ADVERTISEMENT

ടീച്ചർ ഹാജർ വിളിക്കുന്നു. കുട്ടികൾ പ്രതികരിക്കുന്നു. പിന്നെ ഹോംവർക്കുകൾ, അസൈൻമെന്റുകൾ, പരീക്ഷകൾ... പേരുകൾ പഴയതു തന്നെ. പഴയ ക്ലാസ് മുറി വെർച്വൽ ക്ലാസ്റൂമായെന്നു മാത്രം.

മനുഷ്യരാശി സമാനതകളില്ലാത്ത വെല്ലുവിളി നേരിടുമ്പോൾ ഏറ്റവും പ്രയാസപ്പെടുന്നത് കുട്ടികളാകാം. കൂട്ടുകാരും കളിയിടങ്ങളും പാർക്കുകളും സ്കൂളുമെല്ലാം നാലു ചുവരുകൾക്കുള്ളിലേക്ക് ചുരുങ്ങിയപ്പോൾ വിരസതയും നിരാശയും കൂടെക്കൂടി. പഠനത്തിനോടുള്ള കുട്ടികളുടെ താൽപര്യത്തിലും അവരുടെ സ്വഭാവത്തിലും വരെ ഈ കോവിഡ് കാലം മാറ്റംവരുത്തിയെന്ന് മനഃശാസ്ത്ര വിദഗ്ധർ പറയുന്നു. കോവിഡിനുള്ള വാക്സീൻ പരീക്ഷണ ഘട്ടത്തിലാണ്. അതിനാൽ ഓൺലൈൻ ക്ലാസുകൾ തുടർന്നും പ്രതീക്ഷിക്കണം.

 

മനോഭാവം മനുഷ്യസൃഷ്ടിയാണ്. പ്രശ്നങ്ങളെ എങ്ങനെ കാണുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് പരിഹാര മാർഗങ്ങളുണ്ടാകുന്നത്. ഓൺലൈൻ പഠനരീതിക്ക് പരിമിതികളും ന്യൂനതകളും ഉണ്ടാകാം. ദി ഇക്കണോമിസ്റ്റിൽ ഓഗസ്റ്റ് 2020ലെ ലേഖനത്തിൽ കോവിഡിന് ശേഷമുള്ള മാറ്റങ്ങൾ വിദ്യാഭാസ മേഖലയിൽ നവീകരണത്തിനു കാരണമാകുമെന്ന് പറയുന്നു. ആഗോളതലത്തിൽ വിദ്യാർഥികൾക്ക് ഉന്നത നിലവാരത്തിലുള്ള പഠന സ്രോതസ്സുകൾ  ലഭിച്ചത് ചെറിയ കാര്യമല്ല. വിദ്യാർഥികൾക്കും അധ്യാപകർക്കും ഒരുപോലെ വിജ്‍ഞാനപ്രദമായ നൂതന പഠന സ്രോതസ്സുകൾ മാറ്റങ്ങൾക്ക് വഴിവയ്ക്കും. 

കുട്ടികളെ സംബന്ധിച്ചു പഠനഭാരം ഏറ്റവും കുറഞ്ഞ കാലമാണിത്. സ്കൂൾ കഴിഞ്ഞ് ട്യൂഷൻ, ശേഷം ഹോംവർക്ക്, അസൈൻമെന്റുകൾ, പ്രോജക്റ്റ്, പാഠ്യേതര പ്രവർത്തങ്ങൾ. അങ്ങനെ സമയമില്ലാതെ കഷ്ടപ്പെട്ടിരുന്ന കഴിഞ്ഞ കാലത്തെ അപേക്ഷിച്ച് ഇന്ന് കുട്ടികൾക്ക് കൂടുതൽ സമയം ലഭിക്കുന്നു. അധിക സമയം എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് പ്രധാനം. 

 

സംശയങ്ങളകറ്റി, മനസ്സിരുത്തി പാഠങ്ങൾ പഠിക്കാം. പഠനം പരീക്ഷയ്ക്കായി മാത്രമാകരുത്. ചുറ്റുമുള്ള ലോകത്തിൽ അത് എപ്രകാരം പ്രയോഗിക്കുന്നെന്നു നിരീക്ഷിക്കുമ്പോൾ പഠനം രസകരമാകും. 

