ADVERTISEMENT

കോവിഡ്–19 പകർച്ചവ്യാധിയെ തുടർന്ന് നമ്മുടെ സാമാന്യാവസ്ഥയ്ക്ക് വലിയ മാറ്റം വന്നിരിക്കുന്നു. ഒരാൾ നേരത്തേ നോർമൽ എന്നു പറഞ്ഞിരുന്നിടത്ത് ന്യൂ നോർമൽ എന്നു മാറ്റിപ്പറയേണ്ടിവന്നിരിക്കുന്നു. അതായത് നമ്മുടെയൊക്കെ ജീവിതാവസ്ഥ ഇപ്പോൾ പണ്ടത്തേതു പോലെയല്ല. പുതിയൊരു ജീവിതരീതി, ജോലി ചെയ്യാൻ പുതിയ രീതി, ഉൽപാദനത്തിനും വിപണനത്തിനും നൂതന മാർഗ്ഗങ്ങൾ എന്നിവ അവലംബിക്കാൻ നമ്മൾ നിർബന്ധിതരായിരിക്കുന്നു. പുതിയ അതിജീവന രീതിയെന്നാൽ ഏറ്റവും വലുതോ ചെറുതോ എന്നതല്ല, എന്തും എത്രയും വേഗത്തിൽ തീർക്കുക എന്നതാണ്. പുതിയ സാമാന്യാവസ്ഥയിലേക്ക് എത്തിച്ചേരാനുള്ള കഠിനപ്രയത്നം കൊണ്ടേ ഇനിയുള്ള കാലത്തു നിലനിൽപ് സാധ്യമാകൂ. അതിനു കഴിയാത്തവർക്ക് വലിയ വീഴ്ചയാണുണ്ടാകുക. 

കോവിഡ്–19 ന് ശേഷമുള്ള കാലഘട്ടം എന്നതൊരു മിഥ്യാധാരണയാണ്. ശിലായുഗവും കാർബൺ ഏജും ഗ്രീൻ ഏജും കടന്ന് മനുഷ്യരാശി ഇപ്പോൾ കോവിഡ് കാലഘട്ടത്തിലാണ്. സാമൂഹിക അകലവും കൊറോണ വൈറസിനെ നീക്കം ചെയ്യാനുള്ള ഫലപ്രദമായ മാറ്റങ്ങളും രാജ്യ‌ങ്ങളെ ലോക്ഡൗണിലേക്ക് നയിക്കുന്നതു മൂലം ആഗോള സാമ്പത്തിക നിലയ്ക്ക് ഒരു സ്തംഭനാവസ്ഥയാണിന്ന്. അപ്രതീക്ഷിത സംഭവവികാസങ്ങളാലുണ്ടാകുന്ന ആഗോള സാമ്പത്തിക മാന്ദ്യം ഇതാദ്യത്തെ സംഭവമല്ല. 20, 21 നൂറ്റാണ്ടുകളിൽ 18 തവണയാണ് ആഗോള സാമ്പത്തിക ഘടന കുത്തനെ താഴ്ന്നുപോയിട്ടുള്ളത്. എന്നാൽ ഓരോ പ്രാവശ്യവും നൂതന അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് അത് ഉയിർത്തെഴുന്നേൽക്കുകയായിരുന്നു. മുൻകാലങ്ങളിലെ അത്തരം പുനരുജ്ജീവനത്തിന്റെയും വികസനത്തിന്റെയും കാരണങ്ങളിൽ നിന്ന് പാഠങ്ങൾ പഠിക്കേണ്ടിയിരിക്കുന്നു. അതിനായുണ്ടായ നിക്ഷേപ, ഉപഭോക്തൃ പ്രോത്സാഹനങ്ങളിൽ നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം.  അഭിവൃദ്ധിക്കായുള്ള മാർഗങ്ങളെ സംബന്ധിച്ച ഗവേഷണവും നൂതന കണ്ടുപിടിത്തങ്ങളും  ഇപ്പോൾ അത്യാവശ്യമായിരിക്കുന്നു. അതിൽ പൊതുജനാരോഗ്യത്തിനുള്ള കാര്യങ്ങൾക്ക് മുൻഗണന കൊടുക്കുന്നതിലൂടെ നേരത്തേ പറഞ്ഞ ന്യൂ നോർമൽ അവസ്ഥ സാധ്യമാക്കാം..

നീണ്ട കാലത്തെ തൊഴിലില്ലായ്മയ്ക്കു ശേഷം പരിസ്ഥിതി മാറ്റത്തിനനുസൃതമായ പരിഷ്കാരങ്ങളിലൂടെ നിർബന്ധിതമാവുന്ന സംരംഭകത്വം  ന്യൂ നോർമൽ അവസ്ഥയ്ക്ക് ഉത്തേജനമാകുന്നു. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ കരുത്തുറ്റ നൂതന സംരഭങ്ങൾ സമാരംഭിക്കപ്പെടും. 1930–കളിലെ വൻ സാമ്പത്തിക മാന്ദ്യകാലത്ത് ഒരു അമേരിക്കക്കാരൻ ഉപജീവനത്തിനായി ഉരുളക്കിഴങ്ങ് കൃഷി ആരംഭിച്ചു. ഇന്ന് അദ്ദേഹത്തിന്റെ കുടുംബം അമേരിക്കയിൽ ഫ്രഞ്ച് ഫ്രൈ നിർമാണത്തിനാവശ്യമായ 67% പൊട്ടറ്റോ ചിപ്സ് സപ്ലൈ ചെയ്യുന്നു. അതേ മാന്ദ്യ കാലത്ത് മറ്റൊരു അമേരിക്കക്കാരൻ ഉപജീവനത്തിനായി ഒരു ചില്ലറ വിൽപനശാലയ്ക്കാണ് തുടക്കം കുറിച്ചത്. ഇന്ന് ആ കുടുംബം ഏറ്റവും വലിയ സൂപ്പർമാർക്കറ്റ് ശൃംഖല അവിടെ നടത്തിവരുന്നു. ബിസിനസ് അവസരങ്ങൾക്ക് കാരണമാകുന്നത് ഇംഗ്ലിഷിലെ എൽ എന്ന അക്ഷരത്തിൽ തുടങ്ങുന്ന ലൈഫ്, ലൈവ്്ലിഹുഡ്സ്, ലൈഫ് സ്റ്റൈൽ, ലിവറേജിങ് എന്നീ നാല് വാക്കുകളാണെന്നു പറയാം. പരമ്പരാഗത മരുന്നുകളും പരമ്പരാഗത ചികിത്സാ രീതികളും അനുവർത്തിച്ച് നമുക്ക് ഇനിയുള്ള കാലവും ജീവനുകൾ സംരക്ഷിക്കാം. ജീവനോപാധികളുടെ നിലനിൽക്കുന്ന സ്രോതസ്സുകൾ സൃഷ്ടിക്കാനൊരുങ്ങുമ്പോൾ പുതിയ അവസരങ്ങൾ ഉരുത്തിരിയുന്നതും നമുക്കു കാണാം. പുത്തൻ ജീവിതശൈലിയും പുതിയ അവസരങ്ങൾ പ്രദാനം ചെയ്യും. 

പുതിയ തരത്തിലുള്ള ജീവിത ശൈലി പുതിയ അവസരങ്ങളും സൃഷ്ടിക്കും. വെർച്വൽ ലോകത്തിൽ സാധ്യമാക്കാവുന്ന നുതന വികസന ശൃംഖല യാഥാർഥ്യമാകും. എല്ലാം വെർച്വലായി നടപ്പാക്കുമ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവസ്ഥ എന്തായിരിക്കും? വിദ്യാഭ്യാസ രീതി പുതുക്കുന്നതിന് ഏറ്റവും ഫലപ്രദമായ മാർഗമായി സാങ്കേതിക വിദ്യ മാറും. ഫലപ്രദമായ പഠനം പ്രാവർത്തികമാക്കുന്നത് സാങ്കേതികവിദ്യയുടെ മികവിലൂടെയാകും.

