ADVERTISEMENT

വിദ്യാഭ്യാസത്തിനു ശേഷം ഒരു തൊഴിൽ നേടി സ്വയംപര്യാപ്തതരാകുക എന്നതു യുവതീയുവാക്കളുടെ ഉത്തരവാദിത്തമാണ്. പക്ഷേ, അതിനുള്ള ആഗ്രഹവും ആവശ്യവും അവസരവും പലർക്കും ഉണ്ടോ എന്നതു വിശകലനം ചെയ്യേണ്ടതുണ്ട്. വിദ്യാഭ്യാസം ഉണ്ടായിട്ടും തൊഴിൽ നേടാനും പ്രവർത്തിക്കാനും കഴിയാത്ത ഒട്ടനവധി യുവതീയുവാക്കൾ നാട്ടിലുണ്ട്. തൊഴിലില്ലായ്മാനിരക്ക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന അവസ്ഥയിൽ നിൽക്കുന്നതും തൊഴിലവസരങ്ങൾ കുറയുന്നതും അവസരങ്ങൾക്ക് അനുസരിച്ചുള്ള നൈപുണ്യം ഉദ്യോഗാർഥികൾ പ്രകടിപ്പിക്കാത്തതും ഇതിനു കാരണങ്ങളാണ്. പലപ്പോഴും ഈ അവസ്ഥ സാമൂഹിക ഒറ്റപ്പെടലിനു വഴിവയ്ക്കുന്നു. ഇത് നിരാശ (Frustration), ആത്മഹത്യ (Suicide) ഉൾപ്പെടെയുള്ള വിപരീത പ്രവണതകളിലേക്ക് നയിക്കുന്നു. പരാജയ ഭാരം താങ്ങാൻ പറ്റാതെ പെട്ടെന്നു പ്രതീക്ഷ നഷ്ടപ്പെടുന്നതാണ് ഇതിനു മുഖ്യകാരണം. 

പ്രതീക്ഷ എന്തുകൊണ്ടു നഷ്ടപ്പെടുന്നു? ആരെയും, എന്തിനേറെ, അവനവനെ പോലും വിശ്വാസം ഇല്ലാത്തതുകൊണ്ടു തന്നെ. വിശ്വാസം ഇല്ലാത്തത് എന്തുകൊണ്ട്? ചുറ്റിനും ആരുടെയും പോസിറ്റീവ് സപ്പോർട്ട് ലഭിക്കാത്തതു കൊണ്ടു തന്നെ. ഇത്തരമൊരു അവസ്ഥയിൽ വിദ്യാഭ്യാസത്തിന്റെ യഥാർഥ ലക്ഷ്യം എന്താണ് എന്നു നാം ചിന്തിച്ച് പോകും. നല്ലൊരു വിഭാഗത്തിനും അത് അറിയില്ല. ഒന്നാം ക്ലാസ് മുതൽ ബിരുദാനന്തരബിരുദം വരെ അടുത്ത സുഹൃത്തിനെക്കാളും മാർക്കു വാങ്ങാനുള്ള ഓട്ടത്തിനിടയിൽ ശരിക്കു സംസാരിക്കാനും സൗഹൃദം പങ്കിടാനും നാം മറന്നുപോകുന്നു. സാമൂഹിക ജീവി ആകുന്നതിനു പകരം വെറുമൊരു  നിഷ്ക്രിയ ജീവിയായി യുവതീയുവാക്കൾ മാറുന്നു. ഒറ്റപ്പെടലിനും ഉൾവലിവിനും ഇതു കാരണമാകുന്നു. പരാജയം വരുമ്പോൾ ആരും ഇല്ലാത്ത അവസ്ഥ. മറ്റെന്തു ചെയ്യും, ആത്മഹത്യ തന്നെ അഭയം. 

 

പലപ്പോഴും നാം ഒരു സാമൂഹിക ജീവി ആണ് എന്നുള്ള യാഥാർഥ്യം മറന്നുപോകുന്നു. അതിന് ഉത്തമ ഉദാഹരണം ഈ കൊറോണക്കാലം തന്നെ. ഓൺലൈൻ പഠനവും വർക്ക് ഫ്രം ഹോം ജോലികളും നൽകുന്ന അസ്വസ്ഥതകൾ മാത്രം നോക്കിയാൽ മതി ഇതു ബോധ്യമാകാൻ. കുടുംബത്തിന്റെയും ബന്ധുക്കളുടെയും അയൽക്കാരുടെയും കൂട്ടുകാരുടെയും അധ്യാപകരുടെയും ധാർമിക പിന്തുണ ഉണ്ടെങ്കിൽത്തന്നെ  നിരവധി യുവതീയുവാക്കളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. പരാജയം വരുമ്പോൾ തളരാതെ മാറിച്ചിന്തിക്കാൻ ഈ സപ്പോർട്ട് ഇവരെ പ്രേരിപ്പിച്ചേക്കാം. ഇത് എവിടുന്നു തുടങ്ങണം? ആരു മുൻകൈ എടുക്കും?

 

നോക്കേണ്ട, ആരും വരില്ല. ഇത് സ്വന്തം ‘കുടുംബത്തിൽ’ നിന്നു തുടങ്ങണം അവരവർ തന്നെ മുൻകൈയെടുക്കണം. ശ്രേഷ്ഠമായ ഒരു അന്തരീക്ഷം ഉണ്ടാക്കിയെടുക്കാനും അതു മുന്നോട്ടു കൊണ്ടുപോകാനും ഉള്ള ഉത്തരവാദിത്വം കുടുംബത്തിലെ ഓരോരുത്തർക്കും ഉണ്ട്. ഇതിനുവേണ്ടി ‘എനിക്കു വ്യക്തിയെന്ന നിലയിൽ വളരണം, നമുക്കു കുടുംബം- സമൂഹം എന്ന നിലയിൽ പുരോഗമിക്കണം’ എന്ന ചിന്താരീതിയാണ്  വിദ്യാഭ്യാസത്തിലൂടെ ഉണ്ടാക്കിയെടുക്കേണ്ടത്.

 

അക്കാദമിക മികവിനൊപ്പം  ഓരോ വിദ്യാർഥിയും സാമൂഹിക നൈപുണ്യവും (social skills) പ്രതിസന്ധികൾ തരണം ചെയ്യാനുള്ള മാനസിക അവസ്ഥയും (adversity quotient) ഉണ്ടാക്കിയെടുക്കണം. ഏതൊരു ബന്ധവും ദൃഢമാക്കാൻ 4 കാര്യങ്ങൾ ആവശ്യമാണ്– പ്രതിബദ്ധത (Commitment), സാന്നിധ്യം (Involvement), അടുപ്പം (Attachment), വിശ്വാസം (Belief). മേൽപ്പറഞ്ഞവയുടെ പോരായ്മ ബന്ധങ്ങളിൽ വിള്ളലുകൾ വരുത്തുന്നതും മറ്റുചിലർ അത് മുതലെടുക്കുന്നതും നമുക്ക് ചുറ്റുപാടും കാണാം. 

 

നന്മയും തിന്മയും നിറഞ്ഞതാണു നമ്മുടെ സമൂഹം. അതു തിരിച്ചറിയപ്പെടേണ്ടതുണ്ട്. മുകളിൽ വിവരിച്ച  കാര്യങ്ങളെല്ലാം കൂടി സംഗ്രഹിച്ച് ഒരു ഉദാഹരണം പറയാം. 90% മാർക്ക് പ്ലസ്ടുവിനു വാങ്ങി ബിഡിഎസിന് അഡ്മിഷൻ നേടിയിട്ടും ആത്മഹത്യക്കു ശ്രമിച്ച ഒരു 19 കാരിയോടു കൗൺസിലിങ്ങിൽ സംസാരിച്ചു. മിടുക്കിയായ കുട്ടി പ്ലസ് ടു കഴിഞ്ഞുള്ള എൻട്രൻസ് എഴുതി ബിഡിഎസ് അഡ്മിഷൻ കിട്ടാൻ യോഗ്യത നേടിയപ്പോൾ ചില ബന്ധുക്കൾ കുട്ടിക്ക് ഉപദേശങ്ങളുമായി അടുത്തുകൂടി. അവർ അവളോട് പറഞ്ഞു "നിന്റെ കസിൻ സിസ്റ്ററിന് എംബിബിഎസ് കിട്ടി.  നിനക്ക് എംബിബിഎസ് കിട്ടിയില്ലെങ്കിൽ ഞങ്ങൾക്ക് നാണക്കേടാകും. ഇത് പലകുറി പറഞ്ഞ് കുട്ടിയെയും മാതാപിതാക്കളെയും ആശയക്കുഴപ്പത്തിലാക്കി ആ കുട്ടിയെ കോഴ്സിനു ചേരാൻ  സമ്മതിക്കാതെ ഒരു കൊല്ലം വീട്ടിലിരുത്തി. ഈ മാന്യന്മാർ ഇക്കാര്യം കുട്ടിയെ ഇടയ്ക്കിടയ്ക്ക് ഓർമിപ്പിച്ചു കൊണ്ടിരുന്നു. പിന്നത്തെ കൊല്ലം എൻട്രൻസ് എഴുതിയ കുട്ടിക്ക് വീണ്ടും ബിഡിഎസ്. മാനസിക പിരിമുറുക്കവും മറ്റുള്ളവരെ അഭിമുഖീകരിക്കാതിരിക്കാനുള്ള എളുപ്പ മാർഗ്ഗവുമായി കുട്ടി തിരഞ്ഞെടുത്തത് ആത്മഹത്യ. ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടെങ്കിലും മാനസികനില തെറ്റിയ കുട്ടിയെ ബന്ധുജനങ്ങൾ താരതമ്യം ചെയ്ത് കൊല്ലാതെ കൊന്നു.

 

ഇതിൽനിന്നും വിദ്യാർഥികളും തൊഴിൽ തേടുന്നവരും ജോലിയിൽ പ്രവേശിച്ചു പലവിധ സമ്മർദങ്ങൾ നേരിട്ടു മുൻപോട്ടു നീങ്ങുന്ന യുവതീയുവാക്കളും എന്തു മനസ്സിലാക്കണം?

 

മറ്റെന്തിനെക്കാളും നാം വികസിപ്പിച്ചെടുക്കേണ്ട കഴിവാണ് ‘വൈകാരിക ബുദ്ധിയുള്ള സാമൂഹിക ജീവി’ ആകുക എന്നുള്ളത് (social being with an emotional intelligence). മനുഷ്യരോട് നിരന്തരം ഇടപഴകാനും സാമൂഹിക ശൃംഖല ഉണ്ടാക്കിയെടുക്കാനും പക്വതയോടെ പ്രതികരിക്കാനും നല്ലതും ചീത്തയും തിരിച്ചറിയാനുമുള്ള കഴിവ് എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

 

അതിനു ചെയ്യേണ്ടത്

1) Expand (വികസിപ്പിക്കുക)- നിങ്ങളുടെ സാമൂഹിക വലയം വർധിപ്പിക്കുക

2) Engage- നല്ല രീതിയിൽ മറ്റുള്ളവരുമായി ഇടപഴകാൻ കിട്ടുന്ന അവസരങ്ങൾ പരമാവധി ഉപയോഗിക്കുക.

3) Exclude- അനാവശ്യ പ്രേരണകളും സംഭാഷണങ്ങളും പ്രലോഭനങ്ങളും ഒഴിവാക്കാനുള്ള പക്വത കാട്ടുക

4) Excel - നല്ല സാമൂഹിക പൗരൻ ആയി മാറുക ഡിഗ്രി യെക്കാളും പദവിയെക്കാളും ശമ്പളത്തേക്കാളും അതിന് വില നൽകുക.

 

വിജയം, നേട്ടം, സ്ഥാനം എന്നതൊക്കെ ചില കാര്യങ്ങളിൽ മാത്രം കൈവരിച്ച പുരോഗതി വ്യാഖ്യാനിച്ചു പരിമിതപ്പെടുത്തുന്ന ഇടുങ്ങിയ ചിന്തകൾ  വലിച്ചെറിയുക. 

 

'എല്ലാവർക്കും വലിയ കാര്യങ്ങൾ ചെയ്യാൻ സാധിക്കില്ല. എന്നാൽ ചെറിയവ സ്നേഹത്തോടെ പക്വതയോടെ ചെയ്യാം. ഇന്നല്ലെങ്കിൽ നാളെ അതു നമുക്ക് ഒരു താങ്ങാകും'.

 

വളർത്തിയെടുക്കുന്ന സാമൂഹിക മൂല്യങ്ങളും ബഹുമുഖ നൈപുണ്യങ്ങളും വഴി, ചെറിയ പരാജയങ്ങൾ വരുമ്പോൾ ജീവൻ വലിച്ചെറിഞ്ഞു പോകാതെ അർഥവത്തായ ഒരു ജീവിതം കെട്ടിപ്പടുക്കാൻ നമ്മുടെ യുവജനതയെ സഹായിക്കട്ടെ. വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യം  അതാകട്ടെ.

 

(ലേഖകൻ കരിയർ കൗൺസിലറും സസ്റ്റലൈഫ് ഫൗണ്ടേഷൻ ഡയറക്ടറും കേരള സാങ്കേതിക സർവകലാശാല കരിക്കുലം കമ്മിറ്റി മെമ്പറും ആണ്)

English Summary: Education

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com