 

പ്രായോഗിക പരിജ്ഞാനം പകരാൻ അധ്യാപകരില്ലെങ്കിൽ രക്ഷിതാക്കൾ കുട്ടികളെ സഹായിക്കണം. കുട്ടികൾക്ക് പഠനത്തിൽ താൽപര്യമുണ്ടാകണം. അവരുടെ നിരീക്ഷണ പാടവം വളർത്തണം. കുട്ടികളിലെ ജിജ്ഞാസ പുനരുജ്ജീവിപ്പിക്കാനുള്ള അവസരവും കൂടിയാണിത്. പ്രകൃതിയിലേക്ക് ഇറങ്ങിച്ചെല്ലാനും പഠിക്കാനും കഴിയണം. കോവിഡ് സാഹചര്യത്തിൽ പുറത്തു പോകാൻ കഴിയില്ലെങ്കിലും ചുറ്റുമുള്ള പ്രകൃതിയെ നിരീക്ഷിച്ചു പഠിക്കാം. ഉദാഹരണത്തിന്, ഒരു പക്ഷി പറക്കുന്നതിന്റെ പൊരുൾ മുതൽ മുറിയിലെ ഫാൻ പ്രവർത്തിക്കുന്ന വിധം പോലും നിരീക്ഷിച്ചാൽ സയൻസ് വിഷയങ്ങൾ രസകരമാകും. ആർട്സ് വിഷയങ്ങളെപ്പോലെ കണക്കും ദൈനംദിന ജീവിതത്തിൽ എങ്ങനെ പ്രയോഗിക്കപ്പെടുന്നു എന്നു മനസ്സിലാകുമ്പോൾ അറിവു സമ്പാദനം ആവേശം പകരും. 

 

ലഭ്യമായ സാഹചര്യങ്ങളെയും ചുറ്റുപാടുകളെയും നിരീക്ഷിച്ചു പഠിച്ച് മുന്നേറിയവരിൽ മാതൃകയാക്കാവുന്ന ആളാണ് വിശ്വപ്രസിദ്ധ ചിത്രകാരൻ ലിയൊനാഡോ ഡാവിഞ്ചി. ഇന്നത്തെ ഇറ്റലിയിലെ വിഞ്ചി പട്ടണത്തിൽ 1452 ൽ ആയിരുന്നു ജനനം. അദ്ദേഹത്തിന് വിദ്യാഭ്യാസമോ നല്ല ഒരു തൊഴിൽ ലഭിക്കാനുള്ള അവസരമോ ഉണ്ടായിരുന്നില്ല. ചിത്രരചനയിൽ വാസനയുണ്ടായിരുന്ന അദ്ദേഹം അക്കാലത്തു ദുർലഭമായിരുന്ന, പേപ്പർ ഉപയോഗിച്ച്, ചുറ്റുമുള്ള വസ്തുക്കളെ വരയ്ക്കാൻ തുടങ്ങി.

 

രാവിലെ പട്ടണത്തിലും അടുത്തുള്ള വനപ്രദേശത്തിലും ചെന്നിരുന്ന് പൂക്കൾ, പക്ഷികൾ, മൃഗങ്ങൾ, ചെടികൾ, എന്നു വേണ്ട കല്ലുകൾ പോലും കൊച്ചു ലിയൊനാഡോ വരച്ചു. മനുഷ്യരുടെ വിവിധ ഭാവങ്ങൾ, പ്രകാശം പല കോണുകളിൽ പ്രതിഫലിക്കുമ്പോൾ ഉണ്ടാകുന്ന വ്യത്യാസങ്ങൾ, ചെടികളുടെ അകത്തും പുറത്തുമുള്ള വ്യത്യാസങ്ങൾ, മനുഷ്യ ശരീരത്തിലെ എല്ലുകളുടെ ഘടന എന്നിവയെല്ലാം പഠിച്ചു. ഏഴാം വയസ്സിൽ  പ്രസിദ്ധ ചിത്രകാരൻ വെറോക്കിയോയുടെ സഹായിയായി. 

 

ബാപ്റ്റിസം ഓഫ് ക്രൈസ്റ്റ് എന്ന വെറോക്കിയോ ചിത്രത്തിൽ മാലാഖമാരുടെ മുഖം അന്നു വരെ ആരും കണ്ടിട്ടില്ലാത്ത വിധത്തിൽ മിഴിവോടെ, പ്രത്യേക പ്രകാശത്തോടെ (സ്ഫുമാറ്റോ എഫക്ട് ) ഭംഗിയായി ലിയോനാഡോ വരച്ചു ചേർത്തു. വർഷങ്ങൾക്കു ശേഷം വെറോക്കിയോയുടെ സ്റ്റുഡിയോ വിട്ട് സ്വന്തമായി ചിത്രരചനയിൽ മുഴുകുമ്പോഴേക്കും തനത് ശൈലിയും ഫിലോസഫിയും ശാസ്ത്രീയതയും ലിയോനാഡോ ഡാവിഞ്ചി തന്റെ രചനകളിൽ നടപ്പാക്കി. രചനകളുടെ പൂർണതയ്ക്കായി ഡാവിഞ്ചി എന്തിനും തയാറായിരുന്നു. ‘അന്ത്യ അത്താഴം’ ചിത്രീകരിക്കുന്നത് വൈകിയ ലിയോനാഡോയോട് കയർത്ത മിലാനിലെ പ്രഭു പക്ഷേ കാരണമറിഞ്ഞപ്പോൾ ഞെട്ടി. യൂദാസിന്റെ ഭാഗമൊഴിച്ചു ബാക്കി രചന മുഴുവനും പൂർത്തിയായിരുന്നു. യൂദാസിന്റെ മുഖം തേടി മാസങ്ങളായി ഡാവിഞ്ചി അലയുകയായിരുന്നു.

