ADVERTISEMENT

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രശസ്തമായ ഏഴാം നമ്പർ ജഴ്‌സി വിരമിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ കരിയർ മത്സരപരീക്ഷകൾക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്കു നൽകുന്ന ഏഴ് ജീവിതപാഠങ്ങൾ ചുവടെ ചേർക്കുന്നു.

1. പരാജയങ്ങൾ നിങ്ങളെ നിർവ്വചിക്കാൻ അനുവദിക്കരുത്
2004-ൽ ധോണി തന്റെ അരങ്ങേറ്റ മത്സരത്തിൽ റണ്ണൗട്ടായി. ആ വിനാശകരമായ തുടക്കത്തിൽനിന്ന് പതിന്മടങ്ങ് ശക്തിയോടെ തിരിച്ചു വന്ന ധോണിയാണ് ഇന്ത്യയെ ലോകകപ്പ് നേട്ടത്തിലേക്ക് നയിച്ചത്. നിങ്ങളുടെ പരീക്ഷാ തയാറെടുപ്പു യാത്രയിൽ പരാജയങ്ങൾ സംഭവിക്കുന്നത് തികച്ചും സാധാരണമാണ്. എന്നാൽ നിങ്ങൾ സ്വന്തം കഴിവുകളിൽ വിശ്വസിച്ച്, തെറ്റുകൾ തിരുത്തി കഠിനാധ്വാനം ചെയ്യാൻ സന്നദ്ധരാണെങ്കിൽ  ആത്യന്തികമായി  വിജയിക്കുകതന്നെ ചെയ്യും.

2. അവസാന പന്തുവരെ കളി തീരുന്നില്ല.
ഇന്ത്യൻ ക്രിക്കറ്റിലെ മികച്ച ഫിനിഷർമാരിൽ ഒരാളാണ് ധോണി. പ്രതിബന്ധങ്ങളിൽ. തളരാതെ ടീമിനെ സ്വന്തം ചുമലിലേറ്റി വിജയത്തിലേക്ക് നയിക്കാൻ അദ്ദേഹത്തിനു സാധിച്ചു. ഉദ്യോഗാർഥികൾ തങ്ങളുടെ സ്റ്റഡി പ്ലാൻ അനുസരിച്ച് പഠന ഭാഗങ്ങൾ പൂർത്തിയാക്കണം. പല വിദ്യാർഥികൾക്കും പരീക്ഷയടുക്കുമ്പോൾ കൂടുതൽ ടെൻഷൻ ഉണ്ടാകുന്നു. പരീക്ഷയിൽ ഏറ്റവും നല്ല പ്രകടനം കാഴ്ച വയ്ക്കാൻ കഴിയാതെയും  വരുന്നു. ധോണിയെ പോലെ ഒരു നല്ല ഫിനിഷറാകാൻ ഓരോരുത്തരും പഠിക്കേണ്ടതുണ്ട്. 

3. നിങ്ങളുടേതായ ശൈലി ഉണ്ടാക്കുക 
ശരിയായ ബാറ്റിങ് രീതി പിന്തുടരാത്തതിന്റെ പേരിൽ ധോണി തുടക്കത്തിൽ വളരെയേറെ വിമർശിക്കപ്പെട്ടിരുന്നു. എന്നാൽ ഹെലികോപ്റ്റർ ഷോട്ട് പോലെയുള്ള സിഗ്നേച്ചർ ഷോട്ടുകളിലൂടെ, സാങ്കേതികമായി മുന്നിട്ടുനിൽക്കുന്ന ബാറ്റ്സ്മാൻമാരെക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ അദ്ദേഹത്തിനു സാധിച്ചു. പരീക്ഷകൾക്ക് തയാറെടുക്കുമ്പോൾ മുൻ ടോപ്പർമാരുടെ പഠനരീതികൾ മനസ്സിലാക്കുന്നതോടൊപ്പം തങ്ങളുടെ ശക്തിയും ബലഹീനതയും തിരിച്ചറിഞ്ഞ് സ്വന്തമായൊരു പഠനരീതി വാർത്തെടുക്കുകയും വേണം. വിജയത്തിലേക്ക് ഒരൊറ്റ വഴി മാത്രമല്ല ഉള്ളത്. 

