ADVERTISEMENT

പത്താം ക്ലാസ്സിനും പന്ത്രണ്ടാം ക്ലാസ്സിനുമൊക്കെ ശേഷം ഏതു കോഴ്സ് പഠിക്കണം എന്നു പല കുട്ടികൾക്കും സംശയമുണ്ടാവും. തൊഴിലധിഷ്ഠിത കോഴ്സ് തെരെഞ്ഞെടുക്കാനുള്ള ഉപദേശങ്ങളാവും മുതിർന്നവരെല്ലാം നല്കുക.  അഭിരുചിയേക്കാളേറെ തൊഴിലിനു പ്രാധാന്യം കൊടുക്കുന്നതിനാൽ പലർക്കും പൂർത്തിയാക്കിയ കോഴ്സുകൾക്കനുസരിച്ചുള്ള ജോലികൾ കിട്ടാതിരിക്കുകയോ തൊഴിലിൽ വിജയം കൈവരിക്കാൻ സാധിക്കാതിരിക്കുകയോ ചെയ്യുന്നു.  മാനവികവിഷയങ്ങളുടെ തൊഴിൽ സാധ്യതകളെക്കുറിച്ച് വേണ്ടത്ര ധാരണകളില്ലാത്തതിനാൽ കുറേക്കാലം മുമ്പു വരെ അവ അനാകർഷകങ്ങളായിരുന്നു. അടുത്ത കാലത്തായി ദേശീയ സർവകലാശാലകളുൾപ്പടെ മാനവിക വിഷയങ്ങളുടെ സാധ്യതകൾ തിരിച്ചറിഞ്ഞ് അത്തരം കോഴ്സുകൾ കരിക്കുലത്തിലുൾപ്പെടുത്തിത്തുടങ്ങിയതോടെ പതുക്കെപ്പതുക്കെ മാനവികവിഷയങ്ങളോടും പുതിയ തലമുറയ്ക്ക് ആഭിമുഖ്യമേറുന്നുണ്ട്. 

 

പുത്തൻതലമുറ കോഴ്സുകളിൽ ഇംഗ്ലീഷ് പഠനങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. ഇംഗ്ലീഷ് പഠിച്ചാൽ എന്താണ് പ്രയോജനം? തൊഴിൽ സാധ്യതകളെന്തൊക്കെയാണ്? വിവിധതരം ഇംഗ്ലീഷ് കോഴ്സുകളെന്തൊക്കെയാണ്? ഏതൊക്കെയാണ് നല്ല ഇംഗ്ലീഷ് കോഴ്സുകൾ പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ? ഇങ്ങനെ നിരവധി ചോദ്യങ്ങൾ പലപ്പോഴും ഉയർന്നു കേൾക്കാറുണ്ട്. ആർക്കും പഠിക്കാവുന്ന ഒന്നാണ് ഇംഗ്ലീഷ്/ഭാഷാ വിഷയങ്ങൾ എന്ന പൊതു (മിഥ്യാ)ധാരണ നിലനില്ക്കുന്നതു കൊണ്ട് ചിലരെങ്കിലും ഇംഗ്ലീഷ് പഠിക്കാൻ തീരുമാനിച്ച് വെള്ളം കുടിക്കാറുണ്ട്. സാഹിത്യ/ഭാഷാ/സാംസ്കാരിക പഠനങ്ങളിൽ അഭിരുചിയുള്ളവർക്ക് ഇംഗ്ലീഷ് പഠനങ്ങൾ വലിയ നേട്ടങ്ങളുണ്ടാക്കും. പരമ്പരാഗത തൊഴിലവസരങ്ങളോടൊപ്പം ധാരാളം തൊഴിലധിഷ്ഠിത പുത്തൻതലമുറ കോഴ്സുകളും ഇംഗ്ലീഷ് പഠനങ്ങളുടെ ഭാഗമാണ്. അവയോരോന്നായി പരിശോധിക്കാം:

 

പരമ്പരാഗത ഇംഗ്ലീഷ് പഠനങ്ങളും തൊഴിലും:

ഇംഗ്ലീഷ് പഠിക്കുന്ന മിക്കവരും തന്നെ ത്രിവത്സര ഭാഷാ-സാഹിത്യ കോഴ്സിനാവും ചേരുക. ഇന്ത്യയിലെ എല്ലാ യൂണിവേഴ്സികളിലും  ഇത്തരം കോഴ്സുകളുണ്ട്. അവയോടൊപ്പം തന്നെ ഭാഷാശാസ്ത്രത്തിലും (ലിംഗ്വിസ്റ്റിക്സ്), പ്രായോഗിക ഭാഷാ പഠനങ്ങളിലും (കമ്യൂണിക്കേറ്റീവ്/ ഫംങ്ഷണൽ) ഇംഗ്ലീഷ് പഠന കോഴ്സുകളുണ്ട്. അധ്യാപനം തെരെഞ്ഞെടുക്കാനിഷടപ്പെടുന്നവർക്ക് ബിരുദത്തിനോ ബിരുദാനന്തരബിരുദത്തിനോ ശേഷം ബി.എഡ് പൂർത്തിയാക്കിയാൽ അപ്പർ പ്രൈമറി, ഹൈസ്‌കൂൾ, ഹയർ സെക്കന്ററി അധ്യാപകരാവാം. അതിനു  കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നടത്തുന്ന അധ്യാപകയോഗ്യതാ പരീക്ഷകളും പാസ്സാവേണ്ടതുണ്ട്. നവോദയ, കേന്ദ്രീയ വിദ്യാലയങ്ങളിലും ദേശീയ തലത്തിലെ മത്സരപ്പരീക്ഷ ജയിച്ചാൽ നല്ല വേതനത്തോടെ അധ്യാപകരാവൻ സാധിക്കും.

 

കോളേജ് അധ്യാപകരാവാനാഗ്രഹിക്കുന്നെങ്കിൽ ബിരുദാനന്തര ബിരുദത്തിനു ശേഷം നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് എന്ന പരീക്ഷ കൂടി പാസ്സാവണം. കോളേജ് യൂണിവേഴ്‌സിറ്റി തലങ്ങളിൽ ഗവേഷണ പരിചയവും അഭികാമ്യമാണ്‌. നെറ്റ് പരീക്ഷയിൽ ഉയർന്ന സ്കോർ ലഭിക്കുകയാണെങ്കിൽ സർക്കാർ സ്കോളർഷിപ്പോടെ ഗവേഷണത്തിലേർപ്പെടാം. യു.ജി.സിയുടെ 2018ലെ മാർഗ്ഗനിർദ്ദേശങ്ങളനുസരിച്ച് ഗവേഷണ ബിരുദമുള്ളവർക്കു മാത്രമേ സർവകലാശാലകളിൽ അധ്യാപകനിയമനം ലഭിക്കൂ. കോളേജുകളിൽ പ്രമോഷനും പി.എച്ഡി ആവശ്യമാണ്‌. ഇന്ത്യയിലെ നിരവധി ഗവൺമെന്റ്/പ്രൈവറ്റ് യൂണിവേഴ്‌സിറ്റികളിലും ഐഐടി/എൻഐടി/ഐഐഎസ്ടി/ഐസർ/നൈസർ/ഐഐഎമ്മുകളിലും (IIT/NIT/IIST/IISER/NISER/IIM) ഇംഗ്ലീഷ് പഠനങ്ങളിൽ അധ്യാപന-ഗവേഷണ പ്രവർത്തനങ്ങൾക്ക് വമ്പിച്ച അവസരങ്ങളുണ്ട്. ഗവേഷണമാണ് അഭിരുചിയെങ്കിൽ മികച്ച വേതനത്തോടെ ഗവേഷണ ജോലികളിലേർപ്പെടാനും ഇംഗ്ലീഷ് പഠനങ്ങളിലൂടെ സാധ്യമാണ്. സയൻസ് എഞ്ചിനീയറിംഗ് വിഷയങ്ങളിൽ പോസ്റ്റ്ഡോക്ടറൽ ഗവേഷണങ്ങൾ നടത്തുന്ന മലയാളി ശാസ്ത്രജ്ഞർ വിദേശ സ്ഥാപനങ്ങളിലുണ്ട്.  ഭാഷയിലും മാനവിക വിഷയങ്ങളിലും ഇത്തരം അവസരങ്ങളെക്കുറിച്ച് മലയാളികൾക്ക് മുമ്പ് അവബോധമില്ലായിരുന്നെങ്കിലും ഇപ്പോൾ താത്പര്യം കാട്ടിത്തുടങ്ങിയിട്ടുണ്ട്.

 

മറ്റ് തൊഴിൽ മേഖലകളിൽ ഇംഗ്ലീഷിന്റെ പ്രസക്തി:

ഇംഗ്ലീഷ് പഠനങ്ങളിലും തൊഴിലധിഷ്ഠിത കോഴ്സുകളുണ്ട്. അവ പഠിക്കുന്നവർക്ക് ദ്വിഭാഷികളായോ കണ്ടന്റ് ക്രിയേറ്റർമാരായോ ഭാഷാ എഡിറ്റർമാരായോ ജോലികൾ ലഭിക്കും. ഇവ കൂടാതെ മാധ്യമ പഠനങ്ങൾ, മാസ് കമ്യൂണിക്കേഷൻ, പബ്ലിക് റിലേഷൻസ് ഇവന്റ് മാനേജ്‌മെന്റ് എന്നിവയിൽ ഇംഗ്ലീഷ് ബിരുദധാരികൾക്ക് ശോഭിക്കാൻ അവസരമുണ്ട്. ഇംഗ്ലീഷ് ബിരുദത്തോടൊപ്പം പൊതുവിഷയങ്ങളെക്കുറിച്ച് നല്ല ധാരണയും അല്പം ക്രിയേറ്റിവിറ്റിയും സാമൂഹിക മാധ്യമങ്ങളിൽ താത്പര്യവുമുണ്ടെങ്കിൽ ധാരാളം തൊഴിലവസരങ്ങൾ ലഭിക്കും. പല മുൻനിര സ്ഥാപനങ്ങളിലും പഠനത്തോടൊപ്പം ഇന്റേൺഷിപ്പ് അവസരങ്ങളുമുണ്ട്. 

 

ബിപിഒ ജോലി മറ്റൊരു മേഖലയാണ്. ഇംഗ്ലീഷ് മാതൃഭാഷയായുള്ളവർ സംസാരിക്കുന്നതു പോലെ സംസാരത്തിൽ പ്രാവീണ്യം നേടിയാൽ (Native proficiency) വിദേശങ്ങളിലടക്കം ജോലി ലഭിക്കും. നല്ല ആശയവിനിമയ പാഠവമുള്ളവരെ ഡെൽ, അക്സെഞ്ച്വർ, ടാറ്റാ കൺസൾട്ടൻസി തുടങ്ങി അനേകം കമ്പനികൾ തങ്ങളുടെ ബിപിഒ മാരായി തെരെഞ്ഞെടുക്കുന്നു.

 

അക്കാദമികരംഗത്ത് പ്രസാധനമേഖലയിലും ധാരാളം അവസരങ്ങളുണ്ട്. ശാസ്ത്ര വിഷയങ്ങളിലടക്കം ഗവേഷണം നടത്തുന്ന പലരും തങ്ങളുടെ ഗവേഷണ പ്രബന്ധങ്ങൾ അന്താരാഷ്ട്ര ജേണലുകൾ നിരസിക്കുമ്പോൾ പ്രൊഫഷണൽ ലാംഗ്വേജ് എഡിറ്റിംഗ് സേവനം നല്കുന്ന കമ്പനികളെ സമീപിക്കാറുണ്ട്. അവർ നല്കുന്ന സേവനങ്ങൾക്ക് നല്ല തുക പ്രതിഫലം വേണ്ടി വരും. ഇത്തരം കമ്പനികളും ജേണലുകളടക്കമുള്ള പ്രസാധകരും ഭാഷയിൽ ബിരുദവും വൈദഗ്ധ്യവുമുള്ളവർക്ക് ആകർഷകമായ വേതനത്തോടെ തൊഴിൽ നൽകുന്നു.

 

സർക്കാർ/അർധ സർക്കാർ ജോലികൾ:

എതു വിഷയത്തിലും ബിരുദമുള്ളവർക്ക് സിവിൽ സർവ്വീസ്, സെൻട്രൽ സെക്രട്ടേറിയറ്റ് സർവീസ്, സ്റ്റേറ്റ് പിഎസ്‌സി പരീക്ഷകൾ എഴുതാം. എന്നാൽ, ഇംഗ്ലീഷിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് ട്രാൻസ്ലേഷൻ ജോലികൾ സെൻട്രൽ മിനിസ്ട്രി ഡിപ്പാർട്ട്‌മെന്റ്കളിലുണ്ട്. മലയാളികളിൽ  പലർക്കും ഇതിനെക്കുച്ച് അറിവില്ലാത്തതിനാൽ ഈ പരീക്ഷകൾ എഴുതാറില്ല. സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ദേശീയ തലത്തിൽ നടത്തുന്ന പരീക്ഷ ആണ് ജയിക്കേണ്ടത്. ഇംഗ്ലീഷിനോടൊപ്പം പ്രാദേശിക ഭാഷകളോ വിദേശഭാഷകളോ നന്നായി കൈകാര്യം ചെയ്യാനറിയുകയും അവയിൽ സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കുകയും ചെയ്താൽ അനായാസേന ട്രാൻസ്ലേറ്ററായി ജോലി ചെയ്യാം. 

 

ഫ്രീലാൻസ് ആയും ചെയ്യാവുന്ന ഒന്നാണ് ഈ ജോലി. പല മൾട്ടിനാഷനൽ കമ്പനികളും പാർട്ട് ടൈം ആയും ട്രാൻസ്ലേഷൻ ജോലികൾ നല്കാറുണ്ട്. ഐഐഎമ്മുകൾ പോലെയുള്ള ദേശീയ ബിസിനസ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇംഗ്ലീഷ് ബിരുദമുള്ളവർക്ക് അക്കാദമിക് അസോസിയേറ്റുകളായി ജോലി നല്കാറുണ്ട്. എന്നാൽ ഇത് ഒന്നു മുതൽ മൂന്നു വർഷം വരെയുള്ള താത്കാലിക ജോലിയാണ്. പ്രശസ്തമായ ചില ഐഐടികളും ഭാഷാ ബിരുദധാരികൾക്ക് ലാംഗ്വേജ് ഓഫീസർമാരായി കോൺട്രാക്ട് ജോലികൾ നല്കാറുണ്ട്. 

 

ഇംഗ്ലീഷ് ബിരുദത്തിനു ശേഷം പരമ്പരാഗത സ്കൂൾ കോളേജ് രീതിയിൽ അധ്യാപകരാവാൻ തിത്പര്യമില്ലെങ്കിൽ കമ്യൂണിക്കേഷൻ സ്കിൽസ് ട്രെയിനർമാരാവാനുള്ള അവസരമുണ്ട്. വിദേശങ്ങളിലേക്ക് ജോലിക്ക് പോകുന്നവർക്ക് TOFEL/IELTS  ട്രയിനിങ് നല്കുന്ന സ്ഥാപനങ്ങളിലും എയർഹോസ്റ്റസ് / ടൂറിസം പ്രൊഫഷണൽ മേഖലകളിലും ഇംഗ്ലീഷ് പരിശീലകർക്ക് തൊഴിൽ നേടാം. പബ്ലിക്-പ്രൈവറ്റ് ഓർഗനൈസേഷനുകളിൽ അതിനുള്ള അവസരമുണ്ട്. കേരള സർക്കാറിന്റെ അസാപ് (Additional Skills Acquisition Programme) വഴി നിരവധി തൊഴിലന്വേഷകരുടെ വിവിധ നൈപുണ്യങ്ങൾ വർദ്ധിപ്പിക്കാനായി പരിശീലകരാവാം. വിവരസാങ്കേതിക വിദ്യയുടെ അതിപ്രസരമുള്ള ഇക്കാലത്ത് വിവിധതരം മത്സരപ്പരീക്ഷകൾക്ക് പരിശീലിപ്പിക്കുന്ന ചാനലുകൾ (Youtube, Udemy) ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ തുടങ്ങി സ്വന്തമായി വരുമാനമുണ്ടാക്കുന്നവരും അത്തരം കമ്പനികളിൽ ഉദ്യോഗാർത്ഥികളാവുന്നവരുമുണ്ട്. Unacademy, Baiju's മുതലായവ ഉദാഹരണങ്ങളാണ്. തിരുവനന്തപുരത്തെ TES (Total English Solutions) എന്ന സ്ഥാപനം മത്സരപ്പരീക്ഷകൾക്ക് ഉദ്യോഗാർത്ഥികളെ പരിശീലിപ്പിക്കുന്ന ബിസിനസിൽ വിജയിച്ച സംരംഭമാണ്.

 

ഇനി ഇംഗ്ലീഷ് ബിരുദവും ഡിപ്ലോമയുമൊക്കെ കരസ്ഥമാക്കി തരുന്ന ഇന്ത്യയ്ക്കകത്തുള്ള മികച്ച ചില അക്കാദമിക സ്ഥാപനങ്ങളേതാണെന്നു നോക്കാം:

 

1.ദി ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ്സ് യൂണിവേഴ്‌സിറ്റി (EFLU)

തെലങ്കാനയിലെ ഹൈദരാബാദിലുള്ള പ്രശസ്തമായ ദേശീയ സർവകലാശാലയാണ്‌ EFLU. ഇംഗ്ലീഷിലും വിദേശഭാഷകളിലുമടക്കം നിരവധി സർട്ടിഫിക്കറ്റ്, ബിരുദാനന്തര, പി.എച്ച് ഡി കോഴ്സുകളിവിടെയുണ്ട്. ഷില്ലോംഗിലും ലഖ്നൗവിലും പ്രാദേശിക ക്യാമ്പസുള്ള ഇഫ്ളൂ 1958 ൽ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ലാംഗ്വേജ്സ് ആയാണ് ആരംഭിച്ചത്. ഭാഷാ കോഴ്സുകളോടൊപ്പം സാസ്‌കാരിക പഠനങ്ങൾ (Cultural Studies), താരതമ്യ സാഹിത്യം (Comparative Literature), സിനിമാ പഠനങ്ങൾ എന്നിവയിലും പി.എച്ച്‌ഡി ഇഫ്ളൂ വിൽ സാധ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: efluniversity.ac.in

 

2.ഡൽഹി സർവകലാശാല:

1922 ൽ ഡൽഹിയിൽ സ്ഥാപിതമായ ഈ പ്രശസ്ത യൂണിവേഴ്സിറ്റിയുടെ ആർട്‌സ് ഫാക്കൽറ്റിക്ക് കീഴിലും പ്രധാനപ്പെട്ട അഫിലിയേറ്റഡ് കോളേജുകളായ ലേഡി ശ്രീറാം, സെന്റ് സ്റ്റീഫൻസ്, മിറാൻഡ ഹൗസ് മുതലായ കോളേജുകളിലുമുള്ള ഇംഗ്ലീഷ് കോഴ്സുകൾ മികച്ചവയാണ്. du.ac.in

 

3.ജെ.എൻ.യു

ഡൽഹിയിലെ മറ്റൊരു പ്രശസ്ത ദേശീയ സർവകലാശാലയായ ജെ.എൻ.യുവിലെ ഇംഗ്ലീഷ് ബിരുദാനന്തര പി.എച്ച്ഡി കോഴ്സുകൾ പഠിച്ചിറങ്ങിയ പലരും മറ്റ് മികച്ച സർവകലാശാലകളിൽ ഇംഗ്ലീഷ് അധ്യാപകരായുണ്ട്. സാഹിത്യവും ഭാഷയും സാസ്കാരിക പഠനങ്ങളുമടക്കം നിരവധി മേഖലകളെ ബന്ധിപ്പിച്ചുള്ള പഠനം സാധ്യമാണ്. വിശദവിവരങ്ങൾക്ക്: www.jnu.ac.in

 

4.ജാദവ്പൂർ യൂണിവേഴ്‌സിറ്റി

കൊൽക്കത്തയിലെ ജാദവ്പൂരിൽ 1955 ൽ സ്ഥാപിതമായ ഈ യൂണിവേഴ്‌സിറ്റി ദേശീയ റാങ്കിങ്ങിൽ അഞ്ചാമതാണ്. പരമ്പരാഗത കോഴ്സുകളോടൊപ്പം പുതിയ കോഴ്സുകളും ചേർത്തുള്ള പഠനം സാധ്യമാണ്. വിദേശരാജ്യങ്ങളിൽ നിന്നടക്കം സന്ദർശക വിദ്യാർഥികളും അധ്യാപകരും ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നുണ്ടിവിടെ. jadav.edu.in

 

5.ഹൈദരാബാദ് സർവകലാശാല (HCU)

ദക്ഷിണേന്ത്യയിലെ പ്രധാന ദേശീയ സർവകലാശാലയായ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയുടെ സ്കൂൾ ഓഫ് ഹ്യൂമനിറ്റീസ് ഇംഗ്ലീഷ് ബിരുദാനന്തര പിഎച്ച്ഡി കോഴ്സുകളിലേക്കുള്ള എൻട്രൻസ് പരീക്ഷയിലെ മത്സരം കടുത്തതാണ്. ദേശീയ റാങ്കിങ്ങിലടക്കം നിരവധി നേട്ടങ്ങളുമായി ഈ സർവകലാശാല വിദ്യാർഥികളെ ആകർഷിക്കുന്നു. www.uohyd.ac.in

 

6.പോണ്ടിച്ചേരി സർവകലാശാല

കേന്ദ്രഭരണപ്രദേശമായ കാലപ്പേട്ടിലെ പോണ്ടിച്ചേരിയിലുള്ള ഈ യൂണിവേഴ്‌സിറ്റിയുടെ ഇംഗ്ലീഷ് കോഴ്സുകൾ മികച്ചതാണ്. ബിരുദാനന്തര കോഴ്സുകളും പി.എച്ച് ഡിയും ഭാഷാ സാഹിത്യ വിഷയങ്ങളിൽ മത്സരപരീക്ഷയിലൂടെ വിദ്യാർഥികളെ തെരെഞ്ഞെടുത്ത് നടത്തുന്നു. www.pondiuni.edu.in

 

ഇവയോടൊപ്പം പ്രശസ്ത ഐഐടികളും ചില എൻഐടികളും ഇംഗ്ലീഷ് പിഎച്ച്ഡിയോടൊപ്പം മികച്ച നിലവാരത്തിലുള്ള ഇന്റർ ഡിസിപ്ലിനറി ബിരുദാനന്തര കോഴ്സുകളും നല്കിത്തുടങ്ങിയിട്ടുണ്ട്. മദ്രാസ് ഐഐടിയുടെ ഇന്റഗ്രേറ്റഡ് എംഎ കോഴ്സിൽ എൻട്രൻസ് വഴി പ്രവേശനം നേടിയാൽ ഇംഗ്ലീഷ് പഠനത്തിലോ വികസനപഠനത്തിലോ അഭിരുചിക്കനുസരിച്ച് സ്പെഷ്യലൈസ് ചെയ്യാൻ അവസരമുണ്ട്. ചെന്നൈ ലൊയോള കോളേജ്, ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി ബംഗലുരു, അംബേദ്കർ യൂണിവേഴ്‌സിറ്റി ഡൽഹി, പ്രസിഡൻസി യൂണിവേഴ്‌സിറ്റി കൊൽക്കത്ത, സെന്റ് സേവ്യേഴ്സ് മുംബൈ, മൈസുരു യൂണിവേഴ്‌സിറ്റി, മംഗലൂരു യൂണിവേഴ്‌സിറ്റി എന്നിവ ഇംഗ്ലീഷ് പഠനങ്ങൾക്ക് ദേശീയ തലത്തിൽ ശ്രദ്ധയാകർഷിച്ചിട്ടുള്ള പ്രശസ്ത സ്ഥാപനങ്ങളാണ്. കേരളത്തിലെ യൂണിവേഴ്‌സിറ്റികളിലെ ഇംഗ്ലീഷ് കോഴ്സുകളും നെറ്റ് പോലുള്ള പരീക്ഷകളിൽ ഉയർന്ന സ്കോർ കരസ്ഥമാക്കിത്തരാൻ ഉതകുന്ന വിധത്തിൽ മികച്ചു നിൽക്കുന്നു.

 (കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി അഡ്ഹോക് ഫാക്കൽറ്റിയാണ് ലേഖിക. അഭിപ്രായങ്ങൾ വ്യക്തിപരം)

English Summary: Career Scope Of English

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com