ADVERTISEMENT

പഠനം ഇന്ന് ഓൺലൈനിൽ

 

2020 മനുഷ്യരാശിയുടെ ഭാവിയെ സംബന്ധിച്ച് ഒരു നിർണ്ണായക വർഷമാണ്. നാം ബന്ധപ്പെട്ടിരിക്കുന്ന ഒട്ടുമിക്ക മേഖലകളിലും വലിയ മാറ്റത്തിനാണ് ഈ കോവിഡ്  ലോക്ക്ഡൌൺ ഇടയാക്കിയത്. ഈ മാറ്റം ഏറ്റവും പ്രകടമായ മേഖലയാണ്  വിദ്യാഭ്യാസം. ഓൺലൈൻ വിദ്യാഭ്യാസം ഇന്ന് പരക്കെ നടപ്പിലായിക്കഴിഞ്ഞു. സൂമിലും വെബ്എക്‌സിലും മൈക്രോസോഫ്റ്റ് ടീമ്സിലും ഗൂഗിൾ മീറ്റിലും മറ്റുമാണ് ഇന്ന്  ക്ളാസുകൾ നടക്കുന്നത്. നോട്ടുകൾ വാട്സാപ്പ് വഴി ക്ലാസ് ഗ്രൂപ്പുകളിലേക്ക് അദ്ധ്യാപകർ അയക്കുന്നു. സംശയനിവാരണത്തിന് യൂട്യൂബ് വീഡിയോകളെ കൂടുതലായി കുട്ടികൾ ആശ്രയിക്കുന്നു.  പ്രധാന പഠനോപകരണം ഇന്ന് ലാപ്ടോപ്പും മൊബൈൽ ഫോണുമാണ്.  കുട്ടികളും ഈ മാറ്റങ്ങളോട് പൊരുത്തപ്പെട്ട് വരുന്നു.

 

ഇങ്ങനെയും പഠിക്കാം എന്ന കാര്യം കുട്ടികൾ മനസിലാക്കിയതോട് കൂടി അവർ അവരുടെ അഭിരുചിയനുസരിച്ച് മറ്റ് വിഷയങ്ങൾ മനസിലാക്കാനും ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു. നൃത്തവും സംഗീതവും ഒറിഗാമിയും തുടങ്ങി പലതരം വിഷയങ്ങൾ ഇത്തരത്തിൽ കുട്ടികൾ വിവിധ ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് സ്വയം അഭ്യസിക്കുന്നു. ഇത് പോലെ ഈ കാലഘട്ടത്തിൽ ചില കുട്ടികളെങ്കിലും സ്വയം തിരിച്ചറിഞ്ഞ ഒരു താല്പര്യമാണ്  സോഫ്റ്റ്‌വെയർ പ്രോഗ്രാമിംങ്.

 

ഓൺലൈൻ സോഫ്റ്റ്‌വെയർ പ്രോഗ്രാമിംങ് പഠനത്തിനുള്ള സംവിധാനങ്ങൾ

 

സ്‌കൂൾ തലത്തിൽ ഒരു പഠനവിഷയമാണ് കമ്പ്യൂട്ടർ. സോഫ്റ്റ്‌വെയർ പ്രോഗ്രാമിംങ് ചെറിയതോതിലെങ്കിലും ഈ വിഷയത്തിലൂടെ കുട്ടികൾ പരിചയിക്കുന്നുണ്ട്. പ്രോഗ്രാമിംങിനോട് കുട്ടികൾ കൂടുതൽ താല്പര്യം കാണിക്കുന്ന പക്ഷം അവർക്ക് അവരുടേതായ വേഗത്തിൽ സ്വയം പഠനത്തിന് സഹായിക്കുന്ന, സൗജന്യമായി ഉപയോഗിക്കാവുന്ന ചില ഓൺലൈൻ സംവിധാനങ്ങൾ നമുക്ക് പരിചയപ്പെടാം.

 

1. കോഡ്  (code.org) 

തുടക്കക്കാർക്ക് കോഡ് ബ്ലോക്കുകൾ ഉപയോഗിച്ച് അപ്ലിക്കേഷനുകൾ നിർമ്മിക്കാനും അങ്ങനെ സോഫ്റ്റ്‌വെയർ പ്രോഗ്രാമിംങിൽ ഒരു തുടക്കമിടാനും code.org ഉപകരിക്കും. പ്രോഗ്രാമിംങിൽ അടിസ്ഥാന ആവശ്യമായ യുക്തിവിചാരം ആർജ്ജിക്കുന്നതിന് ബ്ലോക്കുകൾ ഉപയോഗിച്ച് അപ്ലിക്കേഷനുകൾ നിർമ്മിക്കുന്നത് സഹായിക്കും.  ആ തുടക്കത്തിന് ശേഷം എച്ച് ടി എം എൽ, സി എസ് എസ്, ജാവാസ്ക്രിപ്റ്റ് എന്നിവ ഉപയോഗിച്ച് വെബ്സൈറ്റുകളും ആപ്പുകളും ഗെയിമുകളും നിർമ്മിക്കുന്നതിന്റെ കോഴ്സുകളുമുണ്ട്.

 

2. സ്ക്രാച്ച് (scratch.mit.edu)

ലോകത്തിലെ തന്നെ പ്രശസ്തമായ MITയുടെ ഒരു സംരംഭം ആണ് സ്ക്രാച്ച്. ബ്ലോക്കുകൾ ഉപയോഗിച്ചുള്ള പഠനത്തിലൂടെ  സോഫ്റ്റ്‌വെയർ പ്രോഗ്രാമിംങിൽ ആവശ്യമായ യുക്തി, ഗണിതശാസ്ത്ര മികവ് എന്നിവ വളർത്തിയെടുക്കാം. അപ്ലിക്കേഷനുകളും ഗെയിമുകളും നിർമ്മിക്കാനും അത് മറ്റുള്ളവരുമായി ഷെയർ ചെയ്യാനും ഈ പ്ലാറ്റ്‌ഫോമിൽ സാധിക്കും. കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള വിവിധ കോഴ്‌സുകൾ ലഭ്യമാണ്.

 

3.  ഖാൻ അക്കാദമി (khanacademy.org)

വിദ്യാർത്ഥികൾക്ക് സൗജന്യമായി വിവിധ കോഴ്‌സുകൾ ലഭ്യമാക്കുന്ന ഒരു എൻ ജി ഒ ആണ് ഖാൻ അക്കാദമി. കുട്ടികൾക്കായി ജാവാസ്ക്രിപ്റ്റ്, പൈത്തൺ തുടങ്ങിയ പ്രോഗ്രാമിങ് ലാംഗ്വേജ് കോഴ്‌സുകൾ ഈ പ്ലാറ്റ്‌ഫോമിൽ ലഭ്യമാണ്.

 

4. ഡിക്കോഡർ (dcoder.tech)

മൊബൈൽ ഫോണിൽ വിവിധ പ്രോഗ്രാമിങ് ലാംഗ്വേജുകളിൽ കോഡ് എഴുതാൻ സഹായിക്കുന്ന ഒരു അപ്ലിക്കേഷൻ ആണ് ഡിക്കോഡർ. ഈ പ്ലാറ്റ്‌ഫോമിൽ കോഴ്‌സുകൾ ഒന്നും ലഭ്യമല്ല, പക്ഷെ കുട്ടികൾക്ക് പ്രോഗ്രാമിങ് പരിശീലിക്കാൻ സഹായിക്കുന്ന ഒരു ടൂൾ ആണ് ഇത്. മൊബൈൽ ഫോൺ ഉപയോഗിച്ച് കോഡ് ചെയ്യാം എന്നത് ഒരു ശ്രദ്ധേയമായ പ്രത്യേകതയാണ്. അടിസ്ഥാന ഫീച്ചറുകൾ സൗജന്യമായി നൽകുമ്പോൾ മറ്റ് ഫീച്ചറുകൾ ലഭ്യമാക്കുന്നതിന് പണം നൽകേണ്ടതുണ്ട്. അത് കൊണ്ട് തന്നെ രക്ഷിതാക്കളുടെ മേൽനോട്ടത്തിലാണ് ഈ ടൂൾ കുട്ടികൾ ഉപയോഗിക്കുന്നത് എന്ന് ഉറപ്പ് വരുത്തുന്നത് നല്ലതായിരിക്കും.

 

കുട്ടികൾക്ക് സ്വയം പഠനത്തിന് സഹായകമാകും എന്നതിനാൽ എന്റെ അറിവിലുള്ള ചില പ്ലാറ്റ്‌ഫോമുകളും ടൂളുകളും ആണ് മുകളിൽ കുറിച്ചത്. കുട്ടികൾ ഈ പഠനത്തിൽ ഏർപ്പെടുമ്പോൾ രക്ഷിതാക്കൾ ഒരു വിളിപ്പാടകലെ ഉണ്ടായിരിക്കുന്നത് നല്ലതാണ്. കോഡിങ്ങിന് ആവശ്യമായ  ഗണിതവും അൽഗോരിതവും ഒക്കെ ആദ്യം മനസിലാക്കാൻ കുഞ്ഞുങ്ങൾക്ക്  രക്ഷിതാക്കളുടെ സഹായം ആവശ്യമായി വരും.

 

കുട്ടികൾക്ക് ഇവ പരിചയപ്പെടുത്തുന്നതിന് മുൻപ് തീർച്ചയായും രക്ഷിതാക്കൾ ഇവ പരീക്ഷിച്ച് നോക്കി അവരുടെ കുട്ടികൾക്ക് അനുയോജ്യമാണെന്ന് ഉറപ്പ് വരുത്തിയിരിക്കണം. ഈ പ്ലാറ്റ്‌ഫോമുകൾ രക്ഷിതാക്കളും നല്ല രീതിയിൽ പരിചയപ്പെട്ടിരിക്കണം. കുട്ടികൾ എന്താണ് ചെയ്യുന്നത് എന്ന് നിരീക്ഷിച്ച് മനസിലാക്കാൻ അത് സഹായിക്കും.  

 

അധികമായാൽ അമൃതും വിഷം

 

കൂടുതൽ നേരം കമ്പ്യൂട്ടറും മൊബൈൽ ഫോണും കുഞ്ഞുങ്ങൾ ഉപയോഗിക്കുന്നത് അവരുടെ ശരീരത്തിനും മനസിനും നല്ലതല്ല. കോഡിങിനെ സ്നേഹിക്കുന്നവർക്ക് അതൊരു ആസക്തി ആയി മാറാനുള്ള സാഹചര്യം അത്ര ചെറുതല്ല. അത് കൊണ്ട് തന്നെ ദിവസവും ഒന്നോ രണ്ടോ മണിക്കൂറുകൾക്കപ്പുറം ഓൺലൈൻ കോഡിങ് പഠനം നീണ്ട് പോകാതെ ശ്രദ്ധിക്കണം. മാത്രമല്ല, പഠന വീഡിയോകൾ ശ്രദ്ധിക്കുമ്പോൾ ഹെഡ് ഫോണുകൾ കഴിയുന്നിടത്തോളം ഒഴിവാക്കുന്നത് നല്ലതായിരിക്കും. അത് പോലെ മറ്റ് കളികൾ മാറ്റി വച്ച് കോഡിങ് പഠനത്തിൽ മുഴുകുന്നതും നല്ലതല്ല.

 

എല്ലാ കുട്ടികളും കോഡിങ് പഠിക്കേണ്ടതില്ല.

 

ഒരു കാര്യം പ്രത്യേകം എടുത്ത് പറയാൻ ആഗ്രഹിക്കുന്നു. കുട്ടികൾക്ക് പ്രോഗ്രാമിങിൽ അഭിരുചിയും താല്പര്യവും ഉണ്ടെങ്കിൽ മാത്രമേ ഇവ അവർക്ക് നൽകാൻ പാടുള്ളൂ. കുട്ടികളിൽ സമ്മർദ്ദം ചെലുത്തി ഇത്തരം ഓൺലൈൻ പഠനത്തിന് അവരെ തള്ളി വിടാതിരിക്കാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. ഈ കുഞ്ഞു പ്രായത്തിൽ പ്രോഗ്രാമിങ് പഠിച്ചില്ല എന്നത് കൊണ്ട് കുട്ടികൾക്ക് ഒന്നും സംഭവിക്കില്ല എന്നതാണ് സത്യം.

 

 

റോബിൻ അലക്സ് പണിക്കർ,

ചീഫ് പ്രോഡക്റ്റ് ഓഫീസർ,

ഫൈനോട്ട്സ്

രേഖപ്പെടുത്തിയ ആശയങ്ങൾ തികച്ചും വ്യക്തിപരം

'മനോരമ ഹൊറൈസൺ ഓൺലൈൻ സർട്ടിഫിക്കറ്റ് പ്രോഗ്രാമ്മുകളെകുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com