4. മാറ്റത്തെ ഭയപ്പെടരുത് 
ഫുട്ബോളിൽ ഗോൾ കീപ്പറായി കരിയർ ആരംഭിച്ച ധോണി പിന്നീട് ക്രിക്കറ്റിലേക്ക് ട്രാക്ക് മാറ്റി. മാറ്റത്തെ അദ്ദേഹം ഭയപ്പെട്ടില്ല. മറിച്ച് തന്റെ ഗോൾ കീപ്പിങ് കഴിവുകൾ ഉപയോഗിച്ച് മിന്നൽവേഗത്തിൽ സ്റ്റംപിങ് നടത്തുന്ന വിക്കറ്റ് കീപ്പറായി. നിലവിലെ തൊഴിൽമേഖലയെക്കാൾ നിങ്ങൾക്കു മികച്ചത് മറ്റൊന്നാണെങ്കിൽ മാറി ചിന്തിക്കാൻ ഒട്ടും വൈകരുത്. ഉദാഹരണത്തിന്, ഐഎഎസ് പരീക്ഷയിൽ ഐച്ഛികവിഷയം തിരഞ്ഞെടുക്കുമ്പോൾ തങ്ങളുടെ ഇഷ്ടവിഷയം അല്ലെന്ന് തിരിച്ചറിഞ്ഞതിനു ശേഷവും പല വിദ്യാർഥികളും അതേ വിഷയം തന്നെ തുടരാറുണ്ട്. ഇത് ശരിയായ പ്രവണതയല്ല. മാറ്റത്തെ ഉൾക്കൊള്ളേണ്ടത് വിജയത്തിന് അനിവാര്യമാണ്. 

5. വിജയ വേളകളിൽ വിനയം കാത്തുസൂക്ഷിക്കുക
വിജയം അഹന്തയായി മാറാൻ ധോണി ഒരിക്കലും അനുവദിച്ചിരുന്നില്ല. ലോകകപ്പ്‌  വിജയാഘോഷ നേരത്ത് പോലും ശ്രദ്ധാകേന്ദ്രം ആകാതെ പിന്നിലേക്കു മാറി നിൽക്കുകയാണ് ധോണി ചെയ്തത്. അതുപോലെ പരീക്ഷ തയാറെടുപ്പ് സമയത്ത് അവസാന വിജയത്തോടൊപ്പം ചെറിയ വിജയങ്ങളും വിലമതിച്ച് സന്തുഷ്ടരായി ഇരിക്കണം. പരീക്ഷ ഒരു കരിയറിലേക്കുള്ള പ്രവേശനകവാടം മാത്രമാണെന്ന് തിരിച്ചറിയണം. 

6. ഗൃഹപാഠം നന്നായി ചെയ്യുക
ഓരോ കളിക്കു മുൻപും എതിരാളിയുടെ മുൻകാല പ്രകടനങ്ങൾ ധോണി നന്നായി വിശകലനം ചെയ്യാറുണ്ട്. മത്സരപരീക്ഷ എന്ന എതിരാളിയെ നേരിടാൻ പൂർവകാല ചോദ്യപേപ്പറുകളുടെ വിശകലനം അനിവാര്യമാണ്. ഏതെങ്കിലും മത്സര പരീക്ഷയ്ക്ക് ശ്രമിക്കുന്നതിനു മുൻപ് സമീപകാല ട്രെൻഡുകളും പാറ്റേണുകളും നന്നായി മനസ്സിലാക്കുകയും വേണം. 

7. നിങ്ങളുടെ താൽപര്യങ്ങൾ പരിപോഷിപ്പിക്കുക
പരീക്ഷയ്ക്കു തയാറെടുക്കുമ്പോൾ സ്വന്തം ഇഷ്ടങ്ങളും ഹോബികളും മറ്റും സാധാരണയായി പലരും അവഗണിക്കാറുണ്ട്. എന്നാൽ ധോണി ബൈക്കിങ് പോലുള്ള തന്റെ ഹോബികൾക്കായി എപ്പോഴും സമയം കണ്ടെത്തുകയും അതുവഴി ജീവിതത്തിൽ കൂടുതൽ പ്രസരിപ്പ് കാത്തുസൂക്ഷിക്കുകയും ചെയ്തു. അതു പോലെ ഓരോ വിദ്യാർഥിയും വ്യായാമത്തിനും ഹോബികൾക്കുമായി കുറച്ച് സമയം മാറ്റി വയ്‌ക്കേണ്ടതുണ്ട്. നമ്മുടെ ഭൗതിക തലത്തോചൊടൊപ്പം വൈകാരിക തലവും ഉത്തേജിപ്പിക്കാൻ ഇത് സഹായകരമാണ്.

(തിരുവനന്തപുരം ഫോർച്യൂൺ ഐ‌എ‌എസ് അക്കാദമി ഡയറക്ടറാണ് ലേഖകൻ) 

English Summary : 7 Life lessons from MS Dhoni’s I\illustrious cricket career

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com