sections
MORE

പിഎച്ച്ഡി റിസർച്ച് അറിയേണ്ടതെല്ലാം

HIGHLIGHTS
  • യുജിസി -ജെആർഎഫ് യോഗ്യത നേടിയവർക്ക് 5 വർഷത്തേക്ക് സ്റ്റൈപൻഡ് ലഭിയ്ക്കാം
phd
SHARE

പുതിയ ആശയങ്ങൾ, ധാരണകൾ, ശാസ്ത്രങ്ങൾ എന്നിവ സൃഷ്ടിക്കുന്നതിനായി പുതിയ അറിവിന്റെ സൃഷ്ടി അല്ലെങ്കിൽ നിലവിലുള്ള അറിവിനെ നവീനവും ക്രിയാത്മകവുമായ രീതിയിൽ ഉപയോഗിക്കുന്നതാണ് റിസർച്ച്. പുതിയ ഗവേഷണാത്മക ഫലത്തിലേക്ക് നയിക്കുന്ന മുൻ ഗവേഷണങ്ങളുടെ സമന്വയവും വിശകലനവും അക്കാദമിക് ഗവേഷണങ്ങളിൽ ഉൾപ്പെടാം.

ഒരു ഗവേഷകൻ തന്റെ ഗവേഷണ മേഖലയുടെ ഉന്നമനത്തിനായി പ്രതിജ്ഞാബദ്ധനാകേണ്ടതാണ്. മാത്രമല്ല തന്റെ കണ്ടെത്തലുകളെ രാജ്യാന്തര നിലവാരത്തിലുള്ള പ്രസിദ്ധീകരണങ്ങളാക്കി മാറ്റാൻ പരിശ്രമിക്കേണ്ടതുമാണ്.

ഗവേഷണ പ്രക്രിയ

റിസർച്ചിന്റെ ഭാഗമായി മിക്ക യൂണിവേഴ്സിറ്റികളിലും  റിസർച്ച് മെത്തഡോളജിയും ഗവേഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചേർന്ന ആറു മാസം ദൈർഘ്യമുള്ള കോഴ്സ് വർക്ക്‌ അനുശാസിക്കുന്നു. എന്നാൽ ചില സംസ്ഥാന സർവകലാശാലകൾ (State universities) ഗവേഷണവുമായി ബന്ധപ്പെട്ട വിഷയത്തിൽ എം. ഫിൽ ബിരുദം നേടിയവരെ കോഴ്സ് വർക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. കോഴ്സ് വർക്ക് വിജയകരമായി പൂർത്തിയാക്കിയ ശേഷം അടുത്ത പടി ഗവേഷണ നിർദ്ദേശം (Research proposal) തയാറാക്കുക എന്നതാണ്. അതിനായി സമകാലിക ഗവേഷണകൃതികൾ വായിച്ചു സാഹിത്യാവലോകനം (Literature review) നടത്തേണ്ടതാണ്. അതു ഗവേഷണം യഥാർഥമാണെന്ന് ഉറപ്പുവരുത്തുന്നതിനും ഗവേഷണത്തിന്റെ ദിശ മനസിലാക്കുന്നതിനും പുറമേ നിലവിലുള്ള റിസർച്ച് പേപ്പേഴ്സിനെ വിലയിരുത്തി വ്യക്തമായ ഒരു കാഴ്ചപ്പാടിലെത്താനും സഹായിക്കുന്നു. ശേഷം നിങ്ങളുടെ ആശയങ്ങൾ ചർച്ച ചെയ്യുന്നതിനും നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനും ഗവേഷണത്തിന്റെ സമയപരിധി നിശ്ചയിക്കുന്നതിനുമായി റിസർച്ച് ഗൈഡിന്റെ സഹായം സ്വീകരിക്കുക.

റിസർച്ച് മേഖലയെക്കുറിച്ച് പരിജ്ഞാനം നേടിക്കഴിഞ്ഞാൽ ഡേറ്റാ ശേഖരണം, വിശകലനം, വ്യാഖ്യാനം, പരിണിതഫലം രൂപപ്പെടുത്തൽ എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഇതിനൊപ്പം നിങ്ങളുടെ ഗവേഷണ മേഖലയിൽ വരുന്ന രാജ്യാന്തര കോൺഫറൻസുകളിലും (International conference) വർക്ക്‌ഷോപ്പുകളിലും പങ്കെടുക്കുകയും വേണം. അതുവഴി നിങ്ങളുടെ ഗവേഷണ ഫലങ്ങൾ നിങ്ങളുടെ പ്രവർത്തന മേഖലയിൽ പ്രബുദ്ധരായവരുമായി ചർച്ച ചെയ്യുകയും അവരിൽനിന്നു കിട്ടുന്ന വിലപ്പെട്ട നിർദ്ദേശങ്ങൾ സ്വീകരിക്കുകയും പുതിയ സാങ്കേതികവിദ്യകൾ പഠിച്ചു തന്റെ ഗവേഷണത്തിൽ അവ പ്രായോഗികമാക്കുകയും ചെയ്യാവുന്നതാണ്. എല്ലാറ്റിനുമുപരി തങ്ങളുടെ ഗവേഷണത്തിനു സഹായകരമാകുംവിധം മറ്റു ഗവേഷണ സ്ഥാപനങ്ങളുമായി സംയുക്ത സഹകരണത്തിൽ ഏർപ്പെടാനുമുള്ള ഒരു മികച്ച വേദിയാണിത്.

നിങ്ങളുടെ ഗവേഷണ ഫലങ്ങൾ കുറഞ്ഞതു രണ്ടു പ്രശസ്ത രാജ്യാന്തര ജേർണലുകളിൽ പ്രസിദ്ധീകരിക്കാൻ ശ്രമിക്കുക. ഗവേഷണം പൂർത്തീകരിച്ചുകഴിഞ്ഞു നിങ്ങളുടെ ഗവേഷണാനുഭവങ്ങളും കണ്ടെത്തലുകളുമെല്ലാം ചേർത്തു റിസർച്ച് പ്രബന്ധം തയാറാക്കുക. അതിനുശേഷം ഗൈഡിന്റെ അനുമതിയോടുകൂടി സമഗ്ര വൈവ (Comprehensive viva)യ്ക്കായി പ്രബന്ധം സർവകലാശാലയ്ക്കു സമർപ്പിക്കുക.

ഗവേഷണം എവിടെ

ഓരോ ഗവേഷണ വിദ്യാർഥിയും അഭിമുഖീകരിക്കുന്ന ചോദ്യമാണിത്. അതിനായി നിങ്ങളുടെ വൈദഗ്ധ്യ മേഖലയിലെ ഏറ്റവും മികച്ച ഗവേഷകനെ തിരയുന്നതാണ് അഭികാമ്യം. നിങ്ങൾ അദ്ദേഹത്തിന്റെ സമീപകാല പ്രസിദ്ധീകരണങ്ങൾ വായിച്ചതിനുശേഷം ഒരു കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിക്കൊണ്ട് അദ്ദേഹത്തിന് ഈ മെയിൽ അയയ്ക്കുകയും ചെയ്യാം. മറ്റൊരു മാർഗം MHRD പ്രസിദ്ധീകരിക്കുന്ന NIRF റാങ്കിങ് പരിശോധിച്ച് ഒരു സർവകലാശാല ഉറപ്പിക്കാവുന്നതാണ്. അത് പ്രകാരം മുൻഗണനകൾ ഉണ്ടാക്കുക. അതിൽത്തന്നെ ദേശീയപ്രാധാന്യമുള്ള ഒരു ഇൻസ്റ്റിറ്റ്യൂട്ട് ( Institute of National Importance ) തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT), ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (AIIMS), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (IIM), നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (NIT), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (IIIT), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസേർച്ച് (IISER), നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എജ്യുക്കേഷൻ ആൻഡ് റിസേർച്ച് (NIPER), സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ചർ (SPA) മുതലായ പ്രീമിയം സ്ഥാപനങ്ങൾ ഇതിൽപ്പെടും. അവയ്ക്കു ശേഷം അല്ലെങ്കിൽ അവയോടൊപ്പം തന്നെ ചേർത്തുവച്ചു പറയാവുന്നതാണ് കേന്ദ്ര സർവകലാശാലകൾ. 5 കേന്ദ്ര സർവകലാശാലകൾ ദേശീയപ്രാധാന്യമുള്ള ഇൻസ്റ്റിറ്റ്യൂട്ടുകളുടെ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. NIRF റാങ്കിങ് നോക്കിയതിനുശേഷം കേരളത്തിലെ സ്റ്റേറ്റ് യൂണിവേഴ്സിറ്റികളും പ്രൈവറ്റ് യൂണിവേഴ്സിറ്റികളും ഒരു വിദ്യാർഥിക്ക് പരിഗണിക്കാവുന്നതാണ്..

യോഗ്യത

ബിരുദാനന്തര ബിരുദം അല്ലെങ്കിൽ MBBS, B.Tech, LLB, CA മുതലായ പ്രഫഷനൽ വിദ്യാഭ്യാസം പൂർത്തിയാക്കിയവർക്ക് പിഎച്ച്ഡിക്കു ചേരാം. അതോടൊപ്പം GRE, CAT, GMAT, GATE, UGC-JRF, UGC-NET എന്നിവയിൽ ഏതെങ്കിലും ഒരു യോഗ്യതാപരീക്ഷ വിജയിച്ചിട്ടുള്ളവർക്ക് മുൻഗണന ലഭിക്കും.

ധനസഹായം

എല്ലാ സർവകലാശാലകളും ഗവേഷണത്തെ പിന്തുണയ്ക്കുന്നതിനായി പണം നീക്കിവച്ചിട്ടുണ്ട്. IIM, IIT, NIT പോലുള്ള പ്രീമിയർ ഇൻസ്റ്റിറ്റ്യൂട്ടുകൾ ആദ്യ രണ്ട് വർഷം 31, 000 രൂപയും അതിനുശേഷം 35, 000 രൂപയിലധികവും സ്റ്റൈപൻഡായി (stipend) നൽകും. കൂടാതെ UGC-JRF യോഗ്യത നേടിയവർക്കും സമാനമായ സ്റ്റൈപൻഡിന് അർഹതയുണ്ട്. ഈ വിദ്യാർഥികൾക്ക് വർഷംതോറും ആകസ്മിക അലവൻസ് (contingency grant) ആവശ്യപ്പെടുകയും ചെയ്യാം. ധനസഹായത്തിൽ സർവകലാശാലയ്ക്ക് അനുസരിച്ച് വ്യത്യാസം വന്നേക്കാം. ഉദാഹരണത്തിന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, ബാംഗ്ലൂർ ആദ്യ വർഷം മുതലേ 35, 000 രൂപ സ്റ്റൈപൻഡായി നൽകുന്നുണ്ട്.

എപ്പോഴൊക്കെ അപേക്ഷിക്കാം

എല്ലാ പ്രമുഖ സ്ഥാപനങ്ങളും യൂണിവേഴ്സിറ്റികളും വർഷത്തിൽ രണ്ടു തവണ (വിന്റർ അഡ്മിഷൻ, സമ്മർ അഡ്മിഷൻ) വിദ്യാർഥി ഒഴിവുകൾ രേഖപ്പെടുത്തിക്കൊണ്ട് പത്രക്കുറിപ്പ് ഇറക്കും. ഓരോ യൂണിവേഴ്സിറ്റിക്കും പ്രത്യേകമായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് യൂണിവേഴ്സിറ്റി വെബ്സൈറ്റ് പതിവായി പരിശോധിക്കുക.

എഴുത്തു പരീക്ഷയും അഭിമുഖവും

ലഭിച്ച അപേക്ഷകൾ സർവകലാശാലകൾ സൂക്ഷ്മ പരിശോധന നടത്തും. യോഗ്യതാ പരീക്ഷയ്ക്കു ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലും പോസ്റ്റ് ഗ്രാജുവേഷൻ മാർക്കിന്റെ അടിസ്ഥാനത്തിലുമാണ് മിക്ക യൂണിവേഴ്സിറ്റികളും ചുരുക്കപ്പട്ടിക (short list) പ്രസിദ്ധീകരിക്കുന്നത്. ചില സർവകലാശാലകൾ പ്രത്യേകം എഴുത്തു പരീക്ഷയും അഭിമുഖവും നടത്തും. മറ്റുള്ളവ അഭിമുഖം മാത്രം നടത്തും. അഭിമുഖത്തിൽ ഗവേഷണ നിർദ്ദേശം (Research proposal), ഗവേഷണ അഭിരുചി, ഗവേഷണ താൽപര്യം, എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകും. അഭിമുഖത്തിനുശേഷം സർവകലാശാലകൾ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.

കോഴ്സ് കാലാവധി

പിഎച്ച്ഡി സമയബന്ധിതമായ ഒരു കോഴ്സല്ല. മിക്ക പഠനങ്ങൾക്കും 3 മുതൽ 5 വരെ വർഷം എടുക്കും. ഐഐടികളും ഐഐഎമ്മുകളും 5 വർഷവും എൻഐടി കൾ 4 വർഷവും സ്റ്റൈപൻഡ് നൽകും. യുജിസി -ജെആർഎഫ് യോഗ്യത നേടിയവർക്ക് 5 വർഷത്തേക്ക് സ്റ്റൈപൻഡ് ലഭിയ്ക്കാം.

പിഎച്ച്ഡിയുടെ ഗുണങ്ങൾ

പിഎച്ച്ഡി ലഭിക്കാൻ ബുദ്ധിമുട്ടും അതിലേറെ വെല്ലുവിളിയുമാണ്. ബിരുദാനന്തര ബിരുദത്തിനു ശേഷം കുറഞ്ഞത് മൂന്നു വർഷത്തെ കഠിനാധ്വാനവും അർപ്പണബോധവും ആവശ്യമാണ്. ആ വർഷങ്ങളിൽ സ്വയം പിന്തുണയ്ക്കേണ്ടതുണ്ട്. എന്നിരുന്നാലും നിങ്ങൾക്ക് ശ്രദ്ധേയമായ കഴിവുകൾ ആർജ്ജിക്കാൻ കഴിയും. മനുഷ്യ വിജ്ഞാനത്തിന്റെ ആകെത്തുകയിൽ ഒരു ശ്രദ്ധേയ സംഭാവന നൽകാൻ കഴിയും. കൂടാതെ ഭാവിയിൽ വിദ്യാർഥികൾക്ക് പഠിക്കാനുള്ള ഒരു ചവിട്ടുപടി ആകാനും കഴിയും. പിഎച്ച്ഡി അഭിമാനിക്കേണ്ട ഒന്നാണ്. ആനുപാതികമായി വളരെ ചെറിയ എണ്ണം ആൾക്കാർ മാത്രമേ ഈ തലത്തിൽ അക്കാദമിക് ജോലികൾ ചെയ്യുന്നുള്ളൂ. അക്കാദമിക് ഇതര തൊഴിലുകളിലും ഒരു പിഎച്ച്ഡി ഉടമ ശോഭിക്കുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷനൽ ഇംപോർട്ടൻസിൽപ്പെട്ട ഭൂരിഭാഗം സ്ഥാപനങ്ങളും അവരുടെ വിദ്യാർഥികൾക്ക് ഉയർന്ന വേതനം ലഭിക്കുന്ന പ്ലെയ്സ്മെന്റുകൾ നൽകുന്നു. മൾട്ടിനാഷനൽ കമ്പനികളുടെ ഗവേഷണ വികസന വിഭാഗങ്ങളിൽ (Research & Development) അവർ പ്രവർത്തിക്കുന്നു. മറ്റുചിലർ അക്കാദമിക് രംഗങ്ങളിൽ ജോലി ചെയ്തുകൊണ്ട് കൂടുതൽ ബിരുദധാരികളേയും പിഎച്ച്ഡി ഉടമകളെയും വളർത്തിയെടുക്കുന്നു.

ഗവൺമെന്റിന്റെയും യുജിസിയുടെയും പുതിയ മാനദണ്ഡമനുസരിച്ച് 2021 മുതൽ പിഎച്ച്ഡി ഉള്ളവരെ മാത്രമേ സർവകലാശാലകളിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികയിലേക്ക് നിയമിക്കുകയുള്ളൂ. കൂടാതെ കോളജുകളിൽ അസോഷ്യേറ്റ് പ്രഫസറായി പ്രമോഷൻ ലഭിക്കാനും പിഎച്ച്ഡി അത്യാവശ്യമാണ്.

(ലേഖകൻ കർണാടക നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ സപ്ലൈ ചെയിൻ അനലിറ്റിക്സിൽ ഗവേഷണം നടത്തുന്നു, ലേഖനത്തിലെ ആശയങ്ങൾ തികച്ചും വ്യക്തിപരം.)

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HORIZON
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA