ADVERTISEMENT

തിരുവനന്തപുരം ഓൾ സെയിന്റ്സ് കോളജിൽ ബിഎസ‌്സി ഫിസിക്സ് ബിരുദ വിദ്യാർഥിനിയായിരിക്കെയാണ് സാന്ദ്ര സതീഷിന്റെയുള്ളിൽ സിവിൽ സർവീസ് എന്ന സ്വപ്നം മൊട്ടിട്ടത്. 2018ൽ കേരളമൊന്നാകെ പ്രളയക്കെടുതി നേരിട്ട കാലമായിരുന്നു അത്. 

inspiring-story-of-sandra-satheesh-who-overcame-all-odds-to-ace-civil-services-exam
സാന്ദ്ര സതീഷ്

അന്നു തിരുവനന്തപുരം കലക്ടറായിരുന്ന കെ. വാസുകി നാടിനുവേണ്ടി നടത്തിയ പ്രവർത്തനങ്ങൾ സാന്ദ്രയെ ഏറെ സ്വാധീനിച്ചു. ജനസേവനം എന്ന വലിയ ലക്ഷ്യത്തിലേക്ക് എത്തുന്നതിനായി അന്നുതൊട്ട് സ്വയം സമർപ്പിച്ചു ഏറെ നാൾ നീണ്ട പരിശ്രമത്തിനൊടുവിൽ സാന്ദ്ര ആ നേട്ടം കൈപ്പിടിയിലൊതുക്കി. സിവിൽ സർവീസ് ഓൾ ഇന്ത്യ റാങ്ക് ലിസ്റ്റിൽ 429 -ാം സ്ഥാനമാണ് സാന്ദ്ര കരസ്ഥമാക്കിയിരിക്കുന്നത്.

തുടക്കത്തിൽ എംഎസ്‌സി എടുത്ത് പഠനം തുടരുകയാണ് ഉചിതമെന്ന് പലഭാഗങ്ങളിൽ നിന്ന് ഉപദേശങ്ങൾ ലഭിച്ചെങ്കിലും തന്റെ സ്വപ്നത്തിൽ നിന്നും പിന്മാറാൻ സാന്ദ്ര തയ്യാറായില്ല. മനസ്സ് ഏകാഗ്രമാക്കി വീട്ടിലിരുന്ന് തന്നെ പഠനം ആരംഭിച്ചു. ഏക മകൾക്കു താങ്ങായി മാതാപിതാക്കളും പൂർണ പിന്തുണയേകി. 

ആദ്യശ്രമത്തിൽ പ്രിലിമിനറി കടന്നുകൂടാനായില്ലെങ്കിലും കഠിന ശ്രമം തുടരുകയായിരുന്നു സാന്ദ്ര. കറന്റ് അഫയേഴ്സ് മാസികകളും പത്രങ്ങളും വായിച്ചും വാർത്തകൾ കണ്ടും കാര്യങ്ങൾ മനസ്സിലാക്കി സ്വയം വിശകലനം ചെയ്യുന്നതായിരുന്നു പഠനരീതി. 

അതിനൊപ്പം സിവിൽ സർവീസ് പരീക്ഷാർഥികൾക്കായുള്ള പുസ്തകങ്ങളും കൃത്യമായി പഠിച്ചിരുന്നു. സമയക്രമം അനുസരിച്ച് പഠിക്കുക എന്നതിലുപരി, താൽപര്യം തോന്നുമ്പോൾ കൂടുതൽ സമയം വായനയ്ക്കായി നീക്കി വച്ചു.

career-inspiring-story-of-sandra-satheesh-who-overcame-all-odds-to-ace-civil-services-exam
സാന്ദ്ര സതീഷ്

പ്രിലിമിനറി പരീക്ഷകൾക്കുള്ള രണ്ടാംവട്ട ശ്രമത്തിനിടെയാണ് മനോരമ ഹൊറൈസണും ഫോർച്യൂൺ ഐഎഎസ് അക്കാദമിയും ചേർന്നു നടത്തുന്ന സ്കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുത്തത്. മൂന്നാം സ്ഥാനത്തോടെ സ്കോളർഷിപ് നേടുകയും ചെയ്തു. മുന്നോട്ടുള്ള പരീക്ഷകളെ നേരിടാൻ അതു നൽകിയ ആത്മവിശ്വാസം ചെറുതല്ല എന്ന് സാന്ദ്ര പറയുന്നു.

പ്രിലിമിനറി പരീക്ഷ പാസായശേഷം മെയിൻ പരീക്ഷയുടെയുടെ മുന്നൊരുക്കം എന്നോണം ഫോർച്യൂൺ ഐഎഎസ് അക്കാദമിയുടെ ടെസ്റ്റ് സീരീസുകളിൽ പങ്കെടുത്തു. ഓരോ പരീക്ഷയ്ക്കു ശേഷവും കൃത്യമായ വിലയിരുത്തലുകളും മാർഗനിർദേശങ്ങളും അക്കാദമിയിൽ നിന്നു ലഭിച്ചിരുന്നു. 

ഇവ കൃത്യമായി പിന്തുടരാനും ഓരോ പരീക്ഷകളിലും നില മെച്ചപ്പെടുത്താനും കഠിനപ്രയത്നം ചെയ്യാൻ സാന്ദ്ര എപ്പോഴും തയ്യാറായിരുന്നതായി ഫോർച്യൂൺ അക്കാദമിയിൽ സാന്ദ്രയുടെ മെന്ററായിരുന്ന ആന്റോൺ ബാബു പറയുന്നു.

മെയിൻ പരീക്ഷകൾ നടക്കുന്ന സമയത്ത് കണ്ണിലെ ഞരമ്പുകളുടെ ശക്തി കുറയുന്ന ലാറ്റിസ് ഡിജനറേഷൻ എന്ന രോഗം പിടികൂടിയിരുന്നു. ഇതുമൂലം പഠിക്കാൻ ഏറെ ബുദ്ധിമുട്ടുണ്ടായെങ്കിലും ആത്മവിശ്വാസവും ദൃഢനിശ്ചയവും കൊണ്ട് അവയെല്ലാം തരണം ചെയ്തു വിജയം കരസ്ഥമാക്കാനായി. 

സിവിൽ സർവീസിനായുള്ള തയ്യാറെടുപ്പുകൾക്കിടെ ഡിസ്റ്റൻസായി എംഎ സോഷ്യോളജിയും പഠിച്ചിരുന്നു. അതിന്റെ അവസാനവർഷ പരീക്ഷകളും നടക്കാനിരിക്കുകയാണ്. ആദ്യ ശ്രമങ്ങൾ പരാജയപ്പെടുമ്പോൾ പലരും മനസ്സ് മടുത്ത് സിവിൽ സർവീസ് എന്ന ലക്ഷ്യത്തിൽനിന്നു തന്നെ മാറി പോകാറുണ്ട്. എന്നാൽ ഒരോ ദിവസവും സ്വയം ഒരു ടാർഗറ്റ് നിശ്ചയിച്ച് നാം നമ്മോട് തന്നെ മത്സരിച്ചു പഠിച്ചാൽ വിജയം ഉറപ്പിക്കാനാവുമെന്ന് സാന്ദ്രയുടെ വാക്കുകൾ. 

കെട്ടിട നിർമ്മാണ മേഖലയിൽ സൂപ്പർവൈസറായി പ്രവർത്തിക്കുന്ന അച്ഛൻ സതീഷ് ചന്ദ്രനും അമ്മ അനിതയും പരിമിതികൾക്കിടയിലും പൂർണപിന്തുണയുമായി കൂടെ നിന്നതാണ് തനിക്ക് ഏറ്റവും വലിയ ശക്തിയായത് എന്ന് സാന്ദ്ര പറയുന്നു. 

Content Summary : Inspiring story of Sandra Satheesh who overcame all odds to ace Civil Services Exam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com