ADVERTISEMENT

പുതിയ വിദ്യാഭ്യാസ നയം NEP-2020 യിലെ പ്രസക്തമായ ഭാഗം ആണ് താഴെ ഉദ്ധരിക്കുന്നത്.‘അറിവ്, ജ്ഞാനം, സത്യം എന്നിവ പിന്തുടരുന്നത് എല്ലായ്പ്പോഴും ഇന്ത്യൻ ചിന്തയിലും തത്ത്വചിന്തയിലും ഏറ്റവും ഉയർന്ന മനുഷ്യ ലക്ഷ്യമായി കണക്കാക്കപ്പെട്ടിരുന്നു. പുരാതന ഇന്ത്യയിലെ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ഈ ലോകത്തിലെ ജീവിതത്തിനുള്ള തയാറെടുപ്പായി അറിവ് നേടിയെടുക്കുക മാത്രമല്ല, അല്ലെങ്കിൽ സ്കൂൾ വിദ്യാഭ്യാസത്തിനപ്പുറമുള്ള ജീവിതം എന്നതിലല്ല, മറിച്ച് സ്വയം പൂർണമായി സാക്ഷാത്കരിക്കാനും വിമോചനത്തിനുമായിരുന്നു. പുരാതന ഉന്നത പഠന സ്ഥാപനങ്ങളായ തക്ഷശില, നളന്ദ, വിക്രംശില, വല്ലഭി തുടങ്ങിയവ മൾട്ടി ഡിസിപ്ലിനറി അധ്യാപനത്തിന്റെയും ഗവേഷണത്തിന്റെയും ഉയർന്ന നിലവാരം പുലർത്തുകയും വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള പണ്ഡിതന്മാർക്കും വിദ്യാർഥികൾക്കും ആതിഥേയത്വം വഹിക്കുകയും ചെയ്തു. ചരക, സുശ്രുത, ആര്യഭട്ട, വരാഹമിഹിര, ഭാസ്‌കരാചാര്യ, ബ്രഹ്മഗുപ്ത, ചാണക്യ, ചക്രപാണി ദത്ത, മാധവ, പാണിനി, പതഞ്ജലി, നാഗാർജുന, ഗൗതമ, പിംഗല, ശങ്കർദേവ്, മൈത്രേയി, ഗാർഗി, തിരുവള്ളുവർ തുടങ്ങി വിവിധ മേഖലകളിൽ ലോകവിജ്ഞാനത്തിന് സംഭാവന നൽകിയ നിരവധി പേർ ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തിലുണ്ട്. ഇന്ത്യൻ സംസ്കാരവും തത്ത്വചിന്തയും ലോകത്ത് ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ലോകപൈതൃകത്തിലേക്കുള്ള ഈ സമ്പന്നമായ പാരമ്പര്യങ്ങൾ പിൻതലമുറയ്ക്കായി പരിപോഷിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുക മാത്രമല്ല, നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ ഗവേഷണം നടത്തുകയും മെച്ചപ്പെടുത്തുകയും പുതിയ ഉപയോഗത്തിനായി ഉപയോഗിക്കുകയും വേണം.’

വിദ്യാഭ്യാസ പ്രക്രിയയുടെ അടിസ്ഥാന തത്വമായി സ്വീകരിച്ചിരിക്കുന്ന അവയിലൊന്നാണ് ക്രിയേറ്റിവിറ്റിയും ക്രിട്ടിക്കൽ തിങ്കിങ്ങും. ക്രിയേറ്റിവിറ്റി എന്ന വാക്ക് ഈ ഡോക്യുമെന്റിൽ 11 പ്രാവശ്യം ഊന്നൽ നൽകി പ്രസ്താവിച്ചിട്ടുണ്ട്. 

എന്താണ് ക്രിയേറ്റിവിറ്റി (സർഗ്ഗാത്മകത) ?

പുതിയ ആശയത്തിലൂടെ ഒന്നിനെ സൃഷ്ടിക്കുക എന്നതാണ് ക്രിയേറ്റിവിറ്റി. അത് ഒരു സാഹിത്യസൃഷ്ടിയാവാം, ആർട്ട്ഫോം ആവാം, നാം ഇതുവരെ സങ്കൽപിച്ചിട്ടില്ലാത്ത ഒരു പ്രോഡക്ട് ആവാം.

