ADVERTISEMENT

ജർമനിയിൽ 1806-ൽ ജനിച്ച് അമേരിക്കയിൽ കുടിയേറിയ ജോൺ റോബ്‌ലിങ് പല തൂക്കുപാലങ്ങളും പണിഞ്ഞു പ്രഗൽഭ എൻജിനീയറെന്ന പ്രശസ്‌തി നേടി. പക്ഷേ ന്യൂയോർക്ക് നഗരത്തെയും ബ്രൂക്‌ലിനെയും കൂട്ടിയിണക്കി ഈസ്‌റ്റ് റിവറിനു കുറുകെ 1600 അടി നീളത്തിലൊരു തൂക്കുപാലം പണിയാമെന്നു റോബ്‌ലിങ് പറഞ്ഞപ്പോൾ അസാധ്യകാര്യത്തിലേർപ്പെടാനൊരുങ്ങുന്ന ഉച്ചക്കിറുക്കനെന്ന് അദ്ദേഹത്തെ പലരും പരിഹസിച്ചു.

ഈസ്‌റ്റ് റിവറെന്നു പറഞ്ഞാലും അതു കേവലം നദിയല്ല. അതിശക്‌തമായ പ്രവാഹവിക്ഷോഭങ്ങളും വേലിയേറ്റങ്ങളും മറ്റുമുള്ള അഴിമുഖമാണ്. കപ്പലുകൾ വരെ ഒഴുകുന്നതിനാൽ കാൽ നാട്ടിയുള്ള പാലം പാടില്ല. തൂക്കുപാലം തന്നെ വേണം. പക്ഷേ സാങ്കേതികവിദ്യയ്‌ക്ക് അതു കഴിയില്ലെന്ന് 1867-ൽ ജനങ്ങൾ വിശ്വസിച്ചതു സ്വാഭാവികം.

അതിനും പത്തു കൊല്ലം മുൻപു തന്നെ റോബ്‌ലിങ് ഇങ്ങനെയൊരു പാലം സ്വപ്‌നം കണ്ടിരുന്നു. നദിക്കു കുറുകെയുള്ള നീണ്ട നിരത്തിനെ താങ്ങുന്ന കൂറ്റൻ ഉരുക്കുവടങ്ങളും അവയെ താങ്ങേണ്ട പടുകൂറ്റൻ ശിലാഗോപുരങ്ങളുമെല്ലാം നിറഞ്ഞ സ്വപ്‌നം. എൻജിനീയറായ മകൻ വാഷിങ്‌ടൻ റോബ്‌ലിങ്ങും അച്‌ഛന്റെ നിശ്‌ചയത്തിൽ പങ്കു ചേർന്നു. പക്ഷേ ജോൺ ചീഫ് എൻജിനീയറായി, 1869 ൽ പണി തുടങ്ങിയതിനിടെ അദ്ദേഹത്തിന്റെ കാൽ അപകടത്തിൽപ്പെട്ടു ചതഞ്ഞരഞ്ഞു. ടെറ്റനസ് രോഗം പിടിപെട്ടു മരിച്ചു.

ഒട്ടും വൈകാതെ മകൻ ചീഫ് എൻജിനീയറായി, ലോകത്തിലെ ഏറ്റവും വലിയ പാലത്തിന്റെ പണി തുടർന്നു. 278 അടി ഉയരമുള്ള കൂറ്റൻ ഗോപുരങ്ങളുടെ അസ്‌തിവാരം പണിയുമ്പോൾ വെള്ളം കടക്കാതിരിക്കാനുള്ള ഭീമാകാരമായ അറകൾ (കെയ്‌സണുകൾ), ടൺ കണക്കിനു പാറയും മണ്ണും നീക്കി കോൺക്രീറ്റ് നിറയ്‌ക്കുന്ന പ്രവർത്തനങ്ങൾ മുതലായവ പ്രാകൃത ടെക്‌നോളജി ഉപയോഗിച്ചു കൈകാര്യം ചെയ്യുക വൻവെല്ലുവിളികളുയർത്തി. അനിഷ്‌ടസംഭവങ്ങൾ കൂട്ടത്തോടെ വരാറുള്ളത് ഇവിടെയും സംഭവിച്ചു. ദൃഢനിശ്‌ചയത്തോടെ നേതൃത്വം നൽകിവന്ന വാഷിങ്‌ടൻ റോബ്‌ലിങ് ഒരു കെയ്‌സണിനുള്ളിൽ വച്ച് അപകടത്തിൽപ്പെട്ടു. ചലനശേഷി നശിച്ചു. അച്‌ഛനും മകനും മാത്രമാണു പണിയുടെ സങ്കീർണതകൾ അറിയാമായിരുന്നത്.

വാഷിങ്‌ടൻ അനന്യമായ ഇച്‌ഛാശക്‌തി പുലർത്തി, പണിക്കുവേണ്ട നിർദ്ദേശങ്ങൾ തുടർന്നും നൽകി മുന്നേറാനുറച്ചു. പക്ഷേ നടക്കാനോ സംസാരിക്കാനോ കഴിവില്ല. അനക്കാവുന്നത് ഒരു വിരൽ മാത്രം. ഈ വിരൽ കൊണ്ട് ഭാര്യയുടെ കൈയിൽ കൊട്ടുന്ന കോഡുഭാഷ വഴി നിർദേശങ്ങൾ എൻജിനീയർമാർക്കു 13 വർഷക്കാലം നിരന്തരം നൽകി, പണി പൂർത്തിയാക്കി. ഉരുക്കുവടം പിണയ്‌ക്കാൻ 16 മാസം. പാലം തൂക്കാൻ അഞ്ചു വർഷം. ഒരൊറ്റ വിരലിലെ താളം. വിശ്വസിക്കാനാകാത്ത സംഭവകഥ. അതിരില്ലാത്ത ഇച്‌ഛാശക്‌തിയുടെ കഥ.

1883 മേയ് 24ന് പ്രസിഡന്റ് ചെസ്‌റ്റർ ആർതറും പൗരമുഖ്യരും ഉദ്‌ഘാടനം കഴിഞ്ഞു ബാൻഡ് വാദ്യത്തിന്റെയും ആചാരവെടിയുടെയും അകമ്പടിയോടെ പാലത്തിലൂടെ (Brooklyn Bridge) നടക്കുന്നത്, പണി എന്നും നോക്കിക്കാണാറുള്ള ബ്രൂക്‌ലിനിലെ വീട്ടിലെ ജനലിലൂടെ കൺകുളിർക്കെക്കാണാൻ കഴിഞ്ഞ വാഷിങ്‌ടന്റെ ചാരിതാർഥ്യം ഓർത്തുനോക്കുക.

ഒന്നരക്കോടി ഡോളർ ചെലവായ ആ വലിയ തൂക്കുപാലം ഒന്നേകാൽ നൂറ്റാണ്ടിനു ശേഷവും വിഘ്‌നമില്ലാതെ ജനസേവനം നടത്തുന്നു. കിറുക്കനെന്നു ജോണിനെ പരിഹസിച്ചവരെ ഏവരും മറന്നു. ഐതിഹാസികവിജയം വരിച്ച റോബ്‌ലിങ് മനുഷ്യരാശിയുള്ള കാലത്തോളം ഓർമിക്കപ്പെടും. തളരാത്ത ഇച്‌ഛാശക്‌തിയുടെ അനുഗ്രഹം. 

ജോൺ റോബ്‌ലിങ്ങിനെപ്പോലെ അദ്ഭുതങ്ങൾ സൃഷ്ടിക്കണമെന്നു സ്വപ്നം കാണുന്ന, വാഷിങ്ടൻ റോബ്‌ലിങ്ങിനെപ്പോലെ ആ സ്വപ്നത്തിലേക്ക് ഇച്ഛാശക്തിയുടെ പാലം പണിയണമെന്നാഗ്രഹിക്കുന്ന കുട്ടികൾക്ക് എൻജിനീയറിങ്ങിന്റെ ലോകത്തേക്കു ചുവടുവയ്ക്കാൻ പാതയൊരുക്കുകയാണ് മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ. 

എൻജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്ക് സൗജന്യമായി ഓൺലൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റാണ് മനോരമ ഹൊറൈസൺ ഒരുക്കുന്നത്. അമൃത വിശ്വവിദ്യാപീഠത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഈ ടെസ്റ്റ്, എൻട്രൻസ് പരീക്ഷയെ നിർഭയം നേരിടാനും ചോദ്യങ്ങൾക്കു സമയബന്ധിതമായി ഉത്തരം നൽകാനും വിദ്യാർഥികളെ സജ്ജരാക്കുന്നു. പരീക്ഷാ പാറ്റേൺ പരിചയപ്പെടാനും മാർക്കുകൾ വിലയിരുത്തി പഠനം ക്രമീകരിക്കാനും ഈ ടെസ്റ്റ് നിങ്ങളെ സഹായിക്കുന്നു. പ്രവേശന പരീക്ഷയുടെ സിലബസ് അനുസരിച്ചാണ് ചോദ്യങ്ങൾ. 11, 12 ക്ലാസ് വിദ്യാർഥികൾക്ക് ഈ ഓൺലൈൻ മോക്ക് ടെസ്റ്റിലൂടെ പ്രവേശന പരീക്ഷാ പഠന പുരോഗതി സ്വയം വിലയിരുത്താം . 

പരീക്ഷയിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർഥികൾക്കും ഇ-സർട്ടിഫിക്കറ്റ് നൽകും. ഒന്നും രണ്ടും മൂന്നും വിജയികൾക്ക് യഥാക്രമം 15,000, 1000, 5000 രൂപ വീതം ക്യാഷ് പ്രൈസുമുണ്ട്. .

2022 ഫെബ്രുവരി 13, ഞായർ രാവിലെ 10 മുതൽ വൈകിട്ട് 6 വരെ നടത്തുന്ന സൗജന്യ ഓൺലൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിനായി ഇന്നുതന്നെ റജിസ്റ്റർ ചെയ്യൂ. 

ഇതിനോടനുബന്ധിച്ച് 'ROADMAP TO CRACK ENGINEERING ENTRANCE- TIPS AND TRICKS' എന്ന വിഷയത്തിൽ വൈകിട്ട് 6 ന് നടത്തുന്ന വെബിനാറിലും വിദ്യാർഥികൾക്ക് സൗജന്യമായി പങ്കെടുക്കാം. എൻട്രൻസ് പരീക്ഷ സംബന്ധിച്ചുള്ള എല്ലാ സംശയങ്ങൾക്കും വെബിനാറിൽ ഉത്തരം ലഭിക്കും. 

സൗജന്യ റജിസ്ട്രേഷന് https://www.manoramahorizon.com/aptitude-test/ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ 9048991111  എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യൂ.

Content Summary : Manorama Horizon Online Engineering Entrance Aptitude Test

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com