോഗ്യത അനുസരിച്ചുള്ള തൊഴിൽ ലഭിക്കുക. 

ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റുമായി സഹകരിച്ച് ഐബിഎം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബിസിനസ് വാല്യൂ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ, മാറിക്കൊണ്ടിരിക്കുന്ന വിപണികളുമായി പൊരുത്തപ്പെടുന്നതിൽ രാജ്യത്തെ ഉന്നത വിദ്യാഭ്യാസം പരാജയപ്പെട്ടുവെന്ന് ഇന്ത്യയിലെ പ്രമുഖ അക്കാദമിക് വിദഗ്ധരിൽ 61% പേരും വിശ്വസിക്കുന്നതായി പറയുന്നു. ‘അപ്സ്‌കില്ലിങ്  ഇന്ത്യ’ എന്ന് പേരിട്ടിരിക്കുന്ന റിപ്പോർട്ട്, മാറിവരുന്ന സംരംഭക സംസ്കാരവും യുവത്വത്തിൽ ഊന്നിയുള്ള മാനവ വിഭവശേഷിയും ഇന്ത്യയുടെ ഭാവി ശോഭിതമാക്കുമെന്നു പറയുമ്പോഴും യുവജനങ്ങളിലെ നൈപുണ്യത്തിന്റെ കുറവ് വലിയൊരു വിടവായി എടുത്തുകാണിക്കുന്നു. ഈ വെല്ലുവിളിയെ മറികടക്കാൻ, പുതിയ സാങ്കേതിക വിദ്യകൾ പഠിച്ചും അനുഭവ പരിചയം നേടിയും നൈപുണ്യം വർധിപ്പിക്കാൻ വിദ്യാർഥികൾക്കു സാധിക്കും.

നാലാം വ്യാവസായിക വിപ്ലവത്തിന് അരങ്ങൊരുങ്ങുന്ന ഈ കാലത്ത് ആഗോളതലത്തിൽ ബിസിനസുകളിൽ സാങ്കേതികവിദ്യ വലിയ മാറ്റങ്ങൾ വരുത്തുന്നു, വ്യാവസായിക ഉത്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിന് വളർന്നുവരുന്ന സാങ്കേതികവിദ്യകളെ എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് ശക്തമായ ധാരണയുള്ള മാനേജർമാർ ആവശ്യമാണ്. ഇന്ത്യയിൽ ബിസിനസ് ബിരുദധാരികളിൽ കൂടുതലും ഇക്കാര്യത്തിൽ പിന്നിലാണ്. അത് മൂലം തൊഴിൽ നേടുന്നതിൽ വലിയ കാലതാമസം നേരിടേണ്ടിവരുന്നു. അതിനാൽതന്നെ വരുംകാലത്ത് നിർബന്ധമായും ആർജിക്കേണ്ട സ്കില്ലുകൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം. 

കോംപ്ലക്സ് പ്രോബ്ലം സോൾവിങ്

വിവിധ പ്രശ്നങ്ങൾക്ക് സവിശേഷവും ക്രിയാത്മകവുമായ പരിഹാരങ്ങൾ സൃഷ്ടിക്കാൻ ഒരു വ്യക്തിയെ പ്രാപ്തനാക്കുന്ന ഒരു കഴിവാണിത്. ഈ കഴിവിലൂടെ സങ്കീർണമായ പ്രശ്നങ്ങൾ തിരിച്ചറിയാനും ആ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ അവലോകനം ചെയ്യാനും പരിഹാരത്തിനുള്ള ഓപ്ഷനുകൾ വിലയിരുത്താനും കഴിയും. ലോജിക് ഗെയിമുകൾ വഴിയും പസിൽ സോൾവിങ്, മൈൻഡ് മാപ്പിങ് തുടങ്ങിയവയിലൂടെയും ഈ സ്കിൽ ഉയർത്താൻ സാധിക്കും. 