വ്യത്യസ്ത തലത്തിലുള്ള വികസനവും വ്യവസായവൽക്കരണവും വിവിധ രാജ്യങ്ങളിൽ സാധ്യമാക്കിയിട്ടുള്ള വികസനം  സാക്ഷ്യപ്പെടുത്തുന്നത് ഓരോ വെല്ലുവിളിയും ഓരോ അവസരമായി മാറുന്നു എന്നതാണ്. ഓരോ പ്രതിസന്ധിയും ഓരോ അവസരമാകുമ്പോൾ അഭിവൃദ്ധിയിലേക്കുള്ള പുതിയതും ശക്തവുമായ മാർഗങ്ങൾ പൊന്തിവരും.

സമഗ്രമായ പുരോഗതിയുടെ പുതിയ സ്രോതസ്സുകൾ ഉയർന്നുവരുമ്പോൾ എണ്ണത്തിലുള്ള വർധനയ്ക്കു പകരം ഗുണമേന്മയിലുള്ള പരിഷ്കരണങ്ങൾ നടപ്പാകും. നിരവധി സ്ഥാപനങ്ങൾ അപ്രത്യക്ഷമാകുകയും പുതിയവ ഉടലെടുക്കുകയും ചെയ്യും. അവയെ യഥാക്രമം സൺസെറ്റ് ഇൻഡസ്ട്രീസ് എന്നും സൺറൈസ് ഇൻഡസ്ട്രീസ് എന്നും വിശേഷിപ്പിക്കാം. പുതിയ അറിവിലൂടെയുള്ള നൂതനത്വം മാറിയ പരിതസ്ഥിതിയിലും നിലനിൽക്കാൻ സ്ഥാപനങ്ങളെ പ്രാപ്തമാക്കും. 

സൺസെറ്റ് ഉൽപാദന, സേവന മേഖലകൾ

സൺസെറ്റ് ഉൽപാദന, സേവന മേഖലകളിൽ റീട്ടെയിൽ വ്യവസായങ്ങൾ, ട്രാവൽ, ടൂറിസം, ഓട്ടമൊബീൽ, സിനിമ, ലോജിസ്റ്റിക്സ്, പൊതുഗതാഗതം, റസ്റ്ററന്റുകൾ, ലക്‌ഷ്വറി ഉൽപന്നങ്ങൾ, ലൈവ് സ്പോർട്സ്, റിയൽ എസ്റ്റേറ്റ്സ്, ഓയിൽ ആൻഡ് ഗ്യാസ്, കൺസ്ട്രക്‌ഷൻ, ഇവന്റുകളും കോൺഫറൻസുകളും എന്നിവ ഉൾപ്പെടുന്നു. അവ മുഴുവനായി അപ്രത്യക്ഷമാകുമെന്നല്ല, അവ ഇപ്പോഴത്തെ രീതിയിൽനിന്നു ചില മാറ്റങ്ങളോടെ, മാറിയ സാഹചര്യ ങ്ങൾക്കനുസൃതമായി പുതിയ രീതിയിൽ പ്രത്യക്ഷപ്പെടാം. ചുരുങ്ങിയ കാലങ്ങളിലും ഇടക്കാലങ്ങളിലും അവയിലെ ജോലിക്കാർക്ക് തൊഴിൽ നഷ്ടമുണ്ടാകാം. അവർ ജോലിക്കും വരുമാനത്തിനും പുതിയ മാർഗങ്ങൾ തേടേണ്ടിവരും. സർക്കാർ സ്ഥാപന പിന്തുണയും എൻജിഒകളുടെ സേവനങ്ങളും പുതിയ സാഹചര്യങ്ങൾക്കനുസൃതമായ തൊഴിൽശേഷി നേടുന്നതിന് നൈപുണ്യവികസന മാർഗങ്ങൾ അവലംബിക്കണം. അത്തരം നൂതന ശേഷികൾ പുതിയ സംരംഭകരെയും രൂപപ്പെടുത്തും..

സൺറൈസ് ഉൽപാദന, സേവന വിഭാഗങ്ങളിൽ മറ്റു കാര്യങ്ങൾക്കൊപ്പം, ഡിജിറ്റൽ പ്രോഡക്ട്സ്, സ്ട്രക്ചേഡ് നോളജ്, ജിഗ് ഇക്കോണമി പേയിങ് പെർ ടാസ്ക്, സ്റ്റോക് മാർക്കറ്റ് ഇൻവെസ്റ്റിങ്, ഹോം ഗാർഡനിങ്, ഓൺലൈൻ കോച്ചിങ് ആൻഡ് ടീച്ചിങ്, ആൾട്ടർനേറ്റ് എനർജി, ഇൻഷുറൻസ്, ആൾട്ടർനേറ്റ് മെഡിസിൻസ്, ഗെയ്മിങ്, ഹെൽത്ത് കെയർ, അഫിലിയേറ്റ് മാർക്കറ്റിങ്, നെറ്റ്്വർക്ക് മാർക്കറ്റിങ്, ഡേറ്റ സയൻസ്, ഡിസ്രപ്റ്റീവ് ടെക്നോളജീസ്, ട്രെഡീഷനൽ വാല്യൂസ്, ജീവിതത്തിന്റെ യഥാർഥ ഉദ്ദേശ്യം നിറവേറ്റാനുള്ള സിസ്റ്റംസ് എന്നിവ ഉൾപ്പെടുന്നു. ഉൽപാദനക്ഷമമായ പ്രവർത്തനങ്ങൾക്ക് ടെക്നോളജി കൂടുതൽ ഉപയോഗപ്പെടുത്തുമ്പോൾ ഡിജിറ്റലൈസ്ഡ് ആയ അത്യാധുനിക ഉൽപാദന മാർഗങ്ങൾ ഉരുത്തിരിയുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓഗ്മെന്റഡ് റിയാലിറ്റി, അഡിക്ടീവ് മാനുഫാക്ചറിങ്, ബിഗ് ഡേറ്റാ മാനേജ്മെന്റ്, ക്ലൗഡ് കംപ്യൂട്ടിങ്, 3–ഡി പ്രിന്റർ, ഇലക്ട്രൊമൊബിലിറ്റി, ഇന്റർനെറ്റ് ഓഫ് തിങ്സ്, ഇന്റർനെറ്റ് ഓഫ് സർവീസസ്, ഇന്റർനെറ്റ് ഓഫ് എനർജി തുടങ്ങിയവയാണ് അങ്ങനെ പ്രചാരം നേടുക. 

താങ്ങുവാൻ കഴിയുന്നതിനനുസരിച്ച് കുടുംബങ്ങൾ 3–ഡി പ്രിന്റർ, ഹോം തിയേറ്റർ, ഹോം ജിം, ഹോം ഓഫിസ് മുതലായവ തിരഞ്ഞെടുക്കും. മെച്ചപ്പെട്ട ജീവിതത്തിനുവേണ്ട ഏറ്റവും ചുരുങ്ങിയ കാര്യങ്ങൾകൊണ്ട് കുടുംബങ്ങൾ സംതൃപ്തമാകും. അത്തരം ജീവിതരീതികൾ ജീവിതച്ചെലവ് കുറയ്ക്കുകയും സമ്പാദ്യം വർധിപ്പിക്കുകയും ചെയ്യും. പരമ്പരാഗത ചികിത്സാരീതികളും മാറ്റത്തിനനുസൃതമായി പരിഷ്കരിക്കപ്പെട്ട് പുത്തൻ മരുന്നുകളോടെ നിലവിൽ വരും.

മാറിയ സാമാന്യ സ്ഥിതിക്കൊപ്പം എത്താൻ മുൻനിരയിൽ നീങ്ങാം

ആരോഗ്യപരിചരണ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ വൻതുക തന്നെ മുടക്കാനുള്ള മുന്നറിയിപ്പാണ് കോവിഡ്–19 നൽകുന്നത്. ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് പകരുന്ന രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന രോഗികളുടെ ചികിത്സയ്ക്കായി ഓരോ ജില്ലയിലും ഐസലേഷൻ കേന്ദ്രങ്ങൾ സ്ഥാപിക്കണം. അങ്ങനെ ഐസലേഷൻ കേന്ദ്രങ്ങളുണ്ടാക്കിയാണ് ആഫ്രിക്കക്കാർ എബോള വൈറസിനെ തുരത്തിയത്. ഒരേ ഐസലേഷൻ കേന്ദ്രങ്ങളിൽ അത്തരം രോഗികളെ പാർപ്പിക്കുന്നത് രോഗം മറ്റുള്ളവരിലേക്കു പകരാതെ സംരക്ഷിക്കുന്നു. വ്യക്തിശുചിത്വത്തിന്റെയും പൊതുജനാരോഗ്യത്തെക്കുറിച്ചുള്ള അവബോധത്തിന്റെയും പ്രാധാന്യം ഇപ്പോൾത്തന്നെ ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. ആരോഗ്യകരമായ പരിസ്ഥിതി കാത്തുസൂക്ഷിക്കാൻ അതവരെ നിർബന്ധിതരാക്കുന്നു. സാമൂഹിക ഇടപെടലുകൾ കാര്യമായി കുറയ്ക്കുകയും പുതിയ കാര്യങ്ങൾ പഠിക്കാനുള്ള വൈമനസ്യവും ആശയവിനിമയ ശേഷിയുടെ അഭാവവും പോലുള്ള നിരവധി കാരണങ്ങളാൽ പുതിയ തൊഴിൽ രീതികൾ അവലംബിക്കുകയും ചെയ്യാൻ ജനങ്ങൾ നിർബന്ധിതരാകും. വീട്ടിലിരുന്നുതന്നെ ജോലി ചെയ്യൽ ഒരിക്കൽ പ്രാവർത്തികമാക്കാൻ കഴിഞ്ഞാൽ ക്രമേണ അത് ജീവിതശൈലിയായി മാറും. ഉൽപാദന, സേവന രംഗങ്ങളിൽ വ്യക്തിസാന്നിധ്യം ഒഴിച്ചുകൂടാനാവത്ത അവസ്ഥ വന്നാൽ അവ കൈകാര്യം ചെയ്യുന്നതിന് പുത്തൻ നിയമവ്യവസ്ഥകൾ തന്നെ രൂപപ്പെടുത്താം.. നിർദ്ദേശങ്ങളുടെയും നിരാകരണങ്ങളുടെയും ചട്ടക്കൂട്ടിൽനിന്ന് ജോലിസ്ഥലങ്ങളിൽ ആരോഗ്യകരമായ പരിസ്ഥിതിയും അങ്ങനെ ഉറപ്പാക്കാം. നമ്മുടെയൊക്കെ മാനസികനില സജ്ജമാക്കി ഈ മാറ്റത്തിന് ഒരുപടി മുന്നിൽ നിന്ന് നമുക്കൊത്തുചേർന്ന് ന്യൂ നോർമൽ എന്ന പുതിയൊരു സാമാന്യാവസ്ഥയിലേക്കു മുന്നേറാം.

‌(യുണൈറ്റഡ് നേഷൻസ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് ഓർഗനൈസേഷൻ (UNIDO) വിയന്ന, ഓസ്ട്രിയ, ഡയറക്ടർ ജനറലിന്റെ മുൻ പ്രിൻസിപ്പൽ അഡ്വൈസറാണ് ലേഖകൻ)

 

English Summary : Manorama Horizon - Careers after COVID-19: challenges and changes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com