അമേരിക്കയിൽ ഉപരിപഠനം നടത്താനാണോ മോഹം?; തയാറെടുപ്പുകൾ ഇവിടെ തുടങ്ങാം

manorama-hoizon
SHARE

അമേരിക്കയിലെ ഉന്നത വിദ്യാഭ്യാസത്തിന് അനന്തസാധ്യതകളാണുള്ളത്. എണ്ണിയാലൊടുങ്ങാത്ത പഠന വിഷയങ്ങൾ, ലോകോത്തര സ്ഥാപനങ്ങളുടെ അതുല്യ നിര, സമാനതകളില്ലാത്ത രീതിയിൽ വിദ്യാർഥികളുടെ പഠനാവശ്യങ്ങൾക്ക് ഉതകുന്ന വഴക്കം, വൈവിധ്യം നിറഞ്ഞ ക്ലാസ്സ്മുറികൾ, അത്യാധുനിക ഗവേഷണ സംവിധാനങ്ങൾ എന്നിവക്ക് പുറമെ വിവിധ രാജ്യങ്ങളിൽ നിന്ന് വരുന്ന വിദ്യാർത്ഥികളും അധ്യാപകരുമടങ്ങിയ ഒരു ആഗോള ശൃംഖലയുടെ ഭാഗമാകാനുള്ള അവസരവും അമേരിക്കയിൽ പഠിക്കുന്ന ഓരോ വിദ്യാർത്ഥിക്കും ലഭിക്കുന്നു.

4,700–ൽ അധികം അംഗീകൃത ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള അമേരിക്കയിൽ താൽപര്യമുള്ള ഏതു വിഷയത്തിലും പോക്കറ്റിനിണങ്ങും വിധം ഉന്നത വിദ്യാഭ്യാസം ലഭ്യമാണ്. ഇക്കാരണങ്ങളാണ് അമേരിക്കയെ ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ഉന്നത വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുന്നത്. 

വിവിധ രാജ്യങ്ങളിൽ നിന്നുള്ള914,095 വിദ്യാർത്ഥികൾ നിലവിൽ അണ്ടർ-ഗ്രാജ്വേറ്റ് (അസ്സോസിയേറ്റ് അഥവാ ബാച്‌ലർ), ഗ്രാജ്വേറ്റ് (മാസ്റ്റേഴ്സ് അഥവാ പിഎച്ച്ഡി) പ്രോഗ്രാമുകളിൽ അമേരിക്കയിൽ പഠിക്കുന്നുണ്ട്. ഇതിൽ 167,582 വിദ്യാർത്ഥികൾ ഇന്ത്യയിൽ നിന്നുള്ളവരാണ്. ഇവർ അണ്ടർ-ഗ്രാജ്വേറ്റ്, ഗ്രാജ്വേറ്റ് തലങ്ങളിൽ വിവിധ തരം പ്രോഗ്രാമുകളിലും ഇന്റേൺഷിപ്പുകളിലും പഠനം തുടരുകയാണ്.

ഇന്ത്യൻ വിദ്യാർത്ഥികളെ ആകർഷിക്കുന്ന അമേരിക്കൻ ഉന്നത വിദ്യാഭ്യാസത്തിൻറെ ചില സവിശേഷതകൾ ചുവടെ:

ഇഷ്ടാനുസരണം കോഴ്‌സുകൾ തിരഞ്ഞെടുക്കാനുള്ള സൗകര്യം: ബിരുദാനന്തര ബിരുദത്തിന് ഒരു പ്രധാന പഠനവിഷയം (major) തിരഞ്ഞെടുക്കാതെ പ്രോഗ്രാമിൽ ചേരുന്നതിനും, പ്രധാന പഠനവിഷയം മാറ്റിയെടുക്കുന്നതിനും, നമ്മുടെ താത്പര്യങ്ങൾ അനുസരിച്ച് പ്രധാന പഠനവിഷയവും പാഠ്യപദ്ധതിയും ചിട്ടപ്പെടുത്തുന്നതിനും അമേരിക്കൻ സർവ്വകലാശാലകൾ അണ്ടർ-ഗ്രാജ്വേറ്റ് തലത്തിൽ സൗകര്യമൊരുക്കുന്നു. ബിരുദതലത്തിലും (മാസ്റ്റേഴ്സ് അഥവാ പിഎച്ച്ഡി) വിദ്യാർഥികൾക്ക് മറ്റു യൂണിവേഴ്‌സിറ്റികളിലേക്ക് സാഹചര്യങ്ങൾ അനുവദിക്കുന്ന രീതിയിൽ മാറാവുന്നതാണ്.