ക്രിട്ടിക്കൽ തിങ്കിങ്


ആശയങ്ങൾ തമ്മിലുള്ള യുക്തിസഹമായ ബന്ധം മനസ്സിലാക്കാനും വ്യക്തമായും യുക്തിസഹമായും ചിന്തിക്കാനുമുള്ള കഴിവാണ് വിമർശനാത്മക ചിന്ത അഥവാ ക്രിട്ടിക്കൽ തിങ്കിങ്. ശരിയായ വിമർശനാത്മക ചിന്തയ്ക്ക് മികച്ച തീരുമാനങ്ങളിലേക്ക് നയിക്കുവാനാകും. കരിയർ വിജയം, നന്നായി അഭിപ്രായങ്ങൾ പറയുക എന്നിങ്ങനെ നിരവധി നേട്ടങ്ങൾ സൃഷ്ടിക്കുവാനും കഴിയും. നിത്യജീവിതത്തിൽ നമ്മുടെ മുന്നിൽ വരുന്ന പ്രശ്നങ്ങളെയും കേസ് സ്റ്റഡികളെയും എല്ലാം വ്യക്തമായ നിരീക്ഷണം,  വിശകലനം, വ്യാഖ്യാനം, പ്രതിഫലനം, വിലയിരുത്തൽ എന്നിവ നടത്തി ഈ സ്കിൽ മെച്ചപ്പെടുത്താൻ സാധിക്കും. 

ക്രിയേറ്റിവിറ്റി

പുതിയ ആശയങ്ങൾ രൂപപ്പെടുത്താനും നിലവിലുള്ള പ്രശ്നങ്ങൾക്ക് പുതിയ മാർഗരേഖ നിർമിക്കാനുമുള്ള കഴിവാണിത്. മറ്റുള്ളവരിൽനിന്ന് വ്യത്യസ്തമായി ചിന്തിക്കുവാനും മികച്ച രീതിയിൽ പ്രവർത്തിക്കാനും കഴിഞ്ഞാൽ വിജയം ഉറപ്പാണ്.

പീപ്പിൾ മാനേജ്മെന്റ്

ഒരു യന്ത്രത്തിനും മികച്ച തൊഴിലാളിയെ മാറ്റി സ്ഥാപിക്കാനോ ഒരു ടീമിനെ മാനേജ് ചെയ്യുവാനോ ലീഡർമാരെ സൃഷ്ടിക്കുവാനോ കഴിയില്ല. അതിനാൽ നേതൃത്വവും മാനേജർ കഴിവുകളും ബന്ധപ്പെട്ടിരിക്കുന്നു. ഗ്രൂപ്പ് ആക്ടിവിറ്റികളിലുള്ള പങ്കാളിത്തത്തിലൂടെയും നേതൃത്വത്തിലൂടെയും ഈ കഴിവ് ആർജ്ജിക്കാം. 

 

ഇമോഷണൽ ഇന്റലിജൻസ്

നിങ്ങളുടെ സ്വന്തം വികാരങ്ങളെ ക്രിയാത്മകമായി മനസ്സിലാക്കാനും ഉപയോഗിക്കുവാനും അതിലൂടെ സമ്മർദ്ദം ലഘൂകരിക്കുവാനും ഫലപ്രദമായി ആശയവിനിമയം നടത്തുവാനും മറ്റുള്ളവരുടെ മാനസികാവസ്ഥ മനസ്സിലാക്കി പെരുമാറുവാനും വെല്ലുവിളികളെ അതിജീവിക്കാനും അതുവഴി സംഘർഷം പരിഹരിക്കാനുമുള്ള കഴിവാണിത്. സ്വയം ബോധവൽക്കരണം, സ്വയം നിയന്ത്രണം, പ്രചോദനം, സഹാനുഭൂതി, സോഷ്യൽ സ്കിൽ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

ജഡ്ജ്മെന്റ് ആൻഡ് ഡിസിഷൻ മേക്കിങ്

ഡിജിറ്റൽ യുഗത്തിൽ ഉപയോഗപ്രദമാകുന്ന രീതിയിൽ മികച്ച തീരുമാനങ്ങൾ കുറഞ്ഞ സമയപരിധിയിൽ എടുക്കാൻ എല്ലാവരും പ്രാപ്തരായിരിക്കണം. അതുകൊണ്ടുതന്നെ ഒരു വലിയ അളവിലുള്ള ഡേറ്റ സംയോജിപ്പിക്കാനും ഡേറ്റ അനലിറ്റിക്സ് ഉപയോഗിക്കാനും ഡേറ്റ ശരിയായി വ്യാഖ്യാനിക്കാനുമുള്ള ഒരാളുടെ കഴിവുമായി ഈ വൈദഗ്ധ്യം ബന്ധപ്പെട്ടിരിക്കുന്നു.

സർവീസ് ഓറിയന്റേഷൻ

മറ്റുള്ളവരുടെ ആവശ്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കുവാനും അവ ഏറ്റവും മികച്ച രീതിയിൽ നിറവേറ്റാനുമുള്ള കഴിവാണിത്. ആശയവിനിമയത്തിലൂടെയും നിരീക്ഷണത്തിലൂടെയും മറ്റും ഈ കഴിവ് ആർജിച്ചെടുക്കാം.

നെഗോഷ്യേഷൻ

ദൈനംദിന സാഹചര്യങ്ങളിൽ ചർച്ച ചെയ്യാനുള്ള കഴിവ് വളരെ വിലമതിക്കപ്പെടുന്നു. ഈ നൈപുണ്യം ഒരു വ്യക്തിയെ തൊഴിൽ സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനോ മികച്ച വില നേടാനോ അല്ലെങ്കിൽ ഒരു വിൻ-വിൻ സാഹചര്യത്തിലേക്ക് വരുന്നതിനോ സഹായിക്കും. മികച്ച തയ്യാറെടുപ്പുകളിലൂടെ മീറ്റിങ്ങുകളിൽ പങ്കെടുക്കാനും സാഹചര്യങ്ങളും കാര്യഗൗരവവും മനസ്സിലാക്കി ഇടപാടുകൾ നടത്തുവാനും ഇതിലൂടെ സാധിക്കും.

കോഗ്നിറ്റീവ് ഫ്ലെക്സിബിലിറ്റി

രണ്ട് വ്യത്യസ്ത ആശയങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിന്നോ അല്ലെങ്കിൽ ഒന്നിലധികം ആശയങ്ങളെക്കുറിച്ച് ഒരേസമയം ചിന്തിക്കുന്നതിനോ ഉള്ള കഴിവിനെ കോഗ്നിറ്റീവ് ഫ്ലെക്സിബിലിറ്റി എന്ന് പറയുന്നു. പുതിയ സാഹചര്യങ്ങളുമായി വേഗത്തിൽ പൊരുത്തപ്പെടാനുള്ള ഈ കഴിവ് ഒരാളുടെ തലച്ചോറ് പ്രവർത്തനവും സമ്മർദ്ദത്തോടുള്ള പ്രതിരോധവും വർദ്ധിപ്പിക്കുന്നു.

തൊഴിൽ മേഖലകൾ സാങ്കേതികമായി ഒരുപാട് മാറിയിരിക്കുന്നു. വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ ഏകദേശം 5 ദശലക്ഷം തൊഴിലുകൾ  അപ്രത്യക്ഷമാകുമെന്നാണ് പ്രവചനങ്ങൾ. അതിനാൽ തന്നെ പുതിയ രംഗത്ത് മികച്ച പ്രഫഷനലുകൾക്ക് ഡിമാൻഡ് കൂടുകയാകും ചെയ്യുക. അതിനാൽ ആളുകൾ പുതിയ ട്രെൻഡുകൾ പിന്തുടരുക, പുതിയ ജോലികൾ പര്യവേക്ഷണം ചെയ്യുക, പുതിയ തൊഴിൽ ആവശ്യകതകളുമായി ബന്ധപ്പെട്ട കഴിവുകൾ ആർജ്ജിക്കുക എന്നത് നിലനിൽപിന്റെ ആവശ്യമാണ്. അതിനാൽ തന്നെ കൊറോണ കാലത്ത് വെറുതെ പാഴാക്കി കളയുന്ന സമയം മികവുറ്റ രീതിയിലേക്ക് മാറ്റിയാൽ കാത്തിരിക്കുന്നത് ശോഭനമായ ഒരു ഭാവി ആയിരിക്കും.

English Summary : Adapting training and skills development to meet the COVID-19 Challenge

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com