 

ഇന്നും  ഡാവിഞ്ചിയുടെ നോട്ട് ബുക്കുകൾ വിസ്മയിപ്പിക്കുന്നു. എവിടെ പോകുമ്പോഴും കയ്യിൽ നോട്ട്ബുക്ക് കരുതുന്ന ഡാവിഞ്ചി ചുറ്റുമുള്ള കാര്യങ്ങളെ ശ്രദ്ധാപൂർവം നിരീക്ഷിച്ചു വിശദമായി കുറിച്ചിടുമായിരുന്നു. കുറിപ്പുകൾ പഠിച്ചു ഹൃദിസ്ഥമാക്കി, അത് പിന്നീട് തന്റെ രചനകളിൽ സന്നിവേശിപ്പിക്കും. വിമാനത്തിന്റെ മോഡൽ മുതൽ മനുഷ്യ ശരീരത്തിന്റെ ആന്തരിക ഘടന വരെ ആ നോട്ട് പുസ്തകങ്ങളിൽ ഇടം പിടിച്ചു. അക്കാലത്തു ജീവിച്ചിരുന്ന പല ചിത്രകാരന്മാരും ഡാവിഞ്ചിയുടെ രീതികളെ പരിഹസിച്ചിരുന്നു. പശ്ചാത്തലങ്ങളെ അത്ര വിശദമായി രചിക്കുമ്പോഴും ഒന്ന് ഒന്നിനോട് ഇഴുകി ചേർന്ന് ചിത്രങ്ങൾക്ക് മനോഹാരിതയേറി. 500 വർഷങ്ങൾക്കിപ്പുറവും ഡാവിഞ്ചി ചിത്രങ്ങൾ ആരാധിക്കപ്പെടുന്നതിന്റെ കാരണവും ഇതാണ്.

 

പരിമിതികളെ ഓർത്തു നിരാശപ്പെടാതെ, ലഭ്യമായ സാഹചര്യങ്ങളിൽ അറിവിനെ പുണർന്ന് ലക്ഷ്യത്തിലേക്ക് നടന്ന ലിയോനാഡോ ഡാവിഞ്ചി മരണക്കിടക്കയിൽ പോലും ശിഷ്യർക്ക് അറിവു പകർന്നു നൽകി. ലോകത്തിനാകെ പ്രചോദനമായ ഡാവിഞ്ചി കൈവയ്ക്കാത്ത മേഖലകളില്ല. വെല്ലുവിളികളെ സധൈര്യം നേരിട്ട് മുന്നോട്ട് പോകാനുള്ള ഊർജം അദ്ദേഹത്തിന് നൽകിയത് അറിവിനോടുള്ള സ്നേഹവും തൃഷ്ണയും കഠിനാധ്വാനം ചെയ്യാനുള്ള മനോഭാവവുമായിരുന്നു. 

 

കോവിഡ് നൽകിയ വെല്ലുവിളികളെ സ്വീകരിച്ച് പരിമിതികളെ മറന്ന് പ്രവൃത്തിയിൽ മുഴുകാൻ കുട്ടികളെ പരിശീലിപ്പിക്കണം. ‘you see but you do not observe’ എന്ന് ഷെർലക് ഹോംസ് വാട്സനോടു പറയുന്നതു പോലെ, കാണുക മാത്രമല്ല നിരീക്ഷിക്കുകയും വേണം. നിരീക്ഷിക്കുന്നത് കുറിച്ചു വച്ച് സംശയ നിവാരണം വരുത്തി, അറിവ് നേടണം.. ചെയ്യുന്ന പ്രവൃത്തിയിൽ താൽപര്യം ഉണ്ടാകുമ്പോൾ ആ പ്രവൃത്തി നമുക്ക് സന്തോഷവും സംതൃപ്തിയും നൽകും. കോവിഡ് അനന്തര ലോകം നേരിടുവാൻ പോകുന്ന വെല്ലുവിളികൾ സമാനതകളില്ലാത്തതാവാം. അവയെ സധൈര്യം അഭിമുഖീകരിക്കാൻ പ്രാപ്തിയുണ്ടാകുന്നത് അറിവിലൂടെയാണ്.

 

“Learning never exhausts the mind” - Leonardo Da Vinci 

 

(തപാൽ വകുപ്പിന്റെ വിദേശ കാര്യ വിഭാഗത്തിൽ അസി. ഡയറക്ടർ  ജനറലായിരുന്ന ലേഖകൻ ഇപ്പോൾ കേന്ദ്രസർക്കാരിന്റെ സ്പോൺസർഷിപ്പോടെ മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (MIT)യുടെ ഓൺലൈൻ പഠനത്തിലാണ്. രേഖപ്പെടുത്തിയ ആശയങ്ങൾ തികച്ചും വ്യക്തിപരം)

English Summary: Online Or Offline Education

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com