ADVERTISEMENT

ലോകം മുഴുവൻ ഇന്ന് ഒരു രൂപാന്തരീകരണത്തിനു വിധേയമാവുകയാണെന്നതിൽ ആർക്കും തർക്കമുണ്ടാവില്ല. സാധാരണയായി ഒരു ഓഫിസിന്റെ നാല് ചുമരുകൾക്കുള്ളിൽ ജോലി ചെയ്യുന്ന പരമ്പരാഗത ജോലിക്കാർ ഫ്രീലാൻസ് ജോലി ചെയ്യുന്നതും  പുതിയ ജോലികൾ തേടിക്കൊണ്ടിരിക്കുന്നതുമായ അവസ്ഥ വിദൂരമല്ല.

പുതുതലമുറ ജോലികളെക്കുറിച്ചും അതിനാവശ്യമായ യോഗ്യതകളെക്കുറിച്ചും ധാരാളം പഠനങ്ങളാണ് ലോകമെങ്ങും നടന്നു കൊണ്ടിരിക്കുന്നത്. ഈ പഠനങ്ങളൊക്കെ  നാളത്തെ ഉദ്യോഗാർഥികൾക്ക് ആവശ്യമായ ചില സുപ്രധാന കഴിവുകളെയും മനോഭാവങ്ങളെയും കുറിച്ച്  പ്രതിപാദിക്കുന്നുണ്ട്.  അവരുടെ അഭിപ്രായത്തിൽ, അടുത്ത തലമുറയിലെ റെസ്യുമെ ഒരു കടലാസിൽ  മാത്രം ഒതുങ്ങി നിൽക്കുന്നതായിരിക്കില്ല: ഒരാളുടെ ഡിജിറ്റൽ ലോകത്തെ സാന്നിധ്യം, ഒരു വ്യവസായസ്ഥാപനത്തിനകത്തും പുറത്തും ഉള്ള  ഇടപഴകലുകൾ, വ്യതിരിക്തമായ ശബ്ദമോ കാഴ്ചപ്പാടോ എല്ലാം ഒരു പുതിയ ജോലിക്കോ ഒരു ജോലിയിൽ നിന്ന്  മറ്റൊന്നിലേക്കു മാറാനോ ആവശ്യമായ യോഗ്യതകളായിരിക്കും. വ്യക്തമായ നിർവചനങ്ങൾ അസാധ്യമായ പുതിയ തലമുറ ജോലികൾ ഒരു ഉദ്യോഗാർഥിയിൽനിന്ന് ബഹുമുഖമായ കഴിവുകളാണ് ആവശ്യപ്പെടുന്നത്. കംപ്യൂട്ടർ സയൻസിന്റെ സങ്കീർണതകൾ നിങ്ങൾ അറിഞ്ഞിരിക്കണം എന്ന് നിർബന്ധമില്ല. ഓട്ടമേഷൻ, കൃത്രിമബുദ്ധി എന്നിവയെക്കുറിച്ചുള്ള പൊതുവായ ആശയങ്ങളെക്കുറിച്ചും അവ വരുത്തുന്ന നേട്ടങ്ങളെക്കുറിച്ചും ഉള്ള ധാരണ നിങ്ങളുടെ സ്വപ്ന ജോലി നേടാൻ സഹായിക്കും.

സാങ്കേതികവിദ്യയിൽ, പ്രത്യേകിച്ച്  വിവരസാങ്കേതികവിദ്യയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന അനിതരസാധാരണമായ കുതിച്ചുചാട്ടവും മനുഷ്യന്റെ താല്പര്യങ്ങളിലും ആവശ്യങ്ങളിലും ഒക്കെ വന്നിട്ടുള്ള മാറ്റങ്ങളും ഇവിടെ എടുത്തു പറയേണ്ടതാണ്. നാലാം  വ്യവസായ വിപ്ലവത്തിന്റെ പടിവാതിൽക്കലാണ് നാം ഇന്ന്.  ജോലി ചെയ്യുന്നതും ആശയവിനിമയം നടത്തുന്നതുമെല്ലാം  അടിസ്ഥാനപരമായി  മാറുകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, മൊബൈൽ ഇന്റർനെറ്റ്, 3ഡി പ്രിന്റിങ് തുടങ്ങിയ മേഖലകളിൽ നൂതന  സാങ്കേതികവിദ്യ പ്രയോഗിക്കുന്നതിലൂടെ  ജോലിസ്ഥലത്തും വിപണിയിലും എല്ലാം അതിരുകളില്ലാത്ത സാധ്യതകൾ തുറന്നിടുകയാണ്.

മികച്ച വിദ്യാഭ്യാസ പരിഷ്കർത്താവും ലേണിങ് ഫോർ കിഡ്സ് ഫൗണ്ടേഷന്റെ സ്ഥാപകനുമായ നിക്ക് വാൻ ഡാം പറയുന്നത്, ഈ ദ്രുതഗതിയിലുള്ള മുന്നേറ്റം ധാരാളം തൊഴിൽ നഷ്‌ടത്തിന് കാരണമാകുമെന്നാണ്. എന്നാൽ വാൻഡാമിന്റെ അഭിപ്രായത്തിൽ, ‘ശരിയായ കഴിവുകളും ശരിയായ വിദ്യാഭ്യാസവുമുള്ള ആളുകൾക്ക് ഇത് മികച്ച സമയമാണ്, കാരണം അവർക്കായി  ധാരാളം അവസരങ്ങളുണ്ടാകുന്നുണ്ട്.”  ഡിജിറ്റൽ മേഖലയിലുള്ള അറിവ് ഭാവിയിലെ  തൊഴിൽ നൈപുണ്യത്തിന്റെ അടിത്തറയായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.  ഇതൊക്കെയാണെങ്കിലും നമ്മുടെ മാനുഷിക കഴിവുകൾ അല്ലെങ്കിൽ സോഫ്റ്റ് സ്‌കിൽസ് കൂടി നന്നായി ഉണ്ടെങ്കിലേ ദ്രുതഗതിയിലുള്ള മാറ്റത്തെ ഉൾക്കൊള്ളുവാനും നില നിൽക്കുവാനും വളരുവാനും നമുക്ക് സാധിക്കൂ. മറ്റുള്ളവരുടെ ഭാഗത്തുനിന്നും ചിന്തിക്കുക, സൃഷ്ടിപരമായും സഹകരണത്തോടെയും ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക, വേറിട്ട സാഹചര്യങ്ങളോട് പൊരുത്തപ്പെടുവാൻ കഴിയുക എന്നിവയൊക്കെ ഇവിടെ വളരെ പ്രധാനമാണ്.

ഭാവിയിൽ നമ്മുടെ വിദ്യാർഥികൾ ചെയ്യുന്ന ജോലികളിൽ 65 ശതമാനവും ഇപ്പോൾ നിലവിൽ ഇല്ലാത്തവയായിരിക്കുമെന്ന് ലോക സാമ്പത്തിക ഫോറം വെളിപ്പെടുത്തുന്നു. ഈ സാഹചര്യങ്ങളെ നേരിടാൻ നാം സ്വയം സജ്ജരാകേണ്ടതുണ്ട് . വിദ്യാഭ്യാസ വിചക്ഷണനായ  ടോണി വാഗ്നർ നമ്മുടെ കുട്ടികളും യുവാക്കളും അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ട ചില അതിജീവന കഴിവുകളെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട് . 

1. വിമർശനാത്മക ചിന്തയും പ്രശ്ന പരിഹാരത്തിനുള്ള കഴിവുകളും

2. വിപുലമായ രീതിയിൽ മറ്റുള്ളവരുമായുള്ള സഹകരണം. ആശയവിനിമയവും പരസ്പരധാരണകളും ഡിജിറ്റൽ  തലങ്ങളിലൂടെയും അല്ലാതെയും പ്രോത്സാഹിപ്പിക്കണം 

3. ചടുലതയും വേറിട്ട സാഹചര്യങ്ങോളോട്  പൊരുത്തപ്പെടാനുള്ള കഴിവും സംരംഭകത്വവും. 

4. പുതിയ കാര്യങ്ങൾ ചെയ്യുവാനും തുടങ്ങുവാനുമാവശ്യമായ മുൻകൈ എടുക്കുവാനുള്ള കഴിവ്.

5. വിവരങ്ങൾ വിമർശനാന്മകമായും സമഗ്രമായും അപഗ്രഥിക്കുവാനുള്ള കഴിവ്.

6. ജിജ്ഞാസയും ഭാവനയും.

അറിവിനേക്കാൾ പ്രധാനമാണ് ഭാവന എന്ന് ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞിരിക്കുന്നു. നമ്മുടെ മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനും ആയിരുന്ന ഡോ. എ.പി.ജെ.  അബ്ദുൽ കലാം യുവാക്കൾ സ്വപ്നം കാണേണ്ടതിന്റെയും കൂടുതൽ ഭാവനാകുതുകികൾ ആകേണ്ടതിന്റെയും ആവശ്യം പലയാവർത്തി  ഊന്നിപ്പറഞ്ഞിട്ടുണ്ട്.  

ഭാവിയിൽ ആവശ്യമുള്ള കഴിവുകൾ കരുപ്പിടിപ്പിക്കേണ്ട രീതിയിലാവണം നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം.  ചോദ്യങ്ങൾക്കുത്തരം നല്കാൻ പ്രാപ്തരാകുക എന്നതിലുപരി നമ്മുടെ കുട്ടികൾ നല്ല ചോദ്യങ്ങൾ ചോദിക്കാൻ പഠിക്കേണ്ടിയിരിക്കുന്നു. അവരെ നമ്മൾ തയാറാക്കുന്നത് കോളജ്  വിദ്യാഭാസത്തിനുമപ്പുറം നല്ല ഒരു ജീവിതം നേടിയെടുക്കുന്നതിനാണ്. ഇത് വിദ്യാഭ്യാസത്തിന്റെ ഭാവിയെ മാത്രമല്ല നാം ജീവിക്കുന്ന ലോകത്തെയാകെ രുപാന്തരപ്പെടുത്തുമെന്നതിൽ തർക്കമില്ല.    

English Summary : What will future jobs look like?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com