19, 20 നൂറ്റാണ്ടുകളുടെ ആവശ്യത്തിനുതകുന്ന, അതായത് ആ കാലത്തിന്റെ വ്യവസായത്തിനും സർക്കാർ സേവനത്തിനുള്ള ഗുമസ്തൻമാരെ സൃഷ്ടിക്കാൻ ഉതകുന്ന ഒരു മെക്കോളെ വിദ്യാഭ്യാസ സമ്പ്രദായമാണ് നാം ഇന്നും പിന്തുടരുന്നത്. ഭാവിയെപ്പറ്റി വളരെ അനിശ്ചിതത്വം നിലനിൽക്കുന്ന ഒരു കാലമാണ് ഇത്. കൊറോണ വൈറസിന്റെ ആക്രമണത്തെ പ്രതിരോധിച്ചും ഭാവിയിൽ എന്തൊക്കെ വൈറസുകൾ നമ്മെ ആക്രമിക്കും എന്നറിയാതെ അതിനെ പ്രതിരോധിക്കാനുള്ള ക്രിയേറ്റിവിറ്റി ഉണ്ടാക്കാനായും നമുക്ക് പുതിയ തലമുറയെ വാർത്തെടുക്കാം. 

Civilization is a race between education and catastrophe- H.G. Wells.

ലോജിക്ക് ബിൽഡിങ്, ക്രിയേറ്റിവിറ്റിയുടെ ഒരു ഭാഗമാണ്. ഇതിന് നമ്പർ, ഷേപ്പ്, പാറ്റേൺ എന്നിവയുടെ പഠനം ആവശ്യമാണ്. ഗണിതം, ശാസ്ത്രം, ആസ്ട്രോണമി എന്നീ ശാഖകളിലെ അറിവും പരിജ്ഞാനവും ലോജിക്കൽ റീസണിങ്,  ക്രിയേറ്റിവിറ്റി എന്നിവ വികസിപ്പിക്കാൻ അത്യാവശ്യമാണ്.  സമൂഹത്തിന്റെയും വ്യക്തിയുടെയും സാമ്പത്തിക ഉന്നമനത്തിനും സ്വന്തം രാജ്യത്തിന്റെയും ചുറ്റുമുള്ള സമൂഹത്തിന്റെയും സംസ്കാരം ഉൾക്കൊള്ളുവാനും സമൂഹത്തെയും തന്റെ ചുറ്റുപാടുമുള്ളവരെ സ്നേഹിക്കുവാനും ശുശ്രൂഷിക്കാനും ഉതകുന്ന രീതിയിലായിരിക്കണം ഏതു വിദ്യാഭ്യാസ സമ്പ്രദായവും മാറ്റേണ്ടത്. എന്നാൽ അതോടൊപ്പം എങ്ങനെ ഒരു വ്യക്തിയെ ക്രിയേറ്റീവ് ആക്കാൻ നമ്മുടെ സ്കൂളുകളെ മാറ്റിയെടുക്കുവാൻ സാധിക്കുമെന്നതുകൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. 

പ്രശസ്ത ഗണിതശാസ്ത്രജ്ഞനായിരുന്ന രാമാനുജനെ പറ്റി പ്രതിപാദിക്കുന്ന ‘The man who know Infinity’ എന്ന സിനിമയിൽ, രാമാനുജനും ഭാര്യയും ബീച്ചിൽ നടക്കുമ്പോൾ രാമാനുജൻ ഒരു ചോദ്യം പ്രിയതമയോട് ചോദിക്കുന്നു: നീ എന്ത് കാണുന്നു. അവളുടെ മറുപടി -sand എന്നാണ്. ഉടനെ രാമാനുജൻ ഒരു പിടി മണൽ കയ്യിലെടുത്തു പറയുകയാണ്: നീ ഇതിനെ കൂടുതൽ അടുത്തു നോക്കിയാൽ ഇതിൽ ഓരോ തരിയും അതിന്റെ പാറ്റേണും കാണാൻ സാധിക്കും. എല്ലാ മണൽത്തരിയിലും ഓരോ പാറ്റേൺ കാണാൻ സാധിക്കും. 

രാമാനുജന്റെ ‘Theory of Summation’ ഉം ആര്യഭട്ടയുടെ പൂജ്യത്തിന്റെ  കണ്ടുപിടുത്തവും വേദിക്ക് മാത്തമാറ്റിക്സിലെ കണക്കിന്റെ വിരുതുകളും  വിദ്യകളും ശകുന്തളാ ദേവിയുടെ മനക്കണക്കിന്റെ ശക്തിയും കണ്ടുപിടുത്തത്തിന്റെയും ക്രിയേറ്റിവിറ്റിയുടെയും പഴയ ഉദാഹരണങ്ങളാണ്.  മനുഷ്യശരീരത്തിൽ വ്യാപിച്ചിരിക്കുന്ന കൊറോണവൈറസിനെ  കണ്ടുപിടിക്കാനായി പല രീതിയിലുള്ള ടെസ്റ്റുകൾ ഡെവലപ്പ് ചെയ്തത്  ഈ കാലഘട്ടത്തിലെ ഒരു ക്രിയേറ്റിവിറ്റി ആണ്. അതുപോലെ ധാരാളം എണ്ണിപ്പറയാവുന്ന കണ്ടുപിടുത്തങ്ങളും ഈ കോറോണക്കാലത്ത് ഉണ്ടായിട്ടുണ്ട്. 

കെൻ റോബിൻസൺ  തന്റെ‘ ക്രിയേറ്റീവ് സ്കൂൾസ്’ എന്ന പുസ്തകത്തിൽ ‘Creativity is the process of having original ideas that have values’. എന്നാണ് നിരൂപിച്ചിരിക്കുന്നത്. ക്രിയേറ്റിവിറ്റിയെപ്പറ്റി പല മിഥ്യാധാരണകളും ഉണ്ട്.

i) ചില പ്രത്യേക ആളുകൾക്ക് മാത്രമേ ഈ കഴിവുള്ളൂ.

ii) ഇത് ഒരു ആർട് ഫോം ആണ് 

iii) ക്രിയേറ്റിവിറ്റി പഠിപ്പിക്കാൻ സാധിക്കയില്ല.

iv) പരസ്യമായി പ്രതികരിക്കുന്നവരിൽ മാത്രമാണ് ക്രിയേറ്റിവിറ്റി ഉള്ളത്.

അങ്ങനെ ക്രിയേറ്റിവിറ്റി ചിലരിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒരു കഴിവല്ല. ഇത് എല്ലാ മനുഷ്യരിലും ഉണ്ട്. അതു വികസിപ്പിച്ചെടുക്കുക എന്നതാണ് വിദ്യാഭ്യാസത്തിലൂടെ സാധിക്കേണ്ടത്.

ഓരോ കാര്യം പഠിക്കുമ്പോഴും അതിനെ ചോദ്യം ചെയ്യാനുള്ള ഒരു പ്രവണത കുട്ടികളിൽ വളർത്തിയെടുക്കാൻ കഴിഞ്ഞാൽ ഇത് ഒരു അളവ് വരെ സാധിക്കും. കണ്ടുപിടിക്കാനുള്ള അഭിരുചിയും ജോലി ചെയ്യുവാനുള്ള തീവ്രതാൽപര്യവും അവരിൽ ആവശ്യമാണ്. അതോടൊപ്പം കാലത്തിന്റെ ആവശ്യകതയും. 

ഒരാൾ ചെയ്തുകൊണ്ടിരിക്കുന്ന ജോലിയിലെ കാഠിന്യം ഒഴിവാക്കാനായി എന്ത് പുതിയ കണ്ടുപിടുത്തം നടത്തണമെന്ന് ചിന്തിപ്പിക്കാനുതകുന്ന പ്രചോദനം നൽകുന്ന വിദ്യാഭ്യാസ രീതി ഉടലെടുക്കണം. ഹാക്കത്തോൺ, ടെക്നിക്കൽ ആൻഡ് ആർട്ട്‌ കോംപറ്റിഷൻ എല്ലാം ഇതിന് ഉപോൽബലം നൽകുന്ന പ്രക്രിയയാണ്. നമ്മുടെ അധ്യാപക സമൂഹവും സ്കൂളുകളും ഇതിനുവേണ്ടി എങ്ങനെ മാറ്റപ്പെടണം എന്ന രൂപരേഖ തയാറാക്കേണ്ടതാണ് ഇതിന്റെ ആവശ്യം. വിദ്യാർഥികളെ ഇതിലേക്ക് പ്രചോദനം നൽകി അവർക്ക് അറിവും കഴിവും പ്രദാനം ചെയ്ത്,  ആത്മവിശ്വാസം വളർത്തുന്നതുവഴി അവരിൽ ക്രിയേറ്റിവിറ്റി വാർത്തെടുക്കാൻ സാധിച്ചാൽ NEP അർഥവത്താകും.

English Summary : New Education Policy aimed at building job creators instead of employment seekers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com