വൈവിധ്യം: യു.എസിലെ ഉന്നതവിദ്യാഭ്യാസത്തിൻറെ ഏറ്റവും വലിയ ഗുണം അമേരിക്കൻ വിദ്യാർഥികളോടൊപ്പം തന്നെ മറ്റു വിദേശരാജ്യങ്ങളിലെയും വിദ്യാർത്ഥികൾക്കൊപ്പം പഠിക്കാനുള്ള സൗകര്യമാണ്. വൈവിധ്യമാർന്ന സംസ്‌കാരങ്ങളിൽ നിന്ന് വരുന്ന വിദ്യാർത്ഥികളോടോപ്പമുള്ള പഠനം ഒരു ആഗോളതലത്തിലുള്ള കരിയർ ജീവിതത്തിന് വിദ്യാർത്ഥികളെ പ്രാപ്‌തരാക്കുന്നു.

ഗവേഷണം കേന്ദ്രീകരിച്ചുള്ളത്: യു.എസ്. സർവകലാശാലകൾ നവനൂതന പഠന, ഗവേഷണ സൗകര്യങ്ങളാണ് വിദ്യാർഥികൾക്കായി ഒരുക്കുന്നത്. അതതു മേഖലകളിലെ പണ്ഡിതരുമായും വിദഗ്ധരുമായും സംവദിക്കുന്നതിനുള്ള അവസരങ്ങളും ആരോഗ്യകരമായ മത്സരബുദ്ധിയുള്ള സഹപാഠികളോടൊത്തുള്ള പഠനവും സമഗ്രമായ വിവര സമ്പാദനത്തിന് വഴിയൊരുക്കുന്നു.

പ്രായോഗിക അവസരങ്ങൾ: ഇന്റേൺഷിപ്പുകൾ, വർക്യഷോപ്പുകൾ, പഠനബന്ധിതമായ ജോലികൾ, കമ്യൂണിറ്റി എൻഗേജ്മെന്റ് പ്രോഗ്രാമുകൾ മുതലായവ വഴി വിദ്യാർഥികൾക്ക് പ്രാഥമിക പ്രായോഗിക പരിശീലനം ലഭിക്കുന്നു.

കോവിഡിനെതിരെയുള്ള പ്രതികരണം:അമേരിക്കൻ സർവകലാശാലകൾ ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് കോവിഡ് മഹാമാരി ഉയർത്തിയ വെല്ലുവിളികൾ തിരിച്ചറിഞ്ഞ് അതനുസരിച്ച് പ്രവേശന മാനദണ്ഡങ്ങൾ പല വിധത്തിൽ പുതുക്കി എളുപ്പമാക്കിയിട്ടുണ്ട്. അവ ചുവടെ:

•ഒട്ടേറെ യൂണിവേഴ്‌സിറ്റികൾ പതിവു പ്രവേശന പരീക്ഷകൾ ഐച്‌ഛികമാക്കുകയും (SAT/ACT, GRE/GMAT സ്‌കോറുകൾ നിർബന്ധമല്ലാത്ത വിധത്തിൽ) പകരം വിദ്യാർഥികളുടെ സാഹചര്യങ്ങളും പാഠ്യ, പഠ്യേതര മികവും പ്രവർത്തന നേട്ടങ്ങളും അവരുടെ സ്‌കൂൾ, കോളജ് പാഠ്യപദ്ധതികളും ബൗദ്ധിക ജിജ്ഞാസയും വിലയിരുത്തി പ്രവേശനം അനുവദിക്കുന്നു.

•നിരവധി യൂണിവേഴ്‌സിറ്റികൾ അപേക്ഷാ ഫീസ് ഒഴിവാക്കിയിരിക്കുന്നു.

•വെർച്വൽ റിയാലിറ്റി സാങ്കേതികവിദ്യ ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് ക്യാംപസിലെത്താതെ തന്നെ ക്യാംപസ് സൗകര്യങ്ങൾ, വിവിധ പ്രോഗ്രാമുകൾ, പ്രവേശന മാനദണ്ഡങ്ങൾ എന്നിവ പരിചയപ്പെടുത്തിക്കൊടുക്കുന്നു.

•കോവിഡ് കാരണം നേരിട്ട വെല്ലുവിളികൾ, അവയെ തരണം ചെയ്‌ത രീതികൾ എന്നിവ വിദ്യാർഥികൾക്ക് അവരുടെ പ്രവേശനത്തിനായി തയാറാക്കുന്ന പ്രബന്ധങ്ങളിൽ ഉൾപ്പെടുത്തുവാനുള്ള അവസരം ഒരുക്കിയിരിക്കുന്നു.

•2020–ൽ കോവിഡ് വ്യാപനം തുടങ്ങിയത് മുതൽ ചില യൂണിവേഴ്‌സിറ്റികൾ വിദ്യാർത്ഥികൾക്ക് കൂടുതൽ സമയം ലഭിക്കാനായി അപേക്ഷ സമയപരിധി നീട്ടിയിരിക്കുന്നു.

•ഇന്ത്യയിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾ അടഞ്ഞു കിടന്നതിനാലും പരീക്ഷകളിൽ കാലതാമസം നേരിട്ടതിനാലും ചില അമേരിക്കൻ യൂണിവേഴ്‌സിറ്റികൾ രേഖകൾ സമർപ്പിക്കുന്നതിന് കൂടുതൽ സമയം അനുവദിച്ചിരിക്കുന്നു. നിരവധി കോളേജുകൾ അഡ്‌മിഷൻ സ്വീകരിക്കുന്നതിന് വിദ്യാർത്ഥികൾക്ക് കൂടുതൽ സമയം അനുവദിച്ചിട്ടുമുണ്ട്. 

എജ്യൂക്കേഷൻ യു.എസ്.എ-യുടെ വെബ്സൈറ്റിൽ നിന്നും (www.educationusa.state.gov) സമൂഹമാധ്യമങ്ങളിൽ നിന്നും അമേരിക്കൻ ഉപരിപഠനത്തെപ്പറ്റി കൂടുതൽ വിവരങ്ങളും മാർഗരേഖകളും നിങ്ങൾക്ക് സൗജന്യമായി ലഭിക്കും. യു.എസ്. ഡിപ്പാർട്ട്മെൻറ് ഓഫ് സ്റ്റേറ്റിൻറെ കീഴിലുള്ള  എജ്യൂക്കേഷൻ യു.എസ്.എ. അമേരിക്കൻ ഉപരിപഠനത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന ഔദ്യോഗിക സ്രോതസ്സാണ്.

യു.എസ്. യൂണിവേഴ്‌സിറ്റികളിലും കോളജുകളിലും അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ കൂടുതൽ വിവരങ്ങൾ ഈ ലേഖന പരമ്പരയുടെ അടുത്ത പംക്തിയിൽ വായിക്കാവുന്നതാണ്.

യുണൈറ്റഡ് സ്റ്റേറ്റ്സ്–ഇന്ത്യ എജ്യൂക്കേഷണൽ ഫൗണ്ടേഷനിലെ (USIEF) എജ്യൂക്കേഷൻ യു.എസ്.എ ഉപദേശകയാണ് ലേഖിക.  കൂടുതൽ വിവരങ്ങൾക്ക്: ഇമെയിൽ: chennai@educationusa.org; WhatsApp: 9500084773. 

നവംബർ 19 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് മനോരമ ഹൊറൈസൺ നടത്തുന്ന സൗജന്യ വെബിനാറിലൂടെ അമേരിക്കൻ ഉപരിപഠനത്തെപ്പറ്റി നിങ്ങൾക്കുള്ള പൊതുവായ സംശയങ്ങൾ ലേഖികയോട് നേരിട്ട് ചോദിക്കാവുന്നതാണ്. വെബിനാറിന് രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്: https://bit.ly/3o3H70f

Content Summary : Education USA Adviser Aparna Chandrashekar Talks About Scope Of Higher Education In The USA

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS