ADVERTISEMENT

മാറിക്കൊണ്ടിരിക്കുന്ന വ്യവസായ മേഖലയുടെ ആവശ്യങ്ങൾ മനസ്സിലാക്കി വിദ്യാർഥികളിലെ തൊഴിൽ നൈപുണ്യം വികസിപ്പിക്കുന്നത് വിഭാവന ചെയ്ത് അവതരിപ്പിച്ചിട്ടുള്ള പാഠ്യ പദ്ധതികളാണ് ബി വോക്, എം വോക് കോഴ്സുകൾ.

നമ്മുടെ രാജ്യത്തിന്റെ ജനസംഖ്യയുടെ 50 ശതമാനത്തിൽ കൂടുതൽ യുവാക്കൾ ആണെന്നും, രാജ്യത്തിന്റെ മുന്നോട്ടുള്ള വളർച്ചക്ക് യുവജനങ്ങളുടെ പങ്ക് നിർണ്ണായകമാണെന്നുമുള്ള തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികളിലെ തൊഴിൽ ക്ഷമത വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ദേശീയതലത്തിൽ ആരംഭിച്ചിട്ടുള്ള നൈപുണ്യ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ വൊക്കേഷണൽ കോഴ്സുകൾ അവതരിപ്പിച്ചിട്ടുള്ളത്. 

National Skill Development corporation (NSDC) നുകീഴിൽ National Skill Qualification Framework (NSQF) ന് വിധേയമായിട്ടാണ് 2013 ൽ കേന്ദ്ര സർക്കാർ ബി വോക്, എം വോക് കോഴ്സുകൾ ആരംഭിക്കാൻ തീരുമാനിച്ചത്. പഠനത്തിന്റെ ഒരോ ഘട്ടത്തിലും തൊഴിൽ ചെയ്യുന്നതിന് ആവശ്യമായ വിവിധ തലങ്ങളിലുള്ള യോഗ്യതകൾ ആർജിക്കുവാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന രീതിയിലാണ് വൊക്കേഷണൽ കോഴ്സുകളുടെ പാഠ്യപദ്ധതികൾ ക്രമീകരിച്ചിരിക്കുന്നത്. ഇതിനാൽ ബി വോക് എം വോക് കോഴ്‌സുകൾക്ക് Multiple Entry-Multiple Exit ഓപ്ഷനുകൾ വിദ്യാർഥികൾക്ക് നൽകാൻ കഴിയുന്നു.

2014 ലാണ് യുജിസി ആദ്യമായി ബി വോക് എം വോക് കോഴ്സുകൾ ആരംഭിക്കുന്നത്.അതിന്റെ തുടർച്ചയായി വൊക്കേഷണൽ കോഴ്സുകൾക്ക് കൂടുതൽ പ്രാധാന്യം നൽകി മികച്ച രീതിയിൽ നടത്തുന്നതിനായി ഇന്ത്യയിലെ തിരഞ്ഞെടുത്ത കലാലയങ്ങളിൽ യുജിസി മികച്ച സാമ്പത്തിക സഹായത്തോടുകൂടി കൗശൽ കേന്ദ്രങ്ങൾ അനുവദിച്ചത്.കേരളത്തിൽ കൊച്ചി സർവകലാശാല, കാലടി ശ്രീ ശങ്കര കോളേജ്, തിരുവവന്തപുരം മാർ ഇവാനിയോസ് കോളേജിലുമാണ് കൗശൽ കേന്ദ്രങ്ങൾ അനുവദിച്ചത്. ഇതിൽ കൊച്ചി സർവകലാശാലയാണ് ആദ്യമായി എം വോക് കോഴ്സുകൾ ആരംഭിച്ചത്.

വൊക്കേഷണൽ കോഴ്സുകളുടെ പാഠ്യ പദ്ധതിയിൽ 60-70 % വരെ വൊക്കേഷണൽ ഡൊമൈൻ വിഷയങ്ങളിൽ വൈദഗ്ധ്യവും 30-40% വരെ ജനറൽ ഡൊമൈനിൽ പ്രാവീണ്യം നേടുന്നതിനും ഉതകുന്ന രീതിയിലാണ് പാഠ്യ പദ്ധതി വിഭാവന ചെയ്തിട്ടുള്ളത്.തൊഴിൽ വൈധഗ്ധ്യം ആർജിക്കുന്നതിന് വിദ്യാർഥികൾ നിർബന്ധമായും വ്യവസായ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പിന് വിധേയമാകണം എന്നുള്ളത് വൊക്കേഷണൽ കോഴ്സുകളെ പരമ്പരാഗത കോഴ്സുകളിൽ നിന്നും വ്യത്യസ്തമാക്കുന്നു. ഉയർന്ന തൊഴിൽ സാധ്യതകളാണ് ബി വോക് എം വോക് കോഴ്സുകളുടെ ഏറ്റവും വലിയ സവിശേഷത.

എന്താണ് ഒന്നിലധികം എൻട്രി -എക്സിറ് പോയിന്റുകൾ എന്ന് നോക്കാം

നേരത്തെ സൂചിപ്പിച്ചതുപോലെ വിദ്യാർഥികൾക്ക് ബിരുദ ബിരുദാനന്തര കോഴ്സുകളുടെ വിവിധ ഘട്ടങ്ങളിൽ യോഗ്യതകൾ ആർജ്ജിച്ചു പിരിഞ്ഞു പോകുവാനും പിന്നീട് തിരിച്ചുവന്ന് തുടർപഠനത്തിൽ ഏർപ്പെടുവാനും ഉയർന്ന യോഗ്യത നേടുവാനും സഹായിക്കുന്ന രീതിയാണ് Multiple entry-exit എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

മൂന്ന് വർഷം  ദൈർഖ്യമുള്ള ബി വോക് കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥിക്ക് ഡിപ്ലോമ, അഡ്വാൻസ് ഡിപ്ലോമ/ഡിഗ്രീ എന്നീ യോഗ്യതകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് വർഷങ്ങളിൽ പൂർത്തിയാക്കി പിരിഞ്ഞു പോകാവുന്നതാണ്. 

എം വോക് വിദ്യാർത്ഥികൾ ഒന്നാം വർഷം  വിജയകരമായി പൂർത്തിയാക്കിയാൽ പിജി ഡിപ്ലോമയും രണ്ടാം വർഷം പൂർത്തിയാക്കിയാൽ ബിരുദാനന്തര ബിരുദവും കൈവരിച്ച് പിരിഞ്ഞു പോകാൻ അവസരമുണ്ട്. ഒരോ വർഷത്തെയും പഠനം പൂർത്തിയാക്കുമ്പോൾ ഒരു പ്രത്യേക ജോലി/(Job Role) ചെയ്യുവാൻ കഴിവ് നേടുന്ന രീതിയിൽ പാഠ്യക്രമം തയ്യാറാക്കിയിരിക്കുന്നതിനാലാണ് വിദ്യാർത്ഥികൾക്ക് ഒരോ ഘട്ടത്തിലും ഇങ്ങനെ വ്യത്യസ്തങ്ങളായ യോഗ്യതകൾ നേടി പിരിഞ്ഞു പോകാൻ കഴിയുന്നത്.അതാതു ഘട്ടങ്ങളിലെ ജോബ് റോളിന് അനുസരിച്ചു ജോലി ചെയ്യുവാൻ വിദ്യാർത്ഥികൾ നൈപുണ്യം നേടിയിട്ടുണ്ട് എന്നുറപ്പുവരുത്തുവാൻ, ഒരോ ഘട്ടത്തിലും അതാതു സെക്ടർ സ്കിൽ കൌൺസിൽ (SSC) വിദ്യാർത്ഥികൾക്ക് നൈപുണ്യ പരീക്ഷകൾ നടത്തി സർട്ടിഫിക്കറ്റ് നൽകുന്നു എന്നത് വൊക്കേഷണൽ കോഴ്‌സുകളുടെ മാത്രം പ്രത്യേകതയാണ്. 

ആർക്കൊക്കെ  പഠിക്കാം 

പ്ലസ് ടു പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കാണ് ബി വോക് കോഴ്സുകൾക്ക് പ്രവേശനം നേടാൻ യോഗ്യതയുള്ളത്. ഇതിൽ തന്നെ ബി വോക് കോഴ്‌സുകളുടെ പ്രത്യേകതയനുസരിച്ച് പ്ലസ് ടു തലത്തിൽ ചില പ്രെത്യേക വിഷയങ്ങൾ പഠിച്ചിരിക്കണമെന്ന്(ഉദാ. കണക്ക്) നിഷ്കർഷിക്കുന്നുണ്ട്.

എം വോക് കോഴ്സുകൾ ബി വോക് ബിരുദധാരികൾക്ക് മാത്രമായിട്ടാണ് വിഭാവന ചെയ്തിട്ടുള്ളതെങ്കിലും നിലവിൽ മറ്റ് ബിരുദധാരികൾക്കും കോഴ്സുകളുടെ പ്രെത്യേകത അനുസരിച്ച് പരിഗണിക്കുന്നുണ്ട്. ഉദാഹരണത്തിന് കൊച്ചി സർവകലാശാലയിലെ മൊബൈൽ ഫോൺ ആപ്ലിക്കേഷൻ ഡെവലൊപ്മെന്റ് (MPAD) കോഴ്സിന് ബി വോക് ബിരുദധാരികളെ കൂടാതെ കമ്പ്യൂട്ടർ സയിൻസ്, ഇലക്ട്രോണിക്സ്, ഇൻഫോർമേഷൻ ടെക്നോളജി എന്നീ വിഭാഗങ്ങളിലെ എഞ്ചിനീയറിംഗ് ബിരുധാരികളെയും മറ്റ് സയൻസ് വിഷയങ്ങളായ ബി.സി.എ, ബി. എസ്.സി ഇലക്ട്രോണിക്സ് വിദ്യാർത്ഥികളെയും പരിഗണിക്കുന്നുണ്ട്. ടെക്നോളജി ആൻഡ് മാനേജ്‌മന്റ് കൺസൾട്ടിംഗ് എന്ന എം വോക് കോഴ്സിന് എല്ലാ ബി വോക് ബിരുദധാരികളെയും കൂടാതെ എല്ലാ വിഭാഗം എഞ്ചിനീയറിംഗ് ബിരുദധാരികൾക്കും  ബിസിനസ്സ് മാനേജ്‌മന്റ് ,കോമേഴ്‌സ് ,എക്കണോമിക്സ് ബിരുദധാരികൾക്കും അപേക്ഷിക്കാം.

 

(ലേഖകൻ പി ഷാജിൻ, അസിസ്റ്റന്റ് പ്രൊഫസർ DDUKK, കൊച്ചിൻ യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജി (CUSAT); രേഖപ്പെടുത്തിയ ആശയങ്ങൾ വ്യക്തിപരം )

English Summary: Scope Of Vocational